കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത ന്നാ താന്‍ കേസ് കൊട് എന്ന സിനിമ തിയേറ്ററുകളിലെത്താനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. നേരത്തെ പുറത്തുവന്ന ചിത്രത്തിലെ പാട്ടും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു.
കുഞ്ചാക്കോ ബോബന്റെ കഥാപാത്രം ഒരു ചെറിയ പ്രശ്‌നവുമായി കോടതിയെ സമീപിക്കുന്നതും, തന്റെ കേസ് വാദിക്കാന്‍ ശ്രമിക്കുന്നതുമാണ് ന്നാ താന്‍ കേസ് കൊട് എന്ന സിനിമയുടെ പ്രമേയമെന്നാണ് സൂചന.
കാസര്‍ഗോഡന്‍ ശൈലി പരീക്ഷിക്കുന്ന കുഞ്ചാക്കോ ബോബന്റെ ആദ്യ ചിത്രം കൂടിയാണ് ന്നാ താന്‍ കേസ് കൊട്.
വ്യത്യസ്തമായ ശൈലിപ്രയോഗത്തെക്കുറിച്ചും അതിന് വേണ്ടി വന്ന പരിശീലനങ്ങളെക്കുറിച്ചുമുള്ള ചോദ്യത്തിന് മറുപടി പറയുകയാണ് കുഞ്ചാക്കോ ബോബന്‍. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മൂവി മാന്‍ ബ്രോഡ്കാസ്റ്റിങ്ങിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു സീനിന് വേണ്ടി പ്രത്യേകം പ്രിപ്പെയര്‍ ചെയ്യാറില്ലെന്നും സ്‌പൊണ്ടേനിയിറ്റിയില്‍ വിശ്വസിക്കുന്നുവെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ഞാന്‍ ഭയങ്കരമായിട്ട് അതിന് വേണ്ടി പ്രിപ്പെയര്‍ ചെയ്യുവാണേല്‍ എനിക്ക് ടെന്‍ഷനാവും. ഐ ലിവ് ഇന്‍ ദി മൊമെന്റ്. ചിലപ്പോ ആ രീതിയിലാണ് പറ്റുന്നതെന്ന് കുറച്ചുകൂടെ എനിക്ക് തോന്നുന്നുണ്ട്. ആ സ്‌പൊണ്ടേനിയിറ്റിയില്‍ ഞാന്‍ വിശ്വസിക്കുന്നു. എനിക്ക് അതാണ് കുറച്ചു കൂടെ കറക്ട് ആയിട്ട് വരുന്നത്.
ബ്ലാങ്ക് ആയിട്ടാണ് ഞാന്‍ ഒരു സീനിലേക്ക് ചെല്ലുന്നത്. സീന്‍ ഇതാണ്, സീക്വന്‍സ് ഇതായിരിക്കും എന്നൊക്കെ ഒരു ഐഡിയ കാണും. പക്ഷേ അതിനെക്കുറിച്ച് ഒരുപാട് പ്രിപ്പെയര്‍ ചെയ്യാറില്ല. കാരണം ആ മൊമെന്റില്‍ സാഹചര്യങ്ങള്‍ ഭയങ്കര ഡിഫറന്റ് ആയിരിക്കും. നമ്മള്‍ ഉപയോഗിക്കുന്ന സാധനങ്ങള്‍, സമയം.
ഇതെല്ലാം വേറൊരു രീതിയിലായിരിക്കും ആ സീനിനെ കൊണ്ടുപോകുന്നത്. ചിലപ്പോള്‍ ഞാന്‍ പ്രിപ്പെയര്‍ ചെയ്തതിനേക്കാളും ഭംഗിയായി ആയിരിക്കും ആ സീന്‍ വന്നിട്ടുണ്ടാകുക. പ്രിപ്പെറേഷന്‍സിനേക്കാള്‍ കൂടുതല്‍ സ്‌പൊണ്ടേനിയിറ്റിക്ക് വേണ്ടിയാണ് ഞാന്‍ വെയ്റ്റ് ചെയ്ത് നില്‍ക്കുന്നത്,’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.