യുവേഫ യൂറോപ്പലീഗിൽ ഗ്രൂപ്പ് ഇ യിൽ നടന്ന മത്സരത്തിൽ ലിവർപൂളിന് മിന്നും ജയം. ബെൽജിയൻ ക്ലബ്ബ് യൂണിയൻ സെയ്ന്റ് ജർമനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ലിവർപൂളിന്റെ വിജയം.
ലിവർപൂളിന്റെ ഹോം ഗ്രൗണ്ടായ ആൻഫീൽഡിൽ വെച്ച് നടന്ന ആവേശകരമായ മത്സരത്തിൽ 4-3-3 എന്ന ഫോർമേഷനിലാണ് യുർഗൻ ക്ളോപ്പ് ടീമിനെ അണിനിരത്തിയത്. അതേ സമയം മറുഭാഗത്ത് 5-3-2 എന്ന ശൈലിയിലായിരുന്നു സന്ദർശകർ പോരാട്ടത്തിന് ഇറങ്ങിയത്.
Two wins from two in the #UEL ✊ pic.twitter.com/yQgQpIykoy
— Liverpool FC (@LFC) October 5, 2023
മത്സരത്തിൽ തുടക്കം മുതലേ മികച്ച മുന്നേറ്റങ്ങൾ കാഴ്ചവെച്ച ലിവർപൂൾ ആദ്യ പകുതി പിന്നിടാൻ മിനിട്ടുകൾ മാത്രം ബാക്കി നിൽക്കെയാണ് മത്സരത്തിൽ ആദ്യ ലീഡ് നേടിയത്. 44ാം മിനിട്ടിൽ ഹോളണ്ട് താരമായ റയാൻ ഗ്രെവൻബെർച്ചിലൂടെയാണ് ആതിഥേയർ ഗോൾ നേടിയത്. പെനാൽട്ടി ബോക്സിന് പുറത്ത് നിന്നും അലക്‌സാണ്ടർ അർണോൾഡിന്റെ ഷോട്ട് തടയാൻ ശ്രമിച്ച എതിർഗോൾകീപ്പറുടെ പിഴവിൽ നിന്നും താരം ബോക്സിൽ നിന്നും ലക്ഷ്യം കാണുകയായിരുന്നു.
ഒടുവിൽ ആദ്യപകുതി പിന്നിടുമ്പോൾ ലിവർപൂൾ 1-0ത്തിന് മുന്നിട്ടുനിന്നു.
Three starts.
Three goal involvements. @RGravenberch 👍 pic.twitter.com/9kR1G665xl— Liverpool FC (@LFC) October 5, 2023
രണ്ടാം പകുതിയിൽ മറുപടി ഗോളിനായി സന്ദർശകർ നിരവധി ആക്രമണങ്ങൾ നടത്തിയെങ്കിലും ലിവർപൂളിന്റെ പ്രതിരോധം കുലുങ്ങിയില്ല. ഒടുവിൽ മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ പോർച്ചുഗീസ് യുവതാരം ഡിഗോ ജോട്ടയിലൂടെ ലിവർപൂൾ രണ്ടാം ഗോൾ നേടി. കൗണ്ടർ അറ്റാക്കിലൂടെ പന്തുമായി മുന്നേറിയ താരം ബോക്സിനുള്ളിൽ നിന്നും പോസ്റ്റിലേക്ക് ഷൂട്ട് ചെയ്യുകയായിരുന്നു.
ഒടുവിൽ ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ക്ളോപ്പും പിള്ളേരും സ്വന്തം ആരാധകർക്ക് മുന്നിൽ ആവേശകരമായ വിജയം പിടിച്ചെടുക്കുകയായിരുന്നു.
ആദ്യ മത്സരത്തിൽ ഓസ്ട്രിയൻ ക്ലബ്ബ് ലാസ്കിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ലിവർപൂൾ തകർത്തിരുന്നു. ഈ വിജയത്തിന്റെ ആത്മവിശ്വാസവുമായാണ് ചെമ്പട സ്വന്തം തട്ടകത്തിൽ ബെൽജിയം ക്ലബ്ബിനെ നേരിട്ടത്.
തുടർച്ചയായ രണ്ട് വിജയത്തോടെ ഗ്രൂപ്പ് ഇ യിൽ ആറ് പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ലിവർപൂൾ. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒക്ടോബർ എട്ടിന് ബ്രൈട്ടനെതിരെയാണ് ക്ലോപ്പിന്റെയും കൂട്ടരുടെയും അടുത്ത മത്സരം. ബ്രൈട്ടന്റെ ഹോം ഗ്രൗണ്ടായ ഫാൽമർ സ്റ്റേഡിയത്തിലാണ് മത്സരം.
Content Highlight: Liverpool won in UEFA Europa league.