Entertainment
ഈ സിനിമ എനിക്കും നിനക്കും പ്രധാനപ്പെട്ടതാണ്, പാട്ട് നന്നായി പാടണം എന്ന് അയാള്‍ പറഞ്ഞു: സിത്താര കൃഷ്ണകുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 27, 06:20 am
Sunday, 27th April 2025, 11:50 am

 

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഗായികമാരില്‍ ഒരാളാണ് സിത്താര കൃഷ്ണകുമാര്‍. വ്യത്യസ്തമായ ആലാപന ശൈലികൊണ്ട് സംഗീതപ്രേമികള്‍ക്ക് ഇടയില്‍ വലിയ രീതിയില്‍ സ്വീകാര്യത നേടാന്‍ സിത്താരക്ക് സാധിച്ചിട്ടുണ്ട്. കുമ്പളങ്ങി നെറ്റ്‌സിലെ ചെരാതുകള്‍ എന്ന ഗാനം സിത്താരയുടെ കരിയറിലെ മികച്ച ഗാനങ്ങളില്‍ ഒന്നാണ്. 2007ല്‍ വിനയന്‍ സംവിധാനം ചെയ്ത അതിശയന്‍ എന്ന മലയാള ചിത്രത്തിലെ പമ്മി പമ്മി എന്ന ഗാനത്തിലൂടെയാണ് സിതാര പിന്നണി ഗായികയായി സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.

രാജേഷ് പിള്ളയുടെ സംവിധാനത്തില്‍ 2011 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ട്രാഫിക്. മലയാള സിനിമകള്‍ക്ക് മാറ്റം കൊണ്ട് വന്ന ചിത്രമെന്നാണ് ട്രാഫിക്കിനെ വിശേഷിപ്പിക്കുന്നത്. മെജോ ജോസഫ് ആണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരുന്നത്. സിനിമയിലെ ‘പകലിന്‍ പവനില്‍’ എന്ന ഗാനം ആലപിച്ചത് സിത്താരയാണ്.

ഇപ്പോള്‍ ആ പാട്ടിനെ കുറിച്ചും സംഗീത സംവിധായകന്‍ മെജോ ജോസഫിനെ കുറിച്ചും സംസാരിക്കുകയാണ് സിത്താര കൃഷ്ണ കുമാര്‍.

മെജോ ജോസഫ് വളരെ സോഫ്റ്റ് സ്‌പോക്കണ്‍ ആണെന്നും എന്നാല്‍ തന്റെ പാട്ടിന്റെ കാര്യത്തില്‍ അത് എങ്ങനെ വേണമെന്ന് വളരെ നിര്‍ബന്ധ ബുദ്ധിയുള്ള ആളാണെന്നും സിത്താര പറയുന്നു. എന്നാല്‍ അദ്ദേഹം ദേഷ്യപ്പെടുകയോ വഴക്ക് പറയുകയോ ഒന്നും ഇല്ലെന്നും സിത്താര കൂട്ടിച്ചേര്‍ത്തു. ഈ സിനിമ മെജോയ്ക്കും തനിക്കും വളരെ പ്രധാനപ്പെട്ടതാണെന്നും നന്നായി പാടണമെന്ന് തന്നോട് പറയുകയുണ്ടായെന്നും സിത്താര പറയുന്നു. ക്യൂ സ്റ്റുഡിയോയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

‘നല്ലോണം നമ്മളെ പ്രെഷറൈസ് ചെയ്ത് പാട്ടെടുക്കുന്ന ആളാണ് മെജോ ചേട്ടന്‍. വളരെ സോഫ്റ്റ് സ്‌പോക്കണ്‍ ആണെങ്കിലും എന്താണ് വേണ്ടത് എന്നുള്ളത് പറഞ്ഞ് തന്ന്, അത് തന്നെ വേണമെന്ന് നിര്‍ബന്ധ ബുദ്ധിയുള്ള ആളാണ്. പക്ഷേ വഴക്ക് പറയുകയോ ദേഷ്യപ്പെടുകയോ ഒന്നും ഇല്ല ഭയങ്കര പാവമായിട്ടാണ് ഇരിക്കുക. ‘സിത്തൂ ഈ പടം എനിക്കും സിത്തുവിനുമൊക്കെ വളരെ പ്രധാനപ്പെട്ടതാണ്. അത് കൊണ്ട് നന്നായിട്ട് പാടണേ’ എന്നാണ് മെജോ ചേട്ടന്‍ എന്റെയടുത്ത് പറഞ്ഞത്,’ സിത്താര പറയുന്നു.

Content Highlight: Sithara Krishnakumar talks about music director Mejo joseph