കൊല്‍ക്കത്ത: നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ അനുസ്മരണ പരിപാടിയുടെ വേദിയില്‍ നിന്നും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇറങ്ങി പോയി. ബി.ജെ.പി അനുകൂല മുദ്രാവാക്യം വിളിച്ചതിനെ തുടര്‍ന്നാണ് മമത ബാനര്‍ജി വേദിയില്‍ നിന്നും ഇറങ്ങി പോയത്.
പ്രസംഗിച്ച് കൊണ്ടിരിക്കവെ പ്രസംഗം പാതിവഴിയില്‍ നിര്‍ത്തിവെച്ച് പ്രതിഷേധിച്ച മമത ആളുകളെ വിളിച്ച് വരുത്തി അപമാനിക്കരുതെന്നും പറഞ്ഞു. മുദ്രാവാക്യം വിളിക്കാന്‍ ഇത് രാഷ്ട്രീയ പരിപാടിയല്ലെന്നും മമത കൂട്ടിച്ചേര്‍ത്തു.
സുഭാഷ് ചന്ദ്ര ബോസിന്റെ 124 ലാം ജന്മദിനാഘോഷത്തോടനുബന്ധിച്ചായിരുന്നു ബി.ജെ.പിയും തൃണമൂല്‍ കോണ്‍ഗ്രസും ഒരേ വേദി പങ്കിട്ടത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത്. പരിപാടി സംഘടിപ്പിച്ചതില്‍ നന്ദി അറിയിച്ച മുഖ്യമന്ത്രി മമത ബാനര്‍ജി താന്‍ അപമാനിക്കപ്പെട്ടുവെന്ന് വേദിയില്‍ വെച്ച് വ്യക്തമാക്കി.
നേരത്തെ പ്രസംഗിച്ച് കൊണ്ടിരിക്കവെ ഇന്ത്യയുടെ തലസ്ഥാനമായി ദല്‍ഹിയെ മാത്രം പരിഗണിക്കുന്നത് ശരിയല്ലെന്ന് മമത ബാനര്‍ജി പറഞ്ഞിരുന്നു. തലസ്ഥാനമായി ദല്‍ഹിയെ മാത്രം പരിഗണിക്കുന്നതിന് പകരം ഇന്ത്യക്ക് നാല് റൊട്ടേറ്റിങ്ങ് തലസ്ഥാനങ്ങള്‍ വേണമെന്നാണ് മമത ആവശ്യപ്പെട്ടത്.
”ഞാന്‍ വിശ്വസിക്കുന്നത് ഇന്ത്യക്ക് നാല് റൊട്ടേറ്റിങ്ങ് തലസ്ഥാനം വേണമെന്നാണ്. ബ്രിട്ടീഷുകാര്‍ കൊല്‍ക്കത്തയില്‍ നിന്നാണ് ഇന്ത്യ മൊത്തം ഭരിച്ചത്. എന്തുകൊണ്ടാണ് ഇന്ത്യക്ക് ഒരു തലസ്ഥാനം മാത്രമുള്ളത്,” മമത ബാനര്‍ജി ചോദിച്ചു.
മോദി സര്‍ക്കാര്‍ എടുത്തുകളഞ്ഞ ആസൂത്രണ കമ്മീഷന്‍ തിരികെ കൊണ്ടുവരണമെന്നും മമത ആവശ്യപ്പെട്ടു. നീതി ആയോഗിനും ആസൂത്രണ കമ്മീഷനും പരസ്പരം സഹകരിച്ച് കൊണ്ട് പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നും മമത കൂട്ടിച്ചേര്‍ത്തു. നേതാജിയുടെ ജന്മവാര്‍ഷികം അവധി ദിവസമായി പ്രഖ്യാപിക്കണമെന്നും മമത പറഞ്ഞു.
നേതാജി ഇന്ത്യന്‍ നാഷണല്‍ ആര്‍മി രൂപീകരിക്കുമ്പോള്‍ ഗുജറാത്ത്, ബംഗാള്‍, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെയെല്ലാം ഉള്‍പ്പെടുത്തിയിരുന്നു. ബ്രീട്ടീഷുകാരുടെ ഭിന്നിച്ച് ഭരിക്കുക എന്ന നയത്തിനെതിരെയായിരുന്നു അദ്ദേഹം നിലകൊണ്ടത്. നമ്മള്‍ ഒരു ആസാദ് ഹിന്ദ് സ്മാരകം നിര്‍മ്മിക്കും, അത് എങ്ങിനെ പ്രാവര്‍ത്തികമാക്കുമെന്നും നമ്മള്‍ കാണിച്ചു കൊടുക്കുമെന്നും മമത പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക