കൊച്ചി: മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ 69ാം ജന്മദിനമാണ് സെപ്റ്റംബര്‍ 7 ന്. നിരവധി പേരാണ് താരത്തിന് ജന്മദിനാശംസകളുമായി രംഗത്ത് എത്തിയിരിക്കുന്നത്.
ഇപ്പോഴിതാ മമ്മൂക്കയുടെ ജന്മദിനത്തിന് പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് ലിന്റോ കുര്യന്‍. മമ്മൂട്ടിയുടെ ഹിറ്റ് സിനിമകളിലെ രംഗങ്ങളും ഡയലോഗുകളും ചേര്‍ത്ത് തയാറാക്കിയ വീഡിയോ റിലീസ് ചെയ്തതിന് തൊട്ടുപിന്നാലെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
നേരത്തെയും നിരവധി പേരുടെ ജന്മദിനത്തിന് ലിന്റോ വീഡിയോകള്‍ തയ്യാറാക്കിയിരുന്നു. സിനിമയിലെത്തിയതിന്റെ അമ്പതാം വര്‍ഷത്തിലേക്ക് കടക്കുകയാണ് മമ്മൂട്ടി.
1971 ഓഗസ്റ്റ് 6 നായിരുന്നു അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന മമ്മൂട്ടിയുടെ ആദ്യ ചിത്രം റിലീസ് ചെയ്തത്. ചിത്രത്തില്‍ ബഹുദൂറിന്റെ കൂടെ ഒരു സീനിലായിരുന്നു മമ്മൂട്ടി അഭിനയിച്ചത്. തുടക്കത്തില്‍ അപ്രധാനമായ വേഷങ്ങളിലൂടെ സാന്നിദ്ധ്യമറിയിച്ച മമ്മൂട്ടി ആദ്യമായി സംഭാഷണം പറയുന്നത് 1973 ല്‍ അഭിനയിച്ച കാലചക്രത്തിലാണ് മമ്മൂട്ടി ഡയലോഗ് പറഞ്ഞത്.
എം.ടി. വാസുദേവന്‍ നായര്‍ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ദേവലോകം എന്ന മലയാളചലച്ചിത്രമാണ് മമ്മൂട്ടി പ്രധാന വേഷത്തില്‍ അഭിനയിച്ച ആദ്യത്തെ ചലച്ചിത്രം. എന്നാല്‍ ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായില്ല.
അഭിഭാഷകനായി യോഗ്യത നേടിയെങ്കിലും അഭിനയം തന്നെയായിരുന്നു മമ്മൂട്ടിയുടെ താല്‍പ്പര്യം. രണ്ടു വര്‍ഷം മഞ്ചേരിയില്‍ അഭിഭാഷക ജോലിയില്‍ ഏര്‍പ്പെട്ട ശേഷമാണ് അഭിനയരംഗത്തേക്ക് കാര്യമായി മമ്മൂട്ടി എത്തുന്നത്.
സജിന്‍ എന്ന പേരിലായിരുന്നു മമ്മൂട്ടി സിനിമയില്‍ തുടക്കക്കാലത്ത് അഭിനയിച്ചിരുന്നത്. പിന്നീട് 1980 ല്‍ കെ.ജി ജോര്‍ജ് സംവിധാനം ചെയ്ത മേളയാണ് മമ്മൂട്ടിക്ക് കരിയറില്‍ ബ്രേക്ക് നല്‍കുന്നത്.
പിന്നീട് പി.ജി വിശ്വംഭരന്‍, ഐ.വി ശശി, ജോഷി, സത്യന്‍ അന്തിക്കാട് തുടങ്ങി നിരവധി സംവിധായകരുടെ സിനിമയിലൂടെ മലയാളത്തിലെ സൂപ്പര്‍ സ്റ്റാര്‍ പട്ടം സ്വന്തമാക്കുകയായിരുന്നു.
49 വര്‍ഷത്തെ അഭിനയ കാലയളവില്‍ മികച്ച നടനുള്ള ദേശീയപുരസ്‌കാരം മൂന്ന് തവണ നേടിയിട്ടുണ്ട്. ഇതിനു പുറമേ അഞ്ചു തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരവും, 12 തവണ ഫിലിംഫെയര്‍ (ദക്ഷിണേന്ത്യന്‍) പുരസ്‌കാരവും മമ്മൂട്ടിക്ക് ലഭിച്ചിട്ടുണ്ട്.
1998-ല്‍ ഭാരതസര്‍ക്കാര്‍ പത്മശ്രീ നല്‍കി ആദരിച്ചു. 2O10 ജനുവരിയില്‍ കേരള സര്‍വകലാശാലയില്‍ നിന്ന് ഹോണററി ഡോക്ടറേറ്റ് ലഭിച്ച ഇദ്ദേഹത്തെ ആ വര്‍ഷം ഡിസംബറില്‍ തന്നെ ഡോകടറേറ്റ് നല്‍കി കാലിക്കറ്റ് സര്‍വകലാ കലാശാലയും ആദരിച്ചു.
ഇതുവരെ നാന്നൂറിലധികം സിനിമകള്‍ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ്, കന്നട ഭാഷകളിലായി മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. പ്രീസ്റ്റ്, വണ്‍ എന്നീ സിനിമകളാണ് മമ്മൂട്ടിയുടെതായി ഇനി തിയേറ്ററുകളില്‍ എത്താനിരിക്കുന്ന സിനിമകള്‍.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക