Advertisement
national news
ഗോത്രവകുപ്പ് ഉന്നതകുല ജാതര്‍ കൈകാര്യം ചെയ്യട്ടെ, എങ്കിലേ പുരോഗതിയുണ്ടാകൂ; വംശീയ പരാമര്‍ശവുമായി സുരേഷ് ഗോപി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 02, 07:01 am
Sunday, 2nd February 2025, 12:31 pm

ന്യൂദല്‍ഹി: വംശീയ പരാമര്‍ശവുമായി കേന്ദ്ര സഹമന്ത്രിയും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി. ഗോത്രകാര്യ വകുപ്പ് ഉന്നത കുലജാതരാണ് കൈകാര്യം ചെയ്യേണ്ടതെന്നും എങ്കിലേ ആ വിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്ക് പുരോഗതിയുണ്ടാകൂ എന്നുമായിരുന്നു സുരേഷ് ഗോപിയുടെ പ്രസ്താവന.

തനിക്ക് ആ വകുപ്പ് കൈകാര്യം ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നെന്നും താന്‍ ഇക്കാര്യം പ്രധാനമന്ത്രിയുമായി സംസാരിച്ചിരുന്നെന്നും സുരേഷ് ഗോപി പറഞ്ഞു. ദല്‍ഹിയിലെ മയൂര്‍ വിഹാറില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2016ല്‍ താന്‍ എം.പിയായിരുന്നപ്പോള്‍ മുതല്‍ പ്രധാനമന്ത്രിയോട് ഇക്കാര്യം പറയാറുണ്ടായിരുന്നെന്നും സുരേഷ് ഗോപി പറയുന്നുണ്ട്. സിവില്‍ ഏവിയേഷന്‍ വകുപ്പ് തനിക്ക് വേണ്ടെന്നും തന്നെ ട്രൈബര്‍ വകുപ്പിന്റെ ചുമതല ഏല്‍പ്പിക്കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞു.

ട്രൈബല്‍ വകുപ്പ് മന്ത്രി ഒരിക്കലും ട്രൈബല്‍ വിഭാഗത്തിന് പുറത്തുള്ളവരാകില്ല എന്നത് നമ്മുടെ നാടിന്റെ ശാപമാണെന്നും അദ്ദേഹം പറഞ്ഞു. ട്രൈബല്‍ വകുപ്പിന്റെ മന്ത്രിയാകേണ്ടത് ബ്രാഹ്‌മിണ്‍, നായിഡു വിഭാഗത്തില്‍പ്പെട്ട ഉന്നതകുലജാതരാകണമെന്നും എങ്കില്‍ ആ സമൂഹത്തില്‍ വലിയ മാറ്റങ്ങളുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്രൈബര്‍ വിഭാഗത്തില്‍ നിന്നുള്ളവരെ മുന്നോക്ക വിഭാഗത്തിന്റെ കാര്യങ്ങള്‍ നോക്കാനുള്ള മന്ത്രിയാക്കണമെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത ജന്മത്തില്‍ തനിക്ക് ബ്രാഹ്‌മണനായി ജനിക്കണമെന്ന് നേരത്തെ സുരേഷ് ഗോപി പ്രസംഗിച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പിന്നാലെയാണിപ്പോള്‍ ഗോത്രവിഭാഗത്തിന്റെ കാര്യങ്ങള്‍ ഉന്നതകുലജാതരായ ബ്രാഹ്‌മണരോ, നായിഡുമാരോ നോക്കട്ടെ എന്ന് സുരേഷ് ഗോപി പ്രസംഗിച്ചത്.

content highlights: Let the tribal department manage the upper caste, then there will be progress; Suresh Gopi with racial reference