India
'അതെ കര്‍ഷകരെ വെടിവെച്ചത് പൊലീസ് തന്നെയാണ്' മധ്യപ്രദേശ് സര്‍ക്കാറിന്റെ കുറ്റസമ്മതം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Jun 08, 07:58 am
Thursday, 8th June 2017, 1:28 pm

ഭോപ്പാല്‍: മധ്യപ്രദേശില്‍ സര്‍ക്കാറിനെതിരെ പ്രതിഷേധിച്ച അഞ്ചു കര്‍ഷകരെ വെടിവെച്ചുകൊന്നത് പൊലീസാണെന്ന് സമ്മതിച്ച് മധ്യപ്രദേശ് സര്‍ക്കാര്‍. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.

കര്‍ഷകരെ വെടിവെച്ചത് പൊലീസ് അല്ലെന്ന നിലപാടിലായിരുന്നു മധ്യപ്രദേശ് സര്‍ക്കാര്‍. വെടിവെപ്പു നടന്ന് മൂന്നാം ദിവസമാണ് സര്‍ക്കാര്‍ പൊലീസാണ് വെടിവെച്ചതെന്നു സമ്മതിച്ച് രംഗത്തുവന്നിരിക്കുന്നത്.

“പൊലീസ് വെടിവെപ്പിലാണ് കര്‍ഷകര്‍ കൊല്ലപ്പെട്ടത്. ഇത് അന്വേഷണത്തില്‍ വ്യക്തമാക്കി.” എന്നാണ് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി ഭൂപേന്ദ്ര സിങ് പറഞ്ഞത്.


Also Read: ‘പരിപ്പുവടയുടേയും കട്ടന്‍ചായയുടേയും കാലം കഴിഞ്ഞു’; ആര്‍ഭാട വിവാഹത്തില്‍ ഗീതാ ഗോപിയെ പിന്തുണച്ച് സി.എന്‍ ജയദേവന്‍ 


കൊല്ലപ്പെട്ട കര്‍ഷകരുടെ പോസ്റ്റുമോര്‍ട്ടത്തില്‍ നിന്നും പൊലീസിന്റെ ബുള്ളറ്റാണെന്ന് മനസിലായിരുന്നു. സംഭവത്തിനു പിന്നില്‍ ജില്ലാ കലക്ടറും എസ്.പിയുമാണെന്നാണ് സര്‍ക്കാര്‍ ആരോപണം. ഇവരെ ഉടന്‍ ട്രാന്‍സ്ഫര്‍ ചെയ്യുമെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.

അതിനിടെ കര്‍ഷകരോട് പ്രതിഷേധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ രംഗത്തുവന്നിട്ടുണ്ട്.

കൊല്ലപ്പെട്ട അഞ്ചു കര്‍ഷകരുടെ വീടുകള്‍ സന്ദര്‍ശിക്കാനയി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി മന്ദൗസറില്‍ എത്തിയിട്ടുണ്ട്. പൊലീസിന്റെ എതിര്‍പ്പ് മറികടന്നാണ് രാഹുല്‍ഗാന്ധി സ്ഥലം സന്ദര്‍ശിക്കുന്നത്.