കാബൂള്‍: പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് താലിബാന്‍ നേതാക്കള്‍ക്ക് കത്തയച്ച് നൊബേല്‍ ജേതാവ് മലാല യൂസഫ്‌സായ്. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച താലിബാന്റെ നടപടിയിലുള്ള പ്രതിഷേധവും മലാല അറിയിച്ചു.
‘പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള നിരോധനം പിന്‍വലിച്ച് സ്‌കൂളുകള്‍ ഉടനടി തുറക്കുക. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന ലോകത്തിലെ ഏക രാജ്യം അഫ്ഗാനിസ്ഥാനാണ്,’ മലാല കത്തില്‍ പറയുന്നു.
താലിബാന് കത്തയക്കുന്നതോടൊപ്പം, ജി-20 നേതാക്കളോട് അഫ്ഗാനിസ്ഥാനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സഹായമെത്തിക്കാനും ആവശ്യപ്പെട്ടു.
ആഗസ്റ്റില്‍ അഫ്ഗാന്റെ പരമാധികാരം പിടിച്ചെടുത്തതോടെ താലിബാന്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം നിഷേധിച്ചിരുന്നു. അതോടൊപ്പം പാട്ട് അടക്കമുള്ള അനിസ്‌ലാമികമായ വസ്തുക്കളും സിലബസ്സുകളില്‍ നിന്നും ഒഴിവാക്കിയിരുന്നു.
എന്നാല്‍ പെണ്‍കുട്ടികളുടെ സുരക്ഷയെ കരുതിയാണ് തങ്ങള്‍ ഇതുവരെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം നിര്‍ത്തലാക്കിയതെന്നും, പൂര്‍ണമായും ഇസ്‌ലാമിക രീതികള്‍ കര്‍ശനമാക്കിയ ശേഷം ഉപാധികളോടെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുമെന്നും താലിബാന്‍ അറിയിച്ചിരുന്നു.