കൊച്ചി: ആംആദ്മി പാര്‍ട്ടിയുടെയും, ട്വന്റി ട്വന്റിയുടെയും വോട്ടുകള്‍ സംബന്ധിച്ച തന്റെ പരാമര്‍ശം ദുര്‍വ്യാഖ്യാനം ചെയ്തവര്‍ തന്നെ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം. സ്വരാജ്.
ആം ആദ്മിയും ട്വന്റി ട്വന്റിയും അഴിമതിക്ക് എതിരാണ് എന്ന് അവര്‍ പറയുന്നു. വികസനത്തിന് വേണ്ടി വാദിക്കുന്നവരാണെന്ന് പറയുന്നു. പ്രൊഫഷണലുകളും വിദ്യാസമ്പന്നരും രാഷ്ട്രീയത്തില്‍ വരണമെന്ന് ഇവര്‍ ആഗ്രഹിക്കുന്നു. ആ നിലപാടുകളാണ് അവര്‍ക്കെങ്കില്‍ ഇത്തവണ ഇടതുപക്ഷത്തിന് വോട്ട് ചെയ്യാം എന്നാണ് താന്‍ പറഞ്ഞതെന്നും എം. സ്വരാജ് പറഞ്ഞു.
ആം ആദ്മിയുടെയും ട്വന്റി ട്വന്റിയുടെയും നിലപാട് ഇടതുപക്ഷവുമായി ചേര്‍ന്ന് നില്‍ക്കുന്നതാണ്. അതുകൊണ്ട് തൃക്കാക്കരയില്‍ ആ വോട്ടുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നായിരുന്നു എം.സ്വരാജ് നേരത്തെ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ ഇത് ദുര്‍വ്യാഖ്യാനം ചെയ്തെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.
വികസനത്തെ പിന്തുണയ്ക്കുന്ന ഏതൊരാള്‍ക്കും ഇടതുപക്ഷത്തെ പിന്തുണക്കാനേ ഇപ്പോഴത്തെ സാഹചര്യത്തില്‍ സാധിക്കൂ. ഞങ്ങളുടേത് വികസന നയമാണ്. അഴിമതി വിരുദ്ധ പോരാട്ടത്തിന് കേരളത്തില്‍ നേതൃത്വം നല്‍കുന്നത് ഇടതുപക്ഷമാണ്.
വിദ്യാസമ്പന്നരും പ്രൊഫഷണലുകളും രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് കടന്നുവരണം എന്നാഗ്രഹിക്കുന്നവരും ഇടതുപക്ഷത്തിന് വോട്ട് ചെയ്യേണ്ടി വരും. സ്വീകാര്യനായ സ്ഥാനാര്‍ത്ഥിയാണ് എല്‍.ഡി.എഫിന്റേതെന്നും സ്വരാജ് കൂട്ടിച്ചേര്‍ത്തു.
അതേസമയം എ.എ.പിയും ആം ആദ്മിയും ബൂര്‍ഷ്വാ പാര്‍ട്ടിയാണെന്ന മന്ത്രി എം.വി ഗോവിന്ദന്റെ പ്രസ്താവന രാഷ്ട്രീയ സഖ്യത്തെ കുറിച്ചാണെന്നും സ്വരാജ് വിശദീകരിച്ചു.
ഉപതെരഞ്ഞെടുപ്പില്‍ ആം ആദ്മിയുടെയും ട്വന്റി ട്വന്റിയുടെയും വോട്ടുകള്‍ പൂര്‍ണമായി എല്‍.ഡി.എഫിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നായിരുന്നു മന്ത്രി പറഞ്ഞത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആരുടെ വോട്ടാണോ ട്വന്റി ട്വന്റിക്ക് പോയത് അവിടേക്ക് തന്നെ അത് തിരികെ പോകുമെന്നും ഉപതെരഞ്ഞെടുപ്പ് ഫലം സാങ്കേതികമായി ഭരണത്തെ ബാധിക്കില്ലെന്നും അതിന് രാഷ്ട്രീയത്തില്‍ പ്രസക്തിയില്ലെന്നുമായിരുന്നു എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ അഭിപ്രായപ്പെട്ടത്.