Entertainment news
പ്രേക്ഷക പ്രതീക്ഷകള്‍ ഇരട്ടിയാക്കി 'മാമന്നന്‍' ട്രെയ്‌ലര്‍: ഉദയനിധി സ്റ്റാലിന്റെ അവസാന ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jun 16, 12:43 pm
Friday, 16th June 2023, 6:13 pm

ഉദയനിധി സ്റ്റാലിന്‍, ഫഹദ് ഫാസില്‍, വടിവേലു, കീര്‍ത്തി സുരേഷ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മാമന്നന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. പ്രേക്ഷകരെ അക്ഷരാര്‍ത്ഥത്തില്‍ ത്രസിപ്പിക്കുന്ന ട്രെയ്‌ലര്‍ തിയേറ്ററില്‍ പ്രേക്ഷകര്‍ക്ക് കാഴ്ചയുടെ പുതിയ വിരുന്നൊരുക്കുമെന്നുറപ്പാണ്.

ജൂണ്‍ 29നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. പരിയേറും പെരുമാള്‍, കര്‍ണ്ണന്‍ എന്നീ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ക്ക് ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഫഹദ് ഫാസിലിന്റെ മിന്നുന്ന പ്രകടനമാണ് ചിത്രത്തിലുടനീളം.

ഓസ്‌കാര്‍ ജേതാവ് എ.ആര്‍. റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. പ്രശസ്ത പ്രൊഡക്ഷന്‍ ആന്‍ഡ് ഡിസ്ട്രിബൂഷന്‍ കമ്പനി ആയ റെഡ് ജയന്റ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.

നേരത്തെ പുറത്തുവിട്ട മാമന്നനിലെ ലിറിക്കല്‍ വിഡിയോകള്‍ക്ക് ഗംഭീര പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. സോണി മ്യൂസിക് ആണ് മ്യൂസിക് ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്‌സ്. തേനി ഈശ്വറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.

ഡിസംബറില്‍ തമിഴ്നാട്ടിലെ യുവജനക്ഷേമ കായിക വികസന മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം നടനും-രാഷ്ട്രീയ പ്രവര്‍ത്തകനുമായ ഉദയനിധി മാമന്നന്‍ തന്റെ അവസാന ചിത്രമായിരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

കേരളത്തില്‍ ആര്‍, ആര്‍, ആര്‍, വിക്രം , ഡോണ്‍ , വെന്ത് തുനിന്തത് കാട്, വിടുതലൈ തുടങ്ങിയ മാസ്റ്റര്‍ ക്ലാസ് സിനിമകള്‍ വിതരണം ചെയ്ത എച്ച് ആര്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്. പി.ആര്‍.ഒ. പ്രതീഷ് ശേഖര്‍.

content highlights: Mamannan movie release date announced, trailer out