തെലുങ്കിലെ മികച്ച സംവിധായകരിലൊരാളാണ് വെങ്കി അട്ലൂരി. തൊലി പ്രേമ എന്ന ചിത്രത്തിലൂടെയാണ് വെങ്കി തന്റെ സിനിമാജീവിതം ആരംഭിച്ചത്. രംഗ് ദേ, മിസ്റ്റര്‍ മജ്നു തുടങ്ങിയ റോം കോം ചിത്രങ്ങള്‍ ഒരുക്കിയ വെങ്കിയുടെ ഏറ്റവുമൊടുവിലത്തെ ചിത്രമാണ് ലക്കി ഭാസ്‌കര്‍. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ ചിത്രം 100 കോടിക്കുമുകളില്‍ ബോക്സ് ഓഫീസില്‍ നിന്ന് സ്വന്തമാക്കിയിരുന്നു.
സൂര്യയെ നായകനാക്കിയാണ് വെങ്കി തന്റെ അടുത്ത ചിത്രം ഒരുക്കുന്നത്. സൂര്യയുടെ പുതിയ ചിത്രമായ റെട്രോയുടെ പ്രീ റിലീസ് ഇവന്റിലാണ് സൂര്യ ഇക്കാര്യം അറിയിച്ചത്. സൂര്യയെക്കുറിച്ച് സംസാരിക്കുകയാണ് വെങ്കി അട്‌ലൂരി. താന്‍ സൂര്യയുടെ കടുത്ത ആരാധകനാണെന്ന് വെങ്കി അട്‌ലൂരി പറഞ്ഞു. സൂര്യയുടെ ഓരോ സിനിമയില്‍ നിന്നും തനിക്ക് എന്തെങ്കിലും പുതിയത് പഠിക്കാന്‍ കഴിഞ്ഞുവെന്നും വെങ്കി അട്‌ലൂരി പറയുന്നു.
എന്‍ജിനീയറിങ്ങ് പഠനം പൂര്‍ത്തിയാക്കിയ സമയത്താണ് താന്‍ ഗജിനി കണ്ടതെന്നും ഇങ്ങനെയൊക്കെ സിനിമ ചെയ്യാമെന്ന് അപ്പോഴാണ് തോന്നിയതെന്നും വെങ്കി കൂട്ടിച്ചേര്‍ത്തു. സിനിമയുടെ കഥയും സൂര്യയുടെ പെര്‍ഫോമന്‍സും കണ്ട് താന്‍ അമ്പരന്നെന്നും വെങ്കി അട്‌ലൂരി പറഞ്ഞു. പിന്നീട് വന്ന വാരണം ആയിരത്തിന്റെ തെലുങ്ക് വേര്‍ഷന്‍ സൂര്യ സണ്‍ ഓഫ് കൃഷ്ണന്‍ എന്ന സിനിമക്ക് മുകളില്‍ വെക്കാന്‍ മറ്റൊരു ചിത്രവുമില്ലെന്നും വെങ്കി കൂട്ടിച്ചേര്‍ത്തു.
സിനിമ എന്നതിലുപരി അതിനെ ഒരു ടെക്സ്റ്റ്ബുക്കായാണ് താന്‍ കാണുന്നതെന്നും വെങ്കി അട്‌ലൂരി പറഞ്ഞു. പ്രേമിക്കേണ്ടത് എങ്ങനെയാണെന്നും അതില്‍ പരാജയപ്പെട്ടാല്‍ എങ്ങനെ ജീവിതത്തില്‍ തിരിച്ചുവരണമെന്നും ആ സിനിമ കാണിച്ചു തന്നെന്നും വെങ്കി കൂട്ടിച്ചേര്‍ത്തു. അന്നത്തെ കാലത്ത് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ ഇല്ലായിരുന്നെന്നും ടി.വിയില്‍ ആ സിനിമ വന്നാല്‍ താന്‍ അച്ഛനെയും അടുത്തിരുത്തി ആ സിനിമ കാണുമായിരുന്നെന്നും വെങ്കി പറഞ്ഞു.
എല്ലാവര്‍ക്കും എവിടെയെങ്കിലും ആ സിനിമയിലെ അച്ഛന്‍- മകന്‍ ബന്ധം റിലേറ്റാകുമെന്നും അതൊക്കെയാണ് ആ സിനിമയെ സ്‌പെഷ്യലാക്കുന്നതെന്നും വെങ്കി അട്‌ലൂരി പറയുന്നു. ഡിസിപ്ലിന്‍, മോട്ടിവേഷന്‍, റിലേഷന്‍ എന്നീ കാര്യങ്ങളില്‍ ഒരാളെ നല്ലൊരു മനുഷ്യനാക്കാന്‍ സൂര്യ സണ്‍ ഓഫ് കൃഷ്ണന്‍ എന്ന സിനിമക്ക് സാധിക്കുമെന്നും വെങ്കി പറഞ്ഞു.
‘ഇവിടെ ഈ പരിപാടിക്ക് കാണികളായി ഒരുപാട് സൂര്യ ആരാധകര്‍ വന്നിട്ടുണ്ട്. അവരെല്ലാം ഏറ്റവും പിന്നില്‍ നില്‍ക്കുകയാണ്, എന്നാല്‍ അവരില്‍ ഒരാളാണ് ഇപ്പോള്‍ ഈ വേദിയില്‍ നിന്ന് സംസാരിക്കുന്നത്. സൂര്യ സാറിന്റെ വലിയൊരു ഫാനാണ് ഞാന്‍. അദ്ദേഹത്തിന്റെ ഓരോ സിനിമയില്‍ നിന്ന് എന്തെങ്കിലുമൊക്കെ എനിക്ക് പഠിക്കാന്‍ സാധിച്ചിട്ടുണ്ട്.
എന്‍ജിനീയറിങ് പഠനം കഴിഞ്ഞ സമയത്താണ് ഗജിനി റിലീസായത്. ആ സിനിമ തിയേറ്ററില്‍ നിന്ന് കണ്ടപ്പോള്‍ അന്തംവിട്ടുപോയി. ഇങ്ങനെയൊക്കെ സിനിമയെടുക്കാമെന്നും ഇങ്ങനെയൊക്കെ ഒരാള്‍ക്ക് അഭിനയിക്കാമെന്നും ആ സിനിമ മനസിലാക്കി തന്നു. പിന്നീട് നോക്കിയാല്‍ സൂര്യ സണ്‍ ഓഫ് കൃഷ്ണന്‍. വെറുമൊരു സിനിമയല്ല അത്. എന്റെ അഭിപ്രായത്തില്‍ ആ സിനിമ ഒരു ടെക്സ്റ്റ് ബുക്കാണ്. നല്ലൊരു മനുഷ്യനായി എങ്ങനെ ജീവിക്കാമെന്ന് ആ സിനിമ കാണിച്ചു തന്നു.
എങ്ങനെ നന്നായി പ്രണയിക്കാമെന്നും നഷ്ടപ്രണയത്തില്‍ നിന്ന് എങ്ങനെ പുറത്തുകടക്കാമെന്നും ആ സിനിമ പറഞ്ഞു തന്നു. ഡിസിപ്ലിന്‍, മോട്ടിവേഷന്‍ തുടങ്ങിയ കാര്യങ്ങള്‍ ആ സിനിമക്ക് തരാന്‍ സാധിച്ചു. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ ഇല്ലാത്ത സമയത്ത് ആ സിനിമ ടി.വിയില്‍ വന്നാല്‍ ഞാന്‍ അച്ഛനെയും കൂട്ടി കാണാനിരിക്കും. എല്ലാവര്‍ക്കും എവിടെയെങ്കിലും ആ സിനിമ റിലേറ്റാകും. ഒരു നല്ല മനുഷ്യനാകാമെന്ന കാര്യത്തില്‍ ഒരു ടെക്സ്റ്റ് ബുക്കാണ് ആ സിനിമ,’ വെങ്കി അട്‌ലൂരി പറയുന്നു.
Content Highlight: Venky Atluri saying Vaaranam Aayiram movie is like a textbook for him