ദുര്യോധനനും ജി.ഡി.പി തകര്‍ച്ചയും
FB Notification
ദുര്യോധനനും ജി.ഡി.പി തകര്‍ച്ചയും
എം.ബി രാജേഷ്‌
Sunday, 6th September 2020, 4:48 pm

ജാനാമി ധര്‍മ്മം ന ച മേ പ്രവൃത്തി :
ജാനാമ്യധര്‍മ്മം ന ച മേ നിവൃത്തി :

‘താങ്കള്‍ക്ക് ഇഷ്ടമുള്ള വിഷയം ചര്‍ച്ച ചെയ്യണമെന്നു പറഞ്ഞാല്‍ എങ്ങിനെ ശരിയാവും?’ കഴിഞ്ഞ ദിവസം ഒപ്പ് വിവാദത്തെക്കുറിച്ചുള്ള ചര്‍ച്ചക്കിടയില്‍ ജി.ഡി.പി തകര്‍ച്ചയെക്കുറിച്ചൊന്നും ചര്‍ച്ച ചെയ്യാതെ ഇത്തരം അസംബന്ധത്തിനായി സമയം പാഴാക്കുന്നതിനെ വിമര്‍ശിച്ച എന്നോട് അവതാരക പരിഹാസത്തോടെ ഉന്നയിച്ച ചോദ്യമാണിത്. ജി.ഡി.പി തകര്‍ച്ച മാധ്യമങ്ങള്‍ക്ക് ചര്‍ച്ച ചെയ്യാന്‍ മാത്രം പ്രാധാന്യമുള്ളതല്ലെന്ന്. ഒരൊറ്റ ‘നിഷ്പക്ഷ’ മാധ്യമത്തിനും അതൊരു ചര്‍ച്ചാ വിഷയവുമായില്ല.

ജി.ഡി.പി തകര്‍ന്നാല്‍ ആര്‍ക്കാണ് ചേതം? നമ്മളെല്ലാമുള്‍പ്പെടുന്നവരുടെ പണിയും വരുമാനവും ജീവിതവും ഭാവിയുമാണ് തകരുന്നത്. അല്ലാതെ മൂന്നക്ഷരമല്ല. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ജി.ഡി.പി 24% തകര്‍ന്നടിഞ്ഞപ്പോള്‍ പണി പോയത് 1.89 കോടിയാളുകള്‍ക്ക്(സി.എം.ഐ.ഇ). അക്കൂട്ടത്തില്‍ നമ്മില്‍ പലരും ഉണ്ടാകും. നമ്മുടെ ബന്ധുക്കളോ സുഹൃത്തുക്കളോ പരിചയക്കാരോ ഉണ്ടാകാം.

1. 89 കോടി മാസ ശമ്പളക്കാര്‍ മാത്രമാണ്. മാധ്യമ പ്രവര്‍ത്തകര്‍ പോലും അനേകമുണ്ട്. കൂലിവേലക്കാര്‍ക്ക് പണി പോയത് വേറെ .പണി പോകാത്തവരില്‍ പലരുടേയും വേതനം നാലിലൊന്നും പാതിയുമായി വെട്ടിക്കുറച്ചു. ആളുകളുടെ കയ്യില്‍ പണമില്ലാതായി. നാട്ടില്‍ വറുതി കൂടി. അപ്പോഴും മയിലിന് തീറ്റ കൊടുക്കുന്ന ലാഘവത്തില്‍ മാധ്യമങ്ങള്‍ അസംബന്ധ ചര്‍ച്ചകളില്‍ ആറാടി സമയം പോക്കുന്നു.

ഈ ആഗസ്റ്റ് 24ന്റെ ദ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ഞെട്ടിപ്പിക്കുന്ന ഒരു റിപ്പോര്‍ട്ട് നമ്മുടെ മാധ്യമങ്ങള്‍ക്കൊന്നും വാര്‍ത്താമൂല്യമുള്ളതായി തോന്നിയില്ല. കേന്ദ്രത്തിന്റെ ആത്മ നിര്‍ഭര്‍പോര്‍ട്ടലില്‍ (A-SEEM) 40 ദിവസത്തിനകം രജിസ്റ്റര്‍ ചെയ്തത് 69 ലക്ഷം പേര്‍. എല്ലാവരും ഈ കാലയളവില്‍ പണിപോയവര്‍. പോര്‍ട്ടലിലൂടെ പണി കിട്ടിയവര്‍ 7700 പേര്‍ മാത്രം! കേരളത്തിലാണെങ്കില്‍ ‘ പറഞ്ഞു പറ്റിക്കാന്‍ പോര്‍ട്ടല്‍, പണി പാളിയ സര്‍ക്കാര്‍’ എന്നൊരു പ്രാസമൊപ്പിച്ച തലക്കെട്ടും അതിലൊരു ചര്‍ച്ചയും ഉറപ്പിക്കാമായിരുന്നു. ഇതിപ്പോള്‍ കേന്ദ്രത്തിലായില്ലേ. ചര്‍ച്ച ചെയ്താല്‍ പണി പാളും.

എന്താണ് ജി.ഡി.പി തകര്‍ന്നടിയാന്‍ കാരണം? കയ്യില്‍ കാശില്ലാതെ ജനം ഒന്നും വാങ്ങാതായി. ഉപഭോഗം കുത്തനെ വീണ് തകര്‍ന്നു. അതോടെ മുതലാളിമാര്‍ ഉല്‍പ്പാദിപ്പിക്കാന്‍ പണം മുടക്കാതുമായി. ഉപഭോഗത്തിലും നിക്ഷേപത്തിലും കൂടി ഉണ്ടായ ഇടിവ് 10.64 ലക്ഷം കോടി ! ആരായിരുന്നു താങ്ങി നിര്‍ത്തേണ്ടിയിരുന്നത്? കേന്ദ്ര സര്‍ക്കാര്‍. അവരെത്ര താങ്ങി? 68387 കോടി. 10.64 ലക്ഷം കോടിയുടെ ഇടിവു നികത്താന്‍ കേന്ദ്രം ചെലവഴിച്ച തുകയാണിത്. ആനവായില്‍ അമ്പഴങ്ങ.

ആത്മ നിര്‍ഭര്‍ പാക്കേജില്‍ പ്രഖ്യാപിച്ച 20 ലക്ഷം കോടി എന്തായി? ആര് ചോദിക്കാന്‍ കേന്ദ്രമായിപ്പോയില്ലേ? പാക്കേജ് പ്രഖ്യാപിച്ചിട്ടും ചെലവഴിക്കാന്‍ പണമില്ലാത്തത് എന്തുകൊണ്ട്? കോര്‍പ്പറേറ്റുകള്‍ക്ക് നികുതിയിളവുകള്‍ കൊടുത്ത് ഖജനാവ് കാലിയായതുകൊണ്ട്. ടെലികോം കമ്പനികള്‍ സര്‍ക്കാരിന് നല്‍കേണ്ട കുടിശ്ശിക 3 ലക്ഷം കോടി നല്‍കാന്‍ കഴിഞ്ഞാഴ്ചയാണ് കോടതിയില്‍ 10 വര്‍ഷത്തെ സമയം കൊടുത്തത്. അവരുടെ കഷ്ടപ്പാട് കേന്ദ്രത്തിന്റെ മനസ്സലിയിച്ചു.

കോവിഡ് മാത്രമാണോ തകര്‍ച്ചക്ക് കാരണം? അല്ല. 45 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മയും, 40 വര്‍ഷത്തിനിടയിലാദ്യമായി ഇടിഞ്ഞ ഉപഭോഗവും 11 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കും കോവിഡിനും മുമ്പ് സംഭവിച്ചതായിരുന്നല്ലോ. ഇപ്പോള്‍ ലോകത്തെ പ്രധാന രാജ്യങ്ങള്‍ക്കൊന്നും സംഭവിക്കാത്ത തകര്‍ച്ച ഇന്ത്യക്ക് സംഭവിച്ചിരിക്കുന്നു.

ജപ്പാന്‍, ജര്‍മ്മനി, കാനഡ, ഫ്രാന്‍സ്, ഇറ്റലി, റഷ്യ, ഇന്തോനേഷ്യ, തായ്‌ലാന്റ് തെക്കന്‍ കൊറിയ, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളിലൊക്കെ സംഭവിച്ചതിന്റെ ഇരട്ടി മുതല്‍ എട്ടിരട്ടി വരെയാണ് ഇന്ത്യയിലെ സാമ്പത്തിക തകര്‍ച്ച. ആരും കാണില്ലെന്നുറപ്പാക്കി കൊടുത്തെന്നു വരുത്താന്‍ വേണ്ടി മാത്രം കൊടുക്കുന്ന വാര്‍ത്തകള്‍. വന്‍ തലക്കെട്ടില്ല, ഗ്രാഫിക്‌സില്ല, ചര്‍ച്ചകളില്ല, ചോദ്യങ്ങളില്ല, വിമര്‍ശനങ്ങളില്ല. അപദാനങ്ങള്‍ വാഴ്ത്തിപ്പാടല്‍ മാത്രം.

മയില്‍പ്പീലിത്തുണ്ടുകളേയും മാഞ്ചുവട്ടിലെ വിശ്രമവേളകളേയും കുറിച്ചുള്ള സ്തുതിഗീതങ്ങള്‍ ഒ.വി.വിജയന്റെ ധര്‍മ്മപുരാണം ഓര്‍മ്മിപ്പിക്കുന്നില്ലേ? മാധ്യമങ്ങള്‍ എന്തു ചെയ്യാനാ? കേരളമായിരുന്നെങ്കില്‍ ഒരു പാഠം പഠിപ്പിക്കാമായിരുന്നു. ഇതിപ്പോള്‍ ഭാരത വര്‍ഷത്തിലെ പ്രജാപതിയായിപ്പോയില്ലേ?

മാധ്യമങ്ങള്‍ ദുര്യോധനനെപ്പോലെയാണ്. ധര്‍മ്മം എന്താണെന്ന് അവര്‍ക്കറിയാം. പക്ഷേ അത് പ്രവൃത്തിക്കാന്‍ വയ്യ. അധര്‍മ്മം എന്താണെന്നുമറിയാം. പക്ഷേ അതില്‍ നിന്ന് നിവൃത്തിക്കാനും വയ്യ.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: M B Rajesh about Media in Kerala avoiding to discuss about GDP decline and other economical crisis

എം.ബി രാജേഷ്‌
മുന്‍ എം.പി, സി.പി.ഐ.എം നേതാവ്‌