രണ്ടാം ലോക മഹായുദ്ധ കാലത്ത് ചിറ്റഗോങ്ങ് അഭയാര്‍ത്ഥി ക്യാമ്പില്‍ ഉപേക്ഷിക്കപ്പെടുമായിരുന്ന ഒരു ജീവിതമായിരുന്നു ആ ബര്‍മീസ് ബാലന്റേത്. എന്നാല്‍ ജന്മം നല്‍കിയ പിതാവിന് ഉപേക്ഷിക്കാന്‍ മനസ്സു വന്നില്ല. ജ്യേഷ്ഠ സഹോദരന്‍ കൈയൊഴിയാന്‍ ആവശ്യപ്പെട്ടെങ്കിലും അനുസരിച്ചില്ല. വസൂരി മഹാമാരിയായി ചുടല നൃത്തം ചെയ്ത ഒരു ദിനത്തിലാണ് തന്റെ പ്രിയതമ മാമൈദി ചോരക്കുഞ്ഞിനെ കൈകളിലേല്‍പ്പിച്ച് എന്നന്നേക്കുമായി വിട പറഞ്ഞത്. അകതാരില്‍ നഷ്ടപ്പെട്ട പ്രണയ ദാമ്പത്യത്തിന്റെ വേദന തീരാനൊമ്പരമായി കത്തി നിന്നു. അപ്പോള്‍ പിഞ്ചു പൈതലിന്റെ മുഖത്ത് നോക്കി ആ പിതൃഹൃദയം ആശ്വാസം കണ്ടെത്തി.
വര്‍ഷങ്ങള്‍ കഴിഞ്ഞു.അതിനിടയിലാണ് അശനിപാതം പോലെ രണ്ടാം ലോക മഹായുദ്ധം! തലയ്ക്കു മുകളില്‍ ചീറിപ്പായുന്ന ബോംബര്‍ വിമാനങ്ങള്‍. പട്ടാളക്കാരുടെ ആക്രോശങ്ങള്‍. മുന്നിലൊരൊറ്റ മാര്‍ഗം. എല്ലാം ഇട്ടെറിഞ്ഞ് പോരുക. അക്കൂട്ടത്തില്‍ മകനെയും എന്നാണ് ജ്യേഷ്ഠ സഹോദരന്റെ കല്‍പന. ഏഴാം വയസ്സിലാണ് അമ്മയുടെ സ്‌നേഹ പരിലാളനക്ക് ഭാഗ്യം ലഭിക്കാതെ പോയ ആ കുട്ടി ‘തൃക്കോട്ടൂരംശം പാലൂര്’ ദേശത്തില്‍ കാലൂന്നിയത്.
അപരിചിതമായ ദേശം, അപരിചിതമായ ഭാഷ, അതുവരെ കാണാത്തവര്‍, വേറിട്ട മുഖഭാവങ്ങള്‍, അങ്ങനെ പലതുമാണ് അവനെ വരവേറ്റത്. അവിടെ തുടങ്ങുകയായിരുന്നു യു.എ ഖാദറിന്റെ ജീവിതം. പില്‍ക്കാലത്ത് തൃക്കോട്ടൂരിന്റെ ദേശപ്പെരുമയുമായി ആരോടും അനുവാദത്തിന് കാത്തു നില്‍ക്കാതെ മലയാള സാഹിത്യചരിത്രത്തിന്റെ വാതില്‍ തള്ളിത്തുറന്ന് ഇരിപ്പിടം സ്വന്തമാക്കിയ ഒറ്റയാന്റെ ജീവിതം.
”അമ്മയുടെ നിഴല്‍ത്തണലുകള്‍ ചിറകുവിടര്‍ത്തുന്ന” പഴയ റങ്കൂണിലെ ബില്ലീന്‍ ഗ്രാമത്തില്‍ നിന്നും മലയാള ഗ്രാമത്തിലേക്ക് പറിച്ചു നട്ടപ്പോഴും യു.എ ഖാദര്‍ സ്വയം അടയാളപ്പെടുത്തിയതിങ്ങനെ. ”മനസ്സില്‍ കിളരുന്ന പച്ചപ്പുകള്‍ അയവിറക്കി രസിക്കാനുള്ള കയര്‍വട്ടം – തൃക്കോട്ടൂരംശം പാലൂര് ദേശത്തില്‍ ഇവനെ കുറ്റിയടിച്ചിട്ടിരിക്കുന്നു. എന്നാലും പന്തലായനിയും തൃക്കോട്ടൂരും ബര്‍മയിലെ ബില്ലീന്‍ ഗ്രാമവും എന്റെ ദേശവഴിയുടെ രക്തച്ചാലുകളായി വറ്റാതൊഴുകണമെന്ന് ഞാനാഗ്രഹിക്കുന്നു” (ഭാഷാ പോഷിണി 2000 സെപ്തംബര്‍).
അനുഗൃഹീതമായ എഴുത്തിന്റെ ആറ് പതിറ്റാണ്ടുകള്‍ പിന്നിട്ട തൃക്കോട്ടൂര്‍ കഥാകാരന്റെ മനസ്സില്‍ ഓര്‍മ്മകളുടെ പെറ്റുപെരുക്കങ്ങളുണ്ട്. ”മനസ്സിലും മേനിയിലും ഒരുപോലയൊട്ടിപ്പറ്റുന്ന,തട്ടിയാലും തുടച്ചാലും പോകാത്ത മണ്ണോര്‍മകള്‍ നിറയെയുള്ള ദേശവും ദേശക്കൂറും” എഴുത്തു വഴിയില്‍ സമൃദ്ധിയോടെ നിലകൊള്ളുമ്പോള്‍ യു.എ ഖാദറിന്റെ മനസ്സില്‍ ആദ്യം ഓടിയെത്തുന്ന ഒരാളുണ്ട്. മഹാമനസ്‌കതയുടേയും സ്‌നേഹലാവണ്യത്തിന്റെയും ഒരു വിശുദ്ധ രൂപം; സി.എച്ച് മുഹമ്മദ്‌കോയ.
സി.എച്ച് മുഹമ്മദ് കോയ
കാലത്തിന്റെ രഥചക്രത്തെ ഓര്‍മ്മയില്‍ നിന്ന് മഹാകഥാകാരന്‍ പിന്നോട്ടു വലിക്കുകയാണ്. തൃക്കോട്ടൂരേയ്ക്ക്. പുതുക്കപ്പെണ്ണിന്റെ വീട്ടിലേക്ക് പോകാന്‍ മനസ്സ് വെമ്പി നില്‍ക്കുന്നു. അന്ന് കല്‍ക്കരി കൊണ്ടോടുന്ന ബസ്സ്. കണ്ടക്ടറെ സഹായിച്ചാല്‍ വണ്ടിയില്‍ കയറിപ്പറ്റാമെന്ന കുഞ്ഞിളം ചിന്ത. കണ്ടക്ടറോട് ചങ്ങാത്തം കൂടി സഹായിച്ചു കല്‍ക്കരി വണ്ടിചൂടാക്കാന്‍. ശേഷം ബസ്സിന്റെ സീറ്റിലേക്ക്. യാത്ര തരപ്പെടുന്നതിന്റെ സന്തോഷം. പലേ കുട്ടികളും ബസ്സില്‍ കലപില കൂട്ടി. പെട്ടെന്നാണ് മുതിര്‍ന്ന ഒരാളിന്റെ ശബ്ദം. ”കുട്ടികളെല്ലാം ഇറങ്ങ് ആരും വരേണ്ട”. എന്നാല്‍ ബസ്സിലേക്ക് തള്ളിക്കയറിയ ഉമ്മമാര്‍ ഓനെന്റെ മോനാ, ഓളെന്റേതാ.. എന്ന് പറഞ്ഞ് ഓരോരുത്തരെയും മടിയിലിരുത്തി. പക്ഷേ അവനെ മാത്രം കൈയേല്‍ക്കാന്‍ ആരുമുണ്ടായിരുന്നില്ല.
വസൂരി ബാധയേറ്റ് മരണമടഞ്ഞ അമ്മയുടെ അവ്യക്തമായ മുഖം ആ കുട്ടിയുടെ മനതാരില്‍ നൊമ്പരമുണര്‍ത്തി മിന്നിമറഞ്ഞു. വിങ്ങിക്കരച്ചിലോടെ അവന്‍ ബസ്സില്‍ നിന്നിറങ്ങിയത് സി.എച്ച് മുഹമ്മദ്‌കോയയുടെ കൈകളിലേക്കാണ്. ആ കൈകള്‍ അവനെ വാരിപ്പുണര്‍ന്നു. പിന്നീടവന് ‘ബാല്യകാല സഖി’ ആദ്യമായി വായിക്കാന്‍ നല്‍കി. കഥയുടെ വഴിയില്‍ പിടിച്ചു നടത്തിച്ചു. ഈ ഓര്‍മ്മയ്ക്ക് ഇപ്പോഴുമുണ്ട് പുതുവസന്തത്തിന്റെ സൗരഭ്യം. ഓര്‍മ്മയുടെ ചെപ്പേടില്‍ നിന്നും പുരാവൃത്തത്തിന്റെയും നാട്ടുപഴമയുടേയും കഥയെഴുത്തുകാരന്‍ ചിലതെല്ലാം ഇഴപിരിച്ചെടുക്കുകയാണ്. തന്റെ എഴുത്തിന്റെ ആദ്യകാല കളിമുറ്റത്തിന് വേണ്ടി.
ആദ്യ കഥയും സി.എച്ചും
1952 ലാണ് ആദ്യ കഥ വരുന്നത്. ചന്ദ്രിക ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയില്‍. ഇപ്പോള്‍ എഴുത്തിന്റെ 60 വര്‍ഷം പൂര്‍ത്തിയായി. യു.എ ഖാദര്‍ എന്ന സാഹിത്യകാരന്‍ മലയാളത്തില്‍ എത്രമാത്രം അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. അറുപത് വര്‍ഷം പിന്നിടുമ്പോള്‍ ഒരു തിരിഞ്ഞു നോട്ടം ആവശ്യപ്പെടുന്നു?
എഴുത്തിന്റെ പശ്ചാത്തലമുള്ള ഒരു സാഹചര്യത്തില്‍ നിന്നായിരുന്നില്ല എന്റെ വളര്‍ച്ച. കുടുംബത്തിലോ ബന്ധത്തിലോ ചുറ്റുവട്ടത്തോ ഒരെഴുത്തുകാരന്‍ ഉണ്ടായിരുന്നില്ല. ഒരെഴുത്തുകാരനും എനിക്ക് മാതൃകയായും ഉണ്ടായിരുന്നില്ല. ചിലര്‍ക്ക് പാരമ്പര്യമായി കിട്ടിയ സിദ്ധിയുണ്ടാകും. അങ്ങനെയൊരു പാരമ്പര്യവും അവകാശപ്പെടാനില്ലാത്ത ഒരാളായിരുന്നു ഞാന്‍. എന്റെ പിതാവിന്റെ കുടുംബക്കാര്‍ കച്ചവടത്തെയാണ് മുഖ്യമായി കണ്ടിരുന്നത്.
കൊയിലാണ്ടിയിലെ പടിഞ്ഞാറുഭാഗത്തെ സാധാരണ കുടുംബത്തിലെ ഒരംഗം എന്നതില്‍ കവിഞ്ഞ് ഒന്നും അവകാശപ്പെടാനില്ലാത്ത ഒരാള്‍.സാഹിത്യത്തില്‍ അറുപത് വര്‍ഷം അടയാള മുദ്ര പതിപ്പിച്ച ഒരാള്‍ എന്ന് എന്നെ വിശേഷിപ്പിക്കുമ്പോള്‍ എന്റെ മനസ്സില്‍ ഓടിയെത്തുന്നത് സി.എച്ച് മുഹമ്മദ്‌കോയയാണ്. എഴുത്തിന്റെ താല്‍പ്പര്യം മനസ്സിലുറപ്പിച്ചത് അദ്ദേഹമാണെന്ന് പലതവണ പല സന്ദര്‍ഭങ്ങളിലായി ഞാന്‍ പറഞ്ഞിട്ടുണ്ട്.
സി.എച്ചിന്റെ പ്രേരണ മൂലമാണ് ചന്ദ്രിക ആഴ്ചപ്പതിപ്പുമായി ബന്ധം സ്ഥാപിക്കുന്നത്.അക്കാലത്ത് ഉണ്ടായിരുന്ന പി.എ മുഹമ്മദ്‌കോയ, ആ പേരും എനിക്ക് ഒരിക്കലും മറക്കാനാവില്ല. ഇവരുടെ രണ്ടുപേരുടെയും ബന്ധത്തിലൂടെയാണ് സാഹിത്യത്തിലേക്ക് കാലൂന്നുന്നത്. 1952 ല്‍ ആദ്യമായി ചെറുകഥ പ്രസിദ്ധപ്പെടുത്തിയത് സി.എച്ചിന്റെ പ്രേരണയാലാണ്. ‘കണ്ണുനീര്‍ കലര്‍ന്ന പുഞ്ചിരി’. അതാണാ കഥയുടെ പേര്. അന്ന് കൊയിലാണ്ടി യു.എ ഖാദര്‍ എന്ന പേരിലാണെഴുതിയത്. മലയാളത്തിലെ പല എഴുത്തുകാരുടേയും ആദ്യകളിമുറ്റം ചന്ദ്രിക ആഴ്ചപ്പതിപ്പായിരുന്നു.
ഇത് ചന്ദ്രികയ്ക്കുള്ള അഭിമുഖമായതു കൊണ്ട് പറയുന്നതല്ല. ഇന്ന് തലയുയര്‍ത്തി നില്‍ക്കുന്ന ഒട്ടുമിക്ക എഴുത്തുകാരും വളര്‍ന്നത് ചന്ദ്രികയിലൂടെയാണെന്നത് ചാരിതാര്‍ത്ഥ്യം നല്‍കുന്നതാണ്. അതിന് കാരണം പി.എ മുഹമ്മദ്‌കോയയും സാഹിത്യത്തോട് താല്‍പ്പര്യമുള്ള അന്തരീക്ഷവും അവിടെ നിലനിന്നിരുന്നു എന്നുള്ളതാണ്. അതിനൊക്കെ അടിവളമായി നിന്നതാകട്ടെ സി.എച്ച് മുഹമ്മദ് കോയയും!
ഞാനാദ്യം കൊയിലാണ്ടിയിലെത്തുന്നത് എന്റെ ജന്മനാടായ ബര്‍മ്മയില്‍ നിന്നാണ്. എന്റെ ഉപ്പയുടെ ഉമ്മയുടെ വീട്ടില്‍ നിന്നും പില്‍ക്കാലത്ത് താമസം ഇളയമ്മയുടെ വീട്ടിലേക്ക് മാറ്റേണ്ടി വന്നു. ഇളയമ്മ എന്ന് പറഞ്ഞാല്‍ ഉപ്പ രണ്ടാമത് കല്ല്യാണം കഴിച്ച സ്ത്രീ. അത് കൊയിലാണ്ടി ടൗണിലാണ്. കിഴക്ക് ഭാഗത്ത് അതിന് തൊട്ടടുത്ത് ഒരു വീടുണ്ട്; അമയത്ത്. അമയത്ത് എന്ന പേരില്‍ മൂന്ന് വീടുകളാണ്. ഇതില്‍ പടിഞ്ഞാറെ അമയത്ത് വീട്ടിലാണ് സി.എച്ച് താമസിച്ച് പഠിച്ചത്. വലിയ അമയത്ത് എന്നാണ് ഈ വീടിനെ വിളിച്ചിരുന്നത്. നടുവിലെ അമയത്താണ് ഞാന്‍. കിഴക്കെ അമയത്ത് വേറെ ചിലരും. സ്വാഭാവികമായും കുട്ടികളായ ഞങ്ങള്‍ അടുത്ത വീട്ടിലും പോകുമല്ലോ.
അവിടെ പത്രമാസികകള്‍ ധാരാളം വരാറുണ്ട്. അത് വായിക്കാനും അതിനെക്കുറിച്ച് അഭിപ്രായം പറയാനും സി.എച്ച് മുഹമ്മദ് കോയയുണ്ടായിരുന്നു അവിടെ. എന്റെ വളരെ ചെറിയ കുട്ടിക്കാലത്താണ്. വായിക്കുന്നത് കണ്ട സി.എച്ച് എന്നില്‍ വായനയുടെ താല്‍പ്പര്യമുണ്ടാക്കി. തൊട്ടടുത്ത് തന്നെയുള്ള സര്‍ സയ്യിദ് അഹമ്മദ് ഖാന്‍ വായന ശാലയിലും നിത്യസന്ദര്‍ശകനായി ഞാന്‍. പിന്നീടദ്ദേഹം ചന്ദ്രികയില്‍ ജോലിചെയ്യുന്നതിന് കോഴിക്കോട്ടെത്തി. ചന്ദ്രികയുടെ പത്രാധിപരായി.ഇടയ്ക്ക് എപ്പോഴെങ്കിലും അമയത്തെത്തും. എനിക്ക് പ്രോത്സാഹനം തരും. അതിന്റെ ഒരു പ്രത്യേക ഘട്ടത്തിലാണ് എഴുതണം എന്ന തോന്നലുണ്ടാകുന്നത്.
താമസിക്കുന്ന വീട്ടില്‍ ഞാനൊരൊറ്റപ്പെട്ട കുട്ടിയായിരുന്നു. ആ വീട്ടിലെ കുടുംബാംഗമല്ല ഞാന്‍ എന്ന തോന്നല്‍ നിരന്തരം എന്നെ അലട്ടിക്കൊണ്ടിരുന്നു. ഒറ്റപ്പെടലില്‍ എനിക്കാശ്രയം പുസ്തകങ്ങള്‍ മാത്രമായിരുന്നു. മറ്റാളുകളോടാകട്ടെ എനിക്ക് വെറുപ്പായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആദ്യം ഒരു കഥയെഴുതുന്നത്. ‘വിവാഹ സമ്മാനം’ എന്ന പേരില്‍. ചന്ദ്രികയുടെ ബാലപംക്തിയിലാണ് അത് പ്രസിദ്ധീകരിച്ചത്. ആ കഥ ചറപറാ എന്നെഴുതി ചന്ദ്രികക്കയച്ചു. സി.എച്ച് അത് രണ്ട് മൂന്നാഴ്ച കഴിഞ്ഞപ്പോള്‍ ബാലപംക്തിയില്‍ കൊടുത്തു. പക്ഷേ ഞാനെഴുതി അയച്ച കഥയില്‍ ഉപ്പയുടെ പെരുമാറ്റവും ദേഷ്യവും എന്റെ ആവശ്യങ്ങളാരും അംഗീകരിക്കാത്ത കാര്യവുമൊക്കെയായിരുന്നു പ്രതിപാദ്യ വിഷയം. സ്‌നേഹിതന് വിവാഹ സമ്മാനം കൊടുക്കാന്‍ കാശില്ലാത്തതിന്റെ സങ്കടം.
വീട്ടിനകത്തെ സ്‌നേഹരാഹിത്യം തുടങ്ങിയ സ്വകാര്യ ദു:ഖങ്ങള്‍. മനസ്സില്‍ തോന്നിയത് പകര്‍ത്തി. സുഹൃത്തിന്റെ വിവാഹത്തിന് മംഗളം നേരുന്നു എന്ന് ഭംഗിയായിട്ടെഴുതി അത് നന്നായി പൊതിഞ്ഞാണ് സമ്മാനമായി കൊടുക്കുന്നത്. ഈ സമ്മാനം എങ്ങനെ എന്റെ സുഹൃത്ത് സ്വീകരിക്കും എന്ന ചോദ്യത്തിലാണ് ആ കഥ അവസാനിക്കുന്നത്. പക്ഷേ ഞാനെഴുതിയ കഥയില്‍ നിന്ന് ഇങ്ങനെയൊരു കഥയുണ്ടാക്കിയത് സി.എച്ച് മുഹമ്മദ്‌കോയയാണ്. സത്യത്തില്‍ എന്റേതല്ല കഥ. എന്റെ ആശയമാണ്. ഞാനെഴുതിയ പലതുമാണ്. കഥ അച്ചടിച്ചു വന്നു കുറേ ദിവസം കഴിഞ്ഞ് സി.എച്ച് കൊയിലാണ്ടിയിലൊരു ദിവസം വന്നു.
എന്നെ കണ്ടപ്പോള്‍ ചോദിച്ചു. കഥ വായിച്ചോ. ഞാന്‍ തലയാട്ടി. എന്നിട്ടെന്നോടു പറഞ്ഞു, ആളുകളോടുള്ള വിദ്വേഷവും വെറുപ്പുമല്ല കഥയുടെ തീമാക്കിയെടുക്കേണ്ടത്. ഖാദര്‍ കുറേ പുസ്തകങ്ങളൊക്കെ വായിക്കൂ. എന്നിട്ട് സ്വന്തം അനുഭവത്തില്‍ തോന്നുന്ന കാര്യങ്ങള്‍ എന്താണോ അതാണെഴുതേണ്ടത്. ഈ ഗൃഹപാഠമാദ്യം നല്‍കുന്നത് സി.എച്ചാണ്. ചന്ദ്രികയോട് ഈ കടപ്പാട് എനിക്കെപ്പോഴുമുണ്ട്. പിന്നീട് എന്റെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട രചനകളെല്ലാം വന്നത് ചന്ദ്രികയിലാണ്.
എഴുത്തിന്റേതായ ഒരന്തരീക്ഷത്തിലല്ലാതെ വളര്‍ന്ന എന്നെ, എന്നിലെ വായനക്കാരനെ, എഴുത്തുകാരനെ കണ്ടുപിടിക്കുവാന്‍ ഒരാളുണ്ടായിരുന്നു. അതുകൊണ്ടാണ് അറുപത് വര്‍ഷത്തിനിപ്പുറം നിന്നിട്ട് എനിക്ക് സി.എച്ച് മുഹമ്മദ്‌കോയയെ ഓര്‍മ്മിക്കാന്‍ കഴിയുന്നത്. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് കിട്ടിയപ്പോള്‍ ആദ്യത്തെ ചോദ്യത്തിന് മറുപടി പറഞ്ഞത് ഇപ്പോഴുമെന്റെ മനസ്സിലുണ്ട്. പിതൃഭാഷയില്‍ എന്റേതായ ഒരു ചലനം സൃഷ്ടിക്കാന്‍ കഴിഞ്ഞത് വായനയിലൂടെയാണ്, ഒരര്‍ത്ഥത്തില്‍ അത് സിഎച്ചിലൂടെയാണെന്നാണ് ഞാന്‍ പറഞ്ഞത്.
ഇതര എഴുത്തുകാരില്‍ നിന്നും ജീവിതം കൊണ്ട് യു.എ ഖാദറിനെ വ്യത്യസ്തമാക്കുന്ന ഘടകങ്ങള്‍ ധാരാളം. ചെറുകഥാകൃത്ത്, നോവലിസ്റ്റ്, പത്രാധിപര്‍, ചിത്രകാരന്‍ അങ്ങനെ പട്ടിക നീളുന്നു. 1957 ല്‍ ദേശാഭിമാനി ദിനപത്രത്തിന്റെ ‘പ്രപഞ്ചം’ വാരികയുടെ സഹപത്രാധിപരായിരുന്നിട്ടുണ്ട്. എഴുത്തും പത്രപ്രവര്‍ത്തനവും ഇണക്കിച്ചേര്‍ത്ത സാഹിത്യകാരന്മാരുണ്ട്. ആ കാലത്തെ പ്രവര്‍ത്തനാനുഭവങ്ങള്‍?
1957 ല്‍ ഞാന്‍ മദിരാശിയിലെ ചിത്രകലാപഠനം ഉപേക്ഷിച്ച് നാട്ടില്‍ തിരിച്ചെത്തി ജോലിയില്ലാതെ അലയുകയായിരുന്നു. എന്നാല്‍ എഴുത്തുകാരന്‍ എന്ന നിലയില്‍ ധാരാളം കഥകള്‍ അക്കാലത്തേ വന്നിരുന്നു. ആ അര്‍ത്ഥത്തില്‍ ഞാന്‍ അറിയപ്പെടുന്ന ഒരാളാണ്. നവയുഗം വാരികയിലും ദേശാഭിമാനിയിലും എഴുതാറുണ്ടായിരുന്നു. കൂടാതെ ജയ കേരളത്തിലും കൗമുദിയിലും. 1957 ലെ കമ്മ്യുണിസ്റ്റ് ഗവര്‍മ്മെണ്ട് വന്ന കാലവുമാണത്.
കൊയിലാണ്ടിയിലെ ചെറുപ്പകാലത്ത് കമ്മ്യുണിസ്റ്റ് സഖാക്കളുമായായിരുന്നു ബന്ധം. കുടുംബത്തിലും സമൂഹത്തിലും ഞാനൊറ്റപ്പെട്ടവനായിരുന്നു. പില്‍ക്കാലത്ത് ‘വിശുദ്ധ പൂച്ച’ യെന്ന കഥ എഴുതിയപ്പോള്‍ വലിയ കോലാഹലമാണുണ്ടായത്. വിശുദ്ധ വംശജരാണ് തങ്ങന്മാര്‍ എന്ന വിശ്വാസമുണ്ട്. അതിനെ കളിയാക്കുന്ന രൂപത്തില്‍ ഒരു പൂച്ചയ്ക്ക് നേര്‍ച്ച നേരുന്നതാണ് പശ്ചാത്തലം. തങ്ങളുടെ ഭാര്യക്ക് വിവാഹം കഴിഞ്ഞിട്ടും ഗര്‍ഭമുണ്ടാവുന്നില്ല. പ്രസവിക്കാത്ത സ്ത്രീകള്‍ പ്രസവിക്കാനാണ് പൂച്ചയ്ക്ക് നേര്‍ച്ച നല്‍കുന്നത്. ഒരു പ്രത്യേക രാത്രിയില്‍ പൂച്ചകുത്തിക്കടിക്കുന്നതിന്റെ ഒച്ചകേട്ട് തങ്ങള്‍ ഞെട്ടിയെണീക്കുന്നു.
ഞെട്ടി ഉണര്‍ന്നപ്പോള്‍ ആറ്റബീവിയെ മൂപ്പരുടെ അറയില്‍ കാണുന്നില്ല. കുറച്ചുകഴിഞ്ഞപ്പോള്‍ ആറ്റബീവി അടുക്കളയില്‍ നിന്നും വരുന്നതാണ് കണ്ടത്. ചെന്നു നോക്കിയപ്പോള്‍ അവിടെ കാടന്‍ പൂച്ചയുടെ അടുത്ത് കുറിഞ്ഞി. കാടനെ ആട്ടിത്തെളിച്ചു. തിരിഞ്ഞു നോക്കിയപ്പോള്‍ വേലക്കാരന്‍ പയ്യന്‍ തൊപ്പിയിട്ട മമ്മദ് വിറകുപുരയില്‍ കിടക്കുന്നു. ഒരു വെളുത്ത തലയിണ കണ്ടോ എന്നൊരു സംശയം. പക്ഷേ അത് സംശയം മാത്രമായിരുന്നു. തങ്ങള്‍ തിരിച്ചു പോന്നു. പൂച്ച ചെയ്തത് ശരിയാണെന്ന് തോന്നി. കാരണം പൂച്ചയുടെ വംശം നിന്നു പോകരുതല്ലോ.
കുറേ ദിവസം കഴിഞ്ഞപ്പോള്‍ പൂച്ച പ്രസവിച്ചു. കുഞ്ഞുങ്ങള്‍ക്കൊക്കെ ചെവിയില്‍ കാടന്റെ നിറം. തങ്ങന്മാരുടെ വീട്ടില്‍ സില്‍സില എന്നൊരു ചിത്രമുണ്ട്. അത് നോക്കി തങ്ങള്‍ ആശ്വസിക്കുന്നു.പിന്നീട് ആറ്റബീവി ഗര്‍ഭിണിയായി. പ്രസവിച്ചു. കുഞ്ഞിന്റെ ചെവിയില്‍ ഒരു കറുത്ത മടക്ക്. ഈ ചെവി തങ്ങള്‍ക്ക് സുപരിചിതമാണല്ലോ എന്ന് തോന്നിയപ്പോള്‍ തൊപ്പിയിട്ട മുഹമ്മദ് മുറ്റത്തുകൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. ഇതാണാക്കഥ. ഭയങ്കര കോളിളക്കമായിരുന്നു പ്രസിദ്ധീകരിച്ചു വന്നപ്പോള്‍. അക്കാലത്തെ എന്റെ ചെറുപ്പത്തിന്റെ ഊക്കുകൊണ്ട് എഴുതിയതാണക്കഥ. എന്റെ ഉപ്പ അന്ന് ബര്‍മ്മയില്‍ കച്ചവടം ചെയ്യുകയായിരുന്നു. ഞാനാകട്ടെ എം.സി ഇബ്രാഹിമിന്റെ ബീഡിപ്പീടികയിലാണ് ഇരുപത്തിനാലു മണിക്കൂറും. അവിടെ നിരവധി കമ്മ്യുണിസ്റ്റുകാര്‍ വന്നുപോകുകമായിരുന്നു. സ്വാഭാവികമായും ഈ ബന്ധം എന്നെ കമ്മ്യുണിസ്റ്റ് ചിന്തയിലേക്ക് നയിച്ചു.
സഹപത്രാധിപരുടെ പ്രപഞ്ചം
1958ലാണ് കല്ല്യാണം കഴിയുന്നത്. ജോലിയില്ലാതെ ശരിയാവില്ലല്ലോ. പി.ആര്‍ നമ്പ്യാരുമായി എനിക്കാ കാലത്ത് നല്ല ബന്ധമായിരുന്നു. ദേശാഭിമാനിയിലും നവയുഗത്തിലുമൊക്കെ എഴുതുന്നത് അങ്ങനെയാണ്. ഒ.വി വിജയന്‍ അക്കാലത്ത് കൃസ്ത്യന്‍ കോളജിലെ ലക്ചററും ദേശാഭിമാനിയുടെ ‘പ്രപഞ്ചം’ വീക്കിലിയുടെ പത്രാധിപരുമാണ്. ഒ.വി വിജയന്‍ ദല്‍ഹിയിലേക്ക് പോയപ്പോള്‍ ‘പ്രപഞ്ച’ത്തില്‍ ഒഴിവുവന്നു. പാര്‍ട്ടിയുടെ അനുവാദം കൂടാതെ നിശ്ചയിക്കാന്‍ കഴിയുന്നതായിരുന്നു പ്രപഞ്ചത്തിലെ ജോലി. പി.ആര്‍ നമ്പ്യാര്‍ എന്നോട് പറഞ്ഞു. ”എടോ അവിടെ ഒരൊഴിവുണ്ട്. നീ വാ” എന്ന്. അങ്ങനെയാണ് പ്രപഞ്ചത്തിലെത്തിയത്. ദേശാഭിമാനിയുടെ പ്രൂഫ് അടക്കം നോക്കണം അന്ന് അവിടെ. ഏതാണ്ട് ഒരു കൊല്ലത്തോളം അവിടെയുണ്ടായിരുന്നു.
‘പ്രപഞ്ചം’ ദേശാഭിമാനിയില്‍ നിന്നാണ് അച്ചടിച്ചിരുന്നത്. പി.ആര്‍. നമ്പ്യാരുടെയൊക്കെ നേതൃത്വത്തില്‍ കുറേ ഷെയര്‍ഹോള്‍ഡര്‍മാരെ കണ്ടെത്തിയാണ് അത് നിലനിര്‍ത്തിയത്. ടി.വി.കെ. അന്ന് ദേശാഭിമാനിയിലുണ്ട്.
അദ്ദേഹത്തിനാണ് പ്രപഞ്ചത്തിന്റെ മേല്‍നോട്ടം. ഒ.വി. വിജയന്‍ പാലക്കാട്ട് നിന്ന് കുറേ ഷെയര്‍ ഹോള്‍ഡര്‍മാരെ കണ്ടെത്തിയിരുന്നു പ്രപഞ്ചത്തിന്. എസ്.കെ. പൊറ്റെക്കാട്ടായിരുന്നു ഇത് തുടങ്ങിയത്. അദ്ദേഹം പിന്നെ പാര്‍ലമെന്റിലേക്ക് പോയതോടെയാണ് വിജയനിലേക്കെത്തിയത്. ബ്ലിറ്റ്‌സിന്റെ മാതൃകയിലാണ് അത് ഇറക്കിയിരുന്നത്. വാര്‍ത്താപ്രാധാന്യമുള്ള ഒരു വാരികയായിട്ട്. അന്ന് പാര്‍ട്ടിയില്‍ തന്നെ പ്രപഞ്ചത്തിനെതിരായി അഭിപ്രായമുണ്ടായിരുന്നു. കാരണം ദേശാഭിമാനിയുടെ ഭാഗമായി നവയുഗവും അന്നുണ്ടായിരുന്നു. പ്രപഞ്ചം നവയുഗത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കും എന്നതു കൊണ്ടായിരുന്നു ഈ എതിര്‍പ്പ്. നിലവിലുള്ള സാഹിത്യത്തിന് പ്രാധാന്യം നല്‍കി സാമൂഹ്യക്രമത്തെ ആക്രമിക്കുന്ന ശൈലിയിലാണ് അതിറങ്ങിയിരുന്നത്.
മദ്രാസ് ജീവിതത്തിലെ ചിത്രവും ചിന്തയും
1953ല്‍ സ്‌കൂള്‍ ഫൈനല്‍ കഴിഞ്ഞിട്ട് ചിത്രകല പഠിക്കാന്‍ മദിരാശിയിലേക്ക് പോയി. എന്നാല്‍ അത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ചിത്രകല പഠിച്ചതുകൊണ്ട് വിശേഷി
ച്ചൊരു കാര്യവുമില്ലെന്നാണ് ഉപ്പയെ ആരൊക്കെയോ ചേര്‍ന്ന് ധരിപ്പിച്ചത്. ആ കാലത്ത് ഒരു മുസ്‌ലിം ചിത്രകല പഠിക്കുന്നതാകട്ടെ വിരളവും. സ്‌കൂളില്‍ ചിത്രകലയോടുള്ള കമ്പം തിരിച്ചറിഞ്ഞ രാമന്‍ മാഷിന്റെ നിര്‍ബന്ധവും എം.വി. ദേവന്റെ മാതൃഭൂമിയിലെ ചിത്രവുമാണ് എനിക്ക് പ്രേരണയായത്. അന്ന് വൈക്കം മുഹമ്മദ് ബഷീറിന്റെ സ്ഥലത്തെ പ്രധാന ദിവ്യന്‍, ഉറൂബിന്റെ കഥകള്‍ തുടങ്ങിയവയ്ക്ക് ദേവനാണ് വരച്ചിരുന്നത്.
റോയ് ചൗധരിയാണ് അന്ന് സ്‌കൂള്‍ ഓഫ് ആര്‍ട്‌സിന്റെ പ്രിന്‍സിപ്പല്‍. കെ.സി.എസ് പണിക്കര്‍ അഡ്വാന്‍സ് പെയ്ന്റിംഗ് ക്ലാസിലെ പ്രൊഫസറാണ്. കേരള സമാജവുമായും സാഹിതീ സഖ്യവുമായും മദ്രാസില്‍ ബന്ധമുണ്ടാവുന്നത് ഇക്കാലത്താണ്. ഒരു വര്‍ഷമാണ് ചിത്രകലാ പഠനത്തിന് മദ്രാസിലുണ്ടായിരുന്നത്. നമ്മുടെ നാട്ടിലുണ്ടായിരുന്ന ചിത്രകലാരീതിയേ അല്ല അവിടെ. അവിടെ ഫ്രീലാന്റ് ഡ്രോയിങ്ങായിരുന്നു. ചാര്‍ക്കോള്‌കൊണ്ട് ഇഷ്ടംപോലെ മനസ്സില്‍ തോന്നുന്നത് വരക്കാം. മോഡലിനെ വെക്കും ക്ലാസില്‍. ചേരാന്‍ ചെന്ന പാടെയുള്ള പരീക്ഷ പാസ്സാവണം. എന്നാലേ അഡ്മിഷന്‍ കിട്ടുമായിരുന്നുള്ളൂ. അത് കഴിഞ്ഞ് മോഡലിനെവെച്ച് വരക്കലാണ്.
ചാര്‍ക്കോള്‍ കൊണ്ട് പ്രത്യേക രീതിയിലായിരുന്നു വരക്കേണ്ടിയിരുന്നത്. അതാണവിടുത്തെ ആദ്യപാഠം. ഒരു മോഡലിനെ കാണുമ്പോള്‍ ഏത് ആംഗിളിലാണോ ആ ആംഗിളില്‍ വരക്കണം. മെയിനായിട്ട് അവിടെ പഠിപ്പിച്ചിരുന്നത് ഹ്യൂമന്‍ അനാട്ടമിയാണ്. അതിന് ഡ്രോയിംഗിന്റെ കൈവഴക്കമുണ്ടായാല്‍ പിന്നെ പെയ്ന്റിംഗിലേക്ക്. ആദ്യത്തെ രണ്ടുവര്‍ഷം ഫ്രീലാന്റ് ഡ്രോയിംഗ് ക്ലാസ്സാണ്. രാംഗോപാലായിരുന്നു അക്കാലത്തെ അധ്യാപകന്‍. അദ്ദേഹത്തെ കൂടാതെ ധന്‍പാല്‍, കെ.സി.എസ് പണിക്കര്‍ തുടങ്ങിയവരും. മലയാളികളായി ഞാനും സദാനന്ദനും ജാതവേദന്‍ നമ്പൂതിരിയുമാണ് അന്നുണ്ടായിരുന്നത്. ചിത്രകലയുമായുള്ള ബന്ധമാണ് കേരള സമാജവുമായി അടുക്കാനിടയാക്കിയത്. കെ.സി.എസ് പണിക്കര്‍ക്ക് മലയാളി വിദ്യാര്‍ത്ഥികളോട് വലിയ സ്‌നേഹമായിരുന്നു.
കെ.സി.എസ്സിന്റെ ചിത്രകല വേറിട്ടതാണ്. പല ചിത്രകലയിലും പല സ്വാധീനങ്ങള്‍ കാണാം. നാം എന്ത് കാണുന്നുവോ അതിന്റെ മുഴുവന്‍ ത്രിമാന സ്വഭാവത്തിലാണ് കെ.സി.എസ് വരക്കുക. അതിന്റെ സ്വാധീനം നമ്പൂതിരിയുടെ ചിത്രങ്ങളിലിപ്പോഴും കാണാം. കെ.സി.എസിന്റെ പൊന്നാനിപ്പുഴ തുടങ്ങിയ പഴയ വാട്ടര്‍കളര്‍ ചിത്രങ്ങളുടെ സ്വാധീനം അക്കാലത്തവിടെ പഠിച്ച എല്ലാ വിദ്യാര്‍ത്ഥികളിലുമുണ്ടായിട്ടുണ്ട്. പൊന്നാനിപ്പുഴ നമ്പൂതിരി വരക്കുമ്പോള്‍ കെ.സി.എസിന്റെ അന്തര്‍ സ്വാധീനമോ ബാഹ്യ സ്വാധീനമോ കാണാം. പണിക്കരുടെ ചിത്രങ്ങളില്‍നിന്ന് മോചിതരാകാന്‍ പലര്‍ക്കും കഴിഞ്ഞിട്ടില്ല. എന്നാല്‍ സി.എന്‍ കരുണാകരന്‍ വ്യത്യസ്തനായിരുന്നു.
അദ്ദേഹത്തിന്റേത് മാത്രമായ ഒരു ശൈലിയിലാണ് സി.എന്‍. വരച്ചത്. കെ.സി.എസ് പണിക്കര്‍ ജയകേരളത്തില്‍ വരച്ചതും നമ്പൂതിരി വരച്ചതും കണ്ടാലറിയാം ഗുരുമുഖത്തുനിന്നും പഠിച്ചതിന്റെ സ്വാധീനം. ഞാന്‍ പണിക്കര്‍ സാറിനെ ആരാധനയോടെ നോക്കുന്ന കാലമായിരുന്നു അത്. നമ്പൂതിരി കമേഴ്‌സ്യല്‍ ആര്‍ട്‌സ് സെക്ഷനില്‍ ചേര്‍ന്ന് പഠിക്കുകയായിരുന്നു അപ്പോള്‍.
മദ്രാസിലെ സാഹിതീസഖ്യം ആഴ്ചയില്‍ ഒരു ദിവസം, ശനിയാഴ്ചയാണ് ചേരുക. പി.കെ. പരമേശ്വരനായിരുന്നു സെക്രട്ടറി. ടി. പത്മനാഭന്‍, എം. ഗോവിന്ദന്‍, എം.ജി.എസ് നാരായണന്‍ ജയകേരളത്തിലെഴുതിക്കൊണ്ടിരുന്ന നാടന്‍, സി.ആര്‍. കേരളവര്‍മ്മ മുതലായവര്‍ക്ക് സാഹിതീ സഖ്യവുമായി നിരന്തര ബന്ധമുണ്ടായിരുന്നു. ഓരോ ആഴ്ചയിലും അവിടെ ഓരോരുത്തരും അവരവരുടെ സാഹിത്യ സൃഷ്ടികള്‍ വായിച്ചവതരിപ്പിക്കണം.
അതിനെ നാലുഭാഗത്തുനിന്നും ആളുകള്‍ എതിര്‍ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമായിരുന്നു. അത്തരം സന്ദര്‍ഭത്തിലാണ് ടി. പത്മനാഭനെ പരിചയപ്പെടുന്നത്. പത്മനാഭന്റെ ‘ഒരു കഥാകൃത്ത് കുരിശില്‍’, കൊഴിഞ്ഞുവീഴുന്ന മനുഷ്യാത്മാക്കള്‍ എന്നീ കഥകള്‍ കേരള സമാജത്തിലാണവതരിപ്പിച്ചത്. അതിനെ നാലുഭാഗത്തുനിന്നും നിശിത വിമര്‍ശനത്തിന് വിധേയമാക്കുന്നത് കണ്ട ഒരാളാണ് ഞാന്‍. കേരള സമാജത്തിന് ഒരു ഇടതുപക്ഷ ചായ്‌വുണ്ടായിരുന്നു. പത്മനാഭന്‍ അക്കാലത്ത് ഇടത് സ്വാധീനത്തിനപ്പുറത്തുനിന്ന് ചിന്തിക്കുന്ന ആളായിരുന്നു. എം. ഗോവിന്ദന്റെ ചിന്തകളോടായിരുന്നു ആഭിമുഖ്യം.
നിലമ്പൂരിലെ മരക്കമ്പനിയില്‍ ഒരു ചിത്രകാരന്‍
കൊഴിഞ്ഞുവീഴുന്ന മനുഷ്യാത്മാക്കള്‍ അവതരിപ്പിച്ചപ്പോഴുണ്ടായ ആക്രമണത്തിന്റെ ഫലമായി വന്ന ഇച്ഛാഭംഗത്തില്‍ നിന്നാണ് ടി.പത്മനാഭന്റെ ‘ഒരു കഥാകൃത്ത് കുരിശില്‍’ എന്ന കഥ രൂപപ്പെടുന്നത്. കെ.എ കൊടുങ്ങല്ലൂരുമുണ്ടായിരുന്നു അന്ന്. കമ്മ്യൂണിസ്റ്റ് ആശയങ്ങളെ ഏറെ പരിഹാസത്തോടെ കണ്ട ആളായിരുന്നു കൊടുങ്ങല്ലൂര്‍. എന്നാല്‍ ഡോ. സി.ആര്‍. കേരളവര്‍മ്മയെപ്പോലെ ഇടതുപക്ഷ സ്വഭാവമുള്ളവരുടെ ആലയമായിരുന്നു കേരള സമാജം. വി.കെ. പരമേശ്വരന്‍, ജയകേരളത്തിന്റെ പത്രാധിപര്‍ സി.കെ. അപ്പുക്കുട്ടി ഗുപ്തന്‍ തുടങ്ങിയവരുമായുള്ള എന്റെ ബന്ധം എഴുത്തിനെ ഒന്നുകൂടി വിസ്തൃതമാക്കി.
നേരത്തെ സൂചിപ്പിച്ചതുപോലെ-ചിത്രകല പഠിച്ചതുകൊണ്ട് ഒന്നും നേടാന്‍ കഴിയില്ലെന്ന് ഉപ്പയ്ക്ക് ആരോ എഴുത്തയച്ചതുകൊണ്ടാണ് ഏതാണ്ട് ഒന്നരക്കൊല്ലത്തെ പഠനത്തിന് ശേഷം നാട്ടിലേക്ക് തിരിച്ചുപോരേണ്ടി വന്നത്. ഉപ്പ കാശയച്ചു തന്നിട്ടാണ് ഞാന്‍ മദിരാശിയില്‍ പഠിച്ചത്. അവിടെ ഉപ്പയുടെ ബന്ധുക്കളുമുണ്ട്. അവരുടെ കൂടെയായിരുന്നു താമസം. ജോര്‍ജ് ടൗണില്‍. ഞാന്‍ സാഹിതീ സഖ്യത്തിന് പോകുന്നതും കെ.എ. കൊടുങ്ങല്ലൂരിനെ കാണുന്നതുമൊന്നും ബന്ധുക്കള്‍ക്ക് ഒട്ടും ഇഷ്ടമായില്ല. സ്വാഭാവികമായും ഞാന്‍ തിരിച്ചുപോരാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. അക്കാലത്ത് രാജേശ്വരന്‍ എന്ന് പേരായ ഒരു ശില്‍പ്പിയുണ്ടായിരുന്നു. അയാള്‍ ഊമയായിരുന്നു. തലശ്ശേരിക്കാരനാണ്. റോയ് ചൗധരിയുടെ പ്രിയ ശിഷ്യന്‍. ഞാന്‍ തിരിച്ചുപോരാന്‍ തീരുമാനമെടുത്തപ്പോള്‍ അരുത് പോകരുതെന്ന് അപേക്ഷിച്ച് ഈറോഡ് വരെ അയാള്‍ എന്നെ പിന്‍തുടര്‍ന്നു. അത് വല്ലാത്ത ഒരോര്‍മ്മയായി ഇപ്പോഴും എന്നിലുണ്ട്.
വാസ്തവത്തില്‍ ഞാന്‍ എഴുത്തുകാരനെന്ന നിലയിലല്ല ചിത്രകാരന്‍ എന്ന നിലയില്‍ എന്തൊക്കെയോ ആവുമായിരുന്നു. സര്‍ക്കാര്‍ ജോലിയില്‍ നിന്നും വിരമിച്ചതിന് ശേഷമാണ് പഴയ താല്‍പ്പര്യം ചിറകുവിടര്‍ത്തിയത്. അങ്ങനെ കുറച്ചു ചിത്രങ്ങള്‍ വരച്ചു. തൃക്കോട്ടൂര്‍ കഥകള്‍ക്കുവേണ്ടിയാണ് വരച്ചത്. തെയ്യത്തിനും കളംപാട്ടിനും നാഗക്കളങ്ങള്‍ക്കും ഞാന്‍ പരിചയിച്ച നിറങ്ങളെങ്ങനെ ഉപയോഗിക്കാമെന്ന ചിന്തയിലാണ് പിന്നീട് വരക്കാന്‍ ശ്രമിച്ചത്. ‘തൃക്കോട്ടൂര്‍ താവഴി’ എന്ന പേരില്‍ അത് സീരിയലൈസ് ചെയ്തിട്ടുണ്ട്.
മദിരാശിയില്‍ നിന്നും തിരിച്ചുവന്നപ്പോള്‍ ജോലിയൊന്നുമില്ല. എവിടെയെങ്കിലും ഒന്നുകേറിപ്പറ്റണമെന്ന ചിന്ത കലശലായി. അങ്ങനെയാണ് നിലമ്പൂരിലെത്തുന്നത്.
കൊയിലാണ്ടിയിലെ എന്റെ ബന്ധുവിന്റെ ശിപാര്‍ശ കത്തോടുകൂടിയാണവിടെയെത്തുന്നത്. ഉണ്ണിക്കമ്മു സാഹിബിന്റെ മകന്‍ കെ.പി. മുഹമ്മദ് സാഹിബിന്റെ മരപ്പാണ്ടികശാലയിലാണ് ജോലി. വി.കെ.യു. സണ്‍സ് എന്നാണ് കമ്പനിയുടെ പേര്. ഫോറസ്റ്റുദ്യോഗസ്ഥരുടെ അനുമതിയോടുകൂടി വരുന്ന മരത്തിന്റെ മുകളില്‍ അളവ് രേഖപ്പെടുത്തിയിട്ടുണ്ടാകും. ഈ അളവ് കുറിച്ചെടുക്കലാണ് എന്റെ ഉത്തരവാദിത്തം. അത് എഴുതിയതിന് ശേഷം മരത്തിന് ചാപ്പയടിക്കണം. ഫോം മൂന്ന് പൂരിപ്പിച്ച് ലോറിക്കാരുടെ കൈയ്യില്‍ കൊടുക്കണം. ആ ജോലിയിലിരിക്കുന്ന കാലത്താണ് നിലമ്പൂരില്‍ ‘ജ്ജ് നല്ല മനിസ്സനാകാന്‍ നോക്ക്’ എന്ന നാടകത്തിന്റെ റിഹേഴ്‌സല്‍. യുവജന കലാസമിതിയുടെ നേതൃത്വത്തിലായിരുന്നു ഇത്. മുക്കട്ടയിലാണവരുടെ ഓഫീസ്. റെയില്‍വെ സ്റ്റേഷനടുത്ത്. നിലമ്പൂരിലെ ചെട്ടിയങ്ങാടിയിലാണ് ഉണ്ണിക്കമ്മു സാഹിബിന്റെ ഓഫീസ്. അവിടെയാണ് ഞങ്ങള്‍ താമസിച്ചത്. അതിന്റെ തൊട്ടു മുമ്പിലാണ് ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ നേതാവായ ഡോ. ഉസ്മാന്റെ വീട്. അവിടെ തന്നെ കുഞ്ഞു കുട്ടന്‍ തമ്പുരാന്‍ എന്ന ഒരാളുണ്ടായിരുന്നു. അദ്ദേഹവും കമ്മ്യൂണിസ്റ്റുകാരനാണ്. മറ്റൊരാളുണ്ട് രമണന്‍.
നിലമ്പൂരിലെ യുവജന കലാസമിതിയുടെ പ്രവര്‍ത്തകരായ കെ.ജി. ഉണ്ണി, ഇ.കെ. അയമു, നിലമ്പൂര്‍ ബാലന്‍ തുടങ്ങിയവരുമായി ബന്ധം സ്ഥാപിക്കുന്നത് ഇക്കാലത്താണ്.
”പാര്‍ട്ടി പത്രസ്ഥാപനം വകയായുള്ള സമസ്തമാന സൗകര്യങ്ങളും പരമാവധി പ്രയോജനപ്പെടുത്തി ആ പത്രത്തിന്റെ തന്നെ തിണ്ണബലത്തില്‍ ആഴ്ചതോറും പുറത്തിറക്കുന്ന മലയാളത്തിലെ ആദ്യത്തെ വാര്‍ത്താ വാരികയുടെ സഹപത്രാധിപര്‍ പദവിയിലേക്കാണ് ഇവന്‍ ക്ഷണിക്കപ്പെട്ടിരിക്കുന്നത്. ചോര തുടിക്കും ചെറുകയ്യുകളേ പേറുക വന്നീപ്പന്തങ്ങള്‍ എന്നുറക്കെ പാടിയും ജാഥയുടെ മുന്നണിയില്‍ നിന്ന് മുഷ്ടിചുരുട്ടി ദിക്കെട്ടും കിടുങ്ങേ മുദ്രാവാക്യം മുഴക്കിയും ‘ഒരു സ്ഥാനാര്‍ത്ഥി മെമ്പര്‍ഷിപ്പ് കാര്‍ഡ്’ കീശയിലിട്ടും സുരക്ഷിതനായും വാഴുന്ന ഇളം പ്രായക്കാരന് കൈവന്ന ഒരസുലഭ സന്ദര്‍ഭം.
കഥയെഴുതിയും അവയൊക്കെ പത്രങ്ങളിലെല്ലാം ഇടയ്ക്കിടക്ക് പ്രസിദ്ധപ്പെടുത്തിയതും പത്താളറിയുന്ന പുംഗവന് ഇതില്‍പരം പരമാനന്ദകരമായിട്ടു വേറെ വല്ലതുമുണ്ടോ? കൂട്ടു സഖാക്കള്‍ പറഞ്ഞു: കൂടുതലൊന്നും ചിക്കിപ്പരത്താന്‍ നില്‍ക്കാതെ ചെന്നു പണിയില്‍ കയറിപ്പറ്റുക. ”നിലമ്പൂരിലെ മരപ്പാണ്ടികശാലയിലെ ജോലികളഞ്ഞുകുളിച്ച് നാട്ടില്‍ തിരിച്ചു വന്ന് നാട്ടുകാരെയൊക്കെ വെറുപ്പിച്ച് തെക്കുവടക്ക് നടന്ന് നേരം കളയുന്നത് നന്നല്ലെന്ന് തനിക്കിനിയും ബോധ്യപ്പെട്ടിട്ടില്ലേ?” ഒരുവന്‍ അല്‍പം കടുപ്പിച്ചും കനപ്പിച്ചും ചോദിച്ചു. (അനുഭവം, ഓര്‍മ്മ, യാത്ര – യു.എ. ഖാദര്‍).
ഇടതുപക്ഷത്തേക്ക്
സി.എച്ചുമായുള്ള ബന്ധം, ചന്ദ്രികയിലെ എഴുത്ത്, അവിടെയുള്ള സൗഹൃദങ്ങള്‍. എന്നിട്ടും വഴി മാറി ഒരു നടത്തം. എന്തു കൊണ്ടിങ്ങനെ?
പഠിക്കുന്ന കാലം മുതല്‍ക്കേ ഇടതുപക്ഷ പ്രസ്ഥാനവുമായുള്ള ബന്ധമുണ്ടായിരുന്നു. ഐക്യ വിദ്യാര്‍ത്ഥി ഫെഡറേഷനും മുസ്‌ലിം വിദ്യാര്‍ത്ഥി ഫെഡറേഷനുമായിരുന്നു ഞങ്ങളുടെ പഠന കാലത്ത് പ്രബലം. 1952-ലെ തെരഞ്ഞെടുപ്പ് കാലം. എസ്.എസ്.എല്‍.സി.ക്ക് പഠിക്കുകയാണ്. മുസ്‌ലിം വിദ്യാര്‍ത്ഥി ഫെഡറേഷന്റെ പ്രചാരണ സംഘത്തിലെ ഒരാളായിരുന്നു ഞാന്‍. അന്ന് ആര്‍.എന്‍. കുളൂരായിരുന്നു മുസ്‌ലിംലീഗ് സഹായിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥി. പത്മനാഭന്‍ മാഷ് കമ്മ്യൂണിസ്റ്റ് പര്‍ട്ടിയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും. കുളൂരിന്റെ തെരഞ്ഞെടുപ്പ് വിജയത്തിന് ഞങ്ങള്‍ സജീവമായി പ്രചാരണത്തിനിറങ്ങി. ചന്ദ്രികയുടെ ഏജന്റ് അന്ന് ടി.പി. മമ്മുക്കയായിരുന്നു.
അദ്ദേഹം ഞങ്ങള്‍ക്ക് സാഹിത്യ പ്രസിദ്ധീകരണങ്ങള്‍ വരുത്തിത്തന്നിരുന്നു. അദ്ദേഹവുമുണ്ട് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക്. ലീഗ് ഓഫീസില്‍ വെച്ച് മുസ്‌ലിം വിദ്യാര്‍ത്ഥി ഫെഡറേഷന്റെ രൂപീകരണ യോഗം ചേര്‍ന്നു. എന്നാല്‍ എന്നെ യോഗ വിവരമറിയിക്കാതെ ബോധപൂര്‍വം മാറ്റി നിര്‍ത്തി. എന്നെ ആ കമ്മിറ്റിയില്‍ അംഗമാക്കിയതുമില്ല. ഇതെന്തു കൊണ്ടാണെന്ന് ചോദിക്കാന്‍ എന്നെക്കൊണ്ട് സാധിച്ചുമില്ല. ഞാന്‍ ആളത്ര ശരിയല്ലെന്ന് അവര്‍ക്ക് തോന്നിയതുകൊണ്ട് എന്നെ മാറ്റി നിര്‍ത്തിയതാണെന്ന് പിന്നീട് മനസ്സിലാക്കാന്‍ കഴിഞ്ഞു. ഒരു ദേഷ്യം എന്റെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞു. ഐക്യ വിദ്യാര്‍ത്ഥി ഫെഡറേഷന്റെ രൂപീകരണ കാലവുമാണിത്. ഉണ്ണികൃഷ്ണ വാര്യരായിരുന്നു സംസ്ഥാന സെക്രട്ടറി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കീഴിലുള്ള വിദ്യാര്‍ത്ഥി ഫെഡറേഷനായിരുന്നു അത്. എന്നെ അകറ്റി നിര്‍ത്തിയതിന്റെ പ്രതികാരമെന്ന നിലക്ക് ഞാനതില്‍ പോയി ചേര്‍ന്നു.
അന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഒരു പ്രവര്‍ത്തകനെ കിട്ടിയാല്‍ ഏറെ പ്രോല്‍സാഹിപ്പിക്കാനും കൂടെ കൊണ്ടു നടക്കാനും സഹായങ്ങള്‍ നല്‍കാനും നേതാക്കളും പ്രവര്‍ത്തകരും സദാ ജാഗ്രത കാട്ടിയിരുന്നു. എന്റെ സാഹിത്യ താല്‍പ്പര്യത്തെ അവര്‍ ആവോളം പ്രോല്‍സാഹിപ്പിച്ചു. കഥകള്‍ ദേശാഭിമാനി വാരികയിലും മറ്റും പ്രസിദ്ധീകരിക്കാന്‍ പ്രത്യേകം താല്‍പ്പര്യം പ്രകടിപ്പിച്ചു. ആ ബന്ധം വളര്‍ന്നു. ലീഗ് എന്നെ അകറ്റിയതിലുള്ള വിരോധം നിമിത്തം ഞാന്‍ ബീഡി തെറുപ്പ് തൊഴിലാളികളുടെ കേന്ദ്രത്തില്‍ നിത്യസന്ദര്‍ശകനായി. അവരില്‍ ഏതാണ്ടെല്ലാവരും കമ്മ്യൂണിസ്റ്റുകാരാണ്. 1954-ല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് വന്നു. മുസ്‌ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ കമ്മ്യൂണിസ്റ്റുകാര്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെയാണ് നിര്‍ത്തിയത്. ഏറെപ്പേരും ബീഡി തൊഴിലാളികള്‍. മുസ്‌ലിം വാര്‍ഡുകളില്‍ ലീഗിന്റെ സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്ന ഒരു കാലമായിരുന്നു അത്. അത് പറ്റില്ല, നമ്മളതിനെ എതിര്‍ക്കണം എന്ന് പറഞ്ഞ് അഞ്ച് ആറ് ഏഴ് വാര്‍ഡുകളില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി ബീഡിതെറുപ്പുകാരായ മമ്മിക്കയും കാദര്‍കുട്ടിയും ബാവയും രംഗത്തെത്തി.
അവരുടെ സജീവ പ്രവര്‍ത്തകരില്‍ ഒരാളായി ഞാന്‍. ലീഗിന്റെ പ്രാദേശിക നേതൃത്വത്തോടുള്ള വിയോജിപ്പായിരുന്നു എന്നെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. അങ്ങനെയാണ് മുസ്‌ലിം പ്രോഗ്രസ്സീവ് ലീഗ് വരുന്നത്. അതിന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒത്താശയുണ്ടായിരുന്നു. അതിന്റെ സജീവാംഗങ്ങളായിത്തീര്‍ന്നതോടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വവുമായി അടുത്തു.
അന്ന് ദേശാഭിമാനിയുടെ ആപ്പീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജില്ലാ കമ്മിറ്റി ആപ്പീസിന് തൊട്ടടുത്താണ്. ഇ.കെ. നായനാരായിരുന്നു ജില്ലാ സെക്രട്ടറി. അവിടെ സി.എച്ച്. കണാരനും വരും. വടക്കുനിന്ന് വരുന്ന ഗുരുതുല്യരായ നേതാക്കള്‍ കേളുവേട്ടനും എം. കുമാരന്‍ മാസ്റ്ററും എം.കെ. രാഘവനുമായിരുന്നു. ഇവരെല്ലാം മനുഷ്യപ്പറ്റുള്ള നേതാക്കളായിരുന്നു. കേളുവേട്ടനോട് എന്ത് കാര്യവും ഒരു രക്ഷിതാവിനോടെന്നപോലെ പറയാം. വേണ്ട പരിഹാര നിര്‍ദ്ദേശങ്ങള്‍ ഉറപ്പ്.
കോഴിക്കോട്ട് ‘പ്രപഞ്ചം’ വാരികയിലേക്ക് ചെന്നപ്പോള്‍ ഈ ബന്ധം കുറേക്കൂടി ദൃഢമായി. ഇവര്‍ തന്ന സ്‌നേഹം എനിക്ക് മറ്റൊരിടത്തുമന്ന് കിട്ടിയിട്ടില്ല.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധമുള്ളൊരാള്‍, ഉപ്പ നാട്ടിലില്ലാത്തൊരാള്‍, തോന്നിയ പോലെ നടക്കുന്നൊരാള്‍, നാടകത്തിലഭിനയിച്ചൊരാള്‍, ചിത്രം വരക്കാരന്‍ ഇങ്ങനെ തെറ്റിത്തെറിച്ച വിത്തായാണ് എന്നെ നാട്ടുകാര്‍ പലരും കണ്ടത്. ഇത് എന്നില്‍ ഒരുതരം നിഷേധ മനോഭാവമാണുണ്ടാക്കിയത്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായുള്ള ബന്ധം എന്നെ കൂടുതല്‍ വായനയിലേക്കാണ് നയിച്ചത്. പാര്‍ട്ടി നേതാവായിരുന്ന എം.കെ. കുഞ്ഞിരാമന്‍ വടകരക്കാരനായിരുന്നു. ഇലക്ട്രിസിറ്റി എംപ്ലോയീസ് വര്‍ക്കേഴ്‌സ് യൂണിയന്റെ നേതാവാണ് അദ്ദേഹം. പുസ്തകങ്ങളെക്കുറിച്ച് നല്ല പിടിപാടുണ്ടായിരുന്ന വ്യക്തി. ഏത് പുസ്തകം വായിക്കണമെന്ന് കൃത്യമായും നിര്‍ദ്ദേശിക്കുന്ന ശീലം. എം. കുമാരന്‍ മാസ്റ്ററാണ് മറ്റൊരു നേതാവ്. സാഹിത്യത്തെക്കുറിച്ച് നല്ല പിടിപാടുള്ളയാള്‍. പി.ആര്‍. നമ്പ്യാര്‍, വി.ടി. കുമാരന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ കൂടിയായപ്പോള്‍ എന്റെ ലോകം കുറെക്കൂടി വിശാലമായി.
1964-ലാണ് ഞാന്‍ ചാലിയം ഗവണ്‍മെന്റ് ഡിസ്‌പെന്‍സറിയില്‍ ക്ലാര്‍ക്കായി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചത്. അന്ന് ഇമ്പിച്ചി ഹൈസ്‌കൂളിന് നേരെ മുന്നില്‍ ഒരു മാളികയുണ്ടായിരുന്നു. അവിടെയാണ് ഞാന്‍ താമസിച്ചിരുന്നത്. ആ കൊല്ലം ഇമ്പിച്ചി ഹൈസ്‌കൂളില്‍ പ്രസംഗ മല്‍സരത്തിന് ഒന്നാം സ്ഥാനം ലഭിച്ച ആളാണ് ഇ.ടി. മുഹമ്മദ് ബഷീര്‍.
അദ്ദേഹം എന്റെ കഥകള്‍ പകര്‍ത്തിയെഴുതിയിട്ടുണ്ട്. കഥകള്‍ എഴുതുമ്പോള്‍ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട് ഇ.ടി. അദ്ദേഹം താമസിച്ചിരുന്നത് ചാലിയത്താണ്. ഭക്ഷണം ഓരോ വീടുകളിലാണ്. പാച്ചുക്കുട്ടിയുടെ പീടികയില്‍ നിന്നാണ് നാസ്ത. അതിന്റെ മുകളിലാണെന്റെ താമസം. കൂടാതെ കുറേ അദ്ധ്യാപകരും. എന്റെ മുറിയിലാണ് ഇ.ടി. താമസിച്ചിരുന്നത്. എനിക്കാകട്ടെ സഹായത്തിനൊരാളും! ഇ.ടി. ലീഗാണെങ്കില്‍ പോലും ഞങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിന് അതൊരു വിലങ്ങേ ആയിരുന്നില്ല. സാഹിത്യമടക്കം പലതും ഞങ്ങള്‍ ചര്‍ച്ച ചെയ്തു. പ്രത്യേകിച്ചും ഞാനന്ന് ചന്ദ്രികയില്‍ എഴുതുന്നൊരാള്‍ എന്ന നിലയിലും സ്‌നേഹമുണ്ടായിരുന്നു. എന്റെ ‘വള്ളൂരമ്മ’ എന്ന നോവല്‍ മുഴുവനും പകര്‍ത്തിയെഴുതിയത് ഇ.ടി. മുഹമ്മദ് ബഷീറാണ്. മാത്രമല്ല ചന്ദ്രികയില്‍ വന്ന പല കഥകളും. ആ ബന്ധം ഇ.ടി. വിദ്യാഭ്യാസ മന്ത്രിയായപ്പോഴും പിന്നീടും തുടര്‍ന്നു കൊണ്ടേയിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് വാങ്ങാന്‍ പോയപ്പോള്‍ ഡല്‍ഹിയില്‍ സകുടുംബം താമസിച്ചത് ഇ.ടി.യുടെ ഫ്‌ളാറ്റിലാണ്. ഇ.ടി.ക്ക് നിര്‍ബന്ധമുണ്ടായിരുന്നു; ഞാന്‍ അവിടെ തന്നെ താമസിക്കണമെന്ന്.
എന്റെ സാഹിത്യ വികാസത്തിന് ഏറെ സഹായിച്ച മറ്റൊരാള്‍, എ.എം. കുഞ്ഞുബാവയാണ്. ഈയിടെ മരിച്ചുപോയി.
ആഴ്ചതോറും വരുന്ന കഥകള്‍ ബാവ വായിക്കും. നോവല്‍ ‘ഖുറൈശികൂട്ടം’ വന്നപ്പോഴും. പി.എം. അബൂബക്കറും വി.സി. അബൂബക്കറും അന്ന് എന്റെ സൗഹൃദ ലോകത്തില്‍ സജീവമായിരുന്നു. വി.സി. വളരെ രൂക്ഷമായ ഭാഷയില്‍ ഹാസ്യ രൂപേണ സത്യസന്ധമായി എഴുതിയ ആളാണ്. ഒരു കൃതി വായിച്ചിട്ട് അതിന്റെ അന്ത:സ്സത്ത എന്താണെന്ന് കൃത്യമായി മനസ്സിലാക്കാന്‍ ശ്രമിച്ചയാളാണ് വി.സി. വി. അബ്ദുള്‍ഖയ്യൂം ചന്ദ്രികയില്‍ ഉണ്ടായിരുന്നപ്പോഴാണ് ‘അബലയുടെ പ്രതികാരം.’, ‘തുര്‍ക്കി വിപ്ലവം’ തുടങ്ങിയ നോവലുകള്‍ അദ്ദേഹം എഴുതിയത്. പി.എം. അബൂബക്കറിനെപ്പോലെ, സാഹിത്യത്തോട് അതീവ താല്‍പ്പര്യം കാണിച്ചവരാണ് അന്നത്തെ ചന്ദ്രികയിലെ സഹപത്രാധിപന്മാര്‍. അവരുടെയെല്ലാം രാഷ്ട്രീയം ലീഗാണെങ്കിലും അതൊന്നും നോക്കാതെ പരസ്പരം ഇടപഴകുന്ന രീതി വേറിട്ടതായിരുന്നു.
അഴീക്കോടനെയായാലും ചന്ദ്രശേഖരനെയായാലും കൊലപാതകം തെറ്റു തന്നെ
ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തെ കേരളത്തിലെ ഒട്ടുമിക്ക സാംസ്‌കാരിക പ്രവര്‍ത്തകരും അപലപിച്ചു. സി.പി.ഐ.എമ്മിന്റെ പങ്കില്‍ അവരൊന്നും സംശയിച്ചില്ല. എന്നാല്‍ ചിലര്‍ മൗനികളായി നിന്നു കളഞ്ഞു. ഈ അവസ്ഥയെ താങ്കള്‍ എങ്ങനെയാണ് വിലയിരുത്തുന്നത്. പു.ക.സ.യില്‍ കൊലപാതകം ചര്‍ച്ചയ്ക്ക് വന്നിട്ടില്ലേ?
വന്നിട്ടുണ്ടാവണം. പക്ഷേ ഒരു കാര്യം, എതിര്‍പ്പ് പ്രകടിപ്പിച്ച എഴുത്തുകാര്‍ ആരൊക്കെയാണെന്ന് ശ്രദ്ധിക്കണം. എല്ലാ കാലത്തും അവരുടേതായ രീതിയില്‍ പല തരത്തിലും എതിര്‍പ്പ് പ്രകടിപ്പിച്ചവരാണ് അവര്‍. ഒ.എന്‍.വി. എപ്പോഴും മനുഷ്യപക്ഷത്തു നില്‍ക്കുന്ന ആളാണ്. അടിയുറച്ചു നിന്ന് അതിനുവേണ്ടി പടപൊരുതുന്ന ആളാണ്. അദ്ദേഹം മറ്റുള്ളവര്‍ പറയുന്നതിന് അനുസരിച്ചല്ല പ്രതികരിച്ചത്. പാര്‍ട്ടി ഒരിക്കലും കൊലപാതക രാഷ്ട്രീയത്തെ അനുകൂലിക്കുന്നില്ല. അങ്ങനെ ആരെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ ശിക്ഷിക്കപ്പെടണം. മൗലികമായൊരു ധര്‍മ്മമാണത്. ആ രീതിയില്‍ വേണം കാര്യങ്ങള്‍ എന്നാണ് ഒ.എന്‍.വി.യുടെ അഭിപ്രായം. എം.ടി. ഒന്നും പറഞ്ഞിട്ടില്ല. എന്തുകൊണ്ടാണ് പറയാത്തത്?
ചന്ദ്രശേഖരനെ വെട്ടിക്കൊന്നത് മഹാ അപരാധമായിപ്പോയി എന്ന് പറഞ്ഞ് ഇവരൊക്കെ ചെയ്തതുപോലെ പ്രസ്താവനയുമായി ഞാന്‍ വന്നാല്‍ അത് ശരിയല്ല. മനുഷ്യപക്ഷത്ത് നില്‍ക്കുന്ന ഒരു സംഘടനയുടെ പ്രസിഡണ്ടെന്ന നിലക്ക് ആ സംഘടന എന്നെങ്കിലും മനുഷ്യപക്ഷത്ത് നില്‍ക്കുന്നതില്‍ വീഴ്ച വരുത്തിയിട്ടുണ്ടോ എന്നാണ് ഞാന്‍ നോക്കേണ്ടത്. അത് വരുത്തിയിട്ടില്ല എന്ന് പൂര്‍ണ്ണമായും വിശ്വാസമുള്ളിടത്തോളം കാലം ഞാന്‍ തള്ളിപ്പറയേണ്ട കാര്യമില്ലല്ലോ. തള്ളിപ്പറയുമ്പോള്‍ ഞാനെന്ന വ്യക്തിമാത്രമായിത്തീരും. കൊലപാതകം തെറ്റാണ്. ചന്ദ്രശേഖരനെയായാലും അഴീക്കോടന്‍ രാഘവനെയായാലും. ആരാണ് ഈ തെറ്റ് ചെയ്തതെന്ന് കാലം തെളിയിക്കും. തെളിയിക്കപ്പെട്ടാല്‍ അവര്‍ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും. ഒരു പാര്‍ട്ടി അംഗം അതിലുണ്ടാകാം, അല്ലെങ്കില്‍ ഒരു നേതാവുണ്ടാകാം. യു.എ. ഖാദറിന് യു.എ. ഖാദറെന്ന നിലക്ക് തെറ്റുകള്‍ ചെയ്യാം എന്നാല്‍ പു.ക.സ പ്രസിഡണ്ട് എന്ന നിലക്ക് ചെയ്യാന്‍ പാടില്ല. പു.ക.സ പ്രസിഡണ്ട് എന്ന നിലക്ക് എനിക്കൊരു നിലപാടുണ്ടാകണം. അതുണ്ട്. ആ നിലപാടിന് ചില ചിട്ടവട്ടങ്ങള്‍ അനുശാസിക്കുന്നുണ്ട്. ചിട്ടവട്ടങ്ങളുടെ നിയതമായ ചട്ടക്കൂടിനകത്തു നിന്നു വേണം ഞാന്‍ സംസാരിക്കാന്‍. പ്രതികരിക്കാന്‍. ഞാനുള്‍പ്പെടുന്ന സംഘടന ഉള്‍ക്കൊള്ളുന്ന ‘എത്തിക്‌സു’ണ്ട്. അതില്‍ നിന്ന് വ്യതിചലിക്കാന്‍ പാടില്ല. അതുകൊണ്ടാണ് ഒ.എന്‍.വി. കുറുപ്പ് പ്രതികരിക്കാത്തത്.
ഞാന്‍ സജീവ രാഷ്ട്രീയക്കാരനല്ല. എന്നാല്‍ ഏത് മനുഷ്യന്റെ ഉള്ളിലും ഒരാശയ സംഹിതയുണ്ട്. അത് ഒരു പാര്‍ട്ടിക്ക് അനുഗുണമായിക്കൊള്ളണമെന്നില്ല. പാര്‍ട്ടിയുടെ ചട്ടക്കൂടില്‍ ഒതുങ്ങുന്നതായിക്കൊള്ളണമെന്നില്ല. ആ ആശയസംഹിതക്ക് കോട്ടം തട്ടുമ്പോള്‍ ഞാന്‍ ആകുലപ്പെടേണ്ടതുണ്ട്. ഞാനുള്‍ക്കൊള്ളുന്ന സംഘടനയുടേയും കൂടി ആകുലതകളാകണം അതെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്.
പുതിയ കാലത്ത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വിശേഷിച്ച് ഇടതുപക്ഷത്തിന് അപചയം സംഭവിച്ചുകൊണ്ടിരിക്കുന്നു. ഈ വൈപരീത്യത്തെ ഏത് നിലയ്ക്ക് വിലയിരുത്താനാണിഷ്ടം?
ജീവിതത്തിനൊക്കെ ഈ വൈപരീത്യം ഉണ്ടായിട്ടുണ്ടല്ലോ. പഴയ കോഴിക്കോട്ടെ ചങ്ങാത്തങ്ങള്‍, സൗഹൃദങ്ങള്‍, കൂടിച്ചേരലുകള്‍, കെട്ടിമറിയലുകള്‍ ഇന്നില്ല. ഇന്ന് അങ്ങനെ ചെയ്യാന്‍ സാധ്യമല്ല. കാരണം പഴയ ചങ്ങാത്തവുമായി ഒരാള്‍ വന്നാല്‍ കൂട്ടുകൂടാന്‍ അപരന് ഇന്ന് നേരമില്ല. മുമ്പ് ആകാശവാണിയില്‍ നിന്നും ജോലി കഴിഞ്ഞിറങ്ങിവരുന്ന എഴുത്തുകാര്‍, മാതൃഭൂമിയില്‍ നിന്നും ജോലി കഴിഞ്ഞെത്തുന്ന എഴുത്തുകാര്‍, മറ്റു സ്ഥാപനങ്ങളില്‍ നിന്നും വരുന്ന എഴുത്തുകാര്‍ ഇവരുടെയൊന്നും അടുത്തലക്ഷ്യം വീടണയണമെന്നല്ല. ടൗണ്‍ഹാളിന് മുന്നിലോ എന്‍.ബി.എസിന് മുന്നിലോ എത്തണമെന്നായിരുന്നു അവരുടെ ആഗ്രഹം. അതിനാണവര്‍ മുന്‍തൂക്കം നല്‍കിയത്. അവരുടേതായ സമയങ്ങളില്‍ വീട്ടിലെത്തിയെങ്കിലായി. ഇന്നതല്ല. ജോലിയിലിരിക്കുന്ന എഴുത്തുകാരനാണെങ്കില്‍ അയാള്‍ക്ക് വീടെത്തുന്നതിനാണ് ധൃതി. അതല്ലെങ്കില്‍ വേറേതെങ്കിലുമൊരിടത്ത് നിന്ന് ജോലിയെടുത്ത് കൂടതല്‍ കാശുണ്ടാക്കാനെന്ത് വഴിയെന്നന്വേഷിക്കാനാണ് പുതിയ കാലത്ത് താല്‍പ്പര്യം. അത് കാരണം അടുത്തതെന്തെന്ന ചോദ്യത്തിനുത്തരമായി അടുത്തതിന് വേണ്ടി മല്‍സരം നടത്താനാണ് താല്‍പ്പര്യം. അത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളിലും വന്നു, മറ്റെല്ലായിടത്തുമെന്നപോലെ. എന്നെ ഏറ്റവും അടുത്തറിയുന്ന സ്‌നേഹിതനായ കമ്മ്യൂണിസ്റ്റുകാരനാര് എന്ന ചോദ്യത്തിന് എനിക്കിന്ന് മറുപടിയില്ല.
എന്റെ ഏറ്റവും അടുത്ത സുഹൃത്ത് ആരെന്ന് ഇന്ന് ചോദിച്ചാല്‍ ഞാനെന്ത് മറുപടി പറയും. ആ സുഹൃത്തിന് എന്റെ സൗഹൃദം നേരാംവണ്ണം പങ്കുവെയ്ക്കാനോ ചേരാനോ നേരമില്ലെങ്കില്‍ പിന്നെ എങ്ങനെ സൗഹൃദമുണ്ടാകും. സൗഹൃദം ഞാനൊരാള്‍ മാത്രം വിചാരിച്ചാല്‍ സാധിക്കുന്നതല്ല. ഞാനും നിങ്ങളും കൂടി വിചാരിക്കുമ്പോഴാണത് സാധ്യമാകുന്നത്. അങ്ങനെയുള്ള സൗഹൃദത്തിന് അതിന്റേതായ സമയമുണ്ട്. സമയം പണ്ടു കാലത്തുണ്ടായിരുന്നു. മാതൃഭൂമിയില്‍ നിന്ന് ജോലി കഴിഞ്ഞെത്തുന്ന എന്‍.വി. കൃഷ്ണവാര്യരോ കുട്ടികൃഷ്ണമാരാരോ പെട്ടെന്ന് വീട്ടിലേക്കല്ല ഓടിയത്. ഒന്നുകില്‍ റാണി ബുക്‌സിലേക്ക്, അതല്ലെങ്കില്‍ എന്‍.ബി.എസിലേക്കോ ടൗണ്‍ഹാളിലേക്കോ ആണ്. കെ.ടി. മുഹമ്മദിന്റെയോ എ.കെ. പുതിയങ്ങാടിയുടെയോ പുതിയ നാടകം കാണാനാണ് ഓടുന്നത്. അത് കണ്ടിട്ട് ഇത് മഹത്തായ കലാസൃഷ്ടിയാണെന്ന് പ്രഖ്യാപിക്കുന്നത് കുട്ടികൃഷ്ണമാരാരാണ്. ആ ഹൃദയ വിശാലത ഇന്ന് ഏത് എഴുത്തുകാരനുണ്ട്? ഏത് കലാകാരനുണ്ട്?
പു.ക.സയും എം.എന്‍ വിജയന്റെ ന്യായീകരണവും പാര്‍ട്ടി സംവിധാനങ്ങള്‍ എഴുത്തുകാരന് കൂച്ചുവിലങ്ങിടുന്നതായി എന്നെങ്കിലും തോന്നിയിട്ടുണ്ടോ. പ്രത്യേകിച്ചും പു.ക.സയുടെ പ്രസിഡണ്ടാണ് താങ്കള്‍….?
എഴുത്തുകാരന് പാര്‍ട്ടിയുടെ കൂച്ചുവിലങ്ങുമായി നടക്കേണ്ട കാര്യമില്ലല്ലോ. എഴുത്തുകാരന് അതിനപ്പുറത്ത് എഴുത്തിന്റേതായ ഒരു സ്വത്വമുണ്ട്. ആ സ്വത്വരൂപീകരണത്തിനാണല്ലോ എഴുത്തുകാരന്‍ ശ്രമിക്കുന്നത്. എഴുത്തുകാരന്‍ ആര്‍ക്കനുകൂലമായി പറയുന്നു എന്നല്ല തനിക്ക് പറയാനുള്ളത് പറഞ്ഞാല്‍ മനുഷ്യനെ അതെത്രമാത്രം പോറലേല്‍പ്പിക്കുന്നു എന്നാണ് ചിന്തിക്കേണ്ടത്. അതല്ലാതെ ‘കിം ഫലം’ എന്ന് ആലോചിച്ചുള്ള പ്രവര്‍ത്തനമല്ല നടത്തേണ്ടത്. എന്നാല്‍ ഇന്ന് അതാണ് നടക്കുന്നത്. അതുകൊണ്ടാണ് നഷ്ടബോധത്തെക്കുറിച്ച് ഇന്ന് കൂടുതല്‍ ആകുലത.
പണ്ട് ഈ നഷ്ടബോധത്തെക്കുറിച്ച് ചിന്തിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. ഞാനിന്നത് പറഞ്ഞാല്‍ എനിക്ക് കിട്ടിയ സാഹിത്യ അക്കാദമി പ്രസിഡണ്ട് സ്ഥാനം നഷ്ടപ്പെട്ടു പോകുമോ എന്ന ആകുലത അന്നില്ല.
പി.സി. കുട്ടികൃഷ്ണനെ അക്കാലത്ത് സാഹിത്യ അക്കാദമി പ്രസിഡണ്ടാക്കിയത് പി.സി. കുട്ടികൃഷ്ണനെന്ന എഴുത്തുകാരനായതു കൊണ്ടാണ്. അതല്ലാതെ കോണ്‍ഗ്രസ് അനുഭാവിയായതുകൊണ്ടല്ല. ഇപ്പോഴത്തെ സര്‍ക്കാറിന് അനുഗുണമായി എത്രത്തോളം നീങ്ങാന്‍ കഴിയുമോ അത്രത്തോളം എന്റെ വൈക്കോലുണക്കാം എന്ന് കരുതി വരുന്ന സാഹിത്യകാരന്മാര്‍ ഇന്നുണ്ട്. ഇപ്പോള്‍ ഇതൊരു ബിസിനസ്സായി മാറി. പണ്ട് എനിക്കിത് കൊണ്ടെന്ത് കിട്ടും എന്നുള്ളതിനെക്കുറിച്ചല്ല എഴുത്തുകാര്‍ ആകുലപ്പെട്ടിരുന്നത്. ഇന്ന് ഞാനങ്ങനെ പറഞ്ഞാല്‍ വരാന്‍ പോകുന്ന അക്കാദമിയുടെ പ്രസിഡണ്ടായി എന്നെ പരിഗണിക്കില്ലല്ലോ അതുകൊണ്ട് ഇന്നത് ചെയ്യണമെന്ന് മുന്‍കൂട്ടി ആസൂത്രണം ചെയ്യുന്ന മനോഭാവം എഴുത്തുകാര്‍ക്കും കലാകാരന്മാര്‍ക്കുമിന്നുണ്ട്. പണ്ടതില്ല. പണ്ട് സാഹിത്യ അക്കാദമി ചെയര്‍മാനാകണമെന്ന് വിചാരിച്ചല്ല ഉറൂബ് സുന്ദരന്മാരും സുന്ദരികളുമെഴുതിയത്. ഉറൂബ് ഉറൂബിനെ സൃഷ്ടിക്കുകയായിരുന്നു. സാഹിത്യത്തിലവര്‍ അത്യാവശ്യമാണെന്നും അക്കാദമിക്കത് മുതല്‍ക്കൂട്ടാവുമെന്നും വിചാരിച്ചാണ് അന്നത്തെ സാഹിത്യകാരന്മാര്‍ ഇടപെട്ടത്.
കടമ്മനിട്ട രാമകൃഷ്ണന്‍ മരിച്ചപ്പോള്‍ പു.ക.സയ്ക്ക് ഒരു പ്രസിഡണ്ടിനെ ആവശ്യമായി വന്നു. ഞാനാണെങ്കില്‍ പു.ക.സയില്‍ അംഗം പോലുമല്ല. നേരത്തെ ദേശാഭിമാനി സ്റ്റഡി സര്‍ക്കിളുമായിപ്പോലും ബന്ധമുണ്ടായിരുന്നില്ല എനിക്ക്. അവരുടെ ഏതെങ്കിലും സംഘടനാ ഘടകത്തില്‍ പ്രവര്‍ത്തിച്ച് യാതൊരു ശീലവുമെനിക്കുണ്ടായിരുന്നില്ല. സര്‍ക്കാര്‍ ജോലി സ്വീകരിച്ചതോടെ എന്റെ പാര്‍ട്ടി പ്രവര്‍ത്തനം പഴയത് പോലെ തുടരാന്‍ കഴിഞ്ഞില്ല. ആകാശവാണിയിലെത്തിയപ്പോഴും അങ്ങനെ തന്നെ. കിട്ടിയ സമയം സാഹിത്യപ്രവര്‍ത്തനത്തിനും കൂട്ടുകെട്ടിനും ചങ്ങാത്തത്തിനുമായി വിനിയോഗിച്ചു. എന്നാല്‍ അപ്പോഴും മനസ്സിന്റെ ഒരു കോണില്‍ ഇടതുപക്ഷ ചായ്‌വ് ഉണ്ടായിരുന്നു. അതെന്നില്‍ ഉണ്ടാക്കിയത് കുട്ടിക്കാലത്തെ അനുഭവങ്ങളാണ്.
യു.എ. ബീരാന്‍ ബോംബെയില്‍ ഉള്ള കാലം മുതലേ എനിക്ക് കത്തെഴുതാറുണ്ടായിരുന്നു. പിന്നീടദ്ദേഹം ചന്ദ്രികയില്‍ സബ് എഡിറ്ററായി വന്നപ്പോഴും ഞങ്ങള്‍ തമ്മില്‍ ബന്ധമുണ്ടായിരുന്നു. എന്നാല്‍ ഞങ്ങളൊരിക്കലും രാഷ്ട്രീയം സംസാരിക്കാറുണ്ടായിരുന്നില്ല. എന്നാല്‍ ഞാനൊരു ഇടതുപക്ഷ ചിന്താഗതിക്കാരനാണെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷേ ഞാനൊരിക്കലും സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നിന്നിട്ടില്ല. അങ്ങനെയൊരു പ്രവര്‍ത്തനം ഒരെഴുത്തുകാരന്റെ സര്‍ഗജീവിതത്തിനാവശ്യമാണെന്ന പക്ഷക്കാരനുമല്ല ഞാന്‍.
എഴുത്തുകാരന്‍ എഴുത്തിന്റെ തിണ്ണബലത്തില്‍ നില്‍ക്കുന്നവനായിരിക്കണം. ആ എഴുത്ത് രാഷ്ട്രീയത്തെയല്ല സ്വാധീനിക്കേണ്ടത്; മനുഷ്യ പുരോഗതിയെയാണ്. അതിന് ആര് തടസ്സം നില്‍ക്കുന്നുവോ അതിനെതിരെയാണ് സംസാരിക്കേണ്ടത്. അതാണ് രാഷ്ട്രീയ ലക്ഷ്യം.
പു.ക.സയുടെ പ്രസിഡണ്ടാകണം എന്ന് പാര്‍ട്ടിയുടെ അടുത്ത ബന്ധുക്കളാണ് പ്രത്യേകിച്ചും ബേബിയെപ്പോലുള്ളവരാണ് പറഞ്ഞത്. ആവാം എന്ന് ഞാന്‍ സമ്മതം മൂളി. അപ്പോഴും ഒരു മുന്‍കൂര്‍ ജാമ്യമെടുത്തു. ദൈനംദിന സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കോ മുന്നില്‍ നിന്ന് മുദ്രാവാക്യം വിളിക്കാനോ ഞാനുണ്ടാവില്ലെന്ന്. കാരണം ഞാനതിന് പാകമല്ല. എന്റെ പ്രകൃതമാണ്. ഇടതുപക്ഷ ചിന്താഗതിക്കാരനാണ് ഞാനെപ്പോഴും. എന്നുവെച്ച് എവിടെയെങ്കിലും മനുഷ്യന്‍ ഹിംസിക്കപ്പെടുമ്പോള്‍ അതിനെ ന്യായീകരിക്കാന്‍ ഞാനൊരിക്കലും തയ്യാറല്ല. ചന്ദ്രശേഖരന്റെ വധത്തിന്റെ കാര്യത്തിലും ഇതേ നിലപാടാണ്. കുറ്റക്കാര്‍ ആരാണോ അവര്‍ ശിക്ഷിക്കപ്പെടണം. എന്നാല്‍ എം.എന്‍. വിജയന്‍ മാഷെപ്പോലെ, പാമ്പുകളെ ചുട്ടുകൊന്നപ്പോള്‍ ആ കൃത്യത്തെ അനുകൂലിക്കാന്‍ ഞാനാളല്ല.
വിജയന്‍ മാഷുമായി നല്ല ബന്ധമായിരുന്നു. എന്നാല്‍ ഞാനദ്ദേഹത്തെ എതിര്‍ക്കുകയും ചെയ്തിട്ടുണ്ട്. പുനത്തില്‍ കുഞ്ഞബ്ദുല്ല സാഹിത്യ മോഷണം നടത്തി എന്ന് ആരോപണമുയര്‍ന്നപ്പോള്‍ വിജയന്‍ മാഷ് അതിനെ ന്യായീകരിച്ചു. സാഹിത്യത്തില്‍ സാധാരണ നിലയ്ക്കതാവശ്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ ന്യായം. മാഷതിനെ ന്യായീകരിക്കുന്നത് ശരിയല്ലെന്ന് ഞാന്‍ പറഞ്ഞു. വടക്കേ മലബാറിലൊരു ചൊല്ലുണ്ട്. മുടിയുണ്ടെങ്കില്‍ ചായ്ച്ചും ചെരിച്ചും കെട്ടാമെന്ന്. അതേപോലത്തെ അഭിപ്രായമാണ് വിജയന്‍ മാഷുടേതെന്ന് ഞാന്‍ വിമര്‍ശിച്ചു. അപ്പോള്‍ മാഷ് ചിരിച്ചുകൊണ്ടെന്നോട് പറഞ്ഞു. ”ഖാദറിന്റെ ആ പ്രയോഗമെനിക്കിഷ്ടപ്പെട്ടെന്ന്.” എതിര്‍പ്പിനെ മനസ്സിലാക്കാന്‍ കഴിയുന്ന വലിയ മനസ്സിന്റെ ഉടമയായിരുന്നു മാഷ്.
പു.ക.സയ്ക്ക് പു.ക.സയുടേതായ ഒരു പ്രവര്‍ത്തനരീതിയുണ്ട്, ശൈലിയുണ്ട്. അതിലവര്‍ വളരെ സജീവമായി പ്രവര്‍ത്തിക്കുന്നു. അഭിപ്രായങ്ങളോട് നമുക്ക് പൂര്‍ണമായി യോജിച്ചുപോകാന്‍ കഴിയാത്തതായി ഉണ്ടാകും. പൂര്‍ണമായി യോജിച്ചുപോകാന്‍ പറ്റാത്തത് ഞാനെന്ന വ്യക്തിക്കാണ്. പു.ക.സയുടെ പ്രസിഡണ്ടിനല്ല. പു.ക.സയുടെ പ്രസിഡണ്ട് സംഘടനയുടെ ഭാഗത്ത് എപ്പോഴുമുണ്ടാകണം. ആ ഇടതുപക്ഷ മനോഭാവം എനിക്കെന്നുമുണ്ട്. അതല്ലാതെ എന്റെ വ്യക്തിപരമായ പക്ഷപാതങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള സംഘടനയല്ല പു.ക.സ.
അറ്റുപോയ പൊക്കിള്‍ക്കൊടിയുടെ അറ്റം തേടിയുള്ള യാത്ര ഏത് തീര്‍ത്ഥാടനത്തേക്കാളും മഹത്തരമാണ്. വര്‍ഷങ്ങള്‍ക്കു ശേഷമാണ് യു.എ. ഖാദര്‍ അമ്മ മണ്ണിനെത്തേടി റംഗൂണിലേക്ക് ചെല്ലുന്നത്. മനസ്സില്‍ ഇപ്പോഴും അമ്മയെന്ന ചിന്ത വേരുപടര്‍ത്തി നില്‍ക്കുന്നുണ്ടാവും. വര്‍ഷങ്ങള്‍ പിന്നിടുമ്പോഴുണ്ടാകുന്ന വൈകാരികാവസ്ഥയെ എങ്ങനെ നിരീക്ഷിക്കുന്നു?
ഞാനതുവരെ സങ്കല്പിച്ചുവെച്ചത് സ്‌നേഹത്തിന്റെ നീരുറവയാണ് അമ്മ എന്നാണ്. അങ്ങനെയൊരു സങ്കല്പം വേണ്ട എന്നാണ് എനിക്ക് പിന്നീട് തോന്നിയത്.
നാം വളരുന്ന സാഹചര്യം, നാം വളരുന്ന മണ്ണ്. ആ മണ്ണില്‍ നിന്നും വളരാനാവശ്യമായ ജൈവാംശം വലിച്ചെടുക്കാനുള്ള കഴിവ് സ്വതവേ നമുക്കുണ്ടാവും. അങ്ങനെ വളര്‍ന്നവനാണ് ഞാന്‍. അല്ലാതെ അമ്മയുടെ മുലപ്പാലിന്റെ സിദ്ധൗഷധം കൊണ്ടല്ല എന്നില്‍ ഭാഷ രൂപപ്പെട്ടത്. സാഹചര്യങ്ങള്‍, വളര്‍ന്നു വന്ന ചുറ്റുവട്ടങ്ങള്‍. അതാണ് ജീവിതത്തെക്കുറിച്ചും ഭാഷയെക്കുറിച്ചും പുതിയ കാഴ്ചപ്പാടുകളുണ്ടാക്കി തന്നത്. ഇതാണ് ബര്‍മ്മയില്‍ പോയി വന്നപ്പോഴെനിക്ക് തോന്നിയത്. അതുവരെ ഞാന്‍ കാണാതിരുന്ന നാട്, എനിക്ക് നഷ്ടപ്പെട്ടുപോയ ബര്‍മ്മ, അതിന്റെ ആധിയായിരുന്നെനിക്ക്. എന്നാല്‍ അതിന് യാതൊരു പ്രസക്തിയുമില്ലെന്ന് എനിക്ക് മനസ്സിലായി. അവിടെ ചെന്നപ്പോള്‍ ഞാന്‍ അന്യനാണ്. എന്നെ അറിയുന്നവര്‍ ആരുമില്ല. എനിക്ക് ബന്ധമുണ്ടെന്ന് ചൂണ്ടിപ്പറഞ്ഞ് ചെല്ലാനെനിക്കൊരു ഇടവുമില്ല. അത് എന്റെ ഉപ്പ ഉണ്ടാക്കി തന്നിട്ടുമില്ല. ഭാവിയില്‍ ഞാനവിടെ ചെന്നാല്‍ തപ്പിപ്പിടിക്കാന്‍ എന്തെങ്കിലും ഒരവശേഷിത രൂപം, സ്മരണ അവിടെ എന്റെ ഉപ്പ എനിക്കായി കരുതിവെച്ചിട്ടുമില്ല. എന്റെ മനസ്സിലുണ്ടായ ഓര്‍മ്മകളല്ലാതെ മറ്റൊന്നുമെനിക്കവിടെ ഉണ്ടായിരുന്നില്ല. അവിടത്തെ പഗോഡകള്‍, മലകള്‍, താഴ്‌വാരങ്ങളിലെ ചന്തപ്പുരകള്‍ തുടങ്ങിയവ എന്റെ ഓര്‍മ്മകള്‍ മാത്രമായിരുന്നു. ഈ ഓര്‍മ്മകളെ എനിക്ക് പല രീതിയില്‍ വര്‍ണ്ണപ്പകിട്ടുള്ളതാക്കാം ഭാവന കൊണ്ട്. പക്ഷേ ആ സ്ഥലം ഞാന്‍ കണ്ടതോടെ അപ്രത്യക്ഷമായത് ആ വര്‍ണ്ണപ്പകിട്ടുകളാണ്. ഞാന്‍ കണ്ട ബര്‍മ്മ എന്റെ സ്വപ്നങ്ങള്‍ക്കുള്ള പഴുതുകള്‍ നഷ്ടപ്പെടുത്തി. ഐരാവതി നദി, പഗോഡകള്‍, ഉല്‍സവങ്ങള്‍, വ്യാളീ മുഖങ്ങള്‍ ചന്തകള്‍ തുടങ്ങിയവ എനിക്ക് പലതായി സങ്കല്പിക്കാമായിരുന്നു. ഇനി ഞാന്‍ കണ്ടതു മാത്രമേ സങ്കല്പിക്കാനാവൂ.
എന്റെ മുഖവും ആകൃതിയും എന്നെ മലയാളികളില്‍ നിന്ന് മാറ്റി നിര്‍ത്തുന്നു. ജന്മം കൊണ്ട് ഒരുപാട് അവഗണന മാത്രം നേരിട്ട എനിക്ക് ഇതും ഒരൊറ്റപ്പെടലിന്റെ മൗന ദു:ഖമാണ് നല്‍കിയത്. മറുനാട്ടില്‍ നിന്നും വന്നൊരാള്‍. ബന്ധുക്കളുടെ വീട്ടിലും മറിച്ചല്ല മനോഭാവം. കല്ല്യാണാലോചനയ്ക്കായാലും ഇവന്‍ അവിടുന്ന് വന്നവനാണെന്ന് മുദ്ര കുത്തപ്പെട്ടു. ഭാഷയിലും ഇത് തന്നെ സ്ഥിതി. അവിടുന്ന് വന്ന് എഴുതിയവനെന്ന് പറയുന്നവന്‍. 68 കൊല്ലത്തിനു ശേഷം ജന്മനാട് കണ്ടപ്പോള്‍, മനസ്സിലുണ്ടായിരുന്ന സ്വപ്നങ്ങളെല്ലാം അതുപോലെ തന്നെ ഉണ്ടായിരുന്നെങ്കിലും നദിയുടെ പേര് മാറിപ്പോയിരുന്നു. ഞാന്‍ മനസ്സില്‍ കൊണ്ടുനടന്നത് ഐരാവതിയെയായിരുന്നു. മുതിര്‍ന്നപ്പോള്‍, ഞാനൊരു നദീതീരത്താണ് വളര്‍ന്നതെന്ന് എനിക്ക് അറിയാമായിരുന്നല്ലോ. ബര്‍മ്മയിലെ ഏറ്റവും വലിയ നദിയാണ് ഐരാവതി. ബര്‍മ്മയുടെ പുണ്യ നദിയെന്നു പറയാം. അതിന്റെ തീരത്തുള്ള ഒരു ഗ്രാമത്തിലാണ് ഞാന്‍ ജനിച്ചതെന്നായിരുന്നു എന്റെ ധാരണ. പക്ഷേ അത് തെറ്റായിരുന്നു. കാരണം, റങ്കൂണ്‍ പട്ടണത്തില്‍ നിന്നും എത്രയോ ദൂരത്താണ് മോണ്‍സ്റ്റേറ്റ്. മോള്‍മൈയിനാണ് തലസ്ഥാനം. അതിനടുത്തുള്ള ഗ്രാമത്തിലാണ് യഥാര്‍ത്ഥത്തില്‍ ഞാന്‍ ജനിച്ചത്.
അതിലൂടൊഴുകുന്ന നദി ക്വായ്‌ക്തോ നദിയാണ്. മാതൃഭാഷ എന്ന സങ്കല്പവും വെറുതെയാണെന്നാണ് എന്റെ പക്ഷം. അവനവന്‍ പന്തലിച്ച് വേരോടി വളര്‍ന്ന ഒരു പ്രത്യേക മണ്ണുണ്ടല്ലോ. അത് നല്‍കുന്ന ഭാഷയും അത് നല്‍കുന്ന സ്‌നേഹവും പരിചരണവുമാണ് ഏത് മനുഷ്യനെയും നിലനിര്‍ത്തുന്നത്. ഞാന്‍ വളര്‍ന്നത് ഗുജറാത്തിലായിരുന്നെങ്കില്‍ ഗുജറാത്തിയായാണ് വളരുക. മുഖം ബര്‍മ്മക്കാരന്റേതാണെങ്കിലും. അമ്മ സങ്കല്പം വെറുതെയാണ്.
ഏഴാം വയസ്സിലാണ് ബര്‍മ്മയില്‍ നിന്നും കേരളത്തിലേക്ക് പറിച്ചു നടപ്പെടുന്നത്. അവിടെ നിന്ന് വരാനിടയായ സാഹചര്യം? അമ്മയെക്കുറിച്ച് ബാപ്പ എന്തെങ്കിലും പറഞ്ഞു തന്നിരുന്നോ?
ഒരക്ഷരം പറഞ്ഞു തന്നിട്ടില്ല. അമ്മയെക്കുറിച്ച് മറ്റുള്ളവര്‍ പറഞ്ഞുതന്ന അറിവുകളേ എനിക്കുള്ളൂ. രണ്ടാം ലോക മഹായുദ്ധമാണ് വരാനിടയാക്കിയ സാഹചര്യം. അമ്മ എന്നെ പ്രസവിച്ച് മൂന്നാം ദിവസം മരിച്ചു പോയിരുന്നു. ഞാന്‍ പിന്നീട് വളര്‍ന്നത് അമ്മയുടെ അനിയത്തിമാരുടെ തണലിലാണ്. അതു കൂടാതെ ഉപ്പയും ഉപ്പയുടെ ബന്ധുക്കളും ബര്‍മ്മയിലുണ്ടായിരുന്നു. അക്കാലത്ത് ബര്‍മ്മയിലും സിങ്കപ്പൂരിലുമൊക്കെ ജോലിക്ക് പോയ മലയാളികളില്‍ മിക്കവരും അവിടത്തുകാരെ കല്ല്യാണം കഴിച്ചിട്ടുണ്ട്. അതുപോലെ എന്റെ ബാപ്പയും. ഉമ്മയെക്കുറിച്ച് രണ്ട് തവണ ഞാന്‍ ബാപ്പയോട് ചോദിച്ചിരുന്നു. അപ്പോള്‍ ബാപ്പയുടെ കണ്ണ് നിറഞ്ഞൊഴുകുന്നതാണ് കണ്ടത്. പിന്നീടൊരിക്കലും എന്റെ മാതാവിനെക്കുറിച്ചൊന്നും അദ്ദേഹത്തോട് ചോദിച്ചിട്ടില്ല. ഈ ചോദ്യം ചോദിക്കുന്ന കാലത്ത് ഒരെഴുത്തുകാരനെന്ന നിലയില്‍ ഞാനേറെ അറിയപ്പെട്ടിരുന്നു. എന്തെങ്കിലും ചിക്കിപ്പെറുക്കി കഥയെഴുതാനാണ് ചോദ്യമുന്നയിക്കുന്നതെന്നായിരിക്കാം ബാപ്പ കരുതിയത്. പക്ഷേ ഒരു കുട്ടിയുടെ കൗതുകം കൊണ്ട് ചോദിക്കുകയാണെന്ന് ബാപ്പ മനസ്സിലാക്കിയില്ല.
വേണമെങ്കില്‍ ഉപ്പയ്ക്ക് എന്നെ ബര്‍മ്മയില്‍ ഉപേക്ഷിക്കാമായിരുന്നു. ബാപ്പയുടെ ജ്യേഷ്ഠന്‍ കല്ല്യാണം കഴിച്ചിരുന്നില്ല. ബാപ്പ ബര്‍മ്മയില്‍ നിന്ന് കല്ല്യാണം കഴിച്ചതും കുട്ടിയുണ്ടായതും നാട്ടിലറിഞ്ഞാല്‍ അപമാനമാണെന്ന് അദ്ദേഹം കരുതിക്കാണണം. അതിനാല്‍ എന്നെ ഉപേക്ഷിക്കാന്‍ അദ്ദേഹം ബാപ്പയെ പ്രേരിപ്പിച്ചെങ്കിലും ബാപ്പ സമ്മതിച്ചില്ല. ചിറ്റഗോങ്ങ് അഭയാര്‍ത്ഥി ക്യാമ്പില്‍ എന്നെ ഉപേക്ഷിക്കാനാണ് നിര്‍ദ്ദേശിച്ചത്.
എന്നാല്‍ ഉപ്പാന്റെ ഉമ്മയുടെ കൂടെ രണ്ടുകൊല്ലം കഴിഞ്ഞ കാലം അതെനിക്ക് സ്വര്‍ഗ കാലമായിരുന്നു. ഭാഷ മനസ്സിലാകാത്ത എന്നെ കൂട്ടിയടുപ്പിച്ച അവരിലൂടെയാണ് ഞാന്‍ മലയാളം പഠിച്ചത്. എന്റെ ഭാഷ മനസ്സിലാകാത്തതുകൊണ്ട് ബര്‍മ്മ ഭാഷ അറിയുന്ന ബാപ്പയുടെ മരുമകനെ അവിടെ ദ്വിഭാഷിയായി നിര്‍ത്തി ആദ്യമൊക്കെ. ബര്‍മ്മയില്‍ പോയി കല്ല്യാണം കഴിച്ച് ബര്‍മ്മക്കാരനായി ജീവിച്ച് ബര്‍മ്മക്കാരായി മരിച്ച എത്രയോ മലയാളികളുണ്ട്.
റങ്കൂണ്‍, ബര്‍മ്മ, മ്യാന്‍മാര്‍, അമ്മ നാടിന്റെ മാറ്റമാണിത്. ഓര്‍മ്മകളുടെ പഗോഡ എഴുതുന്നതിന് മുമ്പ് അവിടെ പോയപ്പോള്‍ ഈ മാറ്റത്തെ എങ്ങനെയാണ് കണ്ടത്?
അവിടെ പട്ടാള ഭരണം വന്നതോടെ ആകെ മാറിയിരുന്നു. ഇപ്പോഴാണ് ആ രാജ്യം ഒന്നുയിര്‍ത്തെഴുന്നേറ്റു വരുന്നത്. ഇന്ത്യ ഒരു കാലത്ത് ഭക്ഷണം കഴിച്ചിരുന്നത് ബര്‍മ്മ അരി കൊണ്ടാണ്. ബര്‍മ്മയില്‍ നിന്നും ബ്രിട്ടനിലെ ലങ്കാ ഷെയറില്‍ നിന്നും വരുന്ന തുണിത്തരങ്ങളായിരുന്നു നമ്മള്‍ മുമ്പ് ഉപയോഗിച്ചിരുന്നത്. പിന്നീട് ഗള്‍ഫടക്കമുള്ള വിദേശ രാജ്യങ്ങളിലെ ജീവിതം കൊണ്ട് മലയാളികള്‍ പച്ചവെച്ചത് പോലെ ലോകമഹായുദ്ധത്തിന് മുമ്പ് മലയാളികളെ പച്ചവെപ്പിച്ച ഇടങ്ങളാണ് ബര്‍മ്മ, സിങ്കപ്പൂര്‍, മലേഷ്യ തുടങ്ങിയവ. എന്നാല്‍ ആ നാട്ടുകാര്‍ മലയാളികളെ അവരുടെ നാട്ടുകാരായി തന്നെയാണ് സ്വീകരിച്ചത്. അതുകൊണ്ടവര്‍ക്കവിടെ കുടുംബമുണ്ടാക്കാന്‍ കഴിഞ്ഞു. പക്ഷേ യുദ്ധത്തോടു കൂടി പലയിടങ്ങളിലും ആഭ്യന്തര സംഘര്‍ഷങ്ങള്‍ ശക്തമായി. ഇതോടെ ജന്മനാട്ടിലേക്ക് മടങ്ങേണ്ടിവന്നു എല്ലാവര്‍ക്കും.
അതോടെ ഇവിടെ തൊഴിലില്ലായ്മയും പട്ടിണിയും രൂക്ഷമായി. വടക്കേ മലബാറില്‍, പ്രത്യേകിച്ചും മലബാറില്‍ നിന്നു പോയവര്‍ സാധാരണ തൊഴിലാളികളായിരുന്നു. തിരുവിതാംകൂറില്‍ നിന്നും പോയവര്‍ എസ്റ്റേറ്റ് മുതലാളിമാരും ധനാഢ്യന്മാരുമായിരുന്നു. ഇവിടെ നിന്നും പോയ സാധാരണക്കാര്‍ അവിടെ ജോലി ചെയ്ത് പണം സമ്പാദിച്ച് സമ്പന്ന ജീവിതമാണ് നയിച്ചത്. തിരിച്ച് വടക്കേ മലബാറില്‍ വന്നപ്പോള്‍ അവരുടെ ജീവിതമാകെ താളം തെറ്റി. ദരിദ്രരായിയെന്ന് മാത്രമല്ല, അവരെ ആശ്രയിച്ചു മുമ്പ് കഴിഞ്ഞിരുന്ന തെങ്ങുകയറ്റക്കാരടക്കം പുതിയ പണക്കാരായി കഴിഞ്ഞിരുന്നു. അങ്ങനെ ഗതികെട്ട് അടുപ്പില്‍ ചേരയിഴയുന്ന പരുവത്തിലായവരായി വടക്കേ മലബാറുകാര്‍. അപ്പോഴാണ് ഒരു സൂര്യോദയം പോലെ ഗള്‍ഫ് ഉണ്ടാകുന്നത്. പിന്നെ അടുപ്പത്ത് വി.എം. കുട്ടിയും വിളയില്‍ വല്‍സലയുമൊക്കെ പാടാന്‍ തുടങ്ങി; ഈ മാറ്റമാണ് ‘ദുബായ് തെയ്യ’മെന്ന പേരില്‍ തൃക്കോട്ടൂര്‍ പെരുമയില്‍ ഞാനെഴുതിയത്.
എന്റെ ജന്മസ്ഥലം റങ്കൂണിലേയല്ല. അവിടെ നിന്നും കിലോ മീറ്ററുകള്‍ ദൂരെയാണ്. ഒരുപാട് തവണ ഞാനാലോചിച്ചിട്ടുണ്ട്. വടക്കേ മലബാറിലെ ഒരു മുസ്‌ലിം മദിരാശിയില്‍ ചെന്ന്, അവിടെ നിന്ന് കപ്പല്‍ കയറി എന്റെ ജന്മദേശത്തേക്ക് എത്തണമെങ്കില്‍ ഒരുപാട് ദൂരമുണ്ട്. വേറൊരു സംസ്ഥാനമാണ് മോണ്‍സ്റ്റേറ്റ്.
ചൈനയുടെ അതിര്‍ത്തിക്കടുത്ത സ്ഥലമാണ്. അവിടെ ബില്ലീന്‍ ഗ്രാമത്തില്‍ പോയി കൊയിലാണ്ടിയിലെ ഒരു മുസ്‌ലിം ജീവിതമുണ്ടാക്കിയെന്നത് വിസ്മയകരമല്ലാതെ മറ്റെന്താണ്? ഒരു പിടിവള്ളിയായി എന്റെ ഓര്‍മ്മയിലുള്ളത് ബില്ലീനാണ്. അത് ഞാന്‍ തറപ്പിച്ചു പറഞ്ഞു. ബില്ലീന്‍ എവിടെയാണെന്ന് ആര്‍ക്കും അറിയില്ല. പിന്നെയാകെ ഉണ്ടായിരുന്നത് ഒരു പഴത്തെക്കുറിച്ചുള്ള ഓര്‍മ മാത്രമാണ്. ഡ്വന്‍തീ ചുള. പഴുത്താല്‍ അതിന് നല്ല മധുരമാണ്. എന്നാല്‍ മൂന്ന് ദിവസം കഴിഞ്ഞാല്‍ അത് ചീത്തയായിപ്പോകും. ബര്‍മ്മക്കാരികളുടെ തൊള്ള ഡ്വന്‍തീ ചുള തിന്നുന്നത് കൊണ്ട് തീട്ടം മണക്കുന്നെന്ന് മൂത്താപ്പ കൊള്ളിവാക്ക് പറയുമായിരുന്നു. അതുകൊണ്ട് അതെന്റെ മനസ്സില്‍ എന്നുമുണ്ടായിരുന്നു. ഈ പഴം കായ്ക്കുന്നത് മോണ്‍സെയിറ്റിലാണ്. അവിടെ ഷുഗര്‍ ഫാക്ടറിയുണ്ട്.
ജന്മദേശം എഴുത്തുകാര്‍ക്ക് എഴുത്തിന്റെ പ്രചോദന കേന്ദ്രമാണ്. യു.എ. ഖാദറെന്ന കഥാകാരന് ജന്മദേശത്തിന്റെ ഓര്‍മ്മകള്‍ അത്ര വിശാലമല്ല?
എന്റെ എഴുത്തിന്റെ ദേശം പന്തലായനി അംശം കോവില്‍ക്കണ്ടി ദേശമാണ്. അത് കുറച്ചുകൂടി വളര്‍ന്നപ്പോള്‍ തൃക്കോട്ടൂര്‍ അംശം ദേശമായി.
ഇക്കാലമത്രയും പിറന്ന നാട്ടില്‍ തിരിച്ചു ചെല്ലാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോള്‍, എന്നെ പോറ്റി വളര്‍ത്തിയ പിതൃദേശത്തിന്റെ സ്‌നേഹ വാല്‍സല്യാലിംഗനമെന്നാണ് പറയുന്നത്. അത്രയും മഹത്വം വളര്‍ന്ന മണ്ണിന് താങ്കള്‍ കൊടുക്കുന്നുണ്ട്. എന്തു കൊണ്ടാണിത്?
എന്തെഴുതുമ്പോഴും എന്നില്‍ വന്നു നിറയുന്നത് കൊയിലാണ്ടിയാണ്. പുതിയ കഥപോലും കൊയിലാണ്ടിയുടെ പഴയ കാലത്തെക്കുറിച്ചാണ്. അതെഴുത്തുകാരന്റെ സ്വത്താണ്. എഴുത്തിന്റെ ഏത് രീതിയില്‍ ചിന്തിക്കുമ്പോഴും കഥാപാത്രത്തെ സങ്കല്പിക്കുമ്പോഴും കുട്ടിക്കാലത്ത് പരിചയപ്പെട്ട കഥാന്തരീക്ഷവും കഥാപാത്രങ്ങളുമെല്ലാമാണ് എഴുത്തുകാരന്റെ മുതല്‍. ആ മൂശയിലാണ് നാം മാതൃകകള്‍ വാര്‍ത്തുണ്ടാക്കുന്നത്. അതുകൊണ്ട് എഴുത്തുകാരന്റെ ഏറ്റവും വലിയ സമ്പത്ത് എഴുത്തുകാരന്‍ വളര്‍ന്ന ദേശം തന്നെയാണ്.
തായ്‌വഴിയിലെ ഭാഷ പറ്റെ മറന്നവന്റെ വേദന താങ്കളെ വല്ലാതെ അലട്ടിയിട്ടുണ്ടാകണം. ഒരെഴുത്തുകാരന്‍ എന്ന നിലയില്‍ ഈ ഭാഷാ നഷ്ടത്തെ എങ്ങനെ വിലയിരുത്താനാണിഷ്ടം?
ഭാഷാ നഷ്ടം എന്നാണ് എനിക്ക് യാത്രയുടെ മുമ്പ് വരെ തോന്നിയത്. കാരണം തായ് ഭാഷയിലെനിക്കൊന്നുമറിയില്ലല്ലോ. പക്ഷേ അത് നഷ്ടമല്ലെന്ന് യാത്രക്ക് ശേഷം ബോധ്യപ്പെട്ടു. ഒരാളുടെ ഭാഷ നിര്‍ണയിക്കുന്നത് അവന്‍ പടര്‍ന്നു പന്തലിക്കുന്ന മണ്ണിന്റെ ജൈവാംശത്തില്‍ നിന്നാണെന്ന് ഞാന്‍ പറഞ്ഞുവല്ലോ. അല്ലാതെ പെറ്റമ്മയുടെ നാവിലൂടെയാണ് എന്നില്‍ ഭാഷ വന്നു നിറഞ്ഞതെന്ന് പറയുന്നത് വെറുതെയാണ്. അത് കവി സങ്കല്പം മാത്രമാണ്. മനുഷ്യന്റെ മനസ്സില്‍ ഭാഷ രൂപം കൊള്ളുന്നത് വളര്‍ന്നുവരുന്ന സാഹചര്യത്തില്‍ നിന്നാണ്. അവിടെ നിന്നവനറിയാതെ അവനിലത് ആവേശിച്ച് പടര്‍ന്നുകയറും.
പഴയ റങ്കൂണ്‍ കച്ചവടത്തെക്കുറിച്ച് ബാപ്പ പകര്‍ന്നു നല്‍കിയ അറിവുകള്‍ ഉണ്ടാകുമല്ലോ?
ബാപ്പ രണ്ടാമത് ബര്‍മ്മയില്‍ പോയപ്പോള്‍ ബൂത്താട്ടാങ്‌ലാണ് കച്ചവടം ചെയ്തത്. ഒരു സാധാരണ കച്ചവടക്കാരനായിരുന്നു ബാപ്പ. പക്ഷേ ബര്‍മ്മയുടെ വ്യാപാര ജീവിതം നിയന്ത്രിച്ചിരുന്ന പലരും കൊയിലാണ്ടിക്കാരായിരുന്നു. സി.എം. കാക്കയെന്ന ധനാഢ്യന്‍ കൊയിലാണ്ടിക്കാരനായിരുന്നു. ഫ്രാസര്‍ സ്ട്രീറ്റിലെ മുഴുവന്‍ ബിസിനസ്സിന്റെയും മേധാവിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ കച്ചവടം നോക്കി നടത്തിയിരുന്നത് സി.എം. ഇബ്രാഹിംകുട്ടിക്കയായിരുന്നു. അങ്ങേര് ബര്‍മ്മയില്‍ തന്നെയാണ് മരിച്ചതും. അവിടെ കല്യാണം കഴിച്ചതില്‍ കുട്ടികളൊക്കെയുണ്ടായിരുന്നു. ഇവിടെയും അദ്ദേഹത്തിന് മക്കളുണ്ട്. അതുപോലെ ബീരാന്‍ഹാജി. തുണി വ്യാപാരത്തിന് പേര് കേട്ടവരായിരുന്നു. ലങ്കാഷെയറില്‍ നിന്നും ബീരാന്‍ ഹാജിയുടെ ചിത്രത്തോടു കൂടിയ ലുങ്കികള്‍ വരുമായിരുന്നു. മോര്‍മൈന്‍ റങ്കൂണിലെ ആധുനിക സുഖവാസ കേന്ദ്രമാണ്. ഏറ്റവും സമ്പന്നരായ കച്ചവടക്കാര്‍ ഇവിടെ കൊയിലാണ്ടിക്കാരായ കാക്കമാരായിരുന്നു. പലരും അവിടെ സിദ്ധികൂടി. അതുപോലെ റങ്കൂണ്‍ ജീവിതം വടക്കേ മലബാറിന്റെ ജീവിത ശീലങ്ങളെയും സ്വാധീനിച്ചിട്ടുണ്ട്.
”അതാ ബര്‍മ്മാട്ടാപ്പ് പോകുന്നു. മെപ്പീന്‍തീനി ബര്‍മ്മാട്ടാപ്പ്…” ഈ പരിഹാസ വചനങ്ങളോട് അമര്‍ത്തിപ്പിടിച്ച രോഷം എന്നുമുണ്ടായിരുന്നോ? പ്രത്യേകിച്ച് ഇപ്പോള്‍? അങ്ങയുടെ ഈ വേറിട്ട മുഖം കാണുന്ന ആളുകള്‍ക്ക് അപരന്‍ എന്ന് തോന്നുമ്പോള്‍?
ഞാന്‍ ആകാശവാണിയുടെ ട്രെയിനിംഗിന് ഡല്‍ഹിയില്‍ പോയപ്പോള്‍ കേരളത്തില്‍ നിന്ന് വന്നതാണെന്ന് പറഞ്ഞിട്ട് പലര്‍ക്കും അവിശ്വസനീയമായി തോന്നി. ഗ്വാഹട്ടി റേഡിയോ സ്റ്റേഷനില്‍ നിന്ന് വന്ന ആളാണെന്നാണവര്‍ കരുതിയത്. കാരണം എന്റെ പ്രകൃതം തന്നെ. ഇവിടെ ആളുകള്‍ക്കത് തോന്നാത്തത്, ഞാന്‍ കോഴിക്കോട്ടുകാരനായതു കൊണ്ടാണ്. ഇപ്പോഴും ഞാന്‍ പാന്റ്‌സും ധരിച്ച് പുറത്തിറങ്ങിയാല്‍ മലയാളിയാണെന്ന് അപരിചിതര്‍ പറയില്ല. ഏത് സദസ്സില്‍ ചെന്നാലും ഈയൊരു പ്രശ്‌നം നേരിടേണ്ടി വന്നിട്ടുണ്ട്. കുട്ടിയായിരുന്ന കാലത്ത് എന്നെ കളിക്കാന്‍ മറ്റുള്ളവര്‍ കൂട്ടിയിരുന്നില്ല. ക്ലാസിലൊപ്പമിരിക്കാന്‍ സമ്മതിച്ചിരുന്നില്ല. ഹൈസ്‌കൂളിലെത്തിയപ്പോഴും ഈ ഒറ്റപ്പെടല്‍ തന്നെ കൂട്ട്. എന്നാല്‍ ഇതിനെ മുഴുവന്‍ ഞാന്‍ മറികടന്നത് ചിത്രകലയിലൂടെയാണ്. വായനയിലൂടെയാണ്, എഴുത്തിലൂടെയാണ്. ഭാഷയും കലാപ്രവര്‍ത്തനവും പക്ഷേ എന്നെ എല്ലാവരുമായും അടുപ്പിച്ചു. മികച്ച ചിത്രകാരനെ, പ്രാസംഗികനെ, എഴുത്തുകാരനെ അവഗണിക്കാന്‍ കൂട്ടുകാര്‍ക്കപ്പോഴായില്ല.
ഒറ്റപ്പെടലിന്റെ യൗവ്വന-കൗമാര കാലങ്ങളില്‍ പ്രണയത്തിന്റെ തണല്‍ തേടി യാത്രപോയോ?
ഉണ്ടായിരുന്നു. പഠിക്കുമ്പോള്‍ മനസ്സില്‍ പലരോടും ഇഷ്ടം തോന്നിയിരുന്നു. എനിക്ക് സാധാരണഗതിയില്‍ കല്ല്യാണാലോചന വരില്ല. കാരണം ഞാന്‍ ബര്‍മ്മക്കാരനാണ്. സ്വഭാവികമായും എന്റെ ഉപ്പയുടെ മരുമകളുടെ മകളായി എന്റെ ഭാര്യ. ഞാന്‍ തിക്കോടി പോകുമ്പോള്‍ മരുമകളുടെ വീട്ടില്‍ അവരെ കാണാറുണ്ട്. ഉപ്പയുടെ ആഗ്രഹവും അവളെ ഞാന്‍ കല്ല്യാണം കഴിക്കണമെന്നായിരുന്നു. എനിക്കാണെങ്കില്‍ ഇവളായാല്‍ തരക്കേടില്ലെന്ന വിചാരവും. അല്ലാതെ കലശലായ അനുരാഗത്തിന്റെ അടിസ്ഥാനത്തിലായിരുന്നില്ല കല്ല്യാണം.
എളുപ്പത്തില്‍ ഭാവമാറ്റമുണ്ടാകുന്ന ഒരാളാണ് യു.എ. ഖാദര്‍ എന്ന് കേട്ടിട്ടുണ്ട്. അങ്ങനെത്തന്നെയാണോ?
എന്നെ വേണ്ടത്ര ഗൗനിക്കുന്നില്ലെന്ന് എന്തെങ്കിലും കാരണത്താല്‍ തോന്നിയാല്‍ പിന്നെ ഞാനാ ഭാഗത്ത് നില്‍ക്കില്ല. അത് സൗഹൃദങ്ങളിലായാലും അല്ലെങ്കിലും. നമ്മള്‍ വല്ലാതെയങ്ങ് അടുത്ത് പെരുമാറുന്നതിനിടയില്‍ വാക്കുകളില്‍ എന്തെങ്കിലും ദു:സ്സൂചനയുണ്ടെങ്കില്‍ അന്നേരം അതിനെ മറികടക്കാനാവില്ല. പിന്നീട് ഞാനാലോചിക്കും വെറുതെ ഞാനെന്തിനാണ് ക്ഷോഭിക്കുന്നതെന്ന്. പല സന്ദര്‍ഭങ്ങളും അങ്ങനെ ജീവിതത്തിലുണ്ടായിട്ടുണ്ട്. ‘അന്യരുടെ ഭൂമി’യെന്ന പടത്തിന്റെ ഷൂട്ടിങ്ങ് നടക്കുകയായിരുന്നു. സംവിധാനം നിലമ്പൂര്‍ ബാലന്‍. കഥ ഞാനും ബാലനും കൂടിയാണുണ്ടാക്കിയത്. തിരക്കഥയെഴുതുമ്പോള്‍ തീം എന്റേതായിരുന്നു. പക്ഷേ സിനിമയുടെ ടൈറ്റില്‍ കാര്‍ഡ് കൊണ്ടുവന്നപ്പോള്‍ നിലമ്പൂര്‍ ബാലന്‍ യു.എ. ഖാദര്‍ എന്നാണ് കൊടുത്തത്. പെട്ടെന്ന് ഞാന്‍ ഇറങ്ങിപ്പോന്നു. പക്ഷേ പിന്നീടവര്‍ തിരുത്തി. തിരക്കഥ നിലമ്പൂര്‍ ബാലന്‍, കഥ സംഭാഷണം യു.എ. ഖാദര്‍ എന്ന് പറഞ്ഞാണ് വന്നത്. ‘ചന്തയില്‍ ചൂടി വില്‍ക്കുന്ന പെണ്ണ്’ എന്ന സിനിമയുടെ കഥ എന്റേതായിരുന്നു. അത് വിജയന്‍ കാരോട്ടാണ് പടമാക്കിയത്. ചിത്രഭൂമിയില്‍ കഥ അച്ചടിച്ചു വന്നപ്പോള്‍ തിരക്കഥ വിജയന്‍ കാരോട്ട് സംഭാഷണം യു.എ. ഖാദര്‍ എന്നാണ് വന്നത്. മുഴുവനും ഞാന്‍ ചെയ്തിട്ട് ഇങ്ങനെ വന്നപ്പോള്‍ എനിക്കത് വിഷമമായി. പിന്നീട് ഞാനതില്‍ നിന്നും പിന്‍വാങ്ങി. പലരുടെയും ഇത്തരം മനോഭാവങ്ങളൊന്നും എനിക്ക് തീരെ പിടിക്കില്ല.
സിനിമയുടെ ലോകത്തെക്കുറിച്ച് ചിലതെല്ലാം ഓര്‍ത്തെടുക്കാനുണ്ടാവും. പലതും ചിലപ്പോള്‍ സുഖകരമായിരിക്കില്ലെങ്കിലും. ചലച്ചിത്ര അവാര്‍ഡ് നിര്‍ണയം വിവാദങ്ങള്‍കൊണ്ട് മൂടപ്പെടുന്ന കാലംകൂടിയാണിത്. താങ്കളും അവാര്‍ഡ് നിര്‍ണയ കമ്മിറ്റിയില്‍ അംഗമായിരുന്നിട്ടുണ്ടല്ലോ. കൂടെ കുറേ കോഴിക്കോടന്‍ സൗഹൃദങ്ങളും…?
എന്റെ കഥകള്‍ ഇന്നതാണെന്ന് തിരക്കഥാകൃത്തിന് പറഞ്ഞു കൊടുക്കാന്‍ വിഷമമായിരിക്കും. കാരണം എന്റെ ഒരു കഥയും പൂര്‍ണമായും സിനിമക്ക് യോജിക്കുന്നതാകണമെന്നില്ല. സ്വാഭാവികമായും സംവിധായകന്‍ ഉണ്ടാക്കുന്ന സിനിമ എന്റെ കഥയെക്കുറിച്ചാണെങ്കില്‍ അത് മുഴുവന്‍ വായിച്ചിട്ട് സംവിധായകന്‍ കഥയുടെ രൂപം കണ്ടെത്തണം. അതിനെക്കുറിച്ച് ചര്‍ച്ച ചെയ്താലെ എനിക്ക് എന്തെങ്കിലും പറയാന്‍ കഴിയൂ.
കഥാസാരം എന്താണെന്ന് സംവിധായകന്‍ ചോദിച്ചാല്‍ ഇറങ്ങിപ്പോരുക മാത്രമേ നിര്‍വ്വാഹമുള്ളൂ. കഥാ സന്ദര്‍ഭങ്ങള്‍, കഥാപാത്രങ്ങള്‍, അവരുടെ ജീവിത സാഹചര്യങ്ങള്‍ ഇതൊക്കെയാണെന്റെ കഥകള്‍ പറയുന്നത്. ഇതെല്ലാം പറഞ്ഞ് പറഞ്ഞ് ഒരു കഥയായിത്തീരുകയാണ്. അതിന് നിയതമായൊരാദിമധ്യാന്തം എന്ന് പറയാനൊരു തീമില്ല. തീം ഓരോ വായനക്കാരന്റെയും മനസ്സില്‍ ഉണ്ടാകുന്നതാണ്.
കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റിയിലെ ജൂറിയായിരുന്നു ഞാന്‍ നാല് തവണ. ആദ്യം ഭരത് ഗോപി ചെയര്‍മാനായിരുന്ന കമ്മിറ്റിയില്‍. രണ്ടാമത് പ്രിയദര്‍ശന്‍ ചെയര്‍മാനായ കമ്മിറ്റിയില്‍. മൂന്നാമത്തേത് ജാനു ബറുവ ചെയര്‍മാനായപ്പോഴാണ്. പിന്നീട് ഹരിഹരന്‍ ചെയര്‍മാനായപ്പോഴും. അവാര്‍ഡ് നിര്‍ണയത്തില്‍ ഒരു സ്വാധീനവും ഞാനുള്ളപ്പോഴുണ്ടായിട്ടില്ല. നാലുതവണയും അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റി സിനിമകള്‍ കണ്ട് അഭിപ്രായങ്ങള്‍ രൂപീകരിച്ച് ചെയര്‍മാന്റെ സാന്നിദ്ധ്യത്തില്‍ ചര്‍ച്ച ചെയ്യും. അത് എല്ലാ ദിവസവും. അവസാന ഘട്ടത്തിലെടുക്കുന്ന തീരുമാനത്തില്‍ ആരും ഇടപെടാറില്ല. എന്റെ അനുഭവത്തില്‍ ഒരാളും ഇടപെട്ടതായി അറിവില്ല.
ജാനു ബറുവ ചെയര്‍മാനായ കാലത്ത് മീറ്റിങ്ങ് നടന്നു കൊണ്ടിരിക്കെ ഇന്നിന്ന സിനിമയെക്കുറിച്ചാണ് ചര്‍ച്ചകള്‍ എന്ന് ടീ.വിയില്‍ സ്‌ക്രോള്‍ പോകുന്നതു കണ്ട് ഞങ്ങള്‍ ചിരിച്ചിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ ആരും ചര്‍ച്ച ചെയ്യാത്ത കാര്യമാണ് ടി.വി.ക്കാര്‍ വാര്‍ത്തകളായി അവതരിപ്പിച്ചത്. കമ്മിറ്റിയംഗങ്ങളില്‍ പലര്‍ക്കും സൗഹൃദങ്ങളുണ്ടാകുമ്പോള്‍ പലരും സ്വാധീനിക്കാന്‍ നോക്കും. എന്റെ ക്യാരക്ടര്‍ സ്വാധീനത്തിന് വഴങ്ങാത്തതു കൊണ്ട് ആരും സമീപിക്കാറുമില്ല.
എന്‍.പി. മുഹമ്മദ് മരിക്കുന്നതുവരെ ഏറെ സൗഹൃദമുണ്ടായിരുന്ന ആളായിരുന്നു ഞാന്‍. പലപ്പോഴും എന്റെ കഥകള്‍ക്ക് അംഗീകാരം ലഭിക്കുമ്പോള്‍ അതിനെതിരെ എന്‍.പി. പ്രതികരിക്കാറുണ്ട്. എന്നാല്‍ അതൊന്നും ഞങ്ങള്‍ തമ്മിലുള്ള സൗഹൃദത്തെ ബാധിച്ചിട്ടില്ല. ഇന്ന് ഒരാള്‍ക്ക് അവാര്‍ഡ് ലഭിച്ചാല്‍ അത് ലഭിക്കാത്തവന്‍ ഇന്നയാളെനിക്ക് പാര വെച്ചു എന്ന് പറഞ്ഞ് ആജീവനാന്ത ശത്രുത പുലര്‍ത്തി നടക്കുന്ന അവസ്ഥയാണ്. എന്റെ കൃതികള്‍ അവാര്‍ഡിന് പരിഗണിക്കപ്പെട്ട സന്ദര്‍ഭത്തില്‍ അത് തഴയപ്പെട്ടിട്ടുണ്ട്. അതിന് കാരണക്കാരായത് ആരാണെന്നും പിന്നീടെനിക്കറിയാന്‍ കഴിഞ്ഞു. എന്നാല്‍ ആ ഒരു കാരണം കൊണ്ട് ഞാനൊരിക്കലും ആരോടും പിണങ്ങിയിട്ടില്ല.
സൗഹൃദങ്ങള്‍ക്ക് കൂടുതല്‍ വില കല്‍പ്പിക്കപ്പെടുന്ന തലമുറയായിരുന്നു മുമ്പ്. എം.ടി.യുടെ ഒരു പ്രസംഗം ടൗണ്‍ഹാളില്‍ നടക്കുകയാണെങ്കില്‍ അത് കേള്‍ക്കാന്‍ നിരന്നിരിക്കുമായിരുന്നു കോഴിക്കോട്ടെ സാഹിത്യകാരന്മാര്‍. ഇന്ന് അങ്ങനെയില്ല. ഒരെഴുത്തുകാരന്റെ പ്രസംഗം ഇന്നുണ്ടെങ്കില്‍ കൂടെ പ്രവര്‍ത്തിക്കുന്നവര്‍ ആരും പോകാറില്ല. എഴുത്തുകാര്‍ തമ്മിലുള്ള സൗഹൃദം ഇന്ന് കുറവാണ്. മനുഷ്യത്വപരമായ കൂട്ടിയടുപ്പിക്കലുകള്‍ പോലുമില്ല. കോലായ ചര്‍ച്ചകളില്‍ മുമ്പ് പലരും അങ്ങോട്ടുമിങ്ങോട്ടും കടുത്ത വിമര്‍ശനമാണുന്നയിക്കാറ്. വിമര്‍ശനമാകട്ടെ പരസ്പരം ഉള്‍ക്കൊള്ളും. ഇന്നതല്ല. വിമര്‍ശിച്ചവനെ ശത്രുവായി മുദ്രകുത്തും. പഴയ കോഴിക്കോടന്‍ ചങ്ങാത്തം, സൗഹൃദം, ആ കോലായ ചര്‍ച്ച എല്ലാം കൈമോശം വന്നു. എന്റെ കഥകള്‍ പരമ ബോറാണ്, കോഴിക്കോട്ടെ മുട്ടത്തുവര്‍ക്കിയാണ് എന്ന് വിമര്‍ശനം ഉന്നയിച്ചപ്പോഴും ഞാന്‍ കഥകള്‍ എഴുതിയിട്ടുണ്ട്. വിമര്‍ശിച്ചവരോട് നെറ്റി ചുളിച്ചിട്ടില്ല. പിന്നീടവരുടെ അഭിപ്രായം മാറി.
മലയാള സാഹിത്യ ചരിത്രത്തില്‍ കോഴിക്കോട് നഗരത്തിന് സവിശേഷമായ ഒരു സ്ഥാനമുണ്ട്. ബഷീറും ഉറൂബും പൊറ്റെക്കാടും എം.ടി.യും കക്കാടും തിക്കോടിയനും തൊട്ട് ഇങ്ങോട്ട് വീണ്ടും നീളുകയാണ് കോഴിക്കോടന്‍ എഴുത്തുവഴി. താങ്കള്‍ക്കുമുണ്ട് ആ വഴിയിലൂടെ മുന്നേറിയ അനുഭവം?
കോഴിക്കോട് ആകാശവാണിയില്‍ ഞാനെത്തുന്നത് അതിന്റെ പ്രൗഢ കാലത്താണ്. ഉറൂബ്, തിക്കോടിയന്‍, അക്കിത്തം, കക്കാട് തുടങ്ങിയവര്‍ അന്ന് ആകാശവാണിയിലുണ്ട്. അവരുടെ ചങ്ങാത്തവും കൂടിക്കാഴ്ചയും എന്റെ സാഹിത്യ സൃഷ്ടിയെ പോഷിപ്പിച്ചിട്ടുണ്ട്. എഴുത്തില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ ഈ കൂട്ട് സഹായകമായി. എന്റെ സാഹിത്യ പരിശ്രമങ്ങള്‍ക്ക് മുതല്‍ക്കൂട്ടാവുന്ന സൗഹൃദങ്ങള്‍ പോയ ഇടങ്ങളിലെല്ലാം എനിക്കുണ്ടായി. മദ്രാസില്‍, നിലമ്പൂരില്‍, കോഴിക്കോട്ട് തുടങ്ങിയ ഇടത്തെല്ലാം.
കോഴിക്കോടന്‍ വൈകുന്നേരങ്ങളില്‍ അന്ന് ആകാശവാണിയില്‍ നിന്ന് ജോലി കഴിഞ്ഞെത്തുന്ന ഞാനടക്കമുള്ള എഴുത്തുകാരെ കാത്ത് മറ്റുള്ള എഴുത്തുകാരുമുണ്ടാകുമായിരുന്നു. വൈകുന്നേരത്തെ ഈ കൂട്ട് ഈടുറ്റതായിരുന്നു.
വൈക്കം മുഹമ്മദ് ബഷീറിന്റെ വീട്ടില്‍ പോകുന്നതും, കാണുന്നതും സ്പര്‍ശിക്കുന്നതുമാണ് എല്ലാവരും എഴുതാറ്. നേരെ മറിച്ചാണ് എന്റെ അനുഭവം. എന്നെക്കുറിച്ചാണ് ബഷീര്‍ എഴുതിയത്. മാമൈദിയുടെ മകന്‍. ബഷീര്‍ മരിച്ചപ്പോള്‍ ഡി.സി. ബുക്‌സ് പുറത്തിറക്കിയ ‘യാ ഇലാഹി’ തുടങ്ങുന്നത് തന്നെ യു.എ. ഖാദറിനെ അറിയാമോ, മാമൈദിയുടെ മകന്‍ എന്നാണ്. എന്നെക്കുറിച്ച് പറഞ്ഞിട്ടാണ് ബഷീര്‍ ബഷീറിന്റെ ഉമ്മയെക്കുറിച്ച് പറയുന്നത്. അങ്ങനെയൊരു സൗഭാഗ്യം എനിക്ക് കിട്ടി. ആദ്യം ബഷീറിനെ ഞാന്‍ കാണുന്നത് എറണാകുളത്തെ ബഷീര്‍ ബുക്ക്‌സ്റ്റാളില്‍ വെച്ചാണ്. ഞാന്‍ പഠിക്കുന്ന കാലത്ത് എറണാകുളത്തേക്ക് ഒരിക്കല്‍ ഒളിച്ചോടിയിരുന്നു. കൊച്ചിയില്‍ പരിചയക്കാരന്‍ എന്‍. കെ .അബ്ദുലത്തീഫുണ്ടായിരുന്നു. സാഹിത്യ പരിഷത്തിന്റെ സെക്രട്ടറി. എന്റെ പഴയ കളിക്കൂട്ടുകാരന്‍. അയാളെ കാണണം. മറ്റൊരാഗ്രഹം, ഞാനാദ്യമായി വായിച്ച ബാല്യകാല സഖിയുടെ എഴുത്തുകാരനെ കാണുകയെന്നതും.
മട്ടാഞ്ചേരിയിലാണ് ലത്തീഫ.് കൊച്ചിന്‍ ഹാര്‍ബറിലാണ് ഞാന്‍ ഇറങ്ങിയത്. അവിടെ ചെല്ലുമ്പോഴേക്കും എന്റെ ഷര്‍ട്ടും മുണ്ടുമൊക്കെ മുഷിഞ്ഞിരുന്നു. അത് അലക്കാനവിെട കൊടുത്ത്, അബ്ദുള്‍ ലത്തീഫിന്റെ മുണ്ടും ഷര്‍ട്ടും ധരിച്ച് അയാളോട് അഞ്ച് രുപയും വാങ്ങി ബഷീറിനെ കാണാന്‍ ചെന്നു. പുസ്തകശാലയുടെ സമീപം ഏറെ നേരം നിന്ന് ബഷീറിനെ നോക്കി. അദ്ദേഹം എന്നെഅടുത്തേക്ക് വിളിച്ചു ചോദിച്ചു. ”’എന്താ”? ”ഞാനൊന്നു കാണാന്‍ വന്നതാ”. ”’ങാ എന്താ കണ്ടില്ലേ. എവിടെയാ നാട്? എന്താ വന്നത്? ഭക്ഷണം കഴിച്ചോ?” ഞാന്‍ പറഞ്ഞു ”’കഴിച്ചു.””അന്ന് എഴുത്തുകാരെല്ലാം സീവ്യൂ ഹോട്ടലില്‍ നിന്നാണ് ഭക്ഷണം കഴിക്കുകയെന്ന് കൗമുദി കെ. ബാലകൃഷ്ണന്‍ എഴുതിയത് ഞാന്‍ വായിച്ചിരുന്നു. അവിടെ നിന്നാണ് ഞാനും കഴിച്ചത്. ബഷീറിനോട് പറഞ്ഞു സീവ്യൂ ഹോട്ടലില്‍ നിന്നാണെന്ന്. ”’അത്രയ്‌ക്കൊക്കെ ധനമുണ്ടോ കയ്യില്‍.” ബഷീറിയന്‍ ശൈലിയില്‍ ചോദ്യം വന്നു.
കുറേനേരം നിന്നതിന് ശേഷം ഞാന്‍ തിരിച്ചു പോന്നു. ആദ്യത്തെ കൊച്ചിയാത്രയും ആദ്യത്തെ ബഷീര്‍ കാഴ്ചയും അതായിരുന്നു. അതേ ബഷീറിനെ പിന്നീട് കാണുന്നത് അദ്ദേഹത്തിന്റെ കല്യാണത്തിന് കോഴേിക്കോട്ടുവെച്ചാണ്. പിന്നീട് കാണല്‍ നിത്യേനയായി. ഞങ്ങളുടെ രണ്ടുപേരുടെയും കുടുംബങ്ങള്‍ തമ്മില്‍ സൗഹൃദമായി. അപ്പോഴും ഞാന്‍ ബഷീറിനോട് ചെറിയ ഒരകലം സൂക്ഷിച്ചു. ഏത് ബന്ധങ്ങള്‍ക്കും ഞാനെന്റേതായ ഒരകലം സൂക്ഷിക്കാറുണ്ട്. ബഷീര്‍ ഒപ്പം കൊണ്ടു നടക്കുന്നവരുടെ കൂട്ടത്തില്‍ ഞാനുണ്ടാവില്ല. എന്നാല്‍ ബഷീറിന്റെ മനസ്സില്‍ ഞാനുണ്ടായിരുന്നു എന്നതിന്റെ തെളിവാണ് എന്നെക്കുറിച്ച് ബഷീര്‍ എഴുതിയത്. എസ്. കെ. പൊറ്റെക്കാടുമായി നേരത്തെ തന്നെ ബന്ധമുണ്ടായിരുന്നു. അദ്ദേഹം തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ അതിന്റെ പ്രവര്‍ത്തകരായി ഞങ്ങളുണ്ടായിരുന്നു.
ഒരു സാഹിത്യകൃതിയെ വിലയിരുത്താന്‍ ഏത് മാനദണ്ഡമാണ് ഉപയോഗിക്കുന്നത്. പഴയതുപോലെ ഇന്നത് എളുപ്പമല്ല. പരസ്പരം, മികച്ചതെന്ന് പറയേണ്ടിവരുന്നു. താങ്കള്‍ ഒരു മികച്ച കൃതി തെരഞ്ഞെടുത്താല്‍?
നമ്മുടെ മനസ്സിന്റെ ഉള്ളില്‍ തട്ടുന്ന കൃതിയായിരിക്കണം. ഇതെന്റെ ജീവിതമാണല്ലോ, ഇങ്ങനെയും ഒരു ജീവിതമുണ്ടല്ലോ എന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള സൃഷ്ടികളാണ് മഹത്തരം. അങ്ങനെയുള്ള കൃതികള്‍ മാത്രമേ കാലത്തെ അതിവര്‍ത്തിക്കുകയുള്ളൂ.
ബഷീറിന്റെ പാത്തുമ്മയുടെ ആട് ഒരു മഹത്തായ സൃഷ്ടിയാണ്. സുന്ദരന്മാരും സുന്ദരികളും മറ്റൊന്ന്. മനസ്സിനെ എന്തെങ്കിലും തരത്തില്‍ സ്വാധീനിക്കുന്ന പല കൃതികളുമുണ്ട്.
കഥാരംഗത്ത് കെ.ആര്‍ മീരയും സന്തോഷ് ഏച്ചിക്കാനവും ശിഹാബുദ്ദീനും ജീവിതതീക്ഷ്ണ യാഥാര്‍ത്ഥ്യങ്ങളെ കാണുന്നവരാണ്. അവരുടെ കൈയ്യിലുള്ള ശരിയായ മരുന്ന് ഇനിയും വരാനിരിക്കുന്നേയുള്ളൂ. അവരെയും മറികടന്നുകൊണ്ടുള്ള കൃതി ഇനി വരണം. സാഹിത്യ രചനയുടെ സമ്പ്രദായങ്ങളും മാറുന്നുണ്ട്. പഴയ അളവുകോല് കൊണ്ട് രചനകളെ ഇന്ന് അളക്കാനാവില്ല.
താങ്കള്‍ സ്വീകരിക്കുന്ന രചനാരീതി എങ്ങനെയുള്ളതാണ്?
എഴുത്തിനിരിക്കുമ്പോള്‍ എന്റെ മനസ്സില്‍ ഏതാനും കഥാപാത്രങ്ങള്‍, കഥാസന്ദര്‍ഭങ്ങള്‍ മാത്രമേയുള്ളൂ. എഴുതിവരുമ്പോള്‍ ഞാനറിയാതെ തന്നെ പുതിയ കഥാസന്ദര്‍ഭങ്ങള്‍ രൂപപ്പെടുകയാണ്. ഒരു പെയിന്റര്‍ ധാരാളം ചായങ്ങള്‍ കൈയ്യില്‍ എടുത്ത് വെച്ച് വാരി പൂശുമ്പോള്‍, പല നിറങ്ങള്‍ ചേരുമ്പോള്‍ അതിന് പ്രത്യേകമായ രൂപം വരുന്നു. അത് പിന്നെ അവന്റെ ഭാവനയില്‍ നിന്ന് വിരലുകളില്‍ നിന്ന് വീണ്ടും പ്രത്യേക രൂപമാര്‍ജിക്കുന്നു. പിന്നീട് അവനല്ല അവന്റെ മനസ്സും വിരലുകളുമാണ് എല്ലാം നിയന്ത്രിക്കുന്നത്. കലാസൃഷ്ടിയുടെ സര്‍ഗാത്മകമായ നിമിഷത്തില്‍ പരിചയിച്ച കഥാപാത്രങ്ങളും അനുഭവങ്ങളും ഒക്കെ മനസ്സിലേക്ക് അങ്ങനെ പരന്നൊഴുകി മൂര്‍ത്തമായ കഥയായി വാര്‍ന്ന് രൂപം പ്രാപിക്കുകയാണ്. അതാണ് എന്റെ രീതി.
മനസ്സിന്റെ നിയന്ത്രണത്തിനപ്പുറത്തേക്ക് എഴുത്ത് വഴി മാറുന്നതായി തോന്നിയിട്ടുണ്ടോ?
അവിടെ നമ്മളല്ല, എഴുത്തുകാരന്‍ ഇല്ലാതാവുകയും സര്‍ഗാത്മകതയുടെ നിമിഷത്തിന്റെ മാത്രം സൃഷ്ടിയായി വരികയും ചെയ്യുന്നു. അപ്പോള്‍ നാമറിയാതെ, ഇത് ഞാന്‍ തന്നെ എഴുതിയതാണോ എന്ന് അറിയാത്ത രീതിയിലുള്ള എഴുത്തനുഭവങ്ങളാണ് എഴുത്തിനെ നയിക്കുന്നത്. അതുണ്ടാകുമ്പോള്‍ രതിമൂര്‍ഛപോലെയാണ്. ആ ഒരു തളര്‍ച്ച അനുഭവപ്പെടുത്തും. അതൊരു സൃഷ്ടിയായി മാറുകയാണ്. എഴുത്തിന്റെ നിമിഷത്തില്‍ നാമറിയാതെ കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും വര്‍ണനകളും വരും. അത് വന്നു ഭവിക്കലാണ്. അല്ലാതെ ഒരിക്കലും മുന്‍കൂട്ടി പ്ലാന്‍ ചെയ്യുന്നതല്ല. എഴുത്തിന്റെ വല്ലാത്ത ഒരു നിമിഷമുണ്ട്. ആ നിമിഷത്തിലാണെല്ലാം സംഭവിക്കുന്നത്.
എഴുതുമ്പോള്‍ ഏകാന്തത തന്നെയാണ് ഇഷ്ടം. ശബ്ദവും ബഹളവുമില്ലാത്ത ഒരിടം. പണ്ടൊക്കെ പുലരുന്നത് വരെ എഴുതിയിരുന്നു.
എഴുതിയതിനെ വീണ്ടും എഡിറ്റിങ്ങിന് വിധേയമാക്കാറുണ്ടോ?
ഒന്നെഴുതിക്കഴിഞ്ഞാല്‍, രണ്ടാമതൊന്ന് എഴുതണമെന്ന് തോന്നും. ആ സമയത്താണ് ഓരോന്നോരോന്നായി മനസ്സിലേക്ക് വാര്‍ന്നുവീഴുക. മൂന്നാമത്തെ പകര്‍ത്തലിന് മറ്റൊന്നായി. ഒരു നിയതമായ ചട്ടക്കൂടോ അതിര്‍ത്തി രേഖയോ ഒന്നുമില്ലാതെയാണ് കഥ തുടങ്ങുന്നത്. ഒരു തീവണ്ടി യാത്രക്ക് പുറപ്പെടുന്ന രൈരു നമ്പ്യാരുടെ കഥയെഴുതണം എന്ന് വിചാരിക്കുമ്പോള്‍ രൈരു നമ്പ്യാരുടെ പുറപ്പാട്, സ്റ്റേഷനില്‍ നിന്ന് ടിക്കറ്റെടുക്കുന്നു. പന്തലായനി റെയില്‍വെസ്റ്റേഷനില്‍ എത്തിയപ്പോള്‍ അയാള്‍ ഇറങ്ങുന്നു. അങ്ങേര്‍ക്ക് ഇന്നേടത്ത് പോകണമെന്ന് തോന്നുന്നു. ഇതുവരെ നമ്മള്‍ അറിഞ്ഞുകൊണ്ടാണ് കഥ സഞ്ചരിക്കുന്നത്. പിന്നെ നമ്മള്‍ അറിയാതെയാണ്, റെയില്‍വെ സ്റ്റേഷനില്‍ ഒരു സുന്ദരി വരുന്നത്. അതിനിടയില്‍ കുഞ്ഞാമു അധികാരിയുടെ കുതിരവണ്ടി വരുന്നു. പെണ്ണ് അതിനകത്ത് കയറുന്നു. പെണ്ണിന്റെ പിന്നാലെ ഇയാളും കയറുന്നു. ഇങ്ങനെ ഒരു യാത്ര സംഭവിക്കുകയാണ്. പിന്നെ നമ്മുടെ മനസ്സാണ് പ്രവര്‍ത്തിക്കുന്നത്. അവസാനം കുഞ്ഞാമു അധികാരിയുടെ വീട്ടിലെത്തുന്നു. അവിടെയെത്തുമ്പോള്‍ കുഞ്ഞാമു അധികാരിയുടെ മുറികളിലേക്ക് ഇവള്‍ സുപരിചിതയായി കയറി ച്ചെല്ലുകയാണ്. അപ്പോള്‍ അധികാരി നീണ്ടുനിവര്‍ന്ന് കിടക്കുന്നതാണ് കാണുന്നത്.
അയാളെ സ്പര്‍ശിച്ചപ്പോള്‍ ശരീരം തണുത്തു വിറങ്ങലിച്ചു കിടക്കുകയാണ്. നേരിയ വെളിച്ചത്തില്‍, ഉറുമ്പുകള്‍ കണ്ണുകളിലുടെ അരിച്ചുകയറുന്നു. പിന്നെ രയിരു നമ്പ്യാര്‍ക്ക് ഇരുട്ടില്‍ അങ്ങോട്ടുമിങ്ങോട്ടും നീങ്ങാന്‍ കഴിയുന്നില്ല. ഇരുട്ടില്‍ ഒറ്റപ്പെട്ടു. അതുവരെ തന്നെ എന്ത് ആസക്തിയാണോ നയിച്ചത് അതിനെയും കാണുന്നില്ല. അതാണ് പന്തലായനിയിലേക്ക് ഒരു യാത്ര. ജീവിതത്തോടുള്ള ആസക്തി മൂലം പിന്നാമ്പുറത്തേക്ക് പോയിപ്പോയി മരണത്തെ കെട്ടിപ്പിടിക്കുന്നതാണാ കഥ. ഇത് വന്ന് ഭവിച്ച കഥയാണ്. ഞാനെഴുതുമ്പോള്‍ വിചാരിച്ചത് കുഞ്ഞാമു അധികാരി തങ്ങളുടെ വീട്ടില്‍പോയി ഒരു രാത്രി കഴിയുന്നതിന്റെ തമാശ ക്കഥയാണ്. പക്ഷേ കഥ മാറി. അത് വായിച്ചാണ് ”ഫാന്റസിയുടേതായ ഒരുപാട് കഥകള്‍ ഞാന്‍ വായിച്ചിട്ടുണ്ട്. അതിലെല്ലാം അവസാനം യാഥാര്‍ത്ഥ്യത്തിലേക്ക് വീണുപോയിട്ടുണ്ടെന്നും എന്നാല്‍ ഈ കഥയില്‍ അങ്ങനെയൊരു വീഴ്ച എനിക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല” എന്നും ടി.പത്മനാഭന്‍ പറഞ്ഞത്.
അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റികള്‍ക്ക് പിറകെ ചില എഴുത്തുകാര്‍ കൂട്ടയോട്ടം നടത്തുന്ന ഒരു കാലമാണിത്. എഴുത്തുകാരെ പരസ്പരം ശത്രുക്കളാക്കി മാറ്റുന്നതും പലപ്പോഴും അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റികളാണ് എന്ന് എന്നെങ്കിലും തോന്നിയിട്ടുണ്ടോ?
അത് ഈ കാലത്ത് മാത്രമാണ്. പണ്ടുകാലത്തങ്ങനെയൊന്നുമല്ലായിരുന്നു. ഇക്കാലത്ത് അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റിയിലെ മെമ്പറാണ് എന്ന് പ്രഖ്യാപിക്കരുതേയെന്നും അത് ഗോപ്യമാക്കി വെക്കണമെന്നുമാണ് കരുതുക. പക്ഷേ വിവരസാങ്കേതിക വിദ്യ വികസിച്ച ഇക്കാലത്ത് ആരാണ് കമ്മിറ്റികളിലെ അംഗങ്ങളെന്ന് അറിയാന്‍ ഒരു പ്രയാസവുമില്ല. ഓരോരുത്തര്‍ക്കും എത്ര വോട്ടു കിട്ടിയെന്നുമറിയാം. അത് വെച്ച് ആജീവനാന്ത ശത്രുത മനസ്സില്‍കൊണ്ടു നടക്കുകയും ചെയ്യാം. കഴിയുന്നതും എഴുത്തുകാരന്‍ അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റികളില്‍ വരാതിരിക്കാന്‍ പ്രാര്‍ത്ഥിക്കുകയാണ് വേണ്ടത്.
എഴുത്തിലും മനുഷ്യബന്ധങ്ങളിലും വന്ന മാറ്റത്തെ എങ്ങനെയാണ് വിലയിരുത്തുന്നത്?
മനുഷ്യര്‍ തമ്മിലുള്ള സൗഹൃദമാണെഴുത്ത്. അതിനെക്കുറിച്ചാണെല്ലാവരും എഴുതുന്നത്. അത്തരം സൗഹൃദങ്ങളും ബന്ധങ്ങളും ഇന്ന് ആവശ്യാധിഷ്ഠിതമായി മാറിയിരിക്കുന്നു. എന്റെ ആവശ്യത്തിനാണ് ഞാനെന്റെ ഭാര്യയെ കാണുന്നത്. ഭാര്യാഭര്‍തൃ ബന്ധത്തിനപ്പുറത്ത് എന്റെ ആവശ്യം മാത്രമാണ് ഞാന്‍ കാണുന്നത്. അപ്പോള്‍ അതൊരു ഉപകരണം മാത്രമായിത്തീരുന്നു. അതിന് ജീവനുണ്ടോ മറ്റു വികാരങ്ങളുണ്ടോ എന്ന ചിന്ത എന്നെ വേട്ടയാടുന്നില്ല. നേരെ മറിച്ച് ഇത് പരസ്പരമുള്ള സ്‌നേഹത്തിന്റെ അങ്ങോട്ടുമിങ്ങോട്ടുമുള്ള ഇഴയടുപ്പാമാണ് എന്ന ബോധം ഉണ്ടായിരുന്നെങ്കില്‍ എനിക്ക് അങ്ങനെയൊരു ഉപകരണം മാത്രമായി ആരെയും കാണാന്‍ കഴിയില്ല. മനുഷ്യനെ ഉപകരണം മാത്രമായി കാണുന്ന ഒരു സാഹചര്യം ജീവിതത്തിലുടനീളം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടാവും സ്‌നേഹത്തിന് പുതിയ വ്യാഖ്യാനങ്ങള്‍ വരുന്നത്. എന്റെ സ്‌നേഹിതനാര് എന്ന ചോദ്യത്തിന് തിട്ടമായി ഒരു മറുപടി പറയാന്‍ കഴിയുന്നില്ല.
സാങ്കേതിക വിദ്യകളും അതിന്റെ വിനിമയ ക്രമങ്ങളും മനുഷ്യന്റെ ജീവിതമാകെ മാറ്റിമറിച്ചിട്ടുണ്ട്. ആരും ആര്‍ക്കുവേണ്ടിയും സമയം ചെലവഴിക്കാന്‍ തയ്യാറല്ല. സ്‌നേഹം പോലും നൈമിഷികമാകണം എന്ന് വിചാരിക്കുന്ന തലമുറ…?
നമ്മുടെ ഉള്ളം കൈയ്യിലാണിന്ന് വിവരസാങ്കേതിക വിദ്യകളെല്ലാം. പക്ഷേ ഈ വിജ്ഞാനം നാം ആര്‍ജ്ജിച്ചെടുക്കുന്ന വിജ്ഞാനത്തിന്റെ അനുഭൂതി പ്രദാനം ചെയ്യുന്നില്ല. എന്‍സൈക്ലോപീഡിയ പരതിയിട്ട് ഞാനൊരു കാര്യം കണ്ടുപിടിക്കുമ്പോള്‍ കിട്ടുന്ന ത്രില്ല് ഒരു സൈറ്റിലേക്ക് എത്തുമ്പോള്‍ കിട്ടില്ല. അവിടെ എനിക്കാവശ്യമുള്ളതാണ് മുന്നിലുള്ളത്. വിരലുകളുടെ ചലനമാണ് എന്നെ നിയന്ത്രിക്കുന്നത്. മറ്റേത് മനസ്സിന്റെ ചലനമാണ.് ആ വ്യത്യാസം പ്രധാനമാണ്. ഒരു സാഹിത്യകൃതി ഇന്ന് ഇന്റര്‍നെറ്റിലൂടെ വായിക്കാം. പക്ഷേ ഒരു പുസ്തകം വാങ്ങി വായിക്കുമ്പോള്‍ അത് നമ്മില്‍ സൃഷ്ടിക്കുന്ന നിമിഷങ്ങള്‍ ഒന്നുവേറെ തന്നെയാണ്. കലാപരമായ ആ നിമിഷത്തില്‍ നിന്ന് ലഭിക്കുന്ന ആനന്ദം നെറ്റിലെ വായനയിലില്ല. എഴുത്ത് ഒരു കലാ പ്രവര്‍ത്തനമാണ്.
യു.എ ഖാദര്‍ എഴുതി തുടങ്ങിയ കാലത്ത് മലയാളത്തിലെ വിമര്‍ശന ശാഖ സമ്പന്നവും സമഞ്ജസവുമായിരുന്നു. ഇന്നങ്ങനെയല്ല. ഒരു കൃതി പിറവിയെടുത്താല്‍ അതിനെ നിശിത പരിശോധനക്ക് വിധേയമാക്കുന്നതിന് പകരം പരസ്പരം കൊണ്ടാടുകയും എഴുത്തുകാരന്‍ തന്നെ പലരേയും സമീപിച്ച് പഠനവും നിരീക്ഷണവും എഴുതിക്കുകയുമാണ്.?
ഞാനൊക്കെ വായന തുടങ്ങുന്ന കാലത്തും എഴുത്തിലേക്ക് വരുന്ന കാലത്തും ഞങ്ങള്‍ക്ക് മുന്നില്‍ വലിയ ഗോപുരങ്ങളുണ്ടായിരുന്നു. ജോസഫ് മുണ്ടശ്ശേരി, കുട്ടികൃഷ്ണ മാരാര്‍, ഉള്ളാട്ടില്‍ ഗോവിന്ദന്‍കുട്ടി നായര്‍, കുറ്റിപ്പുറം തുടങ്ങിയ മഹാരഥന്മാര്‍ അന്നുണ്ടായിരുന്നു. മാരാരുടെ കൈവിളക്കില്‍ എന്താണ് ആസ്വാദനം, സാഡിസവും മസോക്കിസവും എന്താണ് തുടങ്ങിയ സാഹിത്യ ചിന്തകളെക്കുറിച്ച് കനപ്പെട്ട വിവരണങ്ങളുണ്ടായിരുന്നു. നിരവധി ഉള്‍ക്കാഴ്ചകളുണ്ടായിരുന്നു ആ ലേഖനങ്ങള്‍ക്കെല്ലാം. കെ.പി അപ്പനെപ്പോലുള്ള ആരുണ്ട് ഇന്ന്? മലയാള വിമര്‍ശന ശാഖ കൂമ്പടഞ്ഞുപോയി എന്നൊന്നും ഞാന്‍ പറയുന്നില്ല. വരുമായിരിക്കും. പക്ഷേ ഞാന്‍ കാണുന്നില്ല ആരേയും. ആകെ കാണുന്നത് ആഴ്ചതോറുമുള്ള വീക്കിലികളില്‍ മറ്റു ഭാഷകളിലുള്ള കൃതികള്‍ വായിച്ച് പകര്‍ന്നുതരുന്ന വിവരങ്ങള്‍ മാത്രമാണ്. മറ്റു ഭാഷകളില്‍ മഹത്തരമായ കൃതികള്‍ ഏതൊക്കെയുണ്ട് എന്ന് പറയുന്ന, അവനവന്റെ വായനയിലൂടെ കിട്ടിയ അറിവ് പകര്‍ന്നു തരുന്ന ഒരു തരം പത്രപ്രവര്‍ത്തനമാണിന്ന് കാണുന്നത്. അതല്ലാതെ മലയാള ഭാഷയില്‍ ഒരു കൃതി ഉണ്ടായിയെന്നോ ആ കൃതിയുടെ ഉള്‍ക്കാമ്പ് ഇന്നതാണെന്നോ വിവേചിച്ചറിഞ്ഞ് പറയാനുള്ള മനോഭാവം ഇന്നുണ്ടോ? ബെന്ന്യാമിന്റെ ആടു ജീവിതം എന്താണെന്ന വളരെ നിശിതമായ വിമര്‍ശനം പാകപ്പൊരുത്തത്തോടു കൂടി അറിഞ്ഞ് പഠിച്ച് പറയാന്‍ ഇന്ന് മലയാളത്തില്‍ ഏത് നിരൂപകനാണുള്ളത്. ഏത് നിരൂപകന്‍ തയ്യാറായിട്ടുണ്ട്? പണ്ട് ബഷീര്‍ വരുന്ന കാലത്ത് കേസരി എ ബാലകൃഷ്ണ പിള്ള ഉണ്ടായിരുന്നു.അത് കഴിഞ്ഞ് മുണ്ടശ്ശേരി ഉണ്ടായിരുന്നു. ഇന്നാതലമുറയില്‍ അവശേഷിക്കുന്നത് ലീലാവതി ടീച്ചര്‍ മാത്രമാണ്. അവര്‍ക്ക് തന്നെ പരിമിതികളുണ്ട്. പണ്ടത്തെപ്പോലെ ഭാഷയില്‍ പുതിയതായിറങ്ങുന്ന മുഴുവന്‍ കൃതികളെയും സൂക്ഷ്മമായി അവലോകനം ചെയ്യാനുള്ള സന്ദര്‍ഭങ്ങളും സൗകര്യങ്ങളുമവര്‍ക്കിന്നില്ല.
ചെറുകഥയെഴുത്താണോ നോവലെഴുത്താണോ സംതൃപ്തി നല്‍കുന്നത്?
രണ്ടും രണ്ടാണ്. നോവലെഴുത്തില്‍ ഒരു പാട് സ്വാതന്ത്ര്യമുണ്ട്. വലിയ കാന്‍വാസില്‍ ചിത്രരചന നടത്തുന്നതും ചെറിയ കാന്‍വാസില്‍ വരയ്ക്കുന്നതും രണ്ടും രണ്ടാണല്ലോ. ഒരു തുള്ളി വെള്ളത്തില്‍ ആകാശം മുഴുവന്‍ നമുക്ക് കാണാം. ആ ഒരു തുള്ളിയില്‍ പ്രതിബിംബിക്കുന്ന ആകാശവും എന്റെ നഗ്ന നേത്രങ്ങളാല്‍ കാണുന്ന ആകാശവും രണ്ടാണ്. ചെറുകഥയിലും നോവലിലും നാം ജീവിതത്തെ എങ്ങനെ കാണുന്നുവെന്നതാണ് പ്രധാനം. എഴുത്തിന്റെ അനായാസത നോവല്‍ രചനയിലാണ്. ചെറുകഥയില്‍ ക്രാഫ്റ്റിന്റെ പ്രശ്‌നമുണ്ട്. ശില്‍പ്പം മെനഞ്ഞുണ്ടാക്കുന്നതിന്റെ സൂക്ഷ്മത വേണം ചെറുകഥയില്‍. നോവലില്‍ ഒരധ്യായത്തില്‍ സൂക്ഷ്മത കുറഞ്ഞാലും മറ്റധ്യായങ്ങളില്‍ ഒട്ടേറെ ജീവിത പരിസരങ്ങള്‍ സൂക്ഷ്മതയോടാവിഷ്‌കരിക്കാം എന്ന സൗകര്യമുണ്ട്. രചന എല്ലായ്‌പ്പോഴും സര്‍ഗാത്മകമായ ഒന്നാണ്. അത് ഒരു സുഖമാണ്. അതിന് ഒരു മൈഥുന ക്രിയയുടെ ആഹ്ലാദമുണ്ട്, തളര്‍ച്ചയുണ്ട്. വെളിച്ചപ്പാടിന് ഉറഞ്ഞാടി വെളിച്ചപ്പെട്ടുപറഞ്ഞു കഴിഞ്ഞാല്‍ ഒരു മൂര്‍ച്ഛയും തളര്‍ച്ചയുമുണ്ട്. അതിന്റെ ആനന്ദം ഒന്നു വേറെതന്നെയാണ്.
പുരാവൃത്തങ്ങളെ പ്രതിപാദ്യ തലത്തിലും പ്രതിപാദന രീതിയിലും പിന്‍പറ്റുന്ന രചനാ ശൈലിയാണ് യു.എ. ഖാദറിന്റേത് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്തുകൊണ്ടാണ് പുരാവൃത്തങ്ങളെ കേന്ദ്രതലത്തില്‍ പ്രതിഷ്ഠിച്ച് കഥകളും നോവലുകളും എഴുതാനിടയാകുന്നത്.?
മലയാളത്തില്‍ ചെറുകഥാ സാഹിത്യശാഖയോട് ആളുകള്‍ മുഖംതിരിച്ച ഒരു കാലമുണ്ടായിരുന്നു. മലയാളത്തില്‍ വരുന്ന കഥകള്‍ വായിച്ചാല്‍ മനസ്സിലാവുന്നില്ല; മലയാളി ജീവിതം രചനകളിലില്ല എന്ന ഒരു വിശ്വാസം പ്രബലമായിരുന്നു. ഏറ്റവും പ്രചാരത്തിലുള്ള വാരികയില്‍ വന്നെങ്കിലേ സാഹിത്യമാകൂ എന്ന വിശ്വാസവും അക്കാലത്തുണ്ടായിരുന്നു. ആ വാരികയില്‍ വരുന്ന കഥകള്‍ പോലും വായിച്ചാല്‍ മനസ്സിലാകുന്നില്ല എന്ന ആരോപണവും ശക്തമായിരുന്നു. അതുകൊണ്ട് കഥാ വായനയില്‍ നിന്നും ആളുകള്‍ അകന്നു. ആ കാലത്താണ് ഞാനടക്കമുള്ളവര്‍ എഴുതുന്നത്. വൈശാഖന്‍, സി.വി. ശ്രീരാമന്‍, മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി പോലും വേണ്ടവിധം അംഗീകരിക്കപ്പെടാതെപോയി. ഈ ഘട്ടത്തിലാണ് പൈങ്കിളി സാഹിത്യം മലയാളത്തിലുണ്ടാകുന്നത്. ഒരു ഉറുപ്പികക്ക് എവിടെയും വാങ്ങാന്‍ കിട്ടുന്ന ഇവയെത്തേടി വായനാ കൗതുകമുള്ള മലയാളി യാത്രയായി. അങ്ങനെ കഥാസ്വാദനം വഴി തെറ്റി സഞ്ചരിച്ചു.
മാത്രമല്ല അങ്ങനെ അച്ചടിച്ചുവരുന്ന വാരികകളുടെ കെട്ടുകളുടെ ബാഹുല്യം നിമിത്തം കോട്ടയം വഴിയുള്ള തീവണ്ടിയാത്ര പോലും ബുദ്ധിമുട്ടായി! കഥാസ്വാദനത്തെ തെറ്റിച്ചുവിട്ട ജീവിതവുമായി യാതൊരു ബന്ധവുമില്ലാത്ത അവനവന്റെ പൊങ്ങച്ചം പറയുന്ന സ്‌നേഹത്തിന് വില കല്‍പിക്കാത്ത രചനകളില്‍ നിന്ന് വ്യത്യസ്തമായ കഥകളുണ്ടാവണം എന്നായിരുന്നു ഞങ്ങളുടെയൊക്കെ ചര്‍ച്ചാ വിഷയം. കഥകള്‍ ആരും വാങ്ങാത്തതിനാല്‍ കഥാ സൊസൈറ്റിയടക്കം ഉണ്ടാക്കേണ്ടിവന്നു മലയാളത്തില്‍! ജോര്‍ജ് ഓണക്കൂറായിരുന്നു അതിന്റെ സംഘാടകന്‍. കഥാകൃത്തുക്കളുടെ പുസ്തകങ്ങള്‍ ഇറങ്ങണം, കഥക്ക് ജീവനുണ്ടാകണം എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തിയായിരുന്നു സൊസൈറ്റി രൂപീകരണം. മലയാളിത്തമുള്ള കഥകള്‍ വേണമെന്ന കാഴ്ചപ്പാട് കൂടുതല്‍ ഉറച്ചു. തകഴിയുടെ കഥകളില്‍ കുട്ടനാടന്‍ ജീവിതമുണ്ട്. ബഷീറിന്റെ കഥകളില്‍, പൊന്‍കുന്നം വര്‍ക്കിയുടെ കഥകളില്‍ മാധവിക്കുട്ടിയുടെ രചനകളില്‍ എം.ടിയുടെ കഥകളില്‍ അവരവരുടെ നാടും കുടുംബാന്തരീക്ഷവും ജീവിതവും ഉണ്ടായിരുന്നു. ഇതില്‍ നിന്നെല്ലാം ഭിന്നമായ ഒരു വഴി വേണം എന്നാണ് ഞാനാഗ്രഹിച്ചത്.
ഏത് ഗ്രാമത്തിനും ഗ്രാമത്തിന്റേതായ ഒരു പുരാവൃത്തമുണ്ട്. അതുവരെയുള്ള കഥാകൃത്തുക്കള്‍ കുടുംബ ജീവിതവും അതിലെ മൂപ്പിളമാ തര്‍ക്കങ്ങളും പശ്ചാത്തലമാക്കി. എന്നാല്‍ ഒരു ഗ്രാമത്തെ ചുറ്റിപ്പറ്റിയുള്ള നിരവധി ഐതിഹ്യങ്ങളെ വേണ്ടവിധം ആരും പ്രമേയവല്‍ക്കരിച്ചില്ല. പ്രത്യേകിച്ചും വടക്കേ മലബാറിലെ ഏത് ഗ്രാമത്തിനും ആ ദേശത്തിന്റേതായ ഒരു പുരാവൃത്തമുണ്ട്. അവിടെ ഒരു അതിദേവതാ സങ്കല്‍പമുണ്ട്. കാവും കാഞ്ഞിരവും അതിന്റെ വിത്തുകളും ഉള്ള പ്രത്യേക ഭൂമി. കാഞ്ഞങ്ങാട്ടും തൃക്കരിപ്പൂരുമെല്ലാം കളിയാട്ടങ്ങളുടെ നാടാണ്. അവിടങ്ങളിലെ ആളുകളുടെ ജീവിതത്തെ സ്വാധീനിക്കുന്ന, കെട്ടിയാടുന്ന ദേവതാ സങ്കല്‍പങ്ങളുണ്ട്. ഈ സങ്കല്‍പങ്ങള്‍ മലയാളിയുടെ ഗൃഹാതുരത്വമാണ്. കളിയാട്ടക്കാലത്തെ ഒരു ഗ്രാമത്തെക്കുറിച്ച് പറയുമ്പോള്‍ ഏത് മനുഷ്യന്റെ മനസ്സിലും ഗൃഹാതുരത്വത്തിന്റെ സ്മരണ ഉണ്ടാകും. ആ രീതിയിലുള്ള ഒരു കഥ എഴുതുക എന്നതായിരുന്നു മനസ്സില്‍. അതിലെ ഗ്രാമം തൃക്കോട്ടൂരാണ്. അങ്ങ് വടക്കേ മലബാറിലെ പറശ്ശിനിക്കടവ് മുതല്‍ ഇങ്ങ് കോരപ്പുഴ വരെയുള്ള മുഴുവന്‍ ഗ്രാമങ്ങളുടെയും ജീവിതമുണ്ട് തൃക്കോട്ടൂരില്‍. മുഴുവന്‍ ഗ്രാമങ്ങളുടെയും അതിദേവതാ സങ്കല്‍പങ്ങളും പുരാവൃത്തങ്ങളും ഒപ്പമുണ്ട്. ഇതിനെ പ്രത്യേകമായ ഒരു ഗ്രാമത്തില്‍ കൊണ്ടുവരികയാണ്. തൃക്കോട്ടൂര്‍ എന്ന ഒരു ഗ്രാമമുണ്ട് പഴയ തിക്കോടിയില്‍. പക്ഷേ ആ ഗ്രാമത്തില്‍ ഞാനീ പറയുന്ന കെട്ടിയാടലുകളോ വിശ്വാസങ്ങളോ ഒന്നുമില്ല. പക്ഷേ അവിടെയുമുണ്ട് പലതും. കേരളത്തിലെ ഏത് ഗ്രാമത്തില്‍ ചെന്നാലും അവിടെ ചില കെട്ടിയാടലുകളും അനുഷ്ഠാനങ്ങളും വിശ്വാസങ്ങളും മിത്തുകളുമുണ്ട്. ഇവയെ അടിസ്ഥാനപ്പെടുത്തിയുള്ള കഥകള്‍.
മിത്തുകള്‍ ജനജീവിതത്തില്‍ പ്രതിഫലിക്കുന്ന ഒരു കഥാരചന ഞാന്‍ തൃക്കോട്ടൂര്‍ കഥയിലൂടെ തുടങ്ങി. അതിന് പരക്കെ ഒരു സ്വീകാര്യതയുണ്ടായി. അതോടുകൂടിയാണ് യു.എ ഖാദര്‍ എന്ന ഒരു കഥാകൃത്ത് ഉണ്ട് എന്ന തോന്നല്‍ ആളുകള്‍ക്കുണ്ടായത്. അതിന് മുമ്പും ഞാന്‍ ഏറെ എഴുതിയിട്ടുണ്ട്. മുസ്‌ലിം സമുദായത്തിന്റെ അന്ധവിശ്വാസങ്ങളെ വിമര്‍ശിച്ചുകൊണ്ട് ‘ചങ്ങല’ എഴുതിയിട്ടുണ്ട്. ‘ഖുറൈശിക്കൂട്ടം’ എഴുതി. മാത്രമല്ല ധാരാളം കഥകളും. എന്നാലിതൊന്നും ഏശാതെപോയി. മലയാളികളുടെ മനസ്സിന്റെ അകത്തളങ്ങളില്‍ കൊണ്ടാടുന്ന കുറേ സ്വപ്നങ്ങളെ ആകര്‍ഷിക്കുന്ന കഥകളായിരുന്നു. തൃക്കോട്ടൂര്‍ കഥകള്‍ക്ക് സാര്‍വത്രികമായി അംഗീകാരം കിട്ടിയതോടെ സ്വാഭാവികമായും തുടര്‍ന്നുള്ള കഥകളുടെ ചിത്രങ്ങളും അങ്ങനെത്തന്നെ വന്നു.
ആധുനികതയുടെ വരവ് മലയാളി വായനക്കാരുടെ കഥാസങ്കല്‍പങ്ങളെ അട്ടിമറിച്ചു. വായനയില്‍ നിന്നു പലരും അകന്നുവെന്ന് താങ്കള്‍ പറഞ്ഞു; അസ്തിത്വാധിഷ്ഠിതമായ ആധുനികതയുടെ കഥാസങ്കല്‍പ രീതികളില്‍ നിന്ന് വേറിട്ടുനില്‍ക്കുന്ന രചനാ സങ്കേതമാണ് താങ്കള്‍ സ്വീകരിക്കുന്നത്. ആ എഴുത്തുകാരുമായി ഇപ്പോഴുള്ള ബന്ധം ഏത് വിധമാണ് താങ്കള്‍ പിന്‍തുടരുന്നത്.?
എഴുത്തുകാരുമായുള്ള സൗഹൃദമിപ്പോഴുമുണ്ട്. പക്ഷേ അവനവന്റെ ദു:ഖങ്ങളെക്കുറിച്ച്, അവനവന്‍ ജീവിതത്തിലഭിമുഖീകരിക്കുന്ന ചില കാര്യങ്ങളെക്കുറിച്ച് ഉള്ള ആകുലതകളായിരുന്നു ആധുനിക കഥകളുടെയാകെ പ്രമേയം. ഉത്തരേന്ത്യയിലെ പല ജീവിത മേഖലകളിലൂടെയും വ്യാപരിച്ചുകൊണ്ടാണത് വന്നത്. അതുകൊണ്ടാണത് മനസ്സിലാകാതെ പോയത്. വിദേശ സാഹിത്യ കൃതികളുടെ സ്വാധീനത്തിന്റെ മുഴക്കം ആധുനികരുടെ കഥകളിലുണ്ടായിരുന്നു. എന്നാലെന്റെ കഥകളിലതുണ്ടായിരുന്നില്ല. അങ്ങനെയതിന്റെ മുഴക്കം എന്റെ കഥകളിലും ആഗ്രഹിച്ചവരുണ്ടായിരുന്നു. മാജിക്കല്‍ റിയലിസം എന്റെ കഥകളിലുണ്ടെന്ന് നിരീക്ഷിച്ചിട്ടുണ്ട്. പക്ഷേ അതുമായി ഒരു ബന്ധവുമില്ലെന്നതാണ് യാഥാര്‍ത്ഥ്യം. നമ്മുടെ പഴമ്പുരാണങ്ങളും കേട്ടുകേള്‍വികളും പുരാവൃത്തങ്ങളും സാധാരണ മനുഷ്യരുടെ കഥയായി പെരുപ്പിച്ച്, പൊലിപ്പിച്ച് അതിന് ഒരു അമാനുഷിക തലമുണ്ടാക്കുക. അങ്ങനെയാണ് എന്റെ പല കഥകളുടേയും അവസാനം. ഉദാഹരണം കതിവന്നൂര്‍ വീരന്‍.
മന്ദപ്പന്‍ എന്ന സാധാരണക്കാരന്‍ കുടകുമല വെട്ടിപ്പിടിച്ചാണ് കതിവന്നൂര്‍ വീരനായി മാറിയത്. അതുപോലെ മുച്ചിലോട്ടമ്മ. നാട്ടുകാര്‍ മുഴുവനും പുലയും പുലയാട്ടും ഓതി ചാരിത്ര്യശുദ്ധിയില്‍ സംശയം തോന്നി പടിയടച്ച് പിണ്ഡം വെച്ച പെണ്ണാണ്. അവള്‍ ദൈവക്കരുത്ത് നേടി തിരിച്ചുവരുന്നതാണ് മുച്ചിലോട്ടമ്മയുടെ സങ്കല്‍പം. ആ പഴയ കാലഘട്ടത്തിലെ ഒരു വീരന്റെ കഥക്ക് അമാനുഷികമായ ഒരു തലമുണ്ടാക്കി പെരുപ്പിച്ച് അഭൗമമായ തലത്തിലെത്തിക്കുകയാണ് കഥയുടെ സ്വഭാവം. ആ മുഴക്കത്തിന്റെ സ്വാധീനം എന്റെ പുതിയ കഥകളിലുമുണ്ടാകുന്നു. ഞാന്‍ ഒരു കുഞ്ഞിക്കേളപ്പക്കുറുപ്പിനെ ചിത്രീകരിക്കുമ്പോള്‍ പറഞ്ഞുപറഞ്ഞ് അദ്ദേഹത്തിന് ഇല്ലാത്ത ഒരമാനുഷികത വന്നു പോകും. അത് കഥയുടെ പൊതുസ്വഭാവമാണ്. അതിനെ മാജിക്കല്‍ റിയലിസമാണെന്നും അത് ഇന്നതിന്റെ സ്വാധീനമാണെന്നും പറയുന്നത് ശരിയല്ല.
കുട്ടിക്കാലത്തെ ഒറ്റപ്പെടലിന്റെ മൗന നൊമ്പരങ്ങള്‍ അനുഭവിച്ച എഴുത്തുകാര്‍ പലരുമുണ്ട്. എം.ടി, ടി. പത്മനാഭന്‍, ഒ.വി വിജയന്‍ തുടങ്ങിയവര്‍.?
അവരുടെ ഒറ്റപ്പെടലിന്റെ ലോകത്തവര്‍ക്ക് താങ്ങായി അമ്മസങ്കല്‍പം ഉണ്ടായിരുന്നു. അമ്മയുടെ വഴിയിലെ കുടുംബത്തിലെ ദാരിദ്ര്യം കൊണ്ട്, ബന്ധുക്കളുടെ അശ്രദ്ധ കൊണ്ട് അക്കാലത്തെ കൂട്ടുകുടുംബ വ്യവസ്ഥയുടെ താളപ്പിഴ കൊണ്ടൊക്കെ സംഭവിച്ചതാണവരുടെ ഒറ്റപ്പെടല്‍. എന്റെ ഒറ്റപ്പെടലതല്ല. സ്‌നേഹരാഹിത്യത്തിന്റെ ഒറ്റപ്പെടലാണ്. കാരണം അമ്മയെന്നത് എനിക്ക് പറഞ്ഞു കേട്ട അറിവേയുള്ളൂ. എന്റെ കുട്ടിക്കാലത്ത് ഞാന്‍ കണ്ടനുഭവിച്ച കാര്യങ്ങളുണ്ട്. അമ്മ സ്‌നേഹിച്ചുകൊണ്ടു നടക്കുന്ന കുട്ടികളെ ഞാന്‍ കാണുന്നു. അമ്മയുള്ളത് കൊണ്ട് പലതും നേടിയ കുട്ടികളെ കാണുന്നു. അമ്മയില്ലാത്തത് കൊണ്ട് പലതും നഷ്ടപ്പെട്ടവനായി ഞാനും. അമ്മയില്ലാതെ വിങ്ങുന്ന എന്റെ ഹൃദയം കണ്ടത് സി.എച്ച് മുഹമ്മദ്‌കോയയാണ്. സി.എച്ച് താമസിച്ച വീട്ടില്‍ കല്യാണം നടക്കുകയായിരുന്നു. വധുവിനെ പുതിയങ്ങാടിക്ക് കൊണ്ടുപോകുന്നു. അക്കാലത്ത് ബസ്സിലാണെല്ലാവരും പോകുക. കല്‍ക്കരിയിട്ട് ചൂടാക്കി ഓടിക്കുന്ന ബസ്സായിരുന്നു. ബസ്സില്‍ കയറാനുള്ള ആഗ്രഹ തള്ളിച്ചയിലായിരുന്നു ഞങ്ങള്‍ കുട്ടികളെല്ലാം. ഞാന്‍ കണ്ടക്ടറെ കല്‍ക്കരി ചൂടാക്കുന്നതിന് സഹായിച്ചു. അയാള്‍ പറയുന്നതനുസരിച്ച് കാര്യങ്ങള്‍ ചെയ്തുകൊടുത്തു. അതിനു ശേഷം ഞാനും ബസ്സില്‍ കയറിയിരുന്നു പുതിയങ്ങാടിക്ക് പോകാന്‍. ബസ്സില്‍ കുട്ടികള്‍ അധികമായതോടെ ഇറങ്ങാന്‍ ആരോ പറഞ്ഞു. എന്നാല്‍ ഓരോ അമ്മമാരും അവരവരുടെ കുട്ടികളെ ഇറങ്ങാന്‍ സമ്മതിക്കാതെ അവരോടടുക്കിപ്പിടിച്ചു. എന്നാല്‍ എന്നെ അവകാശപ്പെടാന്‍ ആരുമുണ്ടായിരുന്നില്ല. വര്‍ധിച്ച സങ്കടത്തോടെ എനിക്ക് ബസ്സില്‍ നിന്നും ഇറങ്ങേണ്ടിവന്നു. ഈ ഇറക്കലില്‍ നിന്നാണ് സി.എച്ച് മുഹമ്മദ്‌കോയ എന്നെ കാണുന്നത്.
അദ്ദേഹം എന്നെ ചേര്‍ത്തുപിടിച്ചാശ്ലേഷിച്ചു. പിന്നീടാണെനിക്ക് ധാരാളം പുസ്തകങ്ങള്‍ അദ്ദേഹം വായിക്കാന്‍ തന്നത്. ആദ്യം തന്നത് ബാല്യകാലസഖിയാണ്. ഈ ഒറ്റപ്പെടലിന്റെ ദു:ഖം മറ്റ് എഴുത്തുകാരുടേത് പോലെയല്ല. വീട്ടില്‍ കഞ്ഞിയില്ലാത്തതിന്റെയോ പിറന്നാളിന് ഒരു പിടി വറ്റില്ലാത്തതിന്റേയോ ദു:ഖമല്ല എന്റേത്. വിശക്കുമ്പോള്‍ എനിക്ക് വിശക്കുന്നെന്ന് അമ്മയോട് പറയാനാകില്ല. എന്റെ വിശപ്പിന് ഞാന്‍ തന്നെ പരിഹാരമുണ്ടാക്കണം. മറ്റംഗങ്ങള്‍ക്ക് ആഹാരം വിളമ്പുമ്പോഴെ എനിക്കും ലഭിക്കൂ. ചോദിച്ചു വാങ്ങാനുള്ള സ്വാതന്ത്ര്യമില്ല. കാരണം ഞാന്‍ വിരുന്നു പാര്‍ക്കുന്ന ഒരു കുട്ടിയാണ്. എന്റെ ഒന്‍പതാമത്തെ വയസ്സു മുതല്‍ ഉപ്പയുടെ ഉമ്മ ജീവിച്ചിരുന്ന കാലത്ത് വെറും രണ്ടു കൊല്ലം മാത്രമാണ് ഇതിന് വ്യത്യാസമുണ്ടായിരുന്നത്. അവരുടേത് എനിക്ക് മനസ്സിലാകാത്ത ഭാഷയിലുള്ള സ്‌നേഹ പരിചരണമായിരുന്നു. ഭാഷ മനസ്സിലായിത്തുടങ്ങിയപ്പോഴേക്കും അവര്‍ മരണപ്പെട്ടു. പിന്നീടാണ് ഉപ്പ രണ്ടാമത് കല്യാണം കഴിച്ചവരുടെ വീട്ടില്‍ വിരുന്നു പാര്‍പ്പുകാരനായി ഞാന്‍ ചെല്ലുന്നത്. ആ ഒറ്റപ്പെടല്‍ എന്റെ സാഹിത്യത്തിലുടനീളമുണ്ട്. സാഹിത്യ ജീവിതത്തിലും പലരും എന്നെ ഒറ്റപ്പെടുത്തിയിട്ടുണ്ട്. അതൊന്നും ഞാന്‍ തുറന്നു പറയുന്നില്ല. അംഗീകാരം കിട്ടുന്ന കാര്യത്തിലടക്കം. അംഗീകരിക്കപ്പെടാന്‍ പോകുന്ന അവസരത്തിലൊക്കെ ‘അവനോ’ എന്ന ഒരു തരം പുച്ഛ മനോഭാവം എന്നോടുണ്ടായിരുന്നു പലര്‍ക്കും. എന്നാല്‍ ഒരു തരത്തിലും എന്നെ അവഗണിക്കാന്‍ പറ്റില്ലെന്ന അവസ്ഥ വന്നപ്പോഴാണ് ഈ മനോഭാവത്തില്‍ മാറ്റം വന്നത്.
എന്നെ അകറ്റി നിര്‍ത്തിയവര്‍ക്ക് തന്നെ തീരുമാനം മാറ്റേണ്ടി വന്നു. അതുവരെ ഞാനെന്തെഴുതിയിട്ടും ഏശാതെ പോയി. ‘ചങ്ങല’ മുസ്‌ലിം സമുദായത്തിന്റെ ‘ഇന്ദുലേഖ’യാണെന്ന് എം.ആര്‍ ചന്ദ്രശേഖരന്‍ എഴുതുകയും പ്രസംഗിക്കുകയും ചെയ്തു. ‘ചങ്ങല’ എഴുതിക്കഴിഞ്ഞപ്പോള്‍ മാതൃഭൂമിക്കാണ് ആദ്യം അയച്ചത്. അവരത് പ്രസിദ്ധീകരിച്ചില്ല. സി.എച്ച് മുഹമ്മദ്‌കോയയുടെ വാശിയിലാണ് ‘ചന്ദ്രിക’യില്‍ പിന്നീട് മുഴുവനായും പ്രസിദ്ധീകരിച്ചത്. നാല് ലക്കം കഴിഞ്ഞപ്പോഴത് നിര്‍ത്തണം എന്ന് പലരും സി.എച്ചിനോടാവശ്യപ്പെട്ടു. കാരണം അത് മുസ്‌ലിം സമുദായത്തിലെ രണ്ടു പള്ളിത്തര്‍ക്കങ്ങളുടെ കൂടി കഥയായിരുന്നു. രണ്ട് പള്ളി മേധാവികള്‍ അധികാരത്തിന് വേണ്ടിയുണ്ടാക്കിയ തര്‍ക്കം പെരുപ്പിച്ചു കാണിക്കുന്നു എന്ന് ആരോപിച്ചാണത് നിര്‍ത്തണം എന്ന് സി.എച്ചിനോടാവശ്യപ്പെട്ടത്. സി.എച്ചും എ.എം കുഞ്ഞിബാവയുമൊക്കെയാണ് അന്ന് പത്രാധിപസമിതിയിലുണ്ടായിരുന്നത്. എന്നാല്‍ അത് പ്രസിദ്ധീകരിക്കണമെന്ന കാര്യത്തില്‍ സി.എച്ച് ഉറച്ചു തന്നെ നിന്നു. അന്ന് എന്‍.ബി.എസ് ഒരു പുസ്തകം പ്രസിദ്ധീകരിക്കുകയെന്നത് ഒരെഴുത്തുകാരന്റെ ജന്മസാഫല്യമായിരുന്നു. മാതൃഭൂമി തിരസ്‌കരിച്ച ആ പുസ്തകം പക്ഷേ എന്‍.ബി.എസ് പുറത്തിറക്കി. അങ്ങനെ അവഗണന പലതുമുണ്ടായിട്ടുണ്ട്. എന്നാലും ഇത്രയൊക്കെ എത്തിയല്ലോ. അതുതന്നെ ധാരാളം.
കടപ്പാട്: ചന്ദ്രിക ആഴ്ച്ചപ്പതിപ്പ്