മലയാളത്തിന്റെ പ്രിയ നടന്‍ നെടുമുടി വേണുവിന് ആദരാഞ്ജലിയര്‍പ്പിച്ച് മമ്മൂട്ടി. തിരുവനന്തപുരത്തെ വീട്ടിലെത്തിയാണ് മമ്മൂട്ടി അദ്ദേഹത്തിന് അന്ത്യാഞ്ജലിയര്‍പ്പിച്ചത്.
‘നെടുമുടി വേണു എന്നു പറയുന്ന, എന്റെ സുഹൃത്തിന്റെ ഈ വിയോഗം മലയാള കലാ സാംസ്‌കാരിക രംഗത്തിന് വലിയൊരു ആഘാതമാണ്. വ്യക്തിപരമായി എന്റെ നഷ്ടം നഷ്ടമായിത്തന്നെ അവശേഷിക്കുന്നു.
ഞങ്ങള്‍ തമ്മില്‍ ഒരു നാല്‍പ്പത് വര്‍ഷത്തെ പരിചയമുണ്ട്. അതൊരു പരിചയമല്ല, ഒരു സൗഹൃദമാണ്. സൗഹൃദത്തിനപ്പുറത്തേക്കുള്ള എന്തോ ഒരു ബന്ധം തന്നെയാണ് വ്യക്തിപരമായി എനിക്കുള്ളത്. അത്രത്തോളം അടുപ്പമുണ്ടായിരുന്നു എനിക്ക്.
15 ദിവസം മുന്‍പ് എന്നോടൊപ്പം അഭിനയിച്ചു. നക്ഷത്ര ശോഭയോടെ നെടുമുടി വേണുവിന്റെ ഓര്‍മ്മകള്‍ നിലനില്‍ക്കും,’ എന്നാണ് മമ്മൂട്ടി പറഞ്ഞത്.
മമ്മൂട്ടി നായകനാവുന്ന ‘പുഴു’വിലും അദ്ദേഹം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
തിങ്കളാഴ്ച ഉച്ചയോടെയാണ് നെടുമുടി വേണുവിന്റെ മരണവാര്‍ത്ത ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചത്. ഉദരസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ കഴിയവെയായിരുന്നു നെടുമുടി വേണു അന്തരിച്ചത്.
കേരളത്തിലെ സാമൂഹിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖരും അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരുന്നു. സാഹിത്യത്തെയും അഭിനയകലയെയും ഒരുപോലെ സ്നേഹിച്ച നെടുമുടി വേണുവിന്റെ നിര്യാണം നമ്മുടെ സാംസ്‌കാരികരംഗത്തിന് അപരിഹാര്യമായ നഷ്ടമാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്.
നെടുമുടി വേണുവിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നെന്നും ഇതിനു പിന്നാലെയാണ് ദേഹാസ്വസ്ഥ്യം ഉണ്ടായതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. മറ്റുചില ആരോഗ്യപ്രശ്നങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നു.
മലയാളത്തിലും തമിഴിലുമായി അഞ്ഞൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. നാല് പതിറ്റാണ്ടായി മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ്.
തിയേറ്ററിലും ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലും പ്രദര്‍ശനത്തിനെത്തിയ ‘ആണും പെണ്ണും’ എന്ന സിനിമയാണ് അദ്ദേഹത്തിന്റേതായി അവസാനം റിലീസ് ചെയ്തിട്ടുള്ളത്.
ഡോ: ബിജു സംവിധാനം ചെയ്യുന്ന ‘ഓറഞ്ച് മരങ്ങളുടെ വീട്’ എന്ന സിനിമയിലും പ്രധാനവേഷം ചെയ്തിട്ടുണ്ട്. കമല്‍ ഹാസന്റെ ‘ഇന്ത്യന്‍ 2’ ലും അദ്ദേഹം വേഷമിടും എന്ന് വാര്‍ത്ത വന്നിരുന്നു.
തിയേറ്റര്‍ റിലീസ് പ്രതീക്ഷിക്കുന്ന ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ സിനിമയിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.