ന്യൂദല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിലെ ഇരകളുടെ കുടുംബങ്ങള്‍ക്ക് നീതി ലഭിക്കുമെന്ന് ഉറപ്പ് നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മു കശ്മീരിന്റെ വളര്‍ച്ച തീവ്രവാദികള്‍ക്ക് ദഹിക്കുന്നില്ലെന്നും അവര്‍ വീണ്ടും കശ്മീരിനെ നശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. മന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജമ്മു കശ്മീരിലെ സമാധാനം തീവ്രവാദികള്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്നു. തീവ്രവാദികള്‍ കേന്ദ്രഭരണ പ്രദേശം നശിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണ് ഏപ്രില്‍ 22ന് നടന്ന ആക്രമണം വ്യക്തമാക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
പഹല്‍ഗാമിലെ ആക്രമണം തന്റെ ഹൃദയത്തില്‍ അഗാധമായ വേദനയുണ്ടാക്കി. ഭീകരാക്രമണത്തിലെ ഇരകള്‍ക്ക് നീതി ലഭിക്കുമെന്ന് ഒരിക്കല്‍ കൂടി ഉറപ്പുനല്‍കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
‘പഹല്‍ഗാം ഭീകരാക്രമണത്തിലെ ഇരകള്‍ക്ക് നീതി ലഭിക്കുമെന്ന് ഞാന്‍ ഒരിക്കല്‍ കൂടി ഉറപ്പുനല്‍കുന്നു. പഹല്‍ഗാം എന്റെ ഹൃദയത്തില്‍ അഗാധമായ വേദനയാണ് അവശേഷിപ്പിച്ചത്,’ മോദി പറഞ്ഞു.
പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണം ഇന്ത്യയിലെ ഓരോ പൗരന്റെയും ഹൃദയം തകര്‍ത്തുവെന്നും ഇരകളുടെ കുടുംബങ്ങളോട് ഓരോ ഇന്ത്യക്കാരനും അഗാധമായ സഹതാപമുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
‘കശ്മീരില്‍ സമാധാനം തിരിച്ചെത്തിയ സമയത്ത് സ്‌കൂളുകളും കോളേജുകളും ഊര്‍ജ്ജസ്വലമായിരുന്നു. ജനാധിപത്യം ശക്തിപ്പെട്ടു. ടൂറിസത്തില്‍ ഉയര്‍ച്ചയുണ്ടായി. യുവാക്കള്‍ക്ക് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. പക്ഷേ ജമ്മു കശ്മീരിന്റെയും രാജ്യത്തിന്റെയും ശത്രുക്കള്‍ക്ക് ഇതൊന്നും ഇഷ്ടപ്പെട്ടില്ല. തീവ്രവാദികള്‍ വീണ്ടും കശ്മീരിനെ നശിപ്പിക്കാന്‍ ആഗ്രഹിക്കുന്നു,’ മോദി പറഞ്ഞു.
ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ കണ്ട ഇന്ത്യയിലെ ഓരോ പൗരനും രോഷാകുലരാണെന്നുള്ളത് തനിക്ക് മനസിലാകുമെന്നും മോദി പറഞ്ഞു. തീവ്രവാദത്തിന്റെ വെല്ലുവിളികല്‍ നേരിടാനുള്ള നമ്മുടെ ദൃഢനിശ്ചയം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം രാജ്യത്തെ ജനങ്ങളോട് ആഹ്വാനം ചെയ്തു.
Content Highlight: Narendra Modi assures justice for families of victims of Pahalgam terror attack