കോഴിക്കോട്: കോഴ വാങ്ങി നിയമനം നല്‍കാതെ വഞ്ചിച്ചതില്‍ മനംനൊന്ത് എയ്ഡഡ് സ്‌കൂള്‍ അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ താമരശ്ശേരി രൂപതക്ക് കീഴിലുള്ള മാനേജ്‌മെന്റ് തന്നെയാണെന്ന് പുറത്തു വരുന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നു. ആദ്യം ഇല്ലാത്ത പോസ്റ്റില്‍ നിയമനം നല്‍കാമെന്ന് പറഞ്ഞ് കോഴ വാങ്ങുകയും പിന്നീട് മറ്റൊരു സ്‌കൂളിലേക്ക് മാറ്റി സമ്മര്‍ദ്ദത്തിലൂടെ കള്ള സത്യവാങ്മൂലം എഴുതി വാങ്ങി നാല് വര്‍ഷത്തെ സര്‍വീസ് ഇല്ലാതാക്കുകയും ചെയ്തത് മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ള ആസൂത്രിത കുറ്റകൃത്യമാണെന്ന് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
നിയമനം ലഭിക്കാത്തതിന് കാരണം എയ്ഡഡ് മേഖലയില്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ ഭിന്നശേഷി സംവരണമാണെന്ന മാനേജ്‌മെന്റിന്റെ വാദം അംഗീകരിക്കാനാകുന്നതല്ല. കാരണം, ഭിന്ന ശേഷി സംവരണ സീറ്റായിരുന്നു കോടഞ്ചേരി സ്‌കൂളില്‍ ഇനി വരേണ്ടിയിരുന്നതെങ്കില്‍ എന്തിനാണ് മാനേജ്‌മെന്റ് അലീനയെ കോടഞ്ചേരിയിലേക്ക് സ്ഥലം മാറ്റിയത് എന്ന ചോദ്യത്തിന് മാനേജ്‌മെന്റ് മറുപടി പറയേണ്ടതുണ്ട്.
2021ലാണ് അലീനക്ക് താമരശ്ശേരി രൂപതക്ക് കീഴിലുള്ള മാനേജ്‌മെന്റ് അവരുടെ മുത്തോറ്റിക്കല്‍ നസ്രത്ത് എല്‍.പി. സകൂളില്‍ 13 ലക്ഷം രൂപ കോഴ വാങ്ങിക്കൊണ്ട് നിയമനം നല്‍കിയത്. എന്നാല്‍ അന്ന് ഈ സ്‌കൂളില്‍ അലീനക്ക് സ്ഥിര നിയമനം നല്‍കാന്‍ പറ്റുന്ന പോസ്റ്റ് ഉണ്ടായിരുന്നില്ല.
ഈ വിവരം മറച്ചുവെച്ച് കൊണ്ടാണ് മാനേജ്‌മെന്റ് അലീനയില്‍ നിന്ന് പണം വാങ്ങിയിട്ടുള്ളത്. ദീര്‍ഘ അവധിയിലുള്ള ഒരു അധ്യാപികയുടെ പോസ്റ്റ് കാണിച്ച് കൊണ്ട് അലീനയെ വഞ്ചിക്കുന്ന നിലപാടാണ് മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഈ പോസ്റ്റ് ഒരിക്കലും സ്ഥിരം നിയമനം നല്‍കാന്‍ ഉതകുന്നതായിരുന്നില്ല.
അവധിയിലുള്ള അധ്യാപിക തിരികെ വന്നാല്‍ ഈ സീറ്റ് ഒഴിഞ്ഞുകൊടുക്കേണ്ടി വരുമെന്ന് മാനേജ്‌മെന്റിന് അറിയാമായിരുന്നിട്ടും അവര്‍ അലീനയില്‍ നിന്നും ഇക്കാര്യം മറച്ചുവെച്ചു. അവധിയിലുള്ള അധ്യാപിക തിരികെ വന്നതോടെ അലീനയുടെ ജോലിയും നഷ്ടമായി.
പിന്നീട് മാനേജ്‌മെന്റ് തന്നെ ഇടപെട്ട് അവരുടെ കീഴിലെ കോടഞ്ചേരി സ്‌കൂളിലേക്ക് സ്ഥലം മാറ്റുകയാണുണ്ടായത്. എന്നാല്‍ ഇവിടെയും അലീനക്ക് സ്ഥിരം നിയമനം നല്‍കാന്‍ മാനേജ്‌മെന്റിന് കഴിയുമായിരുന്നില്ല. കാരണം ഇവിടെ നടക്കേണ്ടിയിരുന്നു നിയമനം ഭിന്നശേഷി സംവരണത്തിലായിരുന്നു. ഇക്കാര്യവും അലീനയില്‍ നിന്ന് മാനേജ്‌മെന്റ് മറച്ചുവെച്ചു.
മാത്രവുമല്ല, ഇവിടെ വെച്ച് നേരത്തെ നാല് വര്‍ഷത്തോളം താന്‍ ജോലി ചെയ്തിട്ടില്ലെന്നുള്ള സത്യവാങ്മൂലം എഴുതി വാങ്ങുകയും ചെയ്തു. പുതിയ സ്‌കൂളില്‍ സ്ഥിര നിയമനം ലഭിക്കുമെന്ന പ്രതീക്ഷയില്‍ അലീന മാനേജ്‌മെന്റിന്റെ സമ്മര്‍ദത്തിന് വഴങ്ങി അത് എഴുതി നല്‍കുകയും ചെയ്തു.
എന്നാല്‍ ഇതും മാനേജ്‌മെന്റിന്റെ തന്ത്രമായിരുന്നു എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അലീന നേരത്തെ ജോലി ചെയ്ത നാല് വര്‍ഷത്തെ ശമ്പളം ചോദിക്കാതിരിക്കാനുള്ള രേഖകള്‍ ഉറപ്പിക്കലായിരുന്നു മാനേജ്‌മെന്റ് ഈ സത്യവാങ്മൂലത്തിലൂടെ നല്‍കിയത്.
ഇപ്പോള്‍ അലീനയുടെ മരണത്തില്‍ നിന്നും കൈകഴുകാന്‍ വേണ്ടി താമരശ്ശേരി രൂപതക്ക് കീഴിലുള്ള മാനേജ്‌മെന്റ് പറയുന്നത് നിയമനം വൈകിയതിന് കാരണം സര്‍ക്കാറിന്റെ നയങ്ങളാണെന്നാണ്. എയ്ഡഡ് മേഖലയില്‍ ഭിന്നശേഷി സംവരണം ഏര്‍പ്പെടുത്തിയതാണ് നിയമനത്തിനുള്ള തടസ്സമെന്നാണ് മാനേജ്‌മെന്റിന്റെ വാദം.
എന്നാല്‍ ഭിന്ന ശേഷി സംവരണ സീറ്റിലേക്ക് ആ വിഭാഗത്തില്‍ നിന്നുള്ളവര്‍ക്ക് പകരം എങ്ങിനെയാണ് അലീനക്ക് നിയമ പ്രകാരം നിയമനം നല്‍കാന്‍ കഴിയുക എന്നാണ് ഉയരുന്ന ചോദ്യം. മാത്രവുമല്ല അലീനയില്‍ നിന്നും മാനേജ്‌മെന്റ് പണം വാങ്ങിയത് നസ്രത്ത് എല്‍.പി. സ്‌കൂളിലെ ഇല്ലാത്ത പോസ്റ്റ് കാണിച്ചായിരുന്നു. ഈ പോസ്റ്റ് സംവരണത്തില്‍ ഉള്‍പ്പെട്ടതായിരുന്നില്ലെന്ന് മാത്രമല്ല, ഈ പോസ്റ്റ് തന്നെ ഇല്ലാത്തതായിരുന്നെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
മാത്രവുമല്ല, പുതിയ സ്‌കൂളിലെ നിയമനത്തിന് വേണ്ടി രേഖകള്‍ കൃത്യമായി സമര്‍പ്പിക്കുന്നതില്‍ മാനേജ്‌മെന്റിന് വീഴ്ച വന്നിട്ടുണ്ടെന്നും പലയാവര്‍ത്തി ചോദിച്ചിട്ടും മാനേജ്‌മെന്റ് ജനുവരി രേഖകള്‍ സമര്‍പ്പിച്ചിട്ടില്ലെന്നും വിദ്യാഭ്യാസ വകുപ്പ് പറയുന്നു.
ഇത്തരത്തില്‍ അലീനയുടെ കാര്യത്തില്‍ തുടക്കം മുതലേ വഞ്ചനാപരമായ സമീപനമാണ് താമരശ്ശേരി രൂപതക്ക് കീഴിലുള്ള മാനേജ്‌മെന്റ് കൈക്കൊണ്ടത്. കാരണം, ആദ്യം അവരെ ഇല്ലാത്ത പോസ്റ്റിന്റെ പേരില്‍ കോഴ വാങ്ങി വഞ്ചിച്ചു. പിന്നീട് മറ്റൊരു സ്‌കൂളിലേക്ക് മാറ്റി അവര്‍ അത്രയും കാലം ജോലി ചെയ്തിട്ടില്ലെന്ന് സമ്മര്‍ദത്തിലൂടെ എഴുതി വാങ്ങിച്ച് അവരുടെ നാല് വര്‍ഷത്തെ സര്‍വീസിനെയും ലഭിക്കേണ്ടിയിരുന്ന ആനുകൂല്യങ്ങളെയും റദ്ദ് ചെയ്തു.
ഈ വര്‍ഷമത്രയും മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്ന് നൂറ് രൂപപോലും മകള്‍ക്ക് ലഭിച്ചില്ലെന്ന് അലീനയുടെ പിതാവും പറയുന്നു. സ്‌കൂളിലെ മറ്റു അധ്യാപകര്‍ പിരിവെടുത്താണ് അലീനക്ക് വണ്ടിക്കൂലി പോലും നല്‍കിയിരുന്നത്. ഇതില്‍ മനംനൊന്താണ് കഴിഞ്ഞ ദിവസം താമരശ്ശേരി രൂപതക്ക് കീഴിലുള്ള കോടഞ്ചേരി സെന്റ് ജോസഫ് എല്‍.പി. സ്‌കൂളിലെ അധ്യാപിക അലീന ബെന്നി ആത്മഹത്യ ചെയ്തത്.
ഇപ്പോള്‍ അലീനയുടെ മരണത്തില്‍ നിന്നും കൈകഴുകാനായി ദീപിക ദിനപത്രത്തില്‍ ലേഖനമെഴുതിയിരിക്കുയാണ് സഭയുമായി ബന്ധപ്പെട്ട ടീച്ചേര്‍ഴ്‌സ് യൂണിയന്‍ നേതാവ്. എയ്ഡഡ് നിയമനത്തില്‍ ഭിന്നശേഷി സംവരണം ഏര്‍പ്പെടുത്തിയതാണ് നിയമനം വൈകിയതിന് കാരണമെന്നാണ് കേരള കാത്തലിക്ക് ടീച്ചേര്‍സ് ഗില്‍ഡിന്റെ പ്രസിഡന്റ് ടോം മാത്യു ദീപികയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നത്.
content highlights: Management itself is to blame for the death of the teacher in Thamarassery, not disability reservation