ഏഷ്യന്‍ പര്യടനത്തിലെ രണ്ടാം മത്സരത്തില്‍ ലോക ചാമ്പ്യന്മാരായ അര്‍ജന്റീന തിങ്കഴാഴ്ച ഇന്തോനേഷ്യയെ നേരിടാന്‍ ഒരുങ്ങുകയാണ്. ബെയ്ജിങ്ങില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീനയുടെ ജയം. മത്സരത്തിന് ശേഷം ലയണല്‍ മെസി, എയ്ഞ്ചല്‍ ഡി മരിയ, ഒട്ടാമെന്‍ഡി എന്നിവര്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു.
നായകന്‍ മെസി ഇല്ലാതെയാണ് ടീം അര്‍ജന്റീന ജക്കാര്‍ത്തയില്‍ ഇന്തോനേഷ്യയെ നേരിടാനിറങ്ങുക. താരത്തിന്റെ അഭാവത്തില്‍ ലോകമെമ്പാടുമുള്ള ആരാധകര്‍ നിരാശ പ്രകടിപ്പിച്ചിരിക്കുകയാണ്. മെസിക്ക് പകരം ആരെ കളത്തിലിറക്കുമെന്ന ആരാധകരുടെ ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് ഇപ്പോള്‍ പരിശീലകന്‍ ലയണല്‍ സ്‌കലോണി.
മെസിക്ക് പകരം വെക്കാന്‍ ലോകത്ത് ഒരു കളിക്കാരനുമില്ലെന്നും അദ്ദേഹത്തിന്റെ അഭാവം നികത്താന്‍ ആര്‍ക്കും സാധ്യമാകില്ലെന്നുമാണ് സ്‌കലോണി പറഞ്ഞത്. പതിവ് ശൈലിയില്‍ തന്നെ കളത്തിലിറങ്ങുമെന്നും കൂട്ടായി പോരാടി മെസിയുടെ വിടവ് നികത്താന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘മെസിയുടെ അഭാവം നികത്താന്‍ ഒരു കളിക്കാരനും സാധിക്കില്ല. അവനെ പോലെ കളിക്കാന്‍ ഈ ലോകത്ത് മറ്റാരുമില്ല. പക്ഷെ ഞങ്ങള്‍ പതിവ് ശൈലിയില്‍ തന്നെ കളത്തിലിറങ്ങും. മെസിയുടെ അഭാവം നികത്താന്‍ ശ്രമിക്കും.
അത്തരത്തില്‍ കളിക്കാന്‍ ടീമിനെ സജ്ജമാക്കിയിട്ടുണ്ട്. മെസിയുടെ സ്ഥാനത്ത് ആരും കളിക്കാന്‍ പോകുന്നില്ല. എന്നാല്‍ അവനെ പോലെ കളിക്കാന്‍ ശ്രമിക്കും,’ സ്‌കലോണി പറഞ്ഞു.
അതേസമയം, ഓസ്‌ട്രേലിയക്കെതിരായി നടന്ന മത്സരത്തിന്റെ 80ാം സെക്കന്‍ഡില്‍ ബോക്സിന് പുറത്ത് നിന്ന് ഇതിഹാസ താരം ലയണല്‍ മെസിയാണ് അര്‍ജന്റൈനയുടെ ആദ്യ ഗോള്‍ നേടിയത്. 68ാം മിനുട്ടില്‍ ജര്‍മ്മന്‍ പെസെല്ലെയുടെ ഗോളിലൂടെ അര്‍ജന്റീന വിജയം പൂര്‍ത്തിയാക്കുകയായിരുന്നു.
ഈ വിജയത്തിലൂടെ ഖത്തര്‍ ലോകകപ്പ് ജയത്തിന് ശേഷവും തങ്ങള്‍ ജൈത്ര യാത്ര തുടരുകയാണെന്ന് അടിവരയിടുകയാണ് മെസിയും സംഘവും. ടീം വിജയത്തെ കൂടാതെ 35ാം വയസില്‍ ലയണല്‍ മെസി അര്‍ജന്റീനക്കായി മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്.