Advertisement
Kerala News
സോളാർ കേസിൽ ജോസ് കെ മാണിയെ ഇടതുമുന്നണി സംരക്ഷിക്കില്ല, പരാതിയിൽ പേരുള്ളവരെല്ലാം അന്വേഷണം നേരിടേണ്ടിവരും; സി.ദിവാകരൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jan 25, 01:41 pm
Monday, 25th January 2021, 7:11 pm

തിരുവനന്തപുരം: സോളാര്‍ കേസില്‍ കേരള കോൺ​ഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയെ ഇടതുമുന്നണി സംരക്ഷിക്കില്ലെന്ന് സി.പി.ഐ നേതാവ് സി.ദിവാകരന്‍. കേസിൽ പരാതിക്കാരിയുടെ പരാതിയില്‍ പേരുള്ളവരെല്ലാം സി.ബി.ഐ അന്വേഷണം നേരിടേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരെ ശിക്ഷിക്കണം ആരെ രക്ഷിക്കണമെന്ന് തീരുമാനിക്കുന്നത് സര്‍ക്കാരല്ലെന്നും അദ്ദേഹം പറഞ്ഞു.

സോളാര്‍ കേസ് സി.ബി.ഐക്ക് വിട്ടതിന് നിയമസഭാ തെരഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇടതുപക്ഷം ഉന്നയിച്ച ​ഗൗരവതരമായ വിഷയമാണിത്. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കേസ് കൈമാറാന്‍ തീരുമാനമെടുത്തതുകൊണ്ടാണ് വലിയ രാഷ്ട്രീയ പ്രധാന്യം ലഭിച്ചത്. സ്വാഭാവികമായ കാലാവസ്ഥയില്‍ ഒരുകേസ് സി.ബി.ഐക്ക് വിടുന്നതിന് ഇത്ര വലിയ ബഹളത്തിന്റെ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു സി.ദിവാകരന്റെ പ്രതികരണം.

സി.ബി.ഐയ്ക്ക് കേസ് കൈമാറൻ വൈകിപ്പിച്ചതിലാണ് യു.ഡി.എഫ് ആക്ഷേപം ഉന്നയിക്കുന്നത്. ഒരു കേസ് എപ്പോള്‍ സി.ബി.ഐയ്ക്ക് വിടണമെന്ന് സര്‍ക്കാരാണ് തീരുമാനിക്കുകയെന്നും ദിവാകരന്‍ വ്യക്തമാക്കി.
എന്നാൽ സോളാർ കേസിൽ പരാതിക്കാരിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നായിരുന്നു ജോസ് കെ. മാണി പ്രതികരിച്ചത്.

സര്‍ക്കാരിന്റെ മുമ്പില്‍ പല പരാതികളും വരുമെന്നും അതില്‍ അന്വേഷണം നടന്നേക്കുമെന്നും ഇതിന് മുന്‍പും തെരഞ്ഞെടുപ്പ് സമയത്ത് ആരോപണം ഉയര്‍ന്നുവന്നതാണെന്നും അതിലൊക്കെ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി കൊടുത്തതാണെന്നും ജോസ് കെ. മാണി പറഞ്ഞു.

സോളാര്‍ കേസില്‍ താന്‍ പരാതി നല്‍കിയ എല്ലാവര്‍ക്കുമെതിരെ അന്വേഷണം വേണമെന്ന് പരാതിക്കാരി പറഞ്ഞിരുന്നു. പരാതിയില്‍ താന്‍ രാഷ്ട്രീയം നോക്കിയിട്ടില്ലെന്നും അബ്ദുള്ളക്കുട്ടി ബി.ജെ.പിയില്‍ പോയതോ ജോസ് കെ. മാണി എല്‍.ഡി.എഫില്‍ പോയതോ തന്റെ വിഷയല്ലെന്നുമായിരുന്നു പരാതിക്കാരി പറഞ്ഞത്.

കഴിഞ്ഞ ദിവസമായിരുന്നു സോളാര്‍ കേസ് സി.ബി.ഐക്ക് വിട്ടത്. ആറ് കേസുകളാണ് സി.ബി.ഐ അന്വേഷിക്കുക. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സോളാര്‍ സംരംഭകയാണ് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയത്.

ഈ മാസം 12നാണ് പരാതി മുഖ്യമന്ത്രിക്ക് നല്‍കിയത്. കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടി, ഹൈബി ഈഡന്‍, കെസി വേണുഗോപാല്‍, എപി അനില്‍കുമാര്‍, അടൂര്‍പ്രകാശ്, ബി.ജെ.പി നേതാവ് അബ്ദുള്ളകുട്ടി എന്നിവര്‍ക്കെതിരെയാണ് പരാതി. നിലവില്‍ ആറു കേസുകള്‍ പ്രത്യേകസംഘമാണ് അന്വേഷിക്കുന്നത്.

സോളാര്‍ തട്ടിപ്പു കേസിലെ പ്രതിയായ സ്ത്രീ നല്‍കിയ ബലാത്സംഗ പരാതികളിലെ അന്വേഷണമാണ് സി.ബി.ഐയ്ക്ക് വിട്ടിരിക്കുന്നത്. കോണ്‍ഗ്രസിലെ ഏറ്റവും ഉന്നത നേതാക്കള്‍ക്കെതിരെയും ബി.ജെ.പിയുടെ ദേശീയ ഉപാധ്യക്ഷനെതിരെയുമുള്ള നിര്‍ണായകമായ കേസാണ് ഇപ്പോള്‍ സി.ബി.ഐയ്ക്ക് കൈമാറിയിരിക്കുന്നത്.

അതേസമയം കോണ്‍ഗ്രസിലെ പ്രമുഖര്‍ പ്രതിസ്ഥാനത്തായ സോളാര്‍ കേസ് സി.ബി.ഐ അന്വേഷണത്തിന് വിട്ടത് ഡയറക്ടര്‍ ഓഫ് പ്രൊസിക്യൂഷന്റെ ഉപദേശ പ്രകാരമാണെന്നാണ് ഇന്ന് പുറത്തുവന്ന വിവരം. നിയമവകുപ്പും സി.ബി.ഐ അന്വേഷണത്തെ അനുകൂലിച്ചു. എന്നാല്‍ പൊലിസ് മേധാവിയുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ തേടിയിട്ടില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: LDF Won’t Protect Jose K Mani in Solar case; C Divakaran