Advertisement
Film News
എതിരാളികൾ ഉണ്ടാവരുതെന്ന് കരുതി തന്നെയാണ് ആടുജീവിതത്തിന്റെ റിലീസ് മാറ്റിയത്: ലിസ്റ്റിൻ സ്റ്റീഫൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Feb 23, 12:23 pm
Friday, 23rd February 2024, 5:53 pm

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ആടുജീവിതം. ബെന്യാമിന്റെ പ്രശസ്ത നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന സിനിമ ഏപ്രിൽ പത്തിന് റിലീസ് ചെയ്യുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ പിന്നീട് മാർച്ച് 28ന് റിലീസ് ഡേറ്റ് മാറ്റുകയായിരുന്നു. ആടുജീവിതത്തിന്റെ ഡേറ്റ് മാറ്റാനുള്ള കാര്യത്തെക്കുറിച്ച് സംസാരിക്കുകയാണ് ലിസ്റ്റിൻ സ്റ്റീഫൻ.

ബ്ലെസി എന്ന വ്യക്തിയുടെ ഇത്രയും വർഷത്തെ പ്രയത്നമാണ് ഈ സിനിമയെന്നും ഒരുപാട് പ്രശ്നങ്ങൾ അവർ അഭിമുഖീകരിച്ചിട്ടുണ്ടെന്നും ലിസ്റ്റിൻ പറഞ്ഞു. ഒരു എതിരാളികളും ഇല്ലാതെ ആടുജീവിതം ഒന്ന് റിലീസ് ആകണം എന്ന് കരുതിയാണ് റിലീസ് ഡേറ്റ് മാറ്റിയതെന്ന് ലിസ്റ്റിൻ പറയുന്നുണ്ട്. എല്ലാ ആളുകളും കണ്ടിരിക്കേണ്ടതായിട്ടുള്ള സിനിമയാണ് ആടുജീവിതമെന്നും അത്രയും പ്രയത്നം ആ സിനിമയിലുണ്ടെന്നും ലിസ്റ്റിൻ കൂട്ടിച്ചേർത്തു. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ബ്ലെസി ചേട്ടൻ എന്ന വ്യക്തിയുടെ ഇത്രയും വർഷത്തെ പ്രയത്നമാണ് ഈ സിനിമ. ഒരുപാട് പ്രശ്നങ്ങൾ അവർ അഭിമുഖീകരിച്ചിട്ടുണ്ട്. ഒരു എതിരാളികളും ഇല്ലാതെ ആടുജീവിതം ഒന്ന് റിലീസ് ആകണം. ആ സിനിമ പ്രേക്ഷകരിലേക്ക് എത്തണം, എല്ലാ ആളുകളും കണ്ടിരിക്കേണ്ടതായിട്ടുള്ള സിനിമയായിട്ട് നമുക്ക് തോന്നുന്നു. അത്രയും പ്രയത്നം ആ സിനിമയിലുണ്ട്,’ ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.

ബ്ലെസ്സി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജാണ് നായകന്‍. 2017ല്‍ ആരംഭിച്ച സിനിമയുടെ ഷൂട്ടിങ് 2023ലാണ് അവസാനിച്ചത്. ചിത്രത്തിനായി പൃഥ്വിരാജ് നടത്തിയ മേക്ക് ഓവര്‍ അമ്പരപ്പിക്കുന്നതായിരുന്നു. അന്താരാഷ്ട്ര ചലച്ചിത്ര മേളക്കായി പുറത്തുവിട്ട സിനിമയുടെ ട്രെയ്‌ലറും അതിനു പിന്നാലെ വന്ന ഫസ്റ്റ് ലുക്കും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമായിരുന്നു.

എ.ആര്‍. റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീതം. ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും, സുനില്‍ കെ.എസ് ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. അമലാ പോള്‍, ജിമ്മി ജീന്‍ ലൂയിസ് എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. മലയാള സിനിമയിലെതന്നെ ഏറ്റവും വലിയ ചിത്രങ്ങളില്‍ ഒന്നായി ഒരുങ്ങുന്ന ആടുജീവിതം മികവുറ്റ നിര്‍മാണ നിലവാരം, സൗന്ദര്യാത്മക ഘടകങ്ങള്‍, മികച്ച കഥാഖ്യാനശൈലി, പ്രകടനങ്ങള്‍ തുടങ്ങിയ ഘടകങ്ങളാല്‍ വേറിട്ടു നില്‍ക്കുന്നു. ചിത്രം കേരളത്തിലെ സുഖസൗകര്യങ്ങളില്‍നിന്ന് ഭാഗ്യം തേടി വിദേശത്തേക്ക് കുടിയേറിയ നജീബ് എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിന്റെയും സഹനത്തിന്റെയും കഥയാണ്.

Content Highlight: Listin stephen about aadujeevitham release date