മുന്‍പൊക്കെ സൈന്യത്തിന് അങ്ങോട്ട് ഫണ്ട് നല്‍കുന്ന സര്‍ക്കാരായിരുന്നു, നമുക്കിപ്പോള്‍ ഇങ്ങോട്ട് പണം താ എന്നുപറയുന്ന സര്‍ക്കാരായിപ്പോയല്ലോ! മോദിക്കെതിരെ മഹുവ മൊയ്ത്ര
national news
മുന്‍പൊക്കെ സൈന്യത്തിന് അങ്ങോട്ട് ഫണ്ട് നല്‍കുന്ന സര്‍ക്കാരായിരുന്നു, നമുക്കിപ്പോള്‍ ഇങ്ങോട്ട് പണം താ എന്നുപറയുന്ന സര്‍ക്കാരായിപ്പോയല്ലോ! മോദിക്കെതിരെ മഹുവ മൊയ്ത്ര
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 18th December 2020, 6:21 pm

ന്യൂദല്‍ഹി: ഇന്ത്യന്‍ സായുധ സേനയില്‍ നിന്ന് പി.എം കെയേഴ്‌സ് ഫണ്ടിലേക്ക് കോടികള്‍ സംഭാവനയായി ലഭിച്ചുവെന്ന വാര്‍ത്തയ്ക്ക് പിന്നാലെ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര.

മുന്‍പൊക്കെ സായുധ സേനയ്ക്ക് വേണ്ടി പണം സ്വരൂപിക്കുന്ന ഭരണാധികാരികളെയാണ് കണ്ടിട്ടുള്ളതെന്നും എന്നാല്‍ ഇപ്പോള്‍ സേനയുടെ കയ്യില്‍ നിന്ന് ഇങ്ങോട്ട് പണം വാങ്ങുന്ന സര്‍ക്കാരാണോ നമുക്കുള്ളതെന്നും മഹുവ മൊയ്ത്ര പരിഹസിച്ചു.

ഒട്ടും സുതാര്യതയില്ലാത്ത പ്രധാനമന്ത്രിയുടെ ഫണ്ടിലേക്കാണ് സായുധ സേനയില്‍ നിന്നും 204 കോടി പോയതെന്നും അവര്‍ പറഞ്ഞു.

പൊതുമേഖലാ സ്ഥാപനങ്ങള്‍, അക്കാദമിക് സ്ഥാപനങ്ങള്‍, പൊതുമേഖലാ ബാങ്കുകള്‍ എന്നിവയ്ക്ക് പുറമേയാണ്
ഇന്ത്യന്‍ ആര്‍മി, ഇന്ത്യന്‍ എയര്‍ഫോഴ്‌സ്, ഇന്ത്യന്‍ നേവി എന്നീ മൂന്ന് സായുധ സേനകളില്‍ നിന്നും പി.എം-കെയര്‍ ഫണ്ടിലേക്ക് വലിയ തുക പോയതെന്നാണ് റിപ്പോര്‍ട്ടുകല്‍ വ്യക്തമാക്കുന്നത്.

മൂന്ന് സേനകളിലേയും ജീവനക്കാരില്‍ നിന്നും അവരുടെ ഒരു ദിവസത്തെ ശമ്പളത്തില്‍ നിന്നുമാണ് 203.67 കോടി രൂപ പ്രധാനമന്ത്രിയുടെ ഫണ്ടിലേക്ക് പോയിട്ടുള്ളത്.

വിവാരാവകാശ നിയമപ്രകാരം ഇന്ത്യന്‍ എക്‌സ്പ്രസ് സമര്‍പ്പിച്ച ചോദ്യത്തിനാണ് ഇന്ത്യന്‍ നാവിയും എയര്‍ഫോഴ്‌സും മറുപടി നല്‍കിയത്.
എന്നാല്‍ ഇന്ത്യന്‍ ആര്‍മി വിവരങ്ങള്‍ നല്‍കാന്‍ വിസമ്മതിച്ചതായാണ് വിവരം.

പി.എം കെയര്‍ ഫണ്ടിലേക്ക് ഭീമമായ തുക ലഭിക്കുമ്പോഴും ലഭിച്ച തുകയുടെ വിവരം കേന്ദ്രസര്‍ക്കാര്‍ പുറത്തുവിടാന്‍ തയ്യാറായിട്ടില്ല.

 

നേരത്തെ, പി.എം കെയേഴ്സ് ഫണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കായി സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയില്‍ വിവരങ്ങള്‍ നല്‍കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിസമ്മതിച്ചിരുന്ന ഫണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സുതാര്യമാക്കുന്നത് സുരക്ഷിതമല്ലെന്നാണ് കാരണമായി ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചത്.

നേരത്തെ, പി.എം കെയേഴ്സിലേക്ക് പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നുള്‍പ്പെടെ എത്തിയത് 204.75കോടി രൂപയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

 

പ്രധാനമന്ത്രി കൈകാര്യം ചെയ്യുന്ന പി.എം.കെയേഴ്സിലേക്ക് റിസര്‍വ് ബാങ്ക്, ഗവണ്‍മെന്റ് ബാങ്കുകള്‍ മുതല്‍ എല്‍.ഐ.സി വരെയുള്ള പൊതുമേഖലാ ബാങ്കുകളിലെ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് 205 കോടി എത്തി എന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Mahua Moitara Mocks Pm Modi On Pm Cares Fund