Advertisement
Football
'നശിച്ച സൈനിങ്‌'; തോൽവിക്ക് പിന്നാലെ യുണൈറ്റഡ് താരത്തിനെതിരെ പൊട്ടിത്തെറിച്ച് ആരാധകർ
സ്പോര്‍ട്സ് ഡെസ്‌ക്
2023 Oct 04, 04:12 am
Wednesday, 4th October 2023, 9:42 am
 ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ്‌ എ യിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ടർക്കിഷ് ക്ലബ്ബ് ഗാലട്ടാസറായോട് പരാജയപ്പെട്ടു. ഗാലട്ടാസറായുടെ ഹോം ഗ്രൗണ്ടായ ബസാക്ക്സെഹിർ ഫെയ്ത്ത്‌ ടെറിം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു യുണൈറ്റഡിന്റെ തോൽവി.
ഈ തോൽവിക്ക് പിന്നാലെ മത്സരത്തിൽ നിരാശാജനകമായ പ്രകടനം നടത്തിയ യുണൈറ്റഡിന്റെ കാമറൂൺ ഗോൾ കീപ്പർ ആന്ധ്ര ഒനാനക്കെതിരെ റെഡ് ഡെവിൾസ് ആരാധകർ സോഷ്യൽ മീഡിയയിൽ ശക്തമായ പ്രതിഷേധം അറിയിച്ചു.

മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ ഒനാനയുടെ സൈനിങ്ങിനെ ‘ഡിസാസ്റ്റർ’ എന്നാണ് ട്വിറ്ററിൽ കുറിച്ചത്. ഒനാനക്ക് വേണ്ടി പണം വെറുതെ പാഴാക്കി കളഞ്ഞുവെന്നും ആരാധകർ ട്വിറ്ററിൽ കുറിച്ചു.

മത്സരത്തിൽ യുണൈറ്റഡ് ആരാധകർ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ ഒനാനക്ക് സാധിച്ചിരുന്നില്ല. മത്സരത്തിൽ മൂന്ന് ഗോളുകളാണ് താരം വഴങ്ങിയത്. ബ്രസീലിയൻ സൂപ്പർതാരം കാസെമിറോ മത്സരത്തിൽ റെഡ് കാർഡ് കണ്ട് പുറത്തായിരുന്നു. ഇതിന് പരോക്ഷമായ കാരണക്കാരൻ ഒനാനയായിരുന്നു. ഒനാന പന്ത് ക്ലിയർ ചെയ്യുന്നതിൽ പിഴവ് വരുത്തിയപ്പോൾ കാസെമിറോക്ക് എതിർതാരത്തെ ഫൗൾ ചെയ്യുക അല്ലാതെ മറ്റൊരു മാർഗം ഉണ്ടായിരുന്നില്ല. ഇത് താരത്തിന് ചുവപ്പ് കാർഡ് കാണാനും ടീം പത്ത് പേരായി ചുരുങ്ങാനും കാരണമായി.

റെഡ് ഡെവിൾസ് സ്പാനിഷ് ഗോൾ കീപ്പർ ഡി ഗിയക്ക് പകരക്കാരനായി സൈനിങ്‌ നടത്തിയ ഗോൾകീപ്പർ ആയിരുന്നു ഒനാന. സീസണിൽ പുതിയ ടീമിനൊപ്പം അത്ര മികച്ച തുടക്കമായിരുന്നില്ല താരത്തിന് ലഭിച്ചത്. ആരാധകർ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാൻ താരത്തിന് സാധിക്കാതെ പോയതാണ് ഈ കാമറൂൺ താരത്തിന് തിരിച്ചടിയായത്.

മത്സരത്തിൽ യുണൈറ്റഡ് 4-3-3 എന്ന ഫോർമേഷനിലാണ് കളത്തിലിറങ്ങിയത്. അതേസമയം ആതിഥേയർ 4-2-3-1 എന്ന ഫോർമേഷനിലും അണിനിരന്നു.

 മത്സരത്തിന്റെ 17ാം മിനിട്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആണ് ആദ്യം മുന്നിലെത്തിയത്. ടീമിന്റെ ഏറ്റവും പുതിയ സൈനിങ്ങ് ആയ ഹോളണ്ട് സ്‌ട്രൈക്കർ റാസ്മസ്‌ ഹോജ്ലൻഡായിരുന്നു ഗോൾ നേടിയത്. വലതു വിങ്ങിൽ നിന്നും ഇംഗ്ലണ്ട് താരം മാർക്കസ് റാഷ്‌ഫോർഡ് നൽകിയ ക്രോസിന് പെനാൽട്ടി ബോക്സിനുള്ളിൽ നിന്നും തകർപ്പൻ ഹെഡറിലൂടെയായിരുന്നു താരത്തിന്റെ ഗോൾ.
എന്നാൽ മത്സരത്തിന്റെ 23ാം മിനിട്ടിൽ വിൽഫ്രഡ് സാഹയുടെ ഗോളിലൂടെ ഗാലട്ടസാറായ് ഒപ്പം പിടിച്ചു. യുണൈറ്റഡിന്റെ പ്രതിരോധത്തിലുള്ള പിഴവുകൾ മുതലെടുത്തുകൊണ്ടായിരുന്നു താരം ഗോൾ നേടിയത്. ഒടുവിൽ ആദ്യ പകുതി പിന്നിടുമ്പോൾ ഇരു ടീമുകളും 1-1 എന്ന നിലയിൽ പിരിയുകയായിരുന്നു.
മത്സരത്തിന്റെ 67ാം മിനിട്ടിൽ ഹോജ്ലണ്ടിലൂടെ യുണൈറ്റഡ് വീണ്ടും മുന്നിലെത്തി. താരം മത്സരത്തിൽ നേടുന്ന രണ്ടാം ഗോൾ ആയിരുന്നു ഇത്. മധ്യനിരയിൽ നിന്നും ഒറ്റയ്ക്ക് പന്തുമായി നീങ്ങിയ താരം പെനാൽട്ടി ബോക്സിൽ നിന്നും ലക്ഷ്യം കാണുകയായിരുന്നു.
മത്സരത്തിന്റെ 71ാം മിനിട്ടിൽ മുഹമ്മദ്‌ കരീം അക്തുർകോഗ്ലുവിലൂടെ ആതിഥേയർ വീണ്ടും ഒപ്പം പിടിക്കുകയായിരുന്നു. പെനാൽട്ടി ബോക്സിനുള്ളിൽ നിന്നും താരം പോസ്റ്റിലേക്ക് നിറയൊഴിക്കുകയായിരുന്നു.
മത്സരത്തിന്റെ 77ാം മിനിട്ടിൽ ഗോൾ കീപ്പർ ഒനാനയുടെ പിഴവിൽ നിന്നും ഗോൾ കണ്ടെത്താൻ ശ്രമം നടത്തിയ എതിർ ടീം താരത്തിനെ ഫൗൾ ചെയ്തതിന് കാസെ മിറോ റെഡ് കാർഡ് കണ്ടു പുറത്തായി. ഇത് ടീമിന് വലിയ തിരിച്ചടിയാണ് സമ്മാനിച്ചത്. അവസാന 15 മിനിട്ട് ടീം പത്ത് പേരായി ചുരുങ്ങുകയും ചെയ്തു. ഫൗളിനെ തുടർന്ന് ലഭിച്ച പെനാൽട്ടി ആതിഥേയർ നഷ്ടപ്പെടുത്തുകയായിരുന്നു.
 ഒടുവിൽ മത്സരത്തിന്റെ 81ാം മിനിട്ടിൽ യുണൈറ്റഡ് പ്രതിരോധത്തെ കീറിച്ചുമുറിച്ചുകൊണ്ടുള്ള പാസ് സ്വീകരിച്ച അർജന്റീന താരം മൗറോ ഇകാർഡി വിജയഗോൾ നേടുകയായിരുന്നു. ഒടുവിൽ ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ ആതിഥേയർ 3-2ന് വിജയം സ്വന്തമാക്കുകയും ചെയ്തു.
 ഗ്രൂപ്പ് എ യിലെ ചെകുത്താൻമാരുടെ തുടർച്ച രണ്ടാം തോൽവിയാണിത്. രണ്ടിലും തോറ്റ മാഞ്ചസ്റ്റർ യുണൈറ്റഡ് അവസാന സ്ഥാനത്താണ്.
Content Highlight:  Manchester United fans react against andre onana for poor performance.