കൊച്ചി: ലിസ് തട്ടിപ്പ് കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് പോലീസ് കോടതിയില്‍ അപേക്ഷ നല്‍കി. എറണാകുളം സിറ്റി പോലീസ് കമ്മീഷണറാണ് എറണാകുളം സി.ജെ.എം കോടതിയില്‍ അപേക്ഷ നല്‍കിയത്.
ഇപ്പോള്‍ സി.ജെ.എം കോടതിയില്‍ നടക്കുന്ന വിചാരണ നിര്‍ത്തിവെക്കണമെന്നും പോലീസ് അഭ്യര്‍ഥിച്ചിട്ടുണ്ട്. കേസില്‍ നേരത്തെ നല്‍കിയ തെളിവുകള്‍ അപൂര്‍ണ്ണമാണെന്നും കൂടുതല്‍ തെളിവ് ശേഖരിക്കുന്നത് കേസ് നടത്തിപ്പിന് അത്യാവശ്യമാണെന്നും പോലീസ് അപേക്ഷയില്‍ പറയുന്നു.
ലിസ് കേസ് അട്ടിമറിക്കപ്പെടുന്നുവെന്ന് കാണിച്ച് എ.ഡി.ജി.പി സെന്‍കുമാര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ഈ കത്തില്‍ തുടര്‍ നടപടിയെടുക്കാന്‍ പ്രോസിക്യൂഷന്‍ ഡയരക്ടര്‍ ജനറലിനെ ചുമതലപ്പെടുത്തിയിരുന്നു. കേസിന്റെ ഫയല്‍ പരിശോധിച്ച ശേഷം കുറ്റപത്രത്തില്‍ പിഴവുകളുണ്ടെന്നും ഇപ്പോള്‍ നടക്കുന്ന വിചാരണ തുടര്‍ന്നാല്‍ പ്രതികള്‍ രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്നും ഡി.ജി.പി കണ്ടെത്തുകയായിരുന്നു. തുടരന്വേഷണം നടത്താനാണ് ആഭ്യന്തര വകുപ്പിന് ഡി.ജി.പി നല്‍കിയ നിയമോപദേശം. ഇതിനെ തുടര്‍ന്നാണ് ഇന്ന് പോലീസ് കോടതിയില്‍ അപേക്ഷ നല്‍കിയത്.
ലിസ് കേസ് വിചാരണ അട്ടിമറിക്കപ്പെടുന്ന വാര്‍ത്ത അന്വേഷണ പരമ്പരയിലൂടെ പുറത്തുകൊണ്ടു വന്നത് ഡൂള്‍ന്യൂസാണ്.