Entertainment
'ഇഷ്ടമല്ലെടാ' എന്ന പാട്ടിലെ ആ വരി ഞാൻ കയ്യിൽ നിന്നും ഇട്ടത്: ഗായകൻ അഫ്സൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 30, 09:25 am
Sunday, 30th March 2025, 2:55 pm

സ്വപ്നക്കൂട്ടിലെ വളരെ വ്യത്യസ്തമായ പാട്ടായിരുന്നു ‘ഇഷ്ടമല്ലെടാ എനിക്കിഷ്ടമല്ലെടാ‘ പാട്ട്. കൈതപ്രം എഴുതി മോഹൻ സിതാര സംഗീതസംവിധാനം ചെയ്ത പാട്ട് പാടിയത് അഫ്സലും ചിത്ര അയ്യരുമാണ്. ഇപ്പോൾ പാട്ടിനെക്കുറിച്ച് സംസാരിക്കുകയാണ് ഗായകൻ അഫ്സൽ.

2000 മുതൽ മോഹൻ സിതാരയുമായി ക്ലോസ് ആണെന്നും മോഹൻ സിതാര തനിക്ക് ഫ്രീഡം തരുന്ന ആളാണെന്നും പറയുകയാണ് അഫ്സൽ. എന്ത് ചെയ്താലും മോഹൻ സിതാരയ്ക്ക് ആവശ്യമുള്ളത് അദ്ദേഹം എടുക്കുമെന്നും ഇഷ്ടമല്ലടാ എനിക്ക് ഇഷ്ടമല്ലടാ എന്ന പാട്ട് പാടാൻ പോയപ്പോൾ പാട്ടുകാർ അഭിനയിക്കുന്ന പാട്ടാണെന്നുമാണ് മോഹൻ സിതാര പറഞ്ഞതെന്നുംഅഫ്സൽ പറയുന്നു.

തന്നോട് എങ്ങനെ വേണമെങ്കിലും അഭിനയിക്കാം എന്ന് പറഞ്ഞെന്നും അങ്ങനെയാണ് ഓരോ പോർഷൻസ് പാടിയതെന്നും അഫ്സൽ പറയുന്നു. അതിലെ ‘ഓ മൈ ഉണ്ണിയാർച്ച‘ എന്ന് പറയുന്ന പോർഷൻസൊക്കെ കയ്യിൽ നിന്നും എടുത്തതാണെന്നും പാടിക്കഴിഞ്ഞപ്പോൾ കൊള്ളാമെന്ന് മോഹൻ സിതാര പറഞ്ഞുവെന്നും അഫ്സൽ കൂട്ടിച്ചേർത്തു.

റെഡ് എഫ്. എമ്മിനോട് സംസാരിക്കുകയായിരുന്നു അഫ്സൽ.

‘2000 മുതൽ മോഹൻ ചേട്ടനുമായിട്ട് (മോഹൻ സിതാര) ക്ലോസ് ആണ്. അന്നുമുതലേ മോഹൻ ചേട്ടൻ്റെ പാട്ടുകൾക്ക് ട്രാക്ക് പാടാനും റിഥം പ്രോഗാമറും ആയിരുന്നു. മോഹൻ ചേട്ടൻ എനിക്ക് ഫ്രീഡം തരുന്ന ആളാണ്. എന്ത് ചെയ്താലും പുള്ളിക്ക് ആവശ്യമുള്ളത് പുള്ളി എടുക്കും.

ഈ പാട്ട് പാടാൻ പോയപ്പോൾ ‘അഫ്സലേ ഇത് നമ്മൾ പാട്ടുകാർ അഭിനയിക്കുന്ന സിനിമയാണ്’ എന്നാണ് മോഹൻ ചേട്ടൻ പറഞ്ഞത്. നമ്മൾക്ക് എങ്ങനെ വേണമെങ്കിലും അഭിനയിക്കാം. ഞാനും ചിത്ര അയ്യരും ചേർന്നാണ് പാട്ട് പാടിയത്.

അങ്ങനെ ഓരോ പോർഷൻസ് പാടി. എന്തൊക്കെ അതിൽ ചെയ്യാൻ പറ്റുമോ അതെല്ലാം ചെയ്തിട്ടുണ്ട്. പൂണ്ട് വിളയാടിയിട്ടുണ്ട് ആ പാട്ടിൽ. അതിലെ ‘ഓ മൈ ഉണ്ണിയാർച്ച’ യൊക്കെ ഞാൻ കയ്യീന്ന് എടുത്തതാണ്. അത് അപ്പോൾതന്നെ ഓട്ടോമാറ്റിക്കായി വന്നതാണ് എനിക്ക്. അത് പാടിയപ്പോൾ ‘അത് കൊള്ളാമെടാ’ എന്ന് മോഹൻ ചേട്ടൻ പറഞ്ഞു. പിന്നെ കുറച്ച് കൂടി സ്റ്റൈലിഷ് ആക്കി പാടിയതാണ് അത്. മോഹൻ ചേട്ടൻ കുറച്ച് കൂടി എക്സ്പെരിമെൻ്റൽ ആണ്. എന്തെങ്കിലുമൊക്കെ ചെയ്യാൻ പറ്റുമോ എന്ന് നോക്കും,’ അഫ്സൽ പറയുന്നു.

Content Highlight: Singer Afsal is talking about Swapnakoodu movie song