ഹനുമാനായി റിസര്‍വ് ചെയ്ത സീറ്റില്‍ ഇരുന്നു; യുവാവിന് മര്‍ദനം
Film News
ഹനുമാനായി റിസര്‍വ് ചെയ്ത സീറ്റില്‍ ഇരുന്നു; യുവാവിന് മര്‍ദനം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 16th June 2023, 5:02 pm

ആദിപുരുഷ് പ്രദര്‍ശനം നടക്കുന്ന തിയേറ്ററില്‍ ഹനുമാനായി റിസര്‍വ് ചെയ്ത സീറ്റില്‍ ഇരുന്ന യുവാവിന് മര്‍ദനം. ഹൈദരാബാദിലെ ബ്രഹ്‌മാരംഭ തിയേറ്ററിലാണ് യുവാവിനെതിരെ മര്‍ദനമുണ്ടായത്.

ആദിപുരുഷ് പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളില്‍ ഒരു സീറ്റ് ഹനുമാനായി റിസര്‍വ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. രാമായണം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളില്‍ ഹനുമാന്‍ വരുമെന്നാണ് തങ്ങളുടെ വിശ്വാസമെന്നും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു.

പൂക്കള്‍ അര്‍പ്പിച്ച്, കാവി ഷാള്‍ അണിയിച്ച, ഹനുമാന്റെ ചിത്രങ്ങള്‍ വെച്ച തിയേറ്റര്‍ സീറ്റുകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഹൈദരാബാദിലെ തന്നെ മറ്റൊരു തിയേറ്ററിന് മുന്നില്‍ ചിത്രത്തിന് നെഗറ്റീവ് റിവ്യു പറഞ്ഞ യുവാവിനും മര്‍ദനം നേരിട്ടിരുന്നു. പ്ലേ സ്റ്റേഷന്‍ ഗെയ്മിലെ എല്ലാ ജീവികളും ചിത്രത്തിലുണ്ടെന്നും പ്രഭാസിന് വേഷം ഒട്ടും ചേരുന്നില്ലെന്നുമാണ് ഇദ്ദേഹം ചാനലുകള്‍ക്ക് മുമ്പില്‍ വന്ന് പറഞ്ഞത്.

‘പ്ലേ സ്റ്റേഷന്‍ ഗെയിമുകളിലുള്ള എല്ലാ ജീവികളും ഇതിലുണ്ട്. ഹനുമാന്‍, ബാക്ക് ഗ്രൗണ്ട് സ്‌കോര്‍, അവിടെയും ഇവിടെയുമുള്ള 3D ഷോട്സ് എന്നിവ ഒഴിച്ചുനിര്‍ത്തിയാല്‍ ഇതിലൊന്നുമില്ല. പ്രഭാസിന് ഈ വേഷം ഒട്ടും ചേരുന്നില്ല. ബാഹുബലിയില്‍ അദ്ദേഹം ഒരു രാജാവിനെ പോലെയായിരുന്നു. കാണാന്‍ ഒരു രാജകീയത ഉണ്ടായിരുന്നു. അതിലെ രാജകീയത കണ്ടാണ് ഈ ചിത്രത്തിലേക്ക് എടുത്തത്. പ്രഭാസിനെ ശരിയായ രീതിയില്‍ കാണിക്കാന്‍ ഓം റൗട്ടിനായില്ല,’ എന്നാണ് ചാനലുകളോട് യുവാവ് പറഞ്ഞത്.

ഇത് കേട്ട് പ്രകോപിതരായ ആരാധകര്‍ ഇദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. യുവാവിനെതിരായ മര്‍ദനത്തില്‍ വ്യാപകമായി വിമര്‍ശനവും ഉയരുന്നുണ്ട്. ചിത്രം ഇഷ്ടപ്പെട്ടില്ലെങ്കില്‍ അത് തുറന്ന് പറയാനുള്ള സ്വാതന്ത്ര്യമില്ലേ എന്നും രാജ്യത്തെ തന്നെ ഏറ്റവും മോശം ഫാന്‍സാണ് പ്രഭാസിനുള്ളതെന്നുമാണ് വിമര്‍ശനങ്ങള്‍.

രാമായണം ആസ്പദമാക്കി ഓം റൗട്ട് സംവിധാനം ചെയ്ത ചിത്രത്തിന് ആദ്യദിനത്തില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. രാമനായി പ്രഭാസ് എത്തിയപ്പോള്‍ രാവണനെ സെയ്ഫ് അലി ഖാനും സീതയെ കൃതി സനണുമാണ് അവതരിപ്പിച്ചത്.
500 കോടിയിലധികം ചെലവഴിച്ചാണ് ചിത്രം നിര്‍മിച്ചത്. ടി-സീരീസ്, റെട്രോഫില്‍സ് എന്നിവയുടെ ബാനറില്‍ ഭൂഷണ്‍ കുമാര്‍, ഓം റൗട്ട്, പ്രസാദ് സുതര്, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Content Highlight: man was attacked while sitting on a seat reserved for Hanuman in a theatre