വെസ്റ്റ് ഇന്‍ഡീസ് യുവ ബൗളര്‍ ഷാമര്‍ ജോസഫിനെ ടീമിലെത്തിച്ച് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. ഇംഗ്ലണ്ട് താരം മാര്‍ക്ക് വുഡിന് പകരക്കാരനായാണ് ഷാമറിനെ ലഖ്‌നൗ സ്വന്തമാക്കിയത്.
മൂന്ന് കോടി രൂപക്കാണ് സൂപ്പര്‍ ജയന്റ്‌സ് താരത്തെ ടീമിലെത്തിച്ചതെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. അതേസമയം ഇംഗ്ലണ്ട് താരം മാര്‍ക്ക് വുഡ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്നും പിന്മാറിയതിന്റെ കാരണം ഇതുവരെ പുറത്തുവന്നിട്ടില്ല.
ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ വുഡ് കളിച്ചിരുന്നു. എന്നാല്‍ വിശാഖപട്ടണത്തു വച്ച് നടന്ന രണ്ടാം ടെസ്റ്റില്‍ താരം കളിച്ചിരുന്നില്ല.
ഓസ്‌ട്രേലിയന്‍ മണ്ണില്‍ വെസ്റ്റ് ഇന്‍ഡീസ് നേടിയ ചരിത്ര വിജയത്തില്‍ നിര്‍ണായകമായ പങ്ക് വഹിച്ച താരമാണ് ഷാമര്‍ ജോസഫ്. നീണ്ട 27 വര്‍ഷങ്ങള്‍ക്കുശേഷമായിരുന്നു വിന്‍ഡീസ് ഓസ്‌ട്രേലിയന്‍ മണ്ണില്‍ വെച്ച് ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിക്കുന്നത്. ഓസ്‌ട്രേലിയയെ എറിഞ്ഞു വീഴ്ത്തികൊണ്ട് ഈ യുവതാരം വാര്‍ത്ത തലക്കെട്ടുകളില്‍ വളരെയധികം ശ്രദ്ധ നേടിയിരുന്നു.
വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ താരത്തിന്റെ വരവോടുകൂടി ലഖ്നൗ കൂടുതല്‍ കരുത്തുറ്റതായി മാറുമെന്നുറപ്പാണ്. അതേസമയം ഡിസംബറില്‍ നടന്ന ലേലത്തില്‍ ആറു താരങ്ങളെയാണ് ലഖ്നൗ ടീമില്‍ എത്തിച്ചത്.