Advertisement
Film News
700 കോടി ബജറ്റില്‍ മഹാഭാരതം സിനിമ വരുന്നു; നായകന്മാരായി അക്ഷയ് കുമാറും രണ്‍വീറും അജയ് ദേവ്ഗണും?
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Sep 13, 01:48 pm
Tuesday, 13th September 2022, 7:18 pm

നിര്‍മാതാവ് ഫിറോസ് നദിയാദ്‌വാല മഹാഭാരതം സിനിമായാക്കാനൊരുങ്ങുന്നു. ഹേരാ ഫേരി, വെല്‍ക്കം എന്നിങ്ങനെ സൂപ്പര്‍ ഹിറ്റ് സിനിമകളുടെ നിര്‍മാതാവായ അദ്ദേഹം മഹാഭാരതം ഇതുവരെ കാണാത്ത രീതിയില്‍ നിര്‍മിക്കാനാണ് ശ്രമിക്കുന്നത്. ബോളിവുഡ് ഹങ്കാമയാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

‘ഫിറോസ് നാദിയാദ്‌വാല സിനിമയുടെ വര്‍ക്ക് ആരംഭിച്ചികഴിഞ്ഞു. ഇന്ത്യയില്‍ ഇതുവരെ നിര്‍മിച്ചിട്ടുള്ളതില്‍ വിഷ്വലി അത്ഭുതപ്പെടുത്തുന്ന ഒരു ചിത്രമാണ് നിര്‍മിക്കുന്നത്. നാലഞ്ച് വര്‍ഷമായി ഈ സ്‌ക്രിപ്റ്റിന് പിന്നാലെയാണ്. 2025 ഡിസംബറോടെ ചിത്രം പുറത്തിറക്കാനാവുമെന്നാണ് കരുതുന്നത്. മറ്റ് ഭാഷകളിലും ചിത്രം ഡബ്ബ് ചെയ്ത് പുറത്തിറക്കും,’ ചിത്രത്തോട് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.

ഇത് മാര്‍വല്‍, ഡി.സി മൂവീസിനും, ലോര്‍ഡ് ഓഫ് ദി റിങ്‌സിനും ഗെയിം ഓഫ് ത്രോണ്‍സിനും സ്റ്റാര്‍ വാര്‍സിനും ഹാരി പോട്ടറിനുമെല്ലാമുള്ള മറുപടിയായിരിക്കും. 700 കോടി ചെലവഴിച്ചായിരിക്കും സിനിമ നിര്‍മിക്കുക.

അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്‍, രണ്‍വീര്‍ സിങ്, പരേഷ് രാവല്‍, നാന പടേക്കര്‍, അനില്‍ കപൂര്‍ എന്നിവരെയാണ് അഭിനേതാക്കളായി പരിഗണിക്കുന്നത്. നായികമാരായി പുതുമുഖങ്ങളെയാണ് ആലോചിക്കുന്നത്. തെന്നിന്ത്യന്‍ സിനിമയില്‍ നിന്നുമുള്ള താരങ്ങളേയും ചിത്രത്തിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും സിനിമയോട് ബന്ധപ്പെട്ടവര്‍ പറഞ്ഞു.

ലോസ് ഏഞ്ചല്‍സില്‍ വെച്ചായിരിക്കും ബാക്ക് ഗ്രൗണ്ട് സ്‌കോറുകള്‍ റെക്കോര്‍ഡ് ചെയ്യുക. ലോസ് ഏഞ്ചല്‍സില്‍ നിന്ന് തന്നെയുള്ള വലിയ കമ്പനി ചിത്രത്തിനായി വി.എഫ്.എക്‌സ് ചെയ്യും.

നേരത്തെ ഡിസ്‌നി പ്ലസ് ഹോട് സ്റ്റാര്‍ മഹാഭരതം സിരീസാക്കി പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. മധു മണ്ടേന, മൈഥോവേഴ്‌സ് സ്റ്റുഡിയോസ്, അല്ലു എന്റര്‍ടെയ്ന്‍മെന്റ് എന്നിവര്‍ ചേര്‍ന്നാണ് സീരിസ് നിര്‍മിക്കുന്നത്.

Content Highlight: Mahabharata movie is coming with a budget of 700 crores; Akshay Kumar, Ranveer and Ajay Devgn as heroes