'പൃഥ്വിരാജിനോട് കഥ പറഞ്ഞു, അദ്ദേഹം വരാമെന്നും സമ്മതിച്ചു, ഒടുവില്‍ നായകനായത് ദുല്‍ഖര്‍'
Film News
'പൃഥ്വിരാജിനോട് കഥ പറഞ്ഞു, അദ്ദേഹം വരാമെന്നും സമ്മതിച്ചു, ഒടുവില്‍ നായകനായത് ദുല്‍ഖര്‍'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 22nd October 2023, 7:10 pm

ലാല്‍ജോസിന്റെ സംവിധാനത്തില് പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് വിക്രമാദിത്യന്‍. ഇഖ്ബാല്‍ കുറ്റിപ്പുറം കഥയെഴുതിയ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍, നമിത പ്രമോദ്, ഉണ്ണി മുകുന്ദന്‍ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ചിത്രത്തില്‍ നായകനായ ആദിത്യനെ അവതരിപ്പിക്കാന്‍ ആദ്യം തീരുമാനിച്ചത് പൃഥ്വിരാജിനെയാണെന്ന് പറയുകയാണ് ലാല്‍ജോസ്. അന്നത് കുട്ടികളെ കേന്ദ്രീകരിച്ച സിനിമ ആയിരുന്നുവെന്നും കഥ മാറിയപ്പോള്‍ നായകനും മാറുകയായിരുന്നുവെന്നും ലാല്‍ജോസ് പറഞ്ഞു. സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് വിക്രമാദിത്യന്റെ കഥ ഞാന്‍ കേള്‍ക്കുന്നത്. അന്നത് കുട്ടികളെ വെച്ച് ചെയ്യുന്ന ഒരു സിനിമ ആയിരുന്നു. ക്ലൈമാക്‌സില്‍ മാത്രം ഒരു സ്റ്റാര്‍ വേണം. രണ്ട് കുട്ടികളും അവരുടെ മാതാപിതാക്കളും തമ്മിലുള്ള മത്സരമായിരുന്നു. നന്നായി പഠിക്കുന്ന ഒരു കുട്ടിയും ഭയങ്കര ഉഴപ്പനായ ഒരു കുട്ടിയും. പക്ഷേ ഈ ഉഴപ്പനായ കുട്ടി് പരീക്ഷക്ക് എപ്പോഴും ഫസ്റ്റാണ്. നന്നായി പഠിക്കുന്ന കുട്ടിക്ക് എപ്പോഴും സങ്കടമാണ്. അവനൊരിക്കലും ഫസ്റ്റാവാന്‍ പറ്റില്ല. മറ്റവന്‍ പഠിക്കുന്നതൊട്ട് ഇവരാരും കാണുന്നുമില്ല.

അങ്ങനെ ഇവര്‍ മത്സരിച്ച് ഒടുവില്‍ രണ്ട് പേരും എസ്.ഐ. ടെസ്റ്റ് എഴുതുന്നു. പിന്നെ നടക്കുന്നതെല്ലാം വിക്രമാദിത്യന്റെ കഥ തന്നെ. ക്ലൈമാക്‌സില്‍ ഒരു സ്റ്റാര്‍ വരുന്നു. അയാളാണ് ആദിത്യന്‍. വിക്രം എസ്.ഐ ആയി ജോയിന്‍ ചെയ്യുന്ന ദിവസം അവന്‍ ഐ.പി.എസ് കിട്ടിയിട്ട് അസിസ്റ്റന്റ് കമ്മീഷണറായി ജോയിന്‍ ചെയ്യാന്‍ വരുന്നു.

പൃഥ്വിരാജുമായി നല്ല സൗഹൃദമുള്ള സമയമാണ്. രാജുവിനോട് ഞാന്‍ കഥ പറഞ്ഞു. ക്ലൈമാക്‌സില്‍ മാത്രം അഭിനയിക്കാന്‍ ഒരു മൂന്നോ നാലോ ദിവസം വരാമോ എന്ന് ചോദിച്ചു. പിന്നെന്താ വരാമെന്ന് പൃഥ്വിരാജും പറഞ്ഞു. പിന്നീട് ഒരു യാത്രയില്‍ വെച്ച് അത് അങ്ങനെ ചെയ്യണ്ട എന്ന് ഇഖ്ബാല്‍ പറഞ്ഞു. കുട്ടികളുടെ കഥ മാത്രമായി അത് കാണാന്‍ ആളുകള്‍ക്ക് താല്‍പര്യമുണ്ടാവില്ല, ആ രണ്ട് പേരെ പിടിച്ചങ്ങ് പോയാലോ എന്ന് ചോദിച്ചു. അങ്ങനെയാണ് വിക്രമാദിത്യന്‍ എന്ന കഥ ഉണ്ടാവുന്നത്. പിന്നീട് അതിലേക്ക് ദുല്‍ഖര്‍ സല്‍മാനും ഉണ്ണി മുകുന്ദനും എത്തുകയായിരുന്നു,’ ലാല്‍ജോസ് പറഞ്ഞു.

Content Highlight: Lal jos says that Prithviraj was the first to decide to play Adithyan in Vikramadithyan