തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവെക്കണം; ഹൈക്കോടതിയില്‍ ഹരജിയുമായി പി.സി ജോര്‍ജ് എം.എല്‍.എ
എറണാകുളം: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് പി.സി ജോര്‍ജ് എം.എല്‍.എ ഹൈക്കോടതിയെ സമീപിച്ചു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് മാറ്റണമെന്നാണ് പി.സി ജോര്‍ജിന്റെ ഹരജിയില്‍ പറയുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കുന്നത് സ്റ്റേ ചെയ്യണമെന്നും പി.സി ജോര്‍ജ് ആവശ്യപ്പെട്ടു. കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സമയത്ത് തെരഞ്ഞെടുപ്പ് നടത്തുന്നത് സംസ്ഥാനത്തെ ദുരന്തത്തിലേക്ക് തള്ളിവിടുമെന്നും പി.സി ജോര്‍ജിന്റെ ഹരജിയില്‍ പറയുന്നു.
തെരഞ്ഞെടുപ്പ് നടത്തുന്നത് ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിന്മേല്‍ ഉള്ള വെല്ലുവിളിയാണെന്നും തുടര്‍ച്ചയായി രണ്ട് തെരഞ്ഞെടുപ്പുകള്‍ നടത്തുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി തകര്‍ക്കുമെന്നും പി.സി ജോര്‍ജ് ഹരജിയില്‍ പറഞ്ഞു.
അതേസമയം തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബറില്‍ നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കാരിന് കത്ത് നല്‍കി. തെരഞ്ഞെടുപ്പ് നടക്കേണ്ട തീയതി കത്തില്‍ വ്യക്തമാക്കിയിട്ടില്ല. തീയതികള്‍ പിന്നീട് അറിയിക്കുമെന്നാണ് കമ്മീഷന്‍ അറിയിച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ചീഫ് സെക്രട്ടറിക്കും ജില്ല കളക്ടര്‍ക്കും കമ്മീഷന്‍ കത്തയച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് നടപടികള്‍ സ്വീകരിക്കാന്‍ കമ്മീഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് നടപടികള്‍ ഡിസംബര്‍ 31നകം പൂര്‍ത്തിയാക്കുമെന്നാണ് കമ്മീഷന്‍ വ്യക്തമാക്കിയത്. നവംബര്‍ 11ന് ശേഷം തദ്ദേശ സ്ഥാപനങ്ങളില്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ഭരണം ഏര്‍പ്പെടുത്തുമെന്നും തെരഞ്ഞടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.