Entertainment
ഞാന്‍ ചെയ്ത ജോലിക്ക് ആര്‍ഹമായ പ്രതിഫലം കിട്ടാതിരുന്നതായി തോന്നിയിട്ടില്ല: ഉർവശി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 27, 06:20 am
Sunday, 27th April 2025, 11:50 am

1978ൽ വിടരുന്ന മൊട്ടുകൾ എന്ന സിനിമയിലൂടെയാണ് ഉർവശി സിനിമയിലേക്ക് വന്നത്. പിന്നീട് തന്റെ പതിമൂന്നാമത്തെ വയസിലാണ് ആദ്യമായി നായികയായി അഭിനയിക്കുന്നത്. 1983ൽ പുറത്തിറങ്ങിയ മുന്താണെ മുടിച്ച് എന്ന തമിഴ് സിനിമയായിരുന്നു ആദ്യമായി നായികയായി അഭിനയിച്ച് റിലീസായ സിനിമ. ഈ സിനിമ വൻ വിജയം നേടിയത് ഉർവശിയുടെ സിനിമാ ജീവിതത്തിൽ വഴിത്തിരിവായി.

1984ൽ പുറത്തിറങ്ങിയ എതിർപ്പുകൾ ആണ് ഉർവശി നായികയായി അഭിനയിച്ച ആദ്യ മലയാള സിനിമ. മമ്മൂട്ടിയാണ് ഇതിൽ നായകനായി അഭിനയിച്ചത്. 1985 മുതൽ 1995 കാലഘട്ടത്തിൽ മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടിമാരിലൊരാൾ ഉർവശി ആയിരുന്നു. ഇക്കാലയളവിൽ 500ൽ അധികം മലയാള ചിത്രങ്ങളിൽ അവർ അഭിനയിച്ചു. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിലും അവർ വേഷമിട്ടിട്ടുണ്ട്. ഇപ്പോൾ ആര്‍ട്ടിസ്റ്റുകളുടെ പ്രതിഫലത്തെ കുറിച്ച് സംസാരിക്കുകയാണ് നടി ഉർവശി.

ചെറിയ ബജറ്റില്‍ തട്ടിക്കൂട്ടിയുണ്ടാക്കുന്ന സിനിമകളുടെ കാലം കഴിഞ്ഞുവെന്നും ഇപ്പോള്‍ കോടികളാണ് മുതല്‍മുടക്കെന്നും ഉർവശി പറയുന്നു. അതിനനുസരിച്ച് നായികമാരുടെയും പ്രതിഫലം മെച്ചപ്പെട്ട് കഴിഞ്ഞുവെന്നും നായകനൊപ്പം നായികയ്ക്കും പ്രതിഫലം നല്‍കുന്നുണ്ടോ എന്ന തര്‍ക്കത്തിന് പ്രസക്തി ഇല്ലെന്നും ഉർവശി അഭിപ്രായപ്പെട്ടു.

സിനിമയില്‍ ആര്‍ട്ടിസ്റ്റിനാണ് പ്രതിഫലമെന്നും തിയേറ്ററിലേക്ക് ആളെ കൊണ്ടുവരാന്‍ കഴിയുന്ന ആര്‍ട്ടിസ്റ്റിന് സ്വാഭാവികമായും ഉയര്‍ന്ന പ്രതിഫലം ലഭിക്കുമെന്നും ഉർവശി പറഞ്ഞു.

താൻ ചെയ്ത ജോലിക്ക് ആര്‍ഹമായ പ്രതിഫലം കിട്ടാതിരുന്നതായി തോന്നിയിട്ടില്ലെന്നും മറ്റൊരാളുടെ പ്രതിഫലവുമായല്ല സ്വന്തം അധ്വാനവുമായി പ്രതിഫലത്തെ താരതമ്യം ചെയ്യണമെന്നും ഉർവശി കൂട്ടിച്ചേർത്തു. മനോരമ ദിനപത്രത്തിൽ സംസാരിക്കുകയായിരുന്നു ഉർവശി.

‘ചെറിയ ബജറ്റില്‍ തട്ടിക്കൂട്ടിയുണ്ടാക്കുന്ന സിനിമകളുടെ കാലം കഴിഞ്ഞു. ഇപ്പോള്‍ കോടികളാണ് മുതല്‍മുടക്ക്. അതിനനുസരിച്ച് നായികമാരുടെയും പ്രതിഫലം വളരെയേറെ മെച്ചപ്പെട്ട് കഴിഞ്ഞു. പിന്നെ നായകനൊപ്പം നായികയ്ക്കും പ്രതിഫലം നല്‍കുന്നുണ്ടോ എന്ന തര്‍ക്കത്തിന് ഒരു പ്രസക്തിയും ഇല്ല. കാരണം സിനിമയില്‍ ആര്‍ട്ടിസ്റ്റിനാണ് പ്രതിഫലം.

സിനിമ ഹിറ്റാക്കാന്‍ കഴിയുന്ന, തിയേറ്ററിലേക്ക് ആളെ കൊണ്ടുവരാന്‍ കഴിയുന്ന ആര്‍ട്ടിസ്റ്റിന് സ്വാഭാവികമായും ഉയര്‍ന്ന പ്രതിഫലം ലഭിക്കും. ഏതു തൊഴില്‍ രംഗത്തും അങ്ങനെയല്ലേ? കൂടുതല്‍ കഷ്ടപ്പെട്ട് ജോലി ചെയ്യുന്നവര്‍ക്ക് കൂടുതല്‍ പ്രതിഫലം.

എനിക്ക് ഇത്രയും കാലത്തെ സിനിമ ജീവിതത്തിനിടയില്‍ ഞാന്‍ ചെയ്ത ജോലിക്ക് ആര്‍ഹമായ പ്രതിഫലം കിട്ടാതിരുന്നതായി തോന്നിയിട്ടില്ല. മറ്റൊരാളുടെ പ്രതിഫലവുമായല്ല, സ്വന്തം അധ്വാനവുമായി മാത്രം സ്വന്തം പ്രതിഫലത്തെ താരതമ്യപ്പെടുത്തിയാല്‍ തീരുന്ന പ്രശ്‌നമേയുള്ളു,’ ഉര്‍വശി പറയുന്നു.

Content Highlight: The debate over whether the heroine is paid along with the hero is irrelevant says Urvashi