കോട്ടക്കല്‍: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ കൈമാറി പരിസ്ഥിതി ശാസ്ത്രജ്ഞനായ പ്രൊഫസര്‍ മാധവ് ഗാഡ്ഗില്‍. കോട്ടക്കല്‍ എം.കെ.ആര്‍ ഫൗണ്ടേഷന്റെ കര്‍മ പുരസ്‌കാര തുകയായി ലഭിച്ച പണമാണ് അദ്ദേഹം കേരളത്തിന് സംഭാവനയായി നല്‍കിയത്.
രണ്ടു പ്രളയങ്ങള്‍ക്കുശേഷം പശ്ചിമഘട്ട സംരക്ഷണത്തിന്റെ പ്രാധാന്യം കേരളം തിരിച്ചറിഞ്ഞു തുടങ്ങിയെന്ന് ചടങ്ങില്‍ ഗാഡ്ഗില്‍ പറഞ്ഞു.
ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ മലയാള പരിഭാഷ നേരത്തേ തദ്ദേശസ്ഥാപനങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ലഭ്യമാക്കിയിരുന്നെങ്കില്‍ റിപ്പോര്‍ട്ടിന് സ്വീകാര്യത ലഭിക്കുമായിരുന്നുവെന്ന് ഗാഡ്ഗില്‍ പറഞ്ഞു. പരിഭാഷ തയാറായിരുന്നെങ്കിലും വിതരണം നടക്കാതെ പോയതിനു പിന്നില്‍ അസ്വാഭാവികത സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
പശ്ചിമഘട്ടത്തിലെ കുന്നിന്‍പ്രദേശങ്ങളെ പ്രകൃതിലോല പ്രദേശങ്ങളായി പരിഗണിക്കണം. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുകയും വേണം. പ്രകൃതിവിഭവങ്ങളുടെ അശാസ്ത്രീയ ഉപയോഗം അപകടം ക്ഷണിച്ചുവരുത്തുകയാണ്. പഞ്ചായത്തുകള്‍ക്ക് കൂടുതല്‍ അധികാരം നല്‍കി മണല്‍, -ക്വാറി മാഫിയകളെ നിയന്ത്രിക്കണം. ദുരന്തങ്ങള്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുള്ളതിനാല്‍ കൂടുതല്‍ കരുതലോടെ പ്രകൃതി സൗഹാര്‍ദപരമായ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരുകള്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
എം ടി വാസുദേവന്‍ നായര്‍ പുരസ്‌കാരം മാധവ് ഗാഡ്ഗിലിന് സമ്മാനിച്ചു. കെ എന്‍ എ ഖാദര്‍ എംഎല്‍എ, വെങ്കിടേഷ് രാമകൃഷ്ണന്‍, വേദാന്ത് ഭരദ്വാജ് എന്നിവര്‍ സംസാരിച്ചു.