കൊച്ചി: നവമാധ്യമങ്ങളിലൂടെ വര്‍ഗീയപരാമര്‍ശം നടത്തിയെന്ന വിഷയത്തില്‍ പ്രതികരണവുമായി സംവിധായകന്‍ മേജര്‍ രവി. തന്നെ ക്രൂശിച്ചെന്ന് പറഞ്ഞ് ആത്മഹത്യ ചെയ്യാനൊന്നും പോകുന്നില്ലെന്ന് അദ്ദേഹം മാതൃഭൂമി ഡോട്ട്‌കോമിനനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.
കഴിഞ്ഞദിവസമായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ മേജര്‍ രവിയുടെ വര്‍ഗീയപരാമര്‍ശങ്ങളടങ്ങിയ ഓഡിയോ ക്ലിപ്പുകള്‍ പ്രചരിക്കപ്പെട്ടിരുന്നത്. “ഒരു വര്‍ഷം മുന്‍പ് ടി.വി ചാനല്‍ അവതാരകയുടെ മുഖത്ത് കാര്‍ക്കിച്ച് തുപ്പണമെന്ന് പറഞ്ഞതിന് എല്ലാവരും കൂടെ തന്റെ നെഞ്ചത്ത് പൊങ്കാലയിട്ടു. അന്ന് ഒരു ഹിന്ദുവിന്റെയും രക്തം തിളയ്ക്കുന്നത് കണ്ടില്ല. ഇന്നവര്‍ നിങ്ങള്‍ വിശ്വസിക്കുന്ന അമ്പലങ്ങളില്‍ കയറിക്കൂടിയിരിക്കുന്നു. നാളെ വീട്ടിലും കയറും എല്ലാവരും കൂടി പുറത്തിറങ്ങുന്ന സമയത്ത് മാത്രമേ താനും പുറത്തിറങ്ങൂ ഒറ്റപ്പെടാന്‍ ആഗ്രഹിക്കുന്നില്ല. എന്റെ എന്നതല്ല നമ്മുടേതെന്ന് കണ്ട് ശക്തരാകണം. അല്ലെങ്കില്‍ ഹിന്ദു ഇല്ലാതാകും” എന്നായിരുന്നു രവി പറഞ്ഞിരുന്നത.
സോഷ്യല്‍മീഡിയയിലൂടെ ഓഡിയോ പ്രചരിച്ചതിനു പിന്നാലെ സംഭവം വിവാദമായിരുന്നു. എന്നാല്‍ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയതുകൊണ്ട് താന്‍ ആത്മഹത്യ ചെയ്യില്ലെന്നാണ് അദ്ദേഹം പറയുന്നത്. താന്‍ വളരെ ടഫായ വ്യക്തിയാണെന്നും എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തുറന്നു സമ്മതിക്കാനുള്ള ചങ്കൂറ്റം തനിക്കുണ്ടെന്നും അദ്ദേഹം പറയുന്നു.
“താന്‍ വളരെ ടഫായ വ്യക്തിയാണ്. എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തുറന്നു സമ്മതിക്കാനുള്ള ചങ്കൂറ്റം എനിക്കുണ്ട്. അതെന്റെ തെറ്റാണെന്ന് പറയാന്‍ എനിക്കൊരു മടിയുമില്ല. പിന്നെന്തിന് ഞാന്‍ ഇത്തരം ആളുകള്‍ക്ക് ചെവി കൊടുക്കണം. ഇത്തരം കാര്യങ്ങള്‍ എന്നെ ബാധിക്കുന്നേ ഇല്ല. ഇതിന്റെ പേരില്‍ കേസ് കൊടുക്കുമെന്നും മറ്റും പറയുന്നവരുണ്ട്. അവര്‍ കൊടുക്കട്ടെ. എനിക്കെന്താണ്.” അദ്ദേഹം പറയുന്നു.