Advertisement
national news
കമ്മ്യൂണിസ്റ്റ് നേതാവിന്റെ പ്രതിമ സ്ഥാപിച്ചിരുന്ന പീഠത്തിൽ നിന്ന് ശ്രീരാമന്റെ വിഗ്രഹം മാറ്റണമെന്ന് ത്രിപുര മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് സി.പി.ഐ.എം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 15, 03:30 am
Tuesday, 15th April 2025, 9:00 am

അഗര്‍താല: കമ്മ്യൂണിസ്റ്റ് നേതാവിന്റെ പ്രതിമ സ്ഥാപിച്ചിരുന്ന പീഠത്തിൽ നിന്ന് ശ്രീരാമന്റെ വിഗ്രഹം മാറ്റണമെന്ന് ത്രിപുര മുഖ്യമന്ത്രി മണിക് സാഹയോട് ആവശ്യപ്പെട്ട് സി.പി.ഐ.എം. രണ്ട് ദിവസം മുമ്പാണ്, 2018ൽ നശിപ്പിക്കപ്പെട്ട ത്രിപുര മുൻ ഉപമുഖ്യമന്ത്രി ബൈദ്യനാഥ് മജുംദാറിന്റെ പ്രതിമയ്ക്ക് പകരം ഒരു ശ്രീരാമ വിഗ്രഹം ഉനകോടി ജില്ലയിലെ ശ്രീരാംപൂർ ട്രൈ-ജംഗ്ഷനിൽ സ്ഥാപിച്ചത്. പിന്നാലെ ശ്രീരാമന്റെ വിഗ്രഹം മാറ്റി ബൈദ്യനാഥ് മജുംദാറിന്റെ പ്രതിമ സ്ഥലത്ത് തിരിച്ച് സ്ഥാപിക്കണമെന്നും പ്രതിപക്ഷ നേതാവ് ജിതേന്ദ്ര ചൗധരി സർക്കാരിനോട് ആവശ്യപ്പെട്ടു.

ഏപ്രിൽ 11 ന് രാത്രിയായിരുന്നു സ്ഥലത്ത് ശ്രീറാം വിഗ്രഹം സ്ഥാപിച്ചത്. മുൻ ഉപമുഖ്യമന്ത്രി ബൈദ്യനാഥ് മജുംദാറിന്റെ പ്രതിമ മുമ്പ് നിന്നിരുന്ന റോട്ടറി പീഠത്തിലാണ് ശ്രീരാമ വിഗ്രഹം സ്ഥാപിച്ചിരിക്കുന്നത്.

2012ൽ സ്ഥാപിച്ച അന്തരിച്ച സി.പി.ഐ.എം നേതാവിന്റെ പ്രതിമയ്ക്ക് പകരം കൈലാഷഹറിലെ ചാന്ദിപൂർ ആർ.ഡി ബ്ലോക്കിലെ ശ്രീരാംപൂർ ട്രൈ-ജംഗ്ഷനിൽ ശ്രീരാമന്റെ വിഗ്രഹം സ്ഥാപിച്ചതായി ഞായറാഴ്ച മുഖ്യമന്ത്രി മണിക് സാഹയ്ക്ക് എഴുതിയ കത്തിൽ ചൗധരി പറഞ്ഞു.

‘2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ മുൻ ഉപമുഖ്യമന്ത്രിയുടെ പ്രതിമ ഒരു കൂട്ടം അക്രമികൾ നശിപ്പിക്കുകയും മനു നദിയിലേക്ക് വലിച്ചെറിയുകയും ചെയ്തു. അന്നത്തെ മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുകയും അതേ സ്ഥലത്ത് മറ്റൊരു പ്രതിമ സ്ഥാപിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പ്രദേശവാസികൾ മറ്റൊരു പ്രതിമ സ്ഥാപിക്കാൻ തയ്യാറെടുക്കുകയായിരുന്നു. എന്നാൽ വെള്ളിയാഴ്ച രാത്രിയുടെ മറവിൽ ആരൊക്കെയോ ജങ്ഷനിൽ ശ്രീരാമ വിഗ്രഹം സ്ഥാപിച്ചു,’ അദ്ദേഹം എഴുതി.

ഒരു കമ്മ്യൂണിസ്റ്റ് നേതാവിന്റെ പ്രതിമ സ്ഥാപിച്ചിരുന്ന പീഠത്തിൽ ശ്രീരാമന്റെ വിഗ്രഹം സ്ഥാപിച്ചത് ത്രിപുരയുടെ സംസ്കാരത്തിനും പാരമ്പര്യത്തിനും എതിരാണെന്ന് ചൗധരി പറഞ്ഞു.

തനിക്ക് രണ്ട് നിർദേശങ്ങളുണ്ടെന്ന് പറഞ്ഞ അദ്ദേഹം ജനകീയ നേതാവായ ബൈദ്യനാഥ് മജുംദാറിന്റെ പ്രതിമ അതേ സ്ഥലത്ത് ഒരു തടസ്സവുമില്ലാതെ പുനഃസ്ഥാപിക്കുന്നതിന് ആവശ്യമായ ഭരണപരമായ സഹായം ഒരുക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടു. ഒപ്പം ശ്രീരാമന്റെ വിഗ്രഹം അത് എവിടെയാണോ നിന്നിരുന്നത് അവിടെ തിരിച്ച് സ്ഥാപിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Content Highlight: Lord Rama idol installed in place of Tripura ex-deputy CM Baidyanath Majumder’s vandalised statue