മാലേ: ഇന്ത്യന്‍ സൈനികരുടെ രണ്ടാം ബാച്ചിനെ ഏപ്രിലില്‍ പിന്‍വലിക്കുമെന്ന് മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. വ്യോമയാന പ്ലാറ്റ്ഫോമുകൾ നിയന്ത്രിക്കുന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥരാണ് ഈ ബാച്ചിലൂടെ ഇന്ത്യയിലേക്ക് മടങ്ങുന്നത്.
ഇന്ത്യയുമായുള്ള ബന്ധത്തില്‍ മുയിസു സ്വീകരിച്ച നിലപാടുകള്‍ ദ്വീപിന് തിരിച്ചടി ഉണ്ടാക്കിയിട്ടും പ്രഖ്യാപനത്തില്‍ നിന്ന് പിന്മാറുന്നില്ല എന്നത് പ്രസിഡന്റിനെതിരെ പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്. മെയ് 10നകം മാലിദ്വീപില്‍ വിന്യസിക്കപ്പെട്ടിട്ടുള്ള മുഴുവന്‍ ഇന്ത്യന്‍ സൈനികരും രാജ്യത്ത് നിന്ന് പിന്മാറണമെന്നാണ് മുയിസുവിന്റെ ഉത്തരവ്.
മാലദ്വീപിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള തന്റെ പ്രതിബദ്ധത വര്‍ധിച്ചിരിക്കുന്നുവെന്ന് മുയിസു മാധ്യമങ്ങളോട് പറഞ്ഞു. മാലിദ്വീപില്‍ നിന്ന് വിദേശ സൈനികരെ പിന്‍വലിക്കുന്നത് നയതന്ത്ര മാനദണ്ഡങ്ങള്‍ക്കും തത്വങ്ങള്‍ക്കും അനുസൃതമായാണ് നടക്കുന്നതെന്നും മുയിസു ചൂണ്ടിക്കാട്ടി.
തന്റെ ജനതയുടെ പരമാധികാരവും സ്വാതന്ത്ര്യവും സംരക്ഷിക്കുക എന്നതാണ് ലക്ഷ്യമെന്നും സൗഹൃദ രാഷ്ട്രങ്ങളുമായി പ്രതിരോധ, സുരക്ഷാ ബന്ധങ്ങള്‍ ശക്തിപ്പെടുത്താനുമാണ് ശ്രമിക്കുന്നതെന്നും മാലിദ്വീപ് പ്രസിഡന്റ് പറഞ്ഞു. ദ്വീപിന്റെ മുന്‍ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹ് ഒരു വിദേശ അംബാസിഡറുടെ ഉത്തരവനുസരിച്ചാണ് പ്രവര്‍ത്തിച്ചതെന്നും മുയിസു ആരോപിച്ചു.
സൈനികരുടെ ആദ്യ ബാച്ചിനെ പിന്‍വലിച്ചതിന് പിന്നാലെ ദ്വീപിന്റെ ടുറിസം മേഖല കൂപ്പുകുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്, മാലിദ്വീപ് ടൂറിസം കഴിഞ്ഞ മാസം 33 ശതമാനത്തിന്റെ ഇടിവ് നേരിട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഉഭയകക്ഷി ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതോടെ ഇന്ത്യയില്‍ നിന്ന് ദ്വീപിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണം ഗണ്യമായി കുറഞ്ഞതായി റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കിയിരുന്നു.