ലഖ്‌നൗ: നവരാത്രി ഉത്സവത്തോടനുബന്ധിച്ച് ഉത്തര്‍പ്രദേശിലെ ക്ഷേത്രങ്ങള്‍ക്ക് സമീപം മീനും ഇറച്ചിയും വില്‍ക്കുന്നത് നിരോധിക്കാന്‍ ഉത്തരവിട്ട് യു.പി സര്‍ക്കാര്‍. ആരാധനാലയങ്ങളുടെ 500 മീറ്റര്‍ ചുറ്റളവിലുള്ള വില്‍പ്പനയാണ് നിരോധിച്ചിരിക്കുന്നത്. ഇതിന് പുറമെ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന അറവുശാലകള്‍ ഉടന്‍ അടച്ചുപൂട്ടാനും നിര്‍ദേശമുണ്ട്.
നഗരവികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അമൃത് അഭിജത് ആണ് നിര്‍ദേശം പുറപ്പെടുവിച്ചത്. ജില്ലാ മജിസ്ട്രേറ്റുകള്‍ക്കും, പൊലീസ് കമ്മീഷണര്‍മാര്‍ക്കും, മുനിസിപ്പല്‍ കമ്മീഷണര്‍മാര്‍ക്കും ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
2025 ഏപ്രില്‍ ആറിന്, രാമനവമി ദിനത്തില്‍ പ്രത്യേക നിരോധനം നടപ്പിലാക്കും. അന്ന് മൃഗങ്ങളെ കൊല്ലുന്നതും മാംസ വില്‍പ്പനയും പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്.
ഉത്തരവുകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷ നടപടി സ്വീകരിക്കാന്‍ യു.പി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ഇത് ലംഘിക്കുന്നവര്‍ക്കെതിരെ 1959 ലെ യു.പി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നിയമത്തിലെയും 2006 ലെയും 2011 ലെയും ഭക്ഷ്യസുരക്ഷാ നിയമങ്ങളിലെയും വ്യവസ്ഥകള്‍ പ്രകാരം നിയമനടപടി സ്വീകരിക്കും.
തീരുമാനം ഫലപ്രദമായി നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനായി ജില്ലാ മജിസ്‌ട്രേറ്റിന്റെ അധ്യക്ഷതയില്‍ ജില്ലാതല കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. പൊലീസ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, മൃഗസംരക്ഷണ വകുപ്പ്, ഗതാഗത വകുപ്പ്, തൊഴില്‍ വകുപ്പ്, ആരോഗ്യ വകുപ്പ്, ഭക്ഷ്യസുരക്ഷാ ഭരണകൂടം എന്നിവയിലെ ഉദ്യോഗസ്ഥര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടും.
Content Highlight: UP government bans sale of fish and meat within 500 meters of places of worship on the occasion of Navratri