വി.കെ പ്രശാന്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നില്‍ ബന്ധുവിനെ മേയറാക്കാനുള്ള കടകംപള്ളിയുടെ ലക്ഷ്യം; കള്ളവാറ്റുകാരുടെ ഡയറിയില്‍ തന്റെ പേരില്ലെന്നും കുമ്മനം
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കഴിഞ്ഞ് പ്രചാരണം കൊഴുക്കുമ്പോഴും സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലിയുള്ള നേതാക്കളുടെ പോര് അവസാനിക്കുന്നില്ല. ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്‍ ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാനെത്തിയെന്നും എന്നാല്‍ സ്ഥാനാര്‍ത്ഥിയാവാന്‍ കഴിയാതെ ഗതികിട്ടാ പ്രേതമായി അലയുകയാണെന്നുമുള്ള ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവനക്കെതിരെ രൂക്ഷമായി രംഗത്തെത്തിയിരിക്കുകയാണ് കുമ്മനം.
ഒപ്പം വട്ടിയൂര്‍ക്കാവില്‍ മേയര്‍ വി.കെ പ്രശാന്തിനെ സ്ഥാനാര്‍ത്ഥിയാക്കിയത് കടകംപള്ളിയുടെ കുബുദ്ധിയാണെന്നും അത്ര ആത്മവിശ്വാസമുണ്ടെങ്കില്‍ പ്രശാന്ത് മേയര്‍ സ്ഥാനം രാജിവെച്ച് മത്സരിക്കണമെന്നും കുമ്മനം പറഞ്ഞു. തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് കുമ്മനം കടകംപള്ളിക്കെതിരെ രംഗത്തെത്തിയത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘തിരുവനന്തപുരം മേയറെ വട്ടിയൂര്‍ക്കാവില്‍ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത് താങ്കളുടെ കുബുദ്ധിയാണെന്ന് എന്റെ ശ്രദ്ധയില്‍ പെടുത്തിയത് താങ്കളുടെ പാര്‍ട്ടിയിലെ പ്രവര്‍ത്തകര്‍ തന്നെയാണ്. വട്ടിയൂര്‍ക്കാവില്‍ വിജയം അത്ര ഉറപ്പാണെങ്കില്‍ മേയര്‍ സ്ഥാനം ഉപേക്ഷിച്ച് മത്സരിക്കാന്‍ താങ്കളുടെ പാര്‍ട്ടിയെ ഞാന്‍ വെല്ലു വിളിക്കുകയാണ്. വട്ടിയൂര്‍ക്കാവിലെ തോല്‍വിയുടെ പേരില്‍ പ്രശാന്തിനെ മാറ്റി അങ്ങയുടെ അടുത്ത ബന്ധുവിനെ മേയറാക്കുകയാണ് താങ്കളുടെ ലക്ഷ്യമെന്ന് ആരോപിച്ചതും നിങ്ങളുടെ പ്രവര്‍ത്തകരാണ്. അതോടെ വിദൂര ഭാവിയിലെങ്കിലും കഴക്കൂട്ടം മണ്ഡലത്തില്‍ സീറ്റിന് വേണ്ടി ഉയരുന്ന അവകാശ വാദം ഇല്ലാതാക്കാനും അങ്ങേയ്ക്ക് പദ്ധതിയുണ്ടെന്ന ആരോപണം ഞാന്‍ മുഖവിലയ്‌ക്കെടുക്കുന്നില്ല. കാരണം കഷ്ടിച്ച് ഇനിയും ഒന്നര വര്‍ഷക്കാലത്തേക്ക് മാത്രമുള്ള അങ്ങയുടെ ഈ സിംഹാസനം ജനങ്ങള്‍ തന്നെ അറബിക്കടലില്‍ ഒഴുക്കാന്‍ കാത്തു നില്‍ക്കുകയാണ്.’ എന്ന് കുമ്മനം ഫേസ്ബുക്കില്‍ കുറിച്ചു.
കുളിമുറി സാഹിത്യകാരന്മാരെ പോലെ അധപതിച്ചുപോയോ മന്ത്രി കടകംപള്ളി സുരേന്ദ്രനെന്ന് പരിശോധിക്കണമെന്നും കൂടെയുള്ളവന്റെ കുതുകാല്‍വെട്ടി അധികാരത്തില്‍ തുടരണമെന്ന കടകംപള്ളിയുടെ വികാരമല്ല തനിക്കെന്നും അദ്ദേഹം പറഞ്ഞു.
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;
ബഹുമാനപ്പെട്ട ദേവസ്വം-സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയുന്നതിന്,
ഫേസ്ബുക്ക് പോസ്റ്റിൽ അങ്ങ് എന്നെ അഭിസംബോധന ചെയ്ത രീതിയിൽ പ്രാസമൊപ്പിച്ച് തിരിച്ചും അഭിസംബോധന ചെയ്യാൻ പറ്റാത്തതിന് ആദ്യമേ തന്നെ ക്ഷമ ചോദിക്കട്ടെ. അത് എന്റെ ഒരു പോരായ്മയാണെന്ന് അങ്ങ് മനസ്സിലാക്കുമെന്ന് കരുതുന്നു. ഞാൻ വളർന്നു വന്ന സാഹചര്യവും അതിലുപരി ഞാൻ പ്രതിനിധാനം ചെയ്യുന്ന ആദർശവുമാണ് ആ പോരായ്മയ്ക്ക് കാരണം. കേരളത്തിലെ മൂന്നരക്കോടി ജനങ്ങളുടെ മന്ത്രിയായി വിരാജിക്കുന്ന അങ്ങയെപ്പോലെ ഔന്നത്യമുള്ള ഒരാൾ വെറും കുളിമുറി സാഹിത്യകാരൻമാരേപ്പോലെ അധ:പതിച്ചതാണോ ഉയർന്നതാണോയെന്ന് സമയം കിട്ടുമ്പോൾ പരിശോധിക്കുമെന്ന് കരുതുന്നു.
ഇനി അങ്ങുന്നയിച്ച ആരോപണങ്ങളിലേക്ക് വരാം. രാഷ്ട്രീയമെന്നത് കടിക്കാനും പിടിക്കാനുമാണെന്ന അങ്ങയുടെ ചിന്തയല്ല എന്നെ നയിക്കുന്നതെന്ന് ആദ്യമേ പറയട്ടേ. കടിച്ചും പിടിച്ചും കടിപിടി കൂടിയും സ്വത്ത് സമ്പാദിച്ച് അടുത്ത നാലു തലമുറയുടെ ജീവിതവും നാട്ടുകാരുടെ ചെലവിൽ ആക്കിയ പാരമ്പര്യം എനിക്കില്ല എന്ന് ഇന്നാട്ടിലെ ജനങ്ങൾക്കൊപ്പം അങ്ങേക്കും അറിവുണ്ടാകുമല്ലോ?. അതു കൊണ്ടാണ് ഒരു കള്ളവാറ്റുകാരന്റേയും മാസപ്പടി ഡയറിയിൽ എന്റെ പേര് ഉൾപ്പെടാഞ്ഞതും.
ആ അർത്ഥത്തിൽ ഞാനൊരു ഗതികിട്ടാ പ്രേതമാണെന്ന് അംഗീകരിക്കുകയാണ്. എനിക്ക് മാസപ്പടി നൽകാനോ ലക്ഷങ്ങൾ വിലയുള്ള സമ്മാനങ്ങൾ നൽകാനോ കള്ളവാറ്റുകാരനോ കരിഞ്ചന്തക്കാരനോ കള്ളക്കടത്തുകാരനോ ക്യൂ നിൽക്കുന്നില്ല. അവരുമായി എനിക്ക് ചങ്ങാത്തവുമില്ല. ഇതും അങ്ങയുടെ ദൃഷ്ടിയിൽ ഒരു പോരായ്മ തന്നെയാണല്ലോ?.
28ാം വയസ്സിൽ കേന്ദ്ര സർക്കാർ ജോലി ഉപേക്ഷിച്ചാണ് ഞാൻ പൊതു പ്രവർത്തനം തുടങ്ങിയത്. അല്ലാതെ അങ്ങയെപ്പോലെ പൊതുപ്രവർത്തനത്തിൽ വന്നതിന് ശേഷം ‘ജോലി’ കിട്ടിയതല്ല. മാത്രവുമല്ല ഞാൻ കടിപിടി കൂടാൻ പോകാത്തതു കൊണ്ടാണ് അങ്ങ് പറഞ്ഞ ഗവർണ്ണർ സ്ഥാനം ഉപേക്ഷിക്കാൻ പാർട്ടി നിർദ്ദേശിച്ചപ്പോൾ അര നിമിഷം പോലും ആലോചിക്കാതെ അതിന് മുതിർന്നതും. ഞാൻ രാജ്ഭവന്റെ പടികടന്ന് ചെന്നതും പടിയിറങ്ങിയതും വലിയ സ്വപ്നങ്ങളോടു കൂടി തന്നെയാണ്. ഈ നാട്ടിലെ ദരിദ്രനാരായണൻമാരായ കോടിക്കണക്കിന് ജനങ്ങളുടെ കദനം അകറ്റാൻ കിട്ടാവുന്ന ഏത് അവസരവും ഉപയോഗിക്കണമെന്ന സ്വപ്നം. ഏത് തീരുമാനമെടുക്കുമ്പോഴും ആ വികാരമാണ് എന്നെ നയിച്ചിട്ടുള്ളത്. അല്ലാതെ കൂടെയുള്ളവന്റെ കുതികാൽ വെട്ടിയും അധികാരത്തിൽ കടിച്ചു തൂങ്ങണമെന്ന അങ്ങയുടെ വികാരമല്ല. അതു കൊണ്ടാണ് വട്ടിയൂർക്കാവിൽ മത്സരിക്കാനില്ലെന്ന് ആദ്യമേ നിലപാടെടുത്തത്.
കുമ്മനം രാജശേഖരൻ പരാജയ ഭീതി കൊണ്ടാണ് മത്സരരംഗത്ത് നിന്ന് പിൻമാറിയതെന്ന അങ്ങയുടെ ആരോപണം എത്ര ബാലിശമാണെന്ന് ഒന്നു ചിന്തിച്ചു നോക്കണം. 10 വോട്ട് തികച്ചു കിട്ടാൻ സാധ്യതയില്ലാത്ത കാലം മുതൽ ഞാനും എന്റെ പ്രസ്ഥാനവും മത്സര രംഗത്തുണ്ട്. ആ പാരമ്പര്യം താങ്കൾക്കോ താങ്കളുടെ പാർട്ടിക്കോ ഉണ്ടോ?. കേരളത്തിന് വെളിയിൽ ഒന്നു നിവർന്ന് നിൽക്കാൻ ഏത് ഈർക്കിൽ സംഘടനയുമായും കൈകോർക്കുന്ന താങ്കളുടെ പാർട്ടിയുടെ ദയനീയാവസ്ഥ ഓർത്ത് സഹതപിക്കാനേ ഇപ്പോൾ തരമുള്ളൂ. താങ്കളുടെ പ്രസ്ഥാനം നടത്തിയിട്ടുള്ള വോട്ടു കച്ചവടം ഇല്ലായിരുന്നുവെങ്കിൽ ബിജെപിക്ക് കേരള നിയമസഭയിൽ നിരവധി ബിജെപി അംഗങ്ങൾ ഉണ്ടാകുമായിരുന്നു എന്ന് അങ്ങേയ്ക്ക് അറിവുള്ളതാണല്ലോ?. ഇതേപ്പറ്റി എന്തെങ്കിലും സംശയമുണ്ടെങ്കിൽ തിരഞ്ഞെടുപ്പിന് ശേഷം നിങ്ങളുടെ കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനും വട്ടിയൂർക്കാവ് എംഎൽഎയായിരുന്ന കെ മുരളീധരനും നടത്തിയ വെളിപ്പെടുത്തൽ ശ്രദ്ധിച്ചാൽ മതി. രണ്ടിന്റെയും ദൃശ്യങ്ങള്‍ ഇപ്പോഴും സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ്. അൽപ്പമെങ്കിലും ആത്മാഭിമാനം അവശേഷിക്കുന്നുണ്ടെങ്കിൽ അണികളെ വഞ്ചിക്കുന്ന ഈ തറക്കളി അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണം. ചുരുങ്ങിയ പക്ഷം പാർട്ടി നേതൃത്വത്തോട് ഇക്കാര്യം ആവശ്യപ്പെടാനെങ്കിലും തയ്യാറാകണം.
ഇതിന് അങ്ങേയ്ക്ക് തന്റേടം ഉണ്ടാകില്ലെന്ന് അറിയാം. കാരണം അഭിമാനമല്ലല്ലോ, അധികാരമല്ലേ താങ്കൾക്ക് വലുത്?. താങ്കളുടെ നട്ടെല്ലില്ലായ്മ കേരളം പലകുറി കണ്ടതാണ്. ഗുരുവായൂരപ്പന്റെ സന്നിധിയിൽ ചെന്ന് ഒന്ന് കൈകൂപ്പാൻ പോലും പറ്റാത്ത വിധം വിധേയനായി
ജീവിക്കുന്ന താങ്കൾ സ്വന്തമായി എന്ത് അഭിപ്രായം പറയാൻ അല്ലേ?. ശബരില സ്ത്രീപ്രവേശ വിഷയത്തിലും കേരള ജനത അങ്ങയുടെ നിലപാടില്ലായ്മ സഹതാപത്തോടെയാണ് കണ്ടത്. സ്വന്തം അഭിപ്രായം നിവർന്ന് നിന്ന് പറയാനുള്ള സ്വാതന്ത്ര്യമെങ്കിലും പാർട്ടിയിൽ നിന്ന് നേടിയിട്ട് പോരേ മറ്റ് പാർട്ടിക്കാരേ ഉപദേശിക്കാൻ?. ശബരിമല ആചാര ലംഘനത്തിനുള്ള സ്ത്രീകളെ സ്വന്തം മണ്ഡലത്തിൽ നിന്ന് ആശീർവദിച്ച് അയച്ചിട്ട് അങ്ങ് നടത്തിയ കപട നാടകവും ഞങ്ങൾ കണ്ടതാണ്.
ഇതിനു മുൻപ് നട്ടാൽ കുരുക്കാത്ത നുണ പറഞ്ഞും അങ്ങ് എന്നെ ചെളിവാരി എറിഞ്ഞിട്ടുണ്ട്. തിരുവനന്തപുരത്തെ നവീകരിച്ച മിത്രാനന്ദപുരം കുളം സമർപ്പണ ചടങ്ങിൽ ക്ഷണിക്കാതെ താങ്കളോടൊപ്പം വേദിയിൽ കയറിയിരുന്നു എന്നായിരുന്നു ഫേസ്ബുക്കിലെ ആക്ഷേപം. പരിപാടിയുടെ സംഘാടകരോടോ എക്സിക്യൂട്ടീവ് ഓഫീസറോടോ പ്രാഥമിക അന്വേഷണം നടത്താനുള്ള സാമാന്യ മര്യാദ പോലുമില്ലാതായിരുന്നു താങ്കളുടെ നുണ പ്രചരണം. കൊച്ചി മെട്രോ ഉദ്ഘാടന വേളയിൽ ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്കൊപ്പം ഞാൻ ട്രെയിൻ യാത്ര നടത്തിയത് സുരക്ഷാ വീഴ്ചയാണെന്നും ക്ഷണമില്ലാതെയായിരുന്നു എന്നും താങ്കൾ ആരോപിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ക്ഷണമോ അനുമതിയോ ഇല്ലാതെ ഒരാൾക്കും അത് സാധ്യമാകില്ല എന്ന പ്രാഥമിക അറിവ് പോലുമില്ലാതെയായിരുന്നു ആ ജൽപ്പനം. സ്വന്തം സംസ്ഥാനത്തെ ഡിജിപിയോടോ ആ ജില്ലയിലെ എസ് പിയോടോ ഒന്ന് അന്വേഷിച്ചിരുന്നെങ്കിൽ നിഷ്പ്രയാസം അറിയാൻ കഴിയുമായിരുന്ന കാര്യമാണ് താങ്കളുടെ കുബുദ്ധി നുണ പ്രചരണമാക്കി മാറ്റിയത്. അന്ന് താങ്കളെ തിരുത്താൻ മുഖ്യമന്ത്രി തയ്യാറായതും കേരളം മറന്നിട്ടില്ല.
ഇനി ഞാൻ നേരത്തെ ഉന്നയിച്ച രാഷ്ട്രീയ ആരോപണത്തിലേക്ക്…
തിരുവനന്തപുരം മേയറെ വട്ടിയൂർക്കാവിൽ മത്സരിപ്പിക്കാൻ തീരുമാനിച്ചത് താങ്കളുടെ കുബുദ്ധിയാണെന്ന് എന്റെ ശ്രദ്ധയിൽ പെടുത്തിയത് താങ്കളുടെ പാർട്ടിയിലെ പ്രവർത്തകർ തന്നെയാണ്. വട്ടിയൂർക്കാവിൽ വിജയം അത്ര ഉറപ്പാണെങ്കിൽ മേയർ സ്ഥാനം ഉപേക്ഷിച്ച് മത്സരിക്കാൻ താങ്കളുടെ പാർട്ടിയെ ഞാൻ വെല്ലു വിളിക്കുകയാണ്. വട്ടിയൂർക്കാവിലെ തോൽവിയുടെ പേരിൽ പ്രശാന്തിനെ മാറ്റി അങ്ങയുടെ അടുത്ത ബന്ധുവിനെ മേയറാക്കുകയാണ് താങ്കളുടെ ലക്ഷ്യമെന്ന് ആരോപിച്ചതും നിങ്ങളുടെ പ്രവർത്തകരാണ്. അതോടെ വിദൂര ഭാവിയിലെങ്കിലും കഴക്കൂട്ടം മണ്ഡലത്തിൽ സീറ്റിന് വേണ്ടി ഉയരുന്ന അവകാശ വാദം ഇല്ലാതാക്കാനും അങ്ങേയ്ക്ക് പദ്ധതിയുണ്ടെന്ന ആരോപണം ഞാൻ മുഖവിലയ്ക്കെടുക്കുന്നില്ല. കാരണം കഷ്ടിച്ച് ഇനിയും ഒന്നര വർഷക്കാലത്തേക്ക് മാത്രമുള്ള അങ്ങയുടെ ഈ സിംഹാസനം ജനങ്ങൾ തന്നെ അറബിക്കടലിൽ ഒഴുക്കാൻ കാത്തു നിൽക്കുകയാണ്.
പ്രശാന്തിനെപ്പറ്റി ഇത്രയധികം വാത്സല്യവും ഉത്കണ്ഠയുണ്ടെങ്കിൽ ആദ്യം പാർട്ടി ചിഹ്നത്തിൽ വോട്ടു ചെയ്യാൻ സ്വന്തം അണികളെ പ്രേരിപ്പിക്കുകയാണ് വേണ്ടത്. അല്ലാതെ ബിജെപിയെ തോൽപ്പിക്കാൻ സ്വന്തം പാർട്ടിയേയും അണികളേയും ചതിക്കുകയല്ല വേണ്ടത്. ധീരൻമാർ നേർക്കു നേരാണ് പോരാടേണ്ടത്. മൂക്കു മുറിച്ചും ശകുനം മുടക്കുന്ന പതിവ് ഇത്തവണയെങ്കിലും അവസാനിപ്പിക്കണം. വോട്ടു കച്ചവടം നടത്തിയല്ല ബിജെപിയെ തോൽപ്പിക്കേണ്ടത്. അതിനുള്ള ധീരത ഇത്തവണയെങ്കിലും കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
വിശ്വസ്തതയോടെ
കുമ്മനം രാജശേഖരൻ.