'അഴിമതി നടത്തിയതല്ല, ബിസിനസ് പൊളിഞ്ഞുപോയതാണ്'; സ്വര്‍ണ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ കമറുദ്ദീനെ ന്യായീകരിച്ച് രമേശ് ചെന്നിത്തല
Kerala News
'അഴിമതി നടത്തിയതല്ല, ബിസിനസ് പൊളിഞ്ഞുപോയതാണ്'; സ്വര്‍ണ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ കമറുദ്ദീനെ ന്യായീകരിച്ച് രമേശ് ചെന്നിത്തല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 8th November 2020, 12:57 pm

കൊല്ലം: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മഞ്ചേശ്വരം എം.എല്‍.എ എം.സി കമറുദ്ദീനെ ന്യായീകരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കമറുദ്ദീന്‍ അഴിമതി നടത്തിയിട്ടില്ലെന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്.

കമറുദ്ദീന്‍ ബിസിനസ് നടത്തി പൊളിഞ്ഞതാണെന്നും ചെന്നിത്തല പറഞ്ഞു. കൊല്ലത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എം.സി കമറുദ്ദീന്‍ അഴിമതി നടത്തിയിട്ടില്ല. എം.എല്‍.എ ഇടപെട്ട ബിസിനസ് പൊളിഞ്ഞതാണ്. നിക്ഷേപകര്‍ക്ക് പണം തിരിച്ച് നല്‍കണം,’ ചെന്നിത്തല പറഞ്ഞു.

കമറുദ്ദീനെതിരായ കേസ് ലീഗ് തീരുമാനിക്കുമെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോട്ടെയെന്നും സര്‍ക്കാര്‍ കള്ളക്കേസെടുത്തിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചും ചെന്നിത്തല രംഗത്തെത്തി. കച്ചവടത്തിനും അഴിമതിക്കും സി.പി.ഐ.എം അനുമതി നല്‍കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സി.പി.ഐ.എം ഇപ്പോള്‍ പരിതാപകരമായ അവസ്ഥയിലാണ്. കേരളത്തില്‍ വികസനമെന്ന് പറയുന്നത് അഴിമതിയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് അടുത്തതോടെ മുഖ്യമന്ത്രി അങ്ങോളം ഇങ്ങോളം കല്ലിട്ട് നടക്കുകയാണ്. ആളുകളെ പറ്റിക്കാനുള്ള നടപടികളാണിത്. വന്‍കിട വികസന പദ്ധതികളൊന്നും സര്‍ക്കാര്‍ നടത്തിയില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

സംസ്ഥാനത്ത് വികസനമെന്നാല്‍ കമ്മീഷനായി മാറിയിരിക്കുന്നു. കേന്ദ്ര അന്വേഷണ ഏജന്‍സികളെ വിമര്‍ശിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് കേസ് അന്വേഷിക്കുന്ന സമയത്താണ് സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷ് ലൈഫ് മിഷന്‍ ഇടപാടില്‍ 9.5 കോടിയുടെ കമ്മീഷന്‍ വാങ്ങിയതായി പുറത്ത് വന്നത്. അത് അന്വേഷിക്കേണ്ടെന്ന് മുഖ്യമന്ത്രി പറയുന്നത് എന്തുകൊണ്ടാണ്? മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസും ഇതുപേലെ തന്നെ. പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ സംസ്ഥാനത്തിനകത്തും പുറത്തും മയക്കുമരുന്ന് വ്യാപാരം നടത്തുന്നു. കോടികള്‍ സമ്പാദിക്കുന്നു. അതും അന്വേഷിക്കേണ്ടെന്ന നിലപാടിലാണ് സര്‍ക്കാരെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഇതില്‍ നിന്നെല്ലാം തടസപ്പെടുത്താനാണ് മുഖ്യമന്ത്രിയും സര്‍ക്കാരും ശ്രമിക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Leader in opposition Ramesh Chennithala justifies Kamaruddin MLA