കോമഡി സിനിമകൾക്കാണ് ഇനി മാർക്കറ്റെന്ന് കരുതിയപ്പോൾ ആ മമ്മൂക്ക ചിത്രം വന്ന് സൂപ്പർ ഹിറ്റായി: കുഞ്ചാക്കോ ബോബൻ
Entertainment
കോമഡി സിനിമകൾക്കാണ് ഇനി മാർക്കറ്റെന്ന് കരുതിയപ്പോൾ ആ മമ്മൂക്ക ചിത്രം വന്ന് സൂപ്പർ ഹിറ്റായി: കുഞ്ചാക്കോ ബോബൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 20th November 2024, 7:33 pm

ഫാസില്‍ മലയാളസിനിമക്ക് സമ്മാനിച്ച നടന്മാരില്‍ ഒരാളാണ് കുഞ്ചാക്കോ ബോബന്‍. ആദ്യ ചിത്രം തന്നെ ഇന്‍ഡസ്ട്രി ഹിറ്റാക്കിയ കുഞ്ചാക്കോ ബോബന്‍ ഒരുകാലത്ത് മലയാളത്തിലെ ചോക്ലേറ്റ് ഹീറോയായിരുന്നു.

സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേളയെടുത്ത താരം കഴിഞ്ഞ കുറച്ചുകാലങ്ങളായി പ്രേക്ഷകരെ ഞെട്ടിക്കുകയാണ്. ന്നാ താൻ കേസ് കൊട്, ചാവേർ തുടങ്ങി ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ബോഗെയന്‍വില്ലയിലും കുഞ്ചാക്കോ ബോബന്‍ സിനിമാപ്രേമികളെ ഞെട്ടിച്ചു.

പുതിയകാലത്തെ മലയാള സിനിമയെ കുറിച്ച് പറയുകയാണ് താരം. മറ്റ് ഇൻഡസ്ട്രികൾ മലയാള സിനിമയെ അഭിമാനത്തോടെയാണ് ഇപ്പോൾ നോക്കുന്നതെന്നും ഇറങ്ങുന്നതെല്ലാം ഒന്നിനൊന്ന് മികച്ച സിനിമകളാണെന്നും താരം പറയുന്നു. പ്രേമലു, ഭ്രമയുഗം, മഞ്ഞുമ്മൽ ബോയ്സ് തുടങ്ങിയ ചിത്രങ്ങളെ കുറിച്ചും കുഞ്ചാക്കോ ബോബൻ സംസാരിച്ചു.

‘ഇനിയങ്ങോട്ടു ബിഗ് ബജറ്റ് സിനിമകൾ മാത്രമേ തിയേറ്ററിൽ വിജയം കാണൂ എന്നു കരുതിയ സമയത്താണ്  പ്രേമലു പോലെ ഒരു കൂട്ടം യുവാക്കളുടെ ചിത്രം വൻ വിജയമായത്. അതോടെ കോമഡി ചിത്രങ്ങൾക്കാകും ഇനി മാർക്കറ്റ് എന്നു കരുതിയിരുന്നപ്പോഴാണ് ബ്ലാക്ക് ആൻഡ് വൈറ്റ് ഹൊറർ ഴോണറിലെത്തി ഭ്രമയുഗം ഹിറ്റടിച്ചത്.

അതിനു പിന്നാലെ സർവൈവൽ ത്രില്ലർ ഴോണറിലെത്തിയ മഞ്ഞുമ്മൽ ബോയ്‌സും വൻ വിജയമായി. പിന്നാലെ ആടുജീവിതം, ആവേശം, തലവൻ തുടങ്ങി ഒന്നിനൊന്നു വ്യത്യസ്തമായ ചിത്രങ്ങളെല്ലാം തിയേറ്ററിൽ വിജയിക്കുന്നത് നമ്മൾ കണ്ടു. മലയാള സിനിമയെ മറ്റ് ഇൻഡസ്ട്രിയിലുള്ളവർ അസൂയയോടെയും ആകാംക്ഷയോടെയും നോക്കിക്കാണുന്ന സമയമാണിപ്പോൾ,’കുഞ്ചാക്കോ ബോബൻ പറയുന്നു.

അതേസമയം വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന മഹേഷ് നാരായണൻ ചിത്രത്തിന്റെ ഷൂട്ട് ശ്രീലങ്കയിൽ ആരംഭിച്ചു. കുഞ്ചാക്കോ ബോബനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ, നയൻതാര തുടങ്ങിയ വമ്പൻ താരനിര ഒന്നിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.

 

Content Highlight: Kunchacko Boban About Bramyugham Movie