Advertisement
Film News
ദുല്‍ഖര്‍ പറയുന്നുണ്ടോ പൈപ്പുവെള്ളം കുടിച്ച കഥ? പട്ടിണി കിടന്നാലേ കലാകാരനാവുകയുള്ളോ: എം.എ നിഷാദ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jul 08, 11:17 am
Saturday, 8th July 2023, 4:47 pm

കഷ്ടപ്പാടും ദുരിതങ്ങളും അനുഭവിച്ച് വന്നവര്‍ക്ക് മാത്രമേ കലാകാരനാവാന്‍ പാടുള്ളൂ എന്ന് പറയുന്നത് ശരിയല്ലെന്ന് സംവിധായകന്‍ എം.എ. നിഷാദ്. സാമ്പത്തിക ചുറ്റുപാടില്‍ വളര്‍ന്നവര്‍ക്കും സാമൂഹിക ബോധമുണ്ടെന്നും അയാള്‍ വിശപ്പും വേദനയും അനുഭവിച്ചാലേ പറ്റുകയുള്ളൂ എന്ന് പറയുന്നത് എവിടുത്തെ ന്യായമാണെന്നും നിഷാദ് ചോദിച്ചു.

പൃഥ്വിരാജും ഇന്ദ്രജിത്തും ദുല്‍ഖര്‍ സല്‍മാനും കഷ്ടപ്പാട് അനുഭവിച്ചിട്ടാണോ കലാകാരന്മാരായതെന്നും സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ നിഷാദ് പറഞ്ഞു.

‘കോടമ്പാക്കത്തെ പൈപ്പുവെള്ളം കുടിച്ച കഥ ചിലര്‍ക്ക് കേള്‍ക്കണം. എനിക്ക് അങ്ങനെ ഒരു കഥയില്ല. അതുകൊണ്ട് ഒരാള്‍ക്ക് കലാകാരനാവാന്‍ മേലേ. അങ്ങനെയുള്ളവര്‍ക്കേ പാടുള്ളോ, എല്ലാത്തരം അനുഭവങ്ങളും വേണ്ടേ. അത്യാവശ്യം ചുറ്റുപാടില്‍ ജീവിച്ച ആള്‍ക്ക് പൊതുസമൂഹത്തില്‍ ബന്ധമില്ലേ. അയാള്‍ക്ക് സാമൂഹിക ബോധമില്ലേ. അയാള്‍ക്ക് വിശപ്പിന്റെ വേദന അറിയില്ലേ. അയാള്‍ക്ക് സാധാരണക്കാരുടെ വേദന അറിയില്ലേ.

അവന്‍ അത് അനുഭവിച്ചേ പറ്റുകയുള്ളൂ എന്ന് പറയുന്നത് എവിടുത്തെ ന്യായമാണ്. അങ്ങനെ ഒരാള്‍ക്ക് കലാകാരനാവാന്‍ പറ്റുകയുള്ളൂവെന്ന് ആര് എഴുതിവെച്ചതാണ്. അലിഖിത നിയമമല്ലേ അതൊക്കെ. ജീവിതാനുഭവങ്ങള്‍ നമുക്ക് വേണം. പക്ഷേ കഷ്ടപ്പെട്ട് പട്ടിണി കിടന്നാല്‍ മാത്രമേ കാലാകാരനാവാന്‍ പാടുള്ളൂ എന്നാരെങ്കിലും പറഞ്ഞാല്‍ എങ്ങനെയാണ്?

സുകുമാരന്‍ സാമ്പത്തികമുള്ള വീട്ടിലെ ആളല്ലേ. അദ്ദേഹത്തിന്റെ മകന്‍ പൃഥ്വിരാജ് കോടീശ്വരനല്ലേ. ഇന്ദ്രജിത്ത് കലാകാരനല്ലേ. അവര്‍ക്ക് ദാരിദ്ര്യത്തിന്റെ കഥ പറയാനുണ്ടോ. ദുല്‍ഖര്‍ പറയുന്നുണ്ടോ പൈപ്പ് വെള്ളം കുടിച്ച കഥ.

ദുല്‍ഖര്‍ സല്‍മാന്‍ പാന്‍ ഇന്ത്യന്‍ സ്റ്റാറായി. ചെറിയ പ്രായം മുതല്‍ എനിക്ക് അറിയാം. ദുല്‍ഖര്‍ ഓരോ ദിവസവും സ്ഫുടം ചെയ്തുകൊണ്ടിരിക്കുന്ന നടനാണ്. മലയാളത്തില്‍ മാത്രമായി ഒതുങ്ങുന്നില്ല. ഹിന്ദി, തെലുങ്ക് പടങ്ങള്‍ ചെയ്യുന്നുണ്ട്. ഒരു തെലുങ്ക് പടം ചെയ്യാന്‍ പോവുകയാണ്. ആ ലെവലിലേക്ക് അദ്ദേഹം വളര്‍ന്നുകൊണ്ടിരിക്കുകയാണ്,’ എം.എ. നിഷാദ് പറഞ്ഞു.

Content Highlight: ma Nishad said that it is not correct to say that only those who have suffered should become an artist