അവതരണത്തിലെ പുതുമ കൊണ്ട് വലിയ രീതിയിൽ ശ്രദ്ധ നേടിയ നിവിൻ പോളി ചിത്രമായിരുന്നു ‘ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള‘. അൽത്താഫ് സലിം സംവിധാനം ചെയ്ത ചിത്രത്തിൽ ലാൽ, അഹാന കൃഷ്ണൻ, ശാന്തി കൃഷ്ണ, ഐശ്വര്യ ലക്ഷ്മി തുടങ്ങിയവരായിരുന്നു പ്രധാന കഥാപാത്രങ്ങൾ.
ക്യാൻസർ എന്ന അസുഖത്തിന്റെ തീവ്രത ഹ്യൂമറിലൂടെ അവതരിപ്പിച്ച ചിത്രമായിരുന്നു ഇത്. ഈ സിനിമയുടെ കഥ ആദ്യമായി കേട്ട അനുഭവം പങ്കുവെക്കുകയാണ് നടൻ ലാൽ.
സിനിമയുടെ കഥ ആദ്യമായി കേട്ടപ്പോൾ കഥയിൽ വലിയ റിസ്‌ക്കുണ്ടെന്നാണ് താൻ പറഞ്ഞതെന്നും ക്യാൻസർ പോലെ മാരകമായ ഒരു രോഗത്തെ അവതരിപ്പിക്കാൻ തമാശ ചേർക്കുന്നത് വർക്കാവുമോയെന്ന് തനിക്ക് സംശയം ഉണ്ടായിരുന്നുവെന്നും ലാൽ പറയുന്നു. വർഷങ്ങൾക്ക് മുമ്പ് പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്ന സിനിമയിൽ മരണത്തെ ഹ്യൂമറിലൂടെ അവതരിപ്പിച്ചപ്പോൾ പരാജയപ്പെട്ടിരുന്നുവെന്നും എന്നാൽ പുതിയ തലമുറയിലുള്ളവർ നന്നായി ഹോംവർക്ക് ചെയ്യുന്നവരാണെന്നും ലാൽ കൂട്ടിച്ചേർത്തു.
‘ഒരു പരിധിയിൽ കൂടുതൽ മറ്റൊരാളുടെ സിനിമയിൽ കയറി അഭിപ്രായം പറയാനോ ഇടപെടാനോ ഇഷ്ടപ്പെടാത്ത വ്യക്തിയാണ് ഞാൻ. കഥ കേൾക്കുമ്പോൾ കഥാപാത്രത്തെപ്പറ്റി പറയുമ്പോൾതന്നെ ഇതുവരെയുള്ള അനുഭവത്തിന്റെ വെളിച്ചത്തിൽ ചില നിർദേശങ്ങളോ സൂചനകളോ നൽകും. കൂട്ടായ ചർച്ചകളാണ് പലപ്പോഴും ഉണ്ടാകുക.
അടുത്തിടെ പുറത്തുവന്ന ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേളയെന്ന ചിത്രത്തിൻ്റെ കഥ കേട്ടപ്പോൾ ആദ്യം പറഞ്ഞത് ഈ സിനിമയുടെ കഥയ്ക്ക് പിന്നിൽ ഒരു വലിയ റിസ്ക്കുണ്ടെന്നാണ്. ക്യാൻസർ പോലുള്ളൊരു മാരക രോഗത്തിന്റെ കഥ ഹ്യൂമറിന്റെ പശ്ചാത്തലത്തിൽ പറയാനാണ് ചിത്രം ശ്രമിക്കുന്നത്.
പ്രേക്ഷകൻ ഭീതിയോടെ കാണുന്ന ഒരു വിഷയത്തോട് തമാശ ചേർക്കുമ്പോൾ അതെങ്ങിനെ സ്വീകരിക്കപ്പെടുമെന്നതിൽ ആശങ്കയുണ്ടായിരുന്നു. മുമ്പ് ഞങ്ങൾതന്നെ അത്തരത്തിലൊരു കോമ്പിനേഷൻ ഉണ്ടാക്കി പരാജയപ്പെട്ടതായിരുന്നു. പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്ന സിനിമയിൽ മരണവുമായി ചേർത്തുവെച്ചാണ് ഹാസ്യം ഉണ്ടാക്കിയത്. എന്നാൽ പുതിയതലമുറയിലുള്ള പലരും മിടുക്കന്മാരാണ്, വിഷയത്തെ എങ്ങനെ സമീപിക്കണം എന്നതിനായി അവർ വലിയ ഹോംവർക്കുകൾ നടത്തുന്നുണ്ട്,’ലാൽ പറയുന്നു.
Content Highlight: Lal About Story Of Njandukalude Natil Oru Idavelayil Movie