Advertisement
Kerala News
പരാതികളെല്ലാം പരിശോധിച്ച് പരിഹരിച്ചിട്ടുണ്ട്; വിഴിഞ്ഞത്ത് പ്രശ്‌നങ്ങളുണ്ടാക്കുന്നത് ഗൂഢലക്ഷ്യക്കാര്‍: എല്‍.ഡി.എഫ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Nov 28, 03:53 pm
Monday, 28th November 2022, 9:23 pm

 

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി തടയുന്ന നടപടികളില്‍ നിന്ന് സമരക്കാര്‍ അടിയന്തിരമായി പിന്മാറണമെന്ന് എല്‍.ഡി.എഫ്. പദ്ധതി കേരള വികസനത്തിന് ഏറെ സഹായകരമാകുന്നതാണെന്നും എല്‍.ഡി.എഫ് പ്രസ്താവനയില്‍ പറഞ്ഞു.

കേരളത്തിന്റെ വികസനത്തിന് പ്രധാനപ്പെട്ടതാണ് പശ്ചാത്തല മേഖലയിലെ വികസനം. അതില്‍ സുപ്രധാനമായ സ്ഥാനമാണ് വിഴിഞ്ഞം തുറമുഖത്തിനുള്ളത്. ലോകത്തിന്റെ തുറമുഖ ഭൂപടത്തില്‍ ശ്രദ്ധേയമായ പദ്ധതി എന്ന നിലയിലാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഈ പദ്ധതിയെ കണ്ടിട്ടുള്ളതെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ പ്രസ്താവനയില്‍ പറഞ്ഞു.

യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തെ ദൗര്‍ബല്യങ്ങള്‍ കഴിയുന്നത്ര പരിഹരിച്ചുട്ടുണ്ട്. യുദ്ധകാലാടിസ്ഥാനത്തില്‍ പദ്ധതി പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികളുമായി എല്‍.ഡി.എഫ് സര്‍ക്കാര്‍ ശക്തമായി മുന്നോട്ടുപോയത്. കേരളത്തിന്റെ സ്വപ്ന പദ്ധതികളിലൊന്നായ ഇതിനെ അട്ടിമറിക്കുന്നതിനുള്ള ശ്രമങ്ങള്‍ പല ഘട്ടങ്ങളിലും ഉയര്‍ന്നുവന്നതാണ്. അതിനെയെല്ലാം മറികടന്ന് അവ പ്രാവര്‍ത്തികമാക്കുന്നതിനുള്ള നടപടികള്‍ ഇപ്പോള്‍ അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കുകയാണ്. ഈ അവസരത്തിലാണ് ഒരു തരത്തിലും അംഗീകരിക്കാനാവാത്ത മുദ്രാവാക്യങ്ങളുയര്‍ത്തിക്കൊണ്ട് ചിലര്‍ പ്രക്ഷോഭവുമായി മുന്നോട്ടുവന്നതെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു.

‘ഇക്കാര്യത്തില്‍ ഉണ്ടായിട്ടുള്ള പരാതികളെയെല്ലാം പരിശോധിച്ച് ന്യായമായവയെല്ലാം സര്‍ക്കാര്‍ പരിഹരിച്ചു കഴിഞ്ഞിട്ടുണ്ട്. ആ ഘട്ടത്തിലാണ് പദ്ധതി തന്നെ ഇല്ലാതാക്കുന്ന തരത്തിലുള്ള ആവശ്യവുമായി ചിലര്‍ ഗൂഢ ലക്ഷ്യങ്ങളുമായി മുന്നോട്ടുവന്നിട്ടുള്ളത്. ഇത് കേരളത്തിന്റെ വികസനത്തെ സ്നേഹിക്കുന്ന ആര്‍ക്കും അംഗീകരിക്കാനാകില്ല.

സമാധാനപരമായ ജീവിതവും സൗഹാര്‍ദപരമായ ബന്ധങ്ങളും നിലനില്‍ക്കുന്ന കേരളത്തിന്റെ കടല്‍ തീരത്തെ സംഘര്‍ഷഭരിതമാക്കാനുള്ള ഗൂഢശ്രമങ്ങളും ഇതോടൊപ്പം നടക്കുന്നുണ്ട്. ഇക്കാര്യങ്ങളിലെല്ലാം തികഞ്ഞ ജാഗ്രത പുലര്‍ത്തി മുന്നോട്ടുപോകാന്‍ കഴിയണം,’ ഇ.പി. ജയരാജന്‍ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, വിഴിഞ്ഞത്ത് ഇന്ന് സ്ഥിതിഗതികള്‍ പൊതുവെ ശാന്തമായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. അതീവ ജാഗ്രതയിലും കനത്ത പൊലീസ് കാവലിലുമാണ് പ്രദേശം. സംഘര്‍ഷത്തില്‍ പരിക്കേറ്റ മത്സ്യത്തൊഴിലാളികളും പൊലീസുകാരും ഉള്‍പ്പെടെ എഴുപതോളംപേര്‍ ചികില്‍സയിലാണ്.

വിഴിഞ്ഞം തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട് ശനിയാഴ്ച ഉണ്ടായ സംഘര്‍ഷത്തില്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോയെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു.

പദ്ധതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ തുടരുന്ന അസ്വാരസ്യങ്ങളും വാക്കേറ്റങ്ങളുമാണ് കഴിഞ്ഞ ദിവസം സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഭവത്തില്‍ പരാതികളുടെ അടിസ്ഥാനത്തിലും സ്വമേധയായും പത്ത് കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.