അങ്കാറ: തുര്‍ക്കിയില്‍ ഇസ്താംബുള്‍ മേയറുടെ അറസ്റ്റിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ സ്വീഡിഷ് പത്രപ്രവര്‍ത്തകനെ തീവ്രവാദക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ഡാഗെന്‍സ് ഇ.ടി.സി പത്രത്തില്‍ ജോലി ചെയ്യുന്ന ജോക്കിം മെഡിനെയാണ് തീവ്രവാദ സംഘടനയില്‍ അംഗത്വമുണ്ടെന്നും പ്രസിഡന്റിനെ അപമാനിച്ചു എന്നും ചൂണ്ടിക്കാട്ടി അറസ്റ്റ് ചെയ്തത്. പത്രപ്രവര്‍ത്തകന്റെ അറസ്റ്റ് പ്രസിഡന്റിന്റെ ഓഫീസ് സ്ഥിരീകരിച്ചിട്ടൂണ്ട്.
നിരോധിത കുര്‍ദിഷ് തീവ്രവാദ സംഘടനയായ പി.കെ.കെ.യുമായുള്ള അടുപ്പത്തിനെത്തുടര്‍ന്നും തുര്‍ക്കി വിരുദ്ധ വാര്‍ത്തകള്‍ നല്‍കിയതിനെത്തുടര്‍ന്നുമാണ് മെഡിനെ അറസ്റ്റ് ചെയ്തതാണ് ഡിസ്ഇന്‍ഫര്‍മേഷന്‍ കോമ്പാറ്റ് സെന്റര്‍ പുറത്തുവിട്ട ബുള്ളറ്റിനില്‍ പറയുന്നത്.
കഴിഞ്ഞ ദിവസം തുര്‍ക്കിയില്‍ വിമാനം ഇറങ്ങിയപ്പോഴാണ് മെഡിനെ കസ്റ്റഡിയിലെടുത്തത്. തൊട്ടടുത്ത ദിവസം തന്നെ ഇദ്ദേഹത്തെ ജയിലിലേക്ക് മാറ്റി.
അതേസമയം പ്രതിഷേധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് എ.എഫ്.പി ഫോട്ടോഗ്രാഫര്‍ യാസിന്‍ അക്കുള്‍ ഉള്‍പ്പെടെ 11 പത്രപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചതിന് പിന്നാലെയാണ് മെഡിനെതിരായ നടപടി. പ്രതിഷേധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ബി.ബി.സി റിപ്പോര്‍ട്ടര്‍ മാര്‍ക്ക് ലോവനെ 17 മണിക്കൂര്‍ തടങ്കലില്‍ വച്ച ശേഷം നാടുകടത്തിയിരുന്നു.
അതേസമയം 2023ല്‍ സ്വീഡനിലെ സ്റ്റോക്ക്ഹാമില്‍വെച്ച് നടന്ന ഒരു പരിപാടിയില്‍വെച്ച് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗനെ അപമാനിക്കുന്ന പ്രതിഷേധ പരിപാടിയില്‍ പങ്കാളിയായതിനെയാണ് സ്വീഡിഷ് പത്രപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. പി.കെ.കെ അംഗങ്ങളാണ് ഈ പ്രതിഷേധം ആസൂത്രണം ചെയ്‌തെന്നാണ് ഇവര്‍ ആരോപിക്കുന്നത്.
ഇസ്താംബുള്‍ മേയര്‍ എക്രെം ഇമാമോഗ്ലുവിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് തുര്‍ക്കിയില്‍ പ്രതിഷേധം ശക്തമാവുകയാണ്. സംഘര്‍ഷത്തില്‍ ആയിരക്കണക്കിന് പ്രതിഷേധക്കാരയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മേയറുടെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇമാമോഗ്ലുവ് അനുകൂലികള്‍ തെരുവിലിറങ്ങിയത്.
പ്രതിഷേധം അടിച്ചമര്‍ത്തുന്നതിന് ഉപരി എക്‌സ്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ്, ടിക് ടോക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലേക്കുള്ള ആക്സസും സര്‍ക്കാര്‍ പരിമിതപ്പെടുത്തിയിരുന്നു.
2028ല്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിരിക്കെയാണ് ഇമാമോഗ്ലുവിനെതിരെ നടപടിയെടുത്തത്. കസ്റ്റഡിയിലെടുത്തിന് പിന്നാലെ കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് തീവ്രവാദം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ ഇമാമോഗ്ലുവിനെതിരെ ചുമത്തിയിരുന്നു.
എര്‍ദോഗന്റെ കടുത്ത എതിരാളിയായാണ് ഇമാമോഗ്ലുവിനെ വിലയിരുത്തുന്നത്. തുര്‍ക്കി പ്രതിപക്ഷമായ റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിലേക്കുള്ള നോമിനി കൂടിയാണ് ഇമാമോഗ്ലുവ്.
Content Highlight: Protests in Turkey; Swedish journalist detained on terrorism charges