Sports News
പന്തിനെ അടിച്ചകറ്റാന്‍ കഴിവുള്ളവനാണ് പ്രിയാന്‍ഷ്, എന്നാല്‍ അവനൊരു ദൗര്‍ബല്യമുണ്ട്: അനില്‍ കുംബ്ലെ
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 27, 06:52 am
Sunday, 27th April 2025, 12:22 pm

ഐ.പി.എല്ലിന്റെ ഈ സീസണിലെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളാണ് പ്രിയാന്‍ഷ് ആര്യ. ദല്‍ഹി പ്രീമിയര്‍ ലീഗിലെ മികച്ച പ്രകടനത്തിന് പിന്നലെയാണ് മെഗാ താരലേലത്തില്‍ പഞ്ചാബ് കിങ്‌സ് പ്രിയാന്‍ഷിനെ സ്വന്തമാക്കിയത്. ചെന്നൈക്കെതിരായ മത്സരത്തില്‍ സെഞ്ച്വറി നേടിക്കൊണ്ടാണ് 24കാരനായ പ്രിയാന്‍ഷ് ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്.

കഴിഞ്ഞദിവസം ഈഡന്‍ ഗാര്‍ഡന്‍സില്‍ കൊല്‍ക്കത്തെതിരെ കളിച്ച മത്സരത്തിലും മികച്ച പ്രകടനമാണ് പ്രിയാന്‍ഷ് പുറത്തെടുത്തത്. 35 പന്തില്‍ 69 റണ്‍സാണ് താരം നേടിയത്. ഇപ്പോഴിതാ പ്രിയാന്‍ഷിനെക്കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യന്‍ സ്പിന്‍ ഇതിഹാസവും ഇന്ത്യയുടെ മുന്‍ പരിശീലകനുമായ അനില്‍ കുംബ്ലെ.

പ്രിയാന്‍ഷ് പന്തുകളെ വളരെ അനായാസമായാണ് അതിര്‍ത്തി കടത്തുന്നതെന്ന അനില്‍ കുംബ്ലെ പറഞ്ഞു. പ്രിയാന്‍ഷിന്റെ ടൈമിങ് വളരെ മികച്ചതാണെന്നും കുംബ്ലെ അഭിപ്രായപ്പെട്ടു. നേരിടുന്ന പന്തുകളെ വളരെ എളുപ്പത്തിലാണ് പ്രിയാന്‍ഷ് അടിക്കുന്നതെന്നും അത് ബൗണ്ടറി കടക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും കുംബ്ലെ കൂട്ടിച്ചേര്‍ത്തു.

ഫീല്‍ഡര്‍മാര്‍ക്ക് പരസ്പരം നോക്കുകയല്ലാതെ മറ്റ് വഴികളില്ലെന്നും അത്രക്ക് മനോഹരമാണ് പ്രിയാന്‍ഷിന്റെ ഓരോ പ്രഹരവുമെന്നും അനില്‍ കുംബ്ല പറഞ്ഞു. എന്നാല്‍ പ്രിയാന്‍ഷിന്റെ ഏറ്റവും വലിയ ദൗര്‍ബല്യം ഓഫ്‌സൈഡാണെന്നും കഴിഞ്ഞ മത്സരത്തില്‍ അത് കൃത്യമായി മനസിലാകുന്നുണ്ടെന്നും അനില്‍ കുംബ്ലെ പറയുന്നു. വൈഭവ് അറോറ പ്രിയാന്‍ഷ് ആര്യയെ പുറത്താക്കിയ രീതി അത് എടുത്തുകാണിക്കുന്ന ഒന്നാണെന്നും കുംബ്ലെ പറഞ്ഞു. ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പ്രിയാന്‍ഷിന്റെ കാര്യം പറയുമ്പോള്‍ അവന്റെ ടൈമിങ് എടുത്തുപറയേണ്ട ഒന്നാണ്. വളരെ എളുപ്പത്തിലാണ് അവന്റെ നേര്‍ക്ക് വരുന്ന പന്തുകളെ അടിച്ചകറ്റുന്നത്. ഫീല്‍ഡര്‍മാര്‍ക്ക് പരസ്പരം നോക്കിനില്‍ക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ല. എന്നാല്‍ അവന്റെ ദൗര്‍ബല്യം എന്ന് പറയുന്നത് ഓഫ്‌സൈഡാണ്. എല്ലാ ഷോട്ടുകളും ആ ഭാഗത്തേക്കാണ്.

കഴിഞ്ഞ മത്സരത്തില്‍ വൈഭവ് അറോറ ആ ഭാഗത്ത് കൂടുതല്‍ ഫീല്‍ഡര്‍മാരെ വിന്യസിച്ചു. അധികം മൂവ്‌മെന്റുകള്‍ പ്രിയാന്‍ഷ് നടത്തുന്നില്ല. അത് ചെറുതായെങ്കിലും അവന് ദോഷം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. അതിനെ മറികടന്ന് അവന്‍ വരുമെന്ന് തന്നെയാണ് വിശ്വാസം,’ അനില്‍ കുംബ്ലെ പറഞ്ഞു.

സീസണിലെ ഒമ്പത് മത്സരങ്ങളില്‍ നിന്ന് 323 റണ്‍സാണ് പ്രിയാന്‍ഷ് ആര്യ നേടിയത്. ഒരു സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയും താരം സ്വന്തമാക്കിയിട്ടുണ്ട്. ഈ സീസണിലെ എമര്‍ജിങ് പ്ലെയര്‍ പുരസ്‌കാരത്തിന് പ്രിയാന്‍ഷ് അര്‍ഹനായേക്കുമെന്നാണ് ക്രിക്കറ്റ് ലോകം കരുതുന്നത്.

Content Highlight: Anil Kumble says about the weakness in Batting of Priyansh Arya