തോറ്റത് ചെന്നൈ, കരഞ്ഞത് പഞ്ചാബ്; ചെപ്പോക് കീഴടക്കിയ ലഖ്‌നൗവിന് ചരിത്രനേട്ടം
Cricket
തോറ്റത് ചെന്നൈ, കരഞ്ഞത് പഞ്ചാബ്; ചെപ്പോക് കീഴടക്കിയ ലഖ്‌നൗവിന് ചരിത്രനേട്ടം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 24th April 2024, 9:04 am

ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിന് ത്രില്ലര്‍ ജയം. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ലഖ്‌നൗ ആറ് വിക്കറ്റുകള്‍ക്കാണ് ചെന്നൈയെ പരാജയപ്പെടുത്തിയത്. ചെന്നൈയുടെ തട്ടകമായ ചെപ്പോക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ കെ.എല്‍ രാഹുല്‍ ഹോം ടീമിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ലഖ്‌നൗ മൂന്ന് പന്തുകളും ആറ് വിക്കറ്റുകളും ബാക്കിനില്‍ക്കേ ലക്ഷ്യം മറികടക്കുകയായിരുന്നു.

ഈ ആവേശകരമായ വിജയത്തിനു പിന്നാലെ ഒരു ചരിത്ര നേട്ടമാണ് ലഖ്‌നൗ സ്വന്തമാക്കിയത്. ഐ.പി.എല്ലില്‍ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ ഒരു ടീം നടത്തുന്ന ഏറ്റവും ഉയര്‍ന്ന ചെയ്സിങ് എന്ന ചരിത്രനേട്ടമാണ് ലഖ്നൗ സ്വന്തമാക്കിയത്.

ഇതിന് മുമ്പ് ചെപ്പൊക് സ്റ്റേഡിയത്തിലെ ഉയര്‍ന്ന ചെയ്സിങ് പഞ്ചാബ് കിങ്‌സിന്റെ പേരില്‍ ആയിരുന്നു. 2023ല്‍ നടന്ന മത്സരത്തില്‍ ചെന്നൈ ഉയര്‍ത്തിയ 200 റണ്‍സായിരുന്നു പഞ്ചാബ് മറികടന്നത്.

മാര്‍ക്കസ് സ്റ്റോണിസിന്റെ സെഞ്ച്വറി കരുത്തിലാണ് ലഖ്‌നൗ ചെന്നൈയ്ക്കെതിരെ ജയിച്ചു കയറിയത്. 63 പന്തില്‍ പുറത്താവാതെ 124 റണ്‍സ് ആണ് സ്റ്റോണിസ് അടിച്ചെടുത്തത്. 13 ഫോറുകളും ആറ് സിക്സുകളും ആണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

ചെന്നൈക്കായി നായകന്‍ റിതുരാജ് ഗെയ്ക്വാദ് സെഞ്ച്വറി നേടി കരുത്തുകാട്ടി. 60 പന്തില്‍ പുറത്താവാതെ 108 റണ്‍സ് ആയിരുന്നു ഗെയ്ക്വാദ് നേടിയത്. 12 ഫോറുകളും മൂന്ന് സിക്സുകളും ആണ് ചെന്നൈ നായകന്റെ ബാറ്റില്‍ നിന്നും പിറന്നത്. മൂന്ന് ഫോറുകളും ഏഴ് സിക്‌സും ഉള്‍പ്പെടെ 27 പന്തില്‍ 65 നേടിയ ശിവം ദുബെയും ചെന്നൈക്കായി മികച്ച പ്രകടനം നടത്തി.

ജയത്തോടെ എട്ട് മത്സരങ്ങളില്‍ നിന്ന് അഞ്ച് വിജയവും മൂന്ന് തോല്‍വിയും അടക്കം 10 പോയിന്റോടെ നാലാം സ്ഥാനത്തേക്ക് മുന്നേറാനും രാഹുലിനും സംഘത്തിനും സാധിച്ചു. ഏപ്രില്‍ 27ന് രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ് ലഖ്നൗവിന്റെ അടുത്ത മത്സരം. ലഖ്നൗവിന്റെ തട്ടകമായ ഏകാന സ്റ്റേഡിയമാണ് വേദി.

Content Highlight: L;ucknow Super Giants create a new record in IPL