മുംബൈ: ‘ലവ് ജിഹാദി’നെതിരെ നിയമം കൊണ്ടുവരാനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാരും. ‘ലവ് ജിഹാദ് നിരോധിക്കണ’മെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി എം.എല്‍.എ നിതേഷ് റാണെയും വനിതാ പ്രതിനിധി സംഘവും മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെയും സന്ദര്‍ശിച്ചു.
വരും മാസങ്ങളില്‍ ലവ് ജിഹാദിനെതിരെ കര്‍ശനമായ നിയമം കൊണ്ടുവരുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ഉറപ്പുനല്‍കിയതായി കൂടിക്കാഴ്ചക്ക് ശേഷം നിതേഷ് റാണെ പ്രതികരിച്ചു.
‘ലവ് ജിഹാദിനെതിരെ കര്‍ശനമായ നിയമം ആവശ്യപ്പെട്ട് ഞങ്ങള്‍(ബി.ജെ.പി) നിരവധി പ്രതിഷേധങ്ങള്‍ നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയോടും ഉപമുഖ്യമന്ത്രി ഫഡ്‌നാവസിനോടും ഇതിനെതിരെ നിയമം ഉണ്ടാക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. കര്‍ണാടക, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ പാത മഹാരാഷ്ട്രയും പിന്തുടരണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ഞങ്ങളുടെ ആവശ്യങ്ങളോട് ക്രിയാത്മകമായ നിലപാടാണ് സ്വീകരിച്ചത്. വരും മാസങ്ങളില്‍ ലവ് ജിഹാദിനെതിരെ കര്‍ശനമായ നിയമം കൊണ്ടുവരുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്,’ നിതേഷ് റാണെ പറഞ്ഞു.
നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ വിവിധ സംസ്ഥാനങ്ങളില്‍ ഉണ്ടാക്കിയ നിയമങ്ങള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പഠിക്കുമെന്ന് ഫഡ്നാവാനിസ് ഈ മാസം ആദ്യം പറഞ്ഞിരുന്നു.
‘ഞങ്ങള്‍ ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ല, എന്നാല്‍ ഇക്കാര്യത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ ഉണ്ടാക്കിയ നിയമങ്ങള്‍ പഠിക്കും,’ എന്നായിരുന്നു ലവ് ജിഹാദിനെതിരായ നിയമത്തെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ ഫഡ്നാവിസിന്റെ പ്രതികരണം.