World News
പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ചു; മോദിയെ ഗാന്ധിയുടെയും നെഹ്റുവിന്റെയും പാരമ്പര്യം ഓര്‍മിപ്പിച്ചും ഇറാന്‍ പ്രസിഡന്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 27, 05:31 am
Sunday, 27th April 2025, 11:01 am

ടെഹ്റാന്‍: പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസസ്‌കിയാന്‍. ഭീകരവാദത്തെ പ്രതിരോധിക്കാന്‍ ഇന്ത്യ-പാക് മേഖലയില്‍ സഹകരണം വേണമെന്നും പെസസ്‌കിയാന്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണില്‍ വിളിച്ച് സംസാരിക്കുകയായിരുന്നു പെസസ്‌കിയാന്‍.

‘ഇന്ത്യ-പാക് അതിര്‍ത്തിയിലെ തീവ്രവാദത്തെ പ്രതിരോധിക്കാന്‍ എല്ലാ രാജ്യങ്ങള്‍ക്കും ഉത്തരവാദിത്തമുണ്ട്. അതിനായി ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയില്‍ പരസ്പര സഹകരണമുണ്ടാകണം,’ പെസസ്‌കിയാന്‍ പറഞ്ഞു.

സംഭാഷണത്തിനിടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെയും ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹല്‍ലാല്‍ നെഹ്റുവിന്റെയും പാരമ്പര്യത്തെ കുറിച്ചും പെസസ്‌കിയാന്‍ മോദിയെ ഓര്‍മിപ്പിച്ചു. ഇറാന്‍ എംബസിയെ ഉദ്ധരിച്ച് എന്‍.ഡി.ടി.വിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

‘മഹാത്മാ ഗാന്ധിയും നെഹ്റുവും സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സന്ദേശവാഹകരായിരുന്നു. ഇവരെപോലെയുള്ള ഇന്ത്യന്‍ നേതാക്കളെ ഇറാന്‍ വളരെയധികം ബഹുമാനിക്കുന്നു. എല്ലാ രാജ്യങ്ങളുമായുള്ള ബന്ധത്തില്‍ ഈ നേതാക്കളുടെ പാരമ്പര്യവും മനോഭാവവും  ഇന്ത്യ നിലനിര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നു,’ പെസസ്‌കിയാന്‍ പറഞ്ഞു.

ഏപ്രില്‍ 22നാണ് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണമുണ്ടായത്. തുടര്‍ന്ന് കശ്മീരി റെസിസ്റ്റന്റ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ഇതിനുപിന്നാലെ ഇന്ത്യ പാക്കിസ്ഥാനെതിരായ നിലപാട് കടുപ്പിച്ചിരുന്നു.

പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള തര്‍ക്കത്തില്‍ മധ്യസ്ഥ വഹിക്കാന്‍ തയ്യാറാണെന്ന് ഇറാന്‍ അറിയിച്ചിരുന്നു. ഇരുരാജ്യങ്ങളും തങ്ങളുടെ സഹോദരങ്ങളാണെന്ന് പ്രതികരിച്ച ഇറാന്‍ വിദേശകാര്യമന്ത്രി സെയ്ദ് അബ്ബാസ് അരാഗ്ചി, ഇന്ത്യയ്ക്കും പാകിസ്ഥാനുമിടെയിലെ സംഘര്‍ഷം ലഘൂകരിക്കാന്‍ തയ്യാറാണെന്ന് അറിയിക്കുകയായിരുന്നു.

ഇതിനുപിന്നാലെയാണ് പെസസ്‌കിയാന്‍ പ്രധാനമന്ത്രിയെ വിളിച്ച് ഫോണില്‍ സംസാരിച്ചത്. പഹല്‍ഗാം ആക്രമണം കൂടാതെ ഇറാനും ഇന്ത്യയും തമ്മിലുള്ള വ്യാപാരം സംബന്ധിച്ചും ഇരുനേതാക്കളും സംസാരിച്ചിട്ടുണ്ട്.

ചബഹാര്‍ തുറമുഖത്തിന്റെ വികസനം ഇന്ത്യയും ഇറാനും തമ്മിലുള്ള ബന്ധത്തിന് കൂടുതല്‍ കരുത്തേകുമെന്നും പെസസ്‌കിയാന്‍ പറഞ്ഞു. വരും കാല ചര്‍ച്ചകള്‍ക്കായി പ്രധാനമന്ത്രിയെ പെസസ്‌കിയാന്‍ ഇറാനിലേക്ക് ക്ഷണിക്കുകയും ചെയ്തു.

ഇന്ത്യ-പാക് വിഷയത്തില്‍ നടത്തിയ ഇടപെടലില്‍ ഇറാനെ അഭിനന്ദിച്ച പ്രധാനമന്ത്രി, ഇറാനിലെ ഏറ്റവും വലിയ വാണിജ്യ തുറമുഖമായ ഷാഹിദ് രാജീ തുറമുഖത്ത് 14 പേരുടെ മരണത്തിനിടയാക്കിയ വന്‍ സ്‌ഫോടനത്തില്‍ അപലപിക്കുകയും ചെയ്തു.

സമാധാനവും സുരക്ഷയും വളര്‍ത്തുന്നതിനായുള്ള ഇറാന്റെ പങ്കിനെയും മോദി പ്രശംസിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Content Highlight: Iranian President reminds Modi of the legacy of Gandhi and Nehru