ബോക്‌സ് ഓഫീസിലെ റെക്കോഡുകള്‍ തകര്‍ത്ത് മലയാളത്തിലെ ഏറ്റവും വലിയ വിജയത്തിലേക്ക് കുതിക്കുകയാണ് എമ്പുരാന്‍. ചിത്രത്തിലെ ഒരു പ്രധാനഭാഗം ചിലര്‍ക്ക് അസ്വസ്ഥതയുണ്ടാക്കിയതിനാല്‍ വിവാദമായ രംഗങ്ങള്‍ ഒഴിവാക്കാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിക്കുകയും മോഹന്‍ലാല്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. 2002ലെ ഗുജറാത്ത് കലാപമാണ് തീവ്രവലതുപക്ഷ വാദികളെ ചൊടിപ്പിച്ചത്.
ഗുജറാത്ത് കലാപത്തില്‍ 90ലധികം മുസ്‌ലിങ്ങളെ കൊന്നൊടുക്കിയ ബാബു ബജ്‌രംഗിയുടെ പേര് പ്രധാനവില്ലന് നല്‍കിയതും കേന്ദ്രമന്ത്രിസഭയെ വരെ നിയന്ത്രിക്കാന്‍ കഴിയുന്ന വ്യക്തിയായി ചിത്രീകരിച്ചതും ചിലരെ ചൊടിപ്പിച്ചു. എന്നാല്‍ ബാബു ബജ്‌രംഗിയെ മാത്രമല്ല, കേരള രാഷ്ട്രീയത്തിലെ ചില വ്യക്തികളുമായി സാദൃശ്യമുള്ള കഥാപാത്രങ്ങളെയും മുരളി ഗോപി എമ്പുരാനില്‍ ഉള്‍പ്പെടുത്തിയിരുന്നു.
അത്തരത്തിലൊരു കഥാപാത്രമാണ് സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച സജനചന്ദ്രന്‍. ഇന്ത്യ ഭരിക്കുന്ന അഖണ്ഡ ശക്തി മോര്‍ച്ച എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാന നേതാവാണ് സജനചന്ദ്രന്‍. ഈ കഥാപാത്രത്തെ കാണിക്കുന്ന രംഗത്തില്‍ പറയുന്ന ഡയലോഗ് ഈയടുത്ത് കേരള രാഷ്ട്രീയത്തില്‍ ഒരുപാട് ചര്‍ച്ചയുണ്ടാക്കിയ പ്രസ്താവനയായിരുന്നു.
’35 സീറ്റ് നിയമസഭയില്‍ ലഭിച്ചാല്‍ കേരളത്തിന്റെ ഭരണം തങ്ങള്‍ക്ക് കിട്ടും’ എന്ന് സജനചന്ദ്രന്‍ പറയുന്നുണ്ട്. ബി.ജെ.പിയുടെ മുന്‍ സംസ്ഥാന പ്രസിഡന്റ് 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പറഞ്ഞ വാക്കുകള്‍ അതേപടി പകര്‍ത്തിവെക്കുകയാണ് മുരളി ഗോപി എമ്പുരാനില്‍. അതുപോലെ ഒരുപാട് ട്രോള്‍ ലഭിച്ച ഹിന്ദി തര്‍ജമയെപ്പറ്റിയും ചെറുതല്ലാത്ത സൂചന സജനചന്ദ്രനിലൂടെ മുരളി ഗോപി ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഗുജറാത്ത് കലാപത്തിന്റെ ഭാഗങ്ങള്‍ക്കിടയില്‍ അധികമാരും ചര്‍ച്ച ചെയ്യാത്ത ഈ സാമ്യതയെ ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. തീവ്രവലതുപക്ഷവാദികളെ ചൊടിപ്പിക്കുന്ന വേഷം സുരാജ് ആദ്യമായല്ല ചെയ്യുന്നത്. ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന ചിത്രത്തിലെ കഥാപാത്രം തീവ്രവലതുപക്ഷവാദികള്‍ക്ക് അസഹിഷ്ണുതയുണ്ടാക്കിയിരുന്നു.
ആ കഥാപാത്രത്തിന്റെ പേരില്‍ സുരാജ് വ്യാപകമായ സൈബര്‍ ആക്രമണം നേരിട്ടിരുന്നു. എന്നാല്‍ സിനിമയാണ് തന്റെ ജീവിതമെന്ന് കരുതുന്ന സുരാജ് ഈ കഥാപാത്രത്തെ ഏറ്റെടുത്തതും അഭിനന്ദിക്കേണ്ട ഒന്നാണ്. ആവിഷ്‌കാരസ്വാതന്ത്യത്തിന് കത്രിക വെക്കുന്ന ഇന്നത്തെ കാലത്ത് എമ്പുരാന്‍ മൂന്ന് ദിവസമെങ്കിലും കട്ട് ചെയ്യാതെ പ്രദര്‍ശിപ്പിക്കാന്‍ സാധിച്ചത് വലിയ കാര്യമായി ഭാവിയില്‍ കണക്കാക്കപ്പെട്ടേക്കാം.
Content Highlight: Suraj Venjaramoodu’s character in Empuraan movie