IPL
തിരിച്ചുവരവിലും പണി വാങ്ങി ഹര്‍ദിക്
സ്പോര്‍ട്സ് ഡെസ്‌ക്
2025 Mar 30, 10:05 am
Sunday, 30th March 2025, 3:35 pm

ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള മത്സരത്തില്‍ ഗില്ലിന്റെ സംഘം വിജയം നേടിയിരുന്നു. ടൈറ്റന്‍സിന്റെ തട്ടകമായ അഹമ്മദാബാദില്‍ 36 റണ്‍സിനാണ് ടൈറ്റന്‍സ് വിജയം സ്വന്തമാക്കിയത്.

സായി സുദര്‍ശന്റെ അര്‍ധ സെഞ്ച്വറിയുടെയും പ്രസീത് കൃഷ്ണയുടെ എക്കണോമിക്കല്‍ സ്‌പെല്ലിന്റെയും കരുത്തിലാണ് ടൈറ്റന്‍സ് ജയം നേടിയെടുത്തത്. ക്യാപ്റ്റന്‍ ഗില്ലിന്റെയും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോസ് ബട്‌ലറുടെയും പ്രകടനവും ഗുജറാത്തിന്റെ വിജയത്തില്‍ നിര്‍ണായകമായിരുന്നു.

മത്സരത്തില്‍ ടോസ് നേടിയ മുംബൈ, ഗുജറാത്തിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. തുടര്‍ന്ന് ഗുജറാത്ത് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സാണ് നേടിയത്.

എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈക്ക് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സാണ് നേടാന്‍ സാധിച്ചത്. ഇതോടെ തങ്ങളുടെ രണ്ടാം തോല്‍വിയും മുംബൈയ്ക്ക് ഏറ്റുവാങ്ങേണ്ടി വന്നു. സൂര്യകുമാര്‍ യാദവും യുവ താരം തിലക് വര്‍മയുമാണ് മുംബൈയ്ക്കായി ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചത്.

ഇപ്പോള്‍, തോല്‍വിയ്ക്ക് പിന്നാലെ മറ്റൊരു തിരിച്ചടി കൂടി നേരിട്ടിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. ബി.സി.സി.ഐ കുറഞ്ഞ ഓവര്‍ റേറ്റിന് ടീമിനെതിരെ 12 ലക്ഷം രൂപ പിഴ ചുമത്തിയിരിക്കുകയാണ്. നിശ്ചിത സമയത്തിനുള്ളില്‍ 20 ഓവറുകള്‍ പൂര്‍ത്തിയാക്കാന്‍ പാണ്ഡ്യയുടെ സംഘത്തിന് സാധിച്ചിരുന്നില്ല.

ഗുജറാത്തിനെതിരെയുള്ള മത്സരം ഐ.പി.എല്ലിലേക്കുള്ള ഹര്‍ദിക് പാണ്ഡ്യയുടെ തിരിച്ച് വരവ് മത്സരമായിരുന്നു. കഴിഞ്ഞ സീസണില്‍ സ്ലോ ഓവര്‍ റേറ്റിന് ലഭിച്ച വിലക്ക് കാരണമാണ് ചെന്നൈക്കെതിരെയുള്ള ആദ്യ മത്സരം താരത്തിന് നഷ്ടമായത്.

അതേസമയം, ഒരു സീസണില്‍ മൂന്ന് തവണ 20 ഓവര്‍ പൂര്‍ത്തിയാക്കാന്‍ ഫ്രാഞ്ചൈസി പരാജയപ്പെട്ടാല്‍ ക്യാപ്റ്റന് ഒരു മത്സരത്തില്‍ നിന്ന് വിലക്ക് ഏര്‍പ്പെടുത്തണമെന്ന നിയമം പുതിയ സീസണിന് മുന്നോടിയായി റദാക്കിയിരുന്നു. സ്ലോ ഓവര്‍ റേറ്റിന് വിലക്ക് ലഭിച്ച അവസാന ക്യാപ്റ്റനാണ് ഹര്‍ദിക്.

CONTET HIGHLIGHTS: IPL 2025: MI vs GT- BCCI fined Mumbai Indians Rs 12 lakh for slow over rate