ബ്രസീലിയ: ബ്രസീല്‍ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ നേതാവ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വക്ക് (Luiz Inácio Lula da Silva) വമ്പന്‍ ജയം. തീവ്ര വലതുപക്ഷ നേതാവും നിലവിലെ പ്രസിഡന്റുമായ ജെയര്‍ ബോള്‍സൊനാരോയെ (Jair Bolsonaro) തോല്‍പിച്ചുകൊണ്ടാണ് ലുല പ്രസിഡന്റ് പദവിയിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്.
രണ്ട് ഘട്ടമായിട്ടായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. ആദ്യഘട്ട തെരഞ്ഞെടുപ്പിലും ലുലക്ക് തന്നെയായിരുന്നു മുന്‍തൂക്കം. എന്നാല്‍ 50 ശതമാനം വോട്ട് എന്ന യോഗ്യത മറികടക്കാന്‍ സാധിക്കാതിരുന്നതോടെ രണ്ടാം ഘട്ടത്തിലേക്ക് തെരഞ്ഞെടുപ്പ് നീളുകയായിരുന്നു.
എന്നാല്‍ രണ്ടാം ഘട്ടം കഴിഞ്ഞതോടെ 50.9 ശതമാനം വോട്ട് നേടി 77കാരനായ ലുല വ്യക്തമായ ഭൂരിപക്ഷം സ്വന്തമാക്കി. ബോള്‍സൊനാരോക്ക് 49.1 ശതമാനം വോട്ടാണ് ലഭിച്ചത്.
എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലെത്തി നില്‍ക്കവെ തന്നെ ഇടത് നേതാവ് ലുലക്ക് മുന്‍തൂക്കമുള്ളതായ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നിരുന്നു. അഭിപ്രായ വോട്ടെടുപ്പുകള്‍ നല്‍കിയ സൂചനകളുടെ അടിസ്ഥാനത്തിലായിരുന്നു ഈ റിപ്പോര്‍ട്ട്.
പുതിയ പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും നാഷണല്‍ കോണ്‍ഗ്രസിനെയും തെരഞ്ഞെടുക്കുന്നതിനുള്ള ആദ്യ റൗണ്ട് തെരഞ്ഞെടുപ്പ് ഒക്ടോബര്‍ രണ്ടിനും രണ്ടാം ഘട്ടം ഒക്ടോബര്‍ 30നുമായിരുന്നു നടന്നത്.
ബിസിനസ് ക്ലാസ് ആളുകളുടെ പിന്തുണ ശക്തിപ്പെടുത്താനും അവരുടെ വോട്ട് ലക്ഷ്യം വെച്ചുകൊണ്ടുമായിരുന്നു ബോള്‍സൊനാരോ പ്രചരണം നടത്തിയത്. എന്നാല്‍ സാധാരണക്കാരായ തൊഴിലാളി വര്‍ഗത്തെയും ന്യൂനപക്ഷങ്ങളെയും ബോള്‍സൊനാരോ വിരുദ്ധരെയും കേന്ദ്രീകരിച്ചായിരുന്നു ലുലയുടെ പ്രചരണം.
ജനുവരി ഒന്നിനായിരിക്കും പുതിയ പ്രസിഡന്റ് അധികാരമേല്‍ക്കുക.
Content Highlight: Left leader Lula da Silva is Brazil’s next president