എലിപ്പനി;അരോഗ്യമന്ത്രി അടിയന്തര യോഗം വിളിച്ചു
Kerala News
എലിപ്പനി;അരോഗ്യമന്ത്രി അടിയന്തര യോഗം വിളിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 3rd September 2018, 9:46 am

കോഴിക്കോട് : പ്രളയാനന്തരം ജില്ലയില്‍ എലിപ്പനി പടര്‍ന്നു പിടിക്കുന്നതിന്റെ സാഹചര്യത്തില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ അടിയന്തര യോഗം വിളിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് യോഗം.

നിപയ്ക്ക പിന്നാലെ എലിപ്പനി പടര്‍ന്നു പിടിക്കുന്നതും ജില്ലയില്‍ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ ഏറ്റവും കൂടുതല്‍ എലിപ്പനി റിപ്പോര്‍ട്ട് ചെയ്തത് ജില്ലയിലാണെന്നതും ആശങ്കയുളവാക്കുന്നുണ്ട്. ഇതിനെ തുടര്‍ന്നാണ് യോഗം.

കോഴിക്കോട് കളക്ട്രേറ്റില്‍ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ വൈകിട്ട് മൂന്നിന് ചേരുന്ന യോഗത്തില്‍ ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരെല്ലാം പങ്കെടുക്കും. രോഗലക്ഷണമില്ലെങ്കില്‍ പോലും കര്‍ശനമായും പ്രതിരോധ മരുന്ന് കഴിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലയിലെ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും കോര്‍പ്പറേഷന്‍ പരിധിയിലും മെഡിക്കല്‍ ക്യാംപുകളും സംഘടിപ്പിക്കുന്നുണ്ട്.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 16 പേരാണ് കോഴിക്കോട് ജില്ലയില്‍ മാത്രം എലിപ്പനി രോഗലക്ഷണങ്ങളോടെ മരിച്ചത്. ഇതില്‍ ആറെണ്ണം എലിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

ആഗസ്റ്റ് ഒന്നുമുതല്‍ എലിപ്പനി ലക്ഷണങ്ങളോടെ 187 പേരാണ് ചികിത്സ തേടിയത്. ഇതില്‍ 84 പേരുടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം വ്യാപകമായ സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയത്.