വാട്സ്ആപ്പ് ചാനല്‍ തുടങ്ങി മമ്മൂട്ടിയും മോഹന്‍ലാലും; ഏറ്റെടുത്ത് ആരാധകര്‍
Entertainment news
വാട്സ്ആപ്പ് ചാനല്‍ തുടങ്ങി മമ്മൂട്ടിയും മോഹന്‍ലാലും; ഏറ്റെടുത്ത് ആരാധകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 13th September 2023, 10:43 pm

ആരാധകരെ വിശേഷങ്ങള്‍ നേരിട്ടറിയിക്കാന്‍ വാട്‌സാപ്പ് ചാനല്‍ തുടങ്ങി മോഹന്‍ലാലും മമ്മൂട്ടിയും. വരുംകാല സിനിമകളുടെ അപ്‌ഡേറ്റുകള്‍ നേരിട്ടറിയിക്കും എന്ന് പറഞ്ഞുകൊണ്ടാണ് താരങ്ങള്‍ ഇരുവരും ചാനലില്‍ ആദ്യ മെസേജ് പങ്കുവെച്ചിരിക്കുന്നത്. നിരവധി റിയാക്ഷനുകള്‍ ആദ്യ മെസേജിന് ലഭിക്കുന്നുണ്ട്. ടെലിഗ്രാമിലെ ചാനലിന് സമാനമായ ഫീച്ചറാണ് ഇത്.

‘ഹലോ, മോഹന്‍ലാല്‍ ആണ്. നിങ്ങളെ എന്റെ വാട്ട്സ്ആപ്പ് ചാനലിലേക്ക് സ്വാഗതം ചെയ്യുന്നു! നിങ്ങള്‍ ഇവിടെയെത്തിയതില്‍ സന്തോഷം, എന്റെ എല്ലാ പ്രോജക്റ്റ് അപ്ഡേറ്റുകളും അതാത് സമയങ്ങളില്‍ ഇവിടെ അറിയിക്കും.


തുടക്കത്തിനായി, ഞാന്‍ ഇപ്പോള്‍ തിരുവനന്തപുരത്താണ്, സംവിധായകന്‍ ജീത്തു ജോസഫിനും ടീമിനുമൊപ്പം ഞങ്ങളുടെ വരാനിരിക്കുന്ന പ്രൊജക്റ്റായ നേരിന്റെ ഷൂട്ടിലാണ്. കൃത്യമായി അപ്‌ഡേറ്റുകള്‍ ലഭ്യമാകാന്‍ ഈ ചാനലില്‍ ചേരാന്‍ ഓര്‍ക്കുക. നന്ദി,’ എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്.

‘എന്റെ ഔദ്യോഗിക വാട്ട്സ്ആപ്പ് ചാനലിന്റെ ലോഞ്ച് പ്രഖ്യാപിച്ചതില്‍ സന്തോഷമുണ്ട്. എന്നെക്കുറിച്ചുള്ള വിവരണങ്ങളും അപ്ഡേറ്റുകളും പോസ്റ്റുചെയ്യാന്‍ ഞാന്‍ ഈ ചാനല്‍ ഉപയോഗിക്കുന്നതിനാല്‍ ഇതില്‍ ചേരാന്‍ നിങ്ങളെ എല്ലാവരെയും ഞാന്‍ ക്ഷണിക്കുകയാണ്,’ എന്നാണ് മമ്മൂട്ടിയുടെ കുറിപ്പ്.


ശനിയാഴ്ചയാണ് ഇരുവരും ചാനല്‍ ആരംഭിച്ചത്. മോഹന്‍ലാല്‍ ഇന്നലെ ആദ്യ സന്ദേശം പങ്കുവെച്ചു. പുതിയ ചിത്രത്തിനൊപ്പമാണ് മമ്മൂട്ടി ഇന്ന് ആദ്യ മെസേജ് പങ്കുവെച്ചത്. 21.8കെ ഫോളോവേഴ്‌സ് ഇതിനോടകം മമ്മൂട്ടിക്ക് ലഭിച്ചപ്പോള്‍ മോഹന്‍ലാലിനെ പിന്തുടരുന്നവര്‍ 24കെ ആണ്. നിലവില്‍ ചാനല്‍ തുടങ്ങാനുള്ള ഒപ്ഷന്‍ മുഴവന്‍ ഉപഭോക്താക്കള്‍ക്കും ലഭിച്ച് തുടങ്ങിയിട്ടില്ല.

Content Highlight: Mammootty & Mohanlal started new whatsapp channel